Image

പരുമലയില്‍ ലോകോത്തര കാന്‍സര്‍ സെന്റര്‍

Published on 25 June, 2011
പരുമലയില്‍ ലോകോത്തര കാന്‍സര്‍ സെന്റര്‍
ന്യൂയോര്‍ക്ക്‌: ഒരര്‍ത്ഥത്തില്‍ മരണം പോലെയാണ്‌ കാന്‍സര്‍. എപ്പോള്‍ വരുമെന്നോ, ആര്‍ക്ക്‌ വരുമെന്നോ മുന്‍കൂട്ടി പറയാനാവില്ല. ഹാര്‍ട്ട്‌ അറ്റാക്ക്‌ തുടങ്ങിയവയെപ്പോലെ ശ്രദ്ധാപൂര്‍വ്വം ജീവിച്ചതുകൊണ്ട്‌ മാത്രം അതു വരാതിരിക്കുകയുമില്ല.

ഏക പ്രതിവിധി കാന്‍സര്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുകയാണ്‌. പക്ഷെ കേരളത്തില്‍ രോഗം ഗുരുതരമാകുമ്പോഴാണ്‌ അതേപ്പറ്റി അറിയുന്നത്‌. അറിഞ്ഞാല്‍ത്തന്നെ വിദഗ്‌ധ ചികിത്സ ലഭിക്കാന്‍ കടമ്പകളേറെയും. മികച്ച ചികിത്സയ്‌ക്കാവാശ്യമായ യന്ത്രങ്ങള്‍ പരിമിതം. ആശുപത്രികളും വിദഗ്‌ധരും കുറവ്‌. യൂറോപ്പില്‍ മൂന്നിലൊരാള്‍ക്ക്‌ കാന്‍സര്‍ പിടിപെടുമ്പോള്‍ പകുതിയിലേറെപ്പേരെ ചികിത്സിച്ച്‌ ഭേദമാക്കും. ഇന്ത്യയില്‍ അഞ്ചിലൊരാള്‍ക്ക്‌ കാന്‍സര്‍ ബാധിക്കുമ്പോള്‍ 70 ശതമാനം പേര്‍ക്കും മതിയായ ചികിത്സ ലഭിക്കാതെപോകുന്നു.

ഇതിനൊരു പരിഹാരമായാണ്‌ പരിശുദ്ധ പരുമല തിരുമേനിയുടെ പാദസ്‌പര്‍ശത്താല്‍ പവിത്രമായ പരുമലയില്‍ രൂപപ്പെട്ടുവരുന്ന സെന്റ്‌ ഗ്രിഗോറിയോസ്‌ അന്താരാഷ്‌ട്ര കാന്‍സര്‍ കെയര്‍ സെന്റര്‍.

രണ്ടുവര്‍ഷം കഴിഞ്ഞ്‌ പൂര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഏഷ്യയില്‍ അഞ്ചാമത്തേയും, ഇന്ത്യയില്‍ രണ്ടാമത്തേയും കാന്‍സര്‍ ചികിത്സാകേന്ദ്രവും ഗവേഷണകേന്ദ്രവുമായിരിക്കും ഇതെന്ന്‌ സ്ഥാപനത്തിന്റെ ഉപഞ്‌ജാതാവും സി.ഇ.ഒയുമായ ഫാ. അലക്‌സാണ്ടര്‍ കൂടാരത്തില്‍ പറഞ്ഞു. ഫൈവ്‌ സ്റ്റാര്‍ ഹോസ്‌പിറ്റല്‍ എന്ന പദവിക്ക്‌ അര്‍ഹമാകുമെങ്കിലും, വരുന്ന പാവപ്പെട്ട ഒരു രോഗിയേയും ചികിത്സ നല്‍കാതെ പറഞ്ഞയയ്‌ക്കില്ലെന്ന തത്വത്തിലാണ്‌ ആശുപത്രി ഉയരുന്നത്‌. പണമില്ലാത്തവര്‍ക്ക്‌ എന്തെങ്കിലുമൊരു ചികിത്സ നല്‍കി കൈകഴുകാനല്ല, ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക എന്നതാണ്‌ ദൗത്യം.

നൂറുകോടി വരുന്ന പ്രൊജക്‌ടിന്‌ ഇതേവരെ 13 കോടി രൂപ സംഭാവനയായും, ബോണ്ട്‌ (വായ്‌പ) ആയും സമാഹരിച്ചു. ബാക്കി പണം കണ്ടെത്തണം. എട്ടുനിലയില്‍ മൂന്നരലക്ഷം ചതുരശ്ര അടിയിലേറെ വരുന്ന കെട്ടിടത്തിന്റെ പണി തകൃതിയായി നടക്കുന്നു. ദൈവപരിപാലന എന്നോണം പണമില്ലാത്തതുകൊണ്ട്‌ പണി മുടങ്ങിയിട്ടില്ല. ഓരോ ദിവസത്തേയ്‌ക്കും ഉള്ളത്‌ അന്നന്ന്‌ എത്തുന്ന സ്ഥിതി-ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ ബിരുദധാരിയായ അച്ചന്‍ പറഞ്ഞു.

ഷാര്‍ജയിലെ ഓര്‍ത്തഡോക്‌സ്‌ പള്ളി ഒരുകോടി നല്‍കി. ന്യൂയോര്‍ക്കില്‍ പോര്‍ട്ട്‌ചെസ്റ്ററിലെ സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ 10 ലക്ഷം നല്‍കി. സംഭാവനയായോ വായ്‌പയായോ തുക നല്‍കിയാല്‍ പലതുണ്ട്‌ ഗുണങ്ങള്‍. ബന്ധുക്കള്‍ക്കോ ചിരപരിചിതര്‍ക്കോ ഒക്കെ സൗജന്യ ചികിത്സ അവിടെ ലഭ്യമാകും. ബോണ്ട്‌ ആയി പണം നല്‍കുന്നവര്‍ക്ക്‌ അഞ്ചുവര്‍ഷത്തിനുശേഷം തുകയും അഞ്ച്‌ ശതമാനം പലിശയും ലഭ്യമാക്കും. അവര്‍ പറയുന്നവര്‍ക്ക്‌ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. ചിലര്‍ കൂടുതല്‍ തുക നിക്ഷേപിച്ച്‌ അതില്‍ നിന്നുള്ള പലിശ ഉപയോഗിച്ച്‌ ഓരോ വര്‍ഷവും സ്വന്തം ഗ്രാമത്തിലെ ജനങ്ങള്‍ക്ക്‌ ചികിത്സ ലഭിക്കാനുള്ള സംവിധാനമായും ഉപയോഗപ്പെടുത്തുന്നു.

വായ്‌പ നല്‍കുന്നവരില്‍തന്നെ നല്ലൊരു പങ്ക്‌ പലിശ വാങ്ങാറില്ലെന്ന്‌ അച്ചന്‍ പറഞ്ഞു. ജാതിമതഭേദമെന്യേയുള്ള സഹകരണമാണ്‌ ലഭിക്കുന്നത്‌. അത്‌ ഇവിടേയും പ്രതീക്ഷിക്കുന്നു. പത്തുകോടി രൂപയെങ്കിലും അമേരിക്കയില്‍ നിന്ന്‌ സമാഹരിക്കുകയാണ്‌ ലക്ഷ്യം.

എട്ടുനില കെട്ടിടത്തിലെ മൂന്നുനില ഭൂമിക്കടിയിലാണ്‌. രണ്ടരമീറ്റര്‍ ഘനമുള്ള ഭിത്തിയാണ്‌ നിര്‍മ്മിക്കുക. നിരന്തരമെന്നോണമുള്ള മഴയാണ്‌ പ്രധാനതടസ്സം. പരുമലയിലുള്ള ഭൂമി അത്ര ഉറച്ചതല്ല. അതിനാല്‍ 110 അടി താഴ്‌ചയുള്ള പൈലിംഗ്‌ നടത്തേണ്ടിവന്നു. അതിനുതന്നെ എട്ടുകോടി ചെലവായി.

35 വര്‍ഷം മുമ്പ്‌ സ്ഥാപിതമായ പരുമല ആശുപത്രി സമുച്ചയം അച്ചന്‍ ചുമതലയേല്‍ക്കുമ്പോള്‍ നഷ്‌ടത്തിലായിരുന്നു. ഇപ്പോള്‍ ലാഭവുമില്ല, നഷ്‌ടവുമില്ല എന്ന അടിസ്ഥാനത്തിലാണ്‌ കൊണ്ടുപോകുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെ പല അംഗീകാരങ്ങളും ആശുപത്രി നേടി.

2008-ലെ സഭാ സുന്നഹദോസാണ്‌ കാന്‍സര്‍ കേന്ദ്രം സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്‌. ലോകോത്തരമായ ചികിത്സ ലഭ്യമാക്കുക, പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാതിരിക്കുക എന്നീ തത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തിവേണം സെന്ററെന്നും തീരുമാനിച്ചു.

മാര്‍ത്തോമാ സഭയുടെ ഭദ്രാസനങ്ങള്‍ 30 ലക്ഷം രൂപ നല്‍കി. ഈ കേന്ദ്രത്തിന്‌ നല്‍കുന്ന തുകയ്‌ക്ക്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ നികുതി ഇളവും നല്‍കി. അത്യാധുനിക യന്ത്രങ്ങള്‍ കാലിഫോര്‍ണിയയില്‍ നിന്നാണ്‌ വാങ്ങുന്നത്‌.

പതിവായി മെഡിക്കല്‍ ചെക്കപ്പ്‌ നടത്തിയാല്‍ പല രോഗങ്ങളും തടയാനാവുമെന്ന്‌ അച്ചന്‍ ചൂണ്ടിക്കാട്ടി. പക്ഷെ ആളുകള്‍ക്ക്‌ അതിന്‌ മടിയും ഭയവുമാണ്‌.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും മറ്റും കേന്ദ്രത്തിന്‌ നല്ല പിന്തുണയാണ്‌ ലഭിക്കുന്നത്‌. ഗള്‍ഫിലുള്ളവര്‍ക്ക്‌ പാശ്ചാത്യരാജ്യങ്ങളില്‍ പോകാതെ ഇന്ത്യയിലേക്ക്‌ വന്നാല്‍ മതി.

സ്ഥലം ലഭിക്കുന്നതിനും വിഷമതകളുണ്ടെന്ന്‌ അച്ചന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം വന്നതിനാല്‍ തന്നെ സ്ഥലവില പിന്നെയും കൂടി. റേഡിയേഷനും മറ്റും വരുന്നവര്‍ക്ക്‌ പുറത്ത്‌ താമസിക്കുവാനുള്ള ഹോട്ടലും മറ്റും ആശുപത്രിയുടെ ഭാഗമായി ഉണ്ടാകും.

ഇപ്പോള്‍ മൂന്നു ഡോക്‌ടര്‍മാരുടെ നേതൃത്വത്തിലുള്ള കാന്‍സര്‍ ചികിത്സാകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്‌. സെന്റര്‍ പൂര്‍ത്തിയാകുമ്പോള്‍ 17 ഡിപ്പാര്‍ട്ട്‌മെന്റുകളും വിഭാഗങ്ങളുമടങ്ങിയ വന്‍ നിരയാണ്‌ ഉണ്ടാവുക.

ജോലിക്കാര്‍ക്ക്‌ മാന്യമായ ശമ്പളം കൊടുക്കുന്നതില്‍ അലംഭാവമില്ലെന്നദ്ദേഹം പറഞ്ഞു. അങ്ങനെയല്ലാതെ നല്ല ജീവനക്കാരെ കിട്ടുകയുമില്ല.

തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ മുമ്പ്‌ നടത്തിയതുപോലെയുള്ള ഇന്‍ഷ്വറന്‍സ്‌ പദ്ധതിയ്‌ക്കും പ്ലാനുണ്ട്‌. ആര്‍.സി.സിയുടെ സേവനമാവശ്യപ്പെട്ട്‌ പ്രതിവര്‍ഷം അരലക്ഷം പേരെങ്കിലും സമീപിക്കുമ്പോാള്‍, 12,000 -ല്‍ അധികം പേര്‍ക്ക്‌ ചികിത്സ നല്‍കാന്‍ അവര്‍ക്കാകുന്നില്ല.

മൂന്നുവര്‍ഷംകൊണ്ട്‌ സെന്റര്‍ സാമ്പത്തികമായി ലാഭനഷ്‌ടങ്ങളില്ലാത്ത അവസ്ഥ കൈവരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതിനു പത്തനംതിട്ട ജില്ലയിലെ രോഗികള്‍ മാത്രം വന്നാല്‍ മതി.

പത്രസമ്മേളനത്തില്‍ തോമസ്‌ കോശി, റോയി എണ്ണച്ചേരില്‍, വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ, പോള്‍ കറുകപ്പള്ളി, ഫാ. ജോര്‍ജ്‌ കോശി, ജോണ്‍ സി. വര്‍ഗീസ്‌, ടെറന്‍സണ്‍ തോമസ്‌, വര്‍ഗീസ്‌ തൈക്കൂടം, ഫിലിപ്പ്‌ ജോര്‍ജ്‌, ജോസ്‌ ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

Rev. Fr. Alexander koodarathil, CEO

International Cancer Care Center

USA -914-258-5238

India

Cell: 9446675159

Off:  0479-2312866

Thomas Koshy, Promotion Council Coordinator

914-310-2242

Roy Ennacheril, Promotion Council Coordinator

914-656-9242

 Jose Abraham, Overseas Coordinator

718-619-7759

Related news see:

http://www.emalayalee.com/varthaFull.php?newsId=1391
പരുമലയില്‍ ലോകോത്തര കാന്‍സര്‍ സെന്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക