Image

മാധ്യമ സ്വാതന്ത്ര്യത്തില്‍ രക്തകറ വീഴുന്നുവോ

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 03 May, 2017
മാധ്യമ സ്വാതന്ത്ര്യത്തില്‍ രക്തകറ വീഴുന്നുവോ
ഇന്ന് മെയ് 3 ഇരുപത്തിനാലാമത് സാര്‍വദേശീയ മാധ്യമ സ്വാതന്ത്ര്യ ദിനം. ഒരു കൂട്ടം മഹാത്മാക്കളുടെ കഠിനപ്രയത്‌നത്തില്‍ വിജയം നേടി സ്വതന്ത്രമായ രാജ്യം. ഇന്നിവിടെ മനുഷ്യനു സ്വാതന്ത്ര്യമുണ്ട്, മൃഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അക്കൂട്ടത്തില്‍ നമ്മുടെ ജനാധിപത്യത്തിന്റെ നാലാമത്തെ തൂണ്‍ എന്ന് അറിയപ്പെടുന്ന മാധ്യമങ്ങള്‍ക്കുമുണ്ട് സ്വാതന്ത്ര്യം. ഇന്ത്യയില്‍ മാധ്യമസ്വാന്ത്ര്യം കുറഞ്ഞു വരുന്നു എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക മാധ്യമ സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് ദ ഹൂട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ന് സ്വാതന്ത്രമെന്നതിന്റെ ഏടുകള്‍ മാറ്റിപ്പണിത് മറ്റൊരു വാക്ക് നല്‍കേണ്ടിയിരിക്കുന്നു. കള്ളവും കൊലപാതകവും അക്രമവും ഭീകരതയും എന്തിന് നമ്മെ ഭരിക്കുവാന്‍ നാം തന്നെ തിരഞ്ഞെടുത്ത പ്രതിനിധികള്‍ നമ്മെത്തന്നെ കാര്‍ന്ന് തിന്നുന്നൊരു ലോകത്ത് ഒരു കണ്ണാടിയായി പ്രതിബിംബിക്കാന്‍ ഈ പറയുന്ന മാധ്യമം മാത്രമേ ഉള്ളു എന്ന് നാം വിസ്മരിക്കരുത്.

ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് രക്തം കൊണ്ട് അര്‍ത്ഥം കുറിക്കുന്നവയാണ്. 16 മാസത്തിനുള്ളില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ 54 ആക്രമണങ്ങള്‍, 20142015 വര്‍ഷങ്ങളില്‍ 142 ആക്രമണങ്ങള്‍. അല്ലെങ്കിലും ഞെട്ടാനും ചിന്തിക്കാനും എന്തിരിക്കുന്നു. പതിവു പോലെ ഓരോ ജനതയും മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ആരോപണങ്ങള്‍ക്കും കുത്തുവാക്കുകള്‍ക്കും വിധേയമാക്കുന്നതല്ലാതെ ഉറങ്ങിക്കിടക്കുന്ന ഓരോ സത്യവും പുറത്ത് കൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തവര്‍ സഹിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ആരും ചിന്തിക്കാറില്ല.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് പ്രധാനമായും ഭീഷണി നേരിടുന്നത്. മണല്‍ മാഫിയ, ക്വാറി മാഫിയ, അനധികൃത നിര്‍മ്മാണങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍, അരോഗ്യരംഗത്തെ അവഗണനകള്‍, അഴിമതി, തെരഞ്ഞെടുപ്പ് സ്‌റ്റോറികള്‍ ഈ മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചവരാണ് കൂടുതലും ജീവന് ഭീഷണി നേരിട്ടത്.അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്നത് തടയുന്നതിന് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഇന്നൊരു സാധാരണസംഭവം മാത്രമായിരിക്കുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ 23 ശതമാനവും രാഷ്ട്രീയവിഷയങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിനാണെന്നും പ്രക്ഷോഭവാര്‍ത്തകള്‍ (18%), അഴിമതി പുറത്തുകൊണ്ടുവരുന്ന വാര്‍ത്തകള്‍(15%), സംഘര്‍ഷങ്ങള്‍ (15%) എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് ആക്രമണഭീഷണി നേരിടുന്നതില്‍ കൂടുതലെന്നും ഗ്ലോബല്‍ സിവില്‍ സൊസൈറ്റി സംരംഭമായ സിവികസ് നടത്തിയ പഠനത്തില്‍പറയുന്നു.

വീട്ടിലിരുന്ന് റിമോട്ടിലൊന്ന് വിരലമര്‍ത്തിയാല്‍ നിമിഷങ്ങല്‍ക്കകം ലോകത്തെവിടെയും നടക്കുന്ന വിവരങ്ങള്‍ നിങ്ങല്‍ക്കു മുന്നില്‍ എത്തുമ്പോള്‍ ഒരിക്കലെങ്കിലും ചിന്തിക്കണം ഈ മാധ്യമങ്ങളും അവരുടെ സ്വാതന്ത്ര്യവും ഒരു ദിവസം ഇല്ലാതിരുന്നാല്‍ എന്ത് സംഭവിക്കുമെന്ന്... ലോകത്തെ 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെ പഠനവിധേയമാക്കിയതില്‍ ജനാധിപത്യ രാജ്യമായിട്ടും, ഇന്ത്യ 136ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്.

എന്നാല്‍ എല്ലായ്‌പ്പോഴും സംഘര്‍ഷങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പലസ്തീനേക്കാള്‍ പിറകിലാണ് ഇന്ത്യ. ഇന്ത്യയുടെ അയല്‍രാജ്യങ്ങളാണ് ഭൂട്ടാന്റെ സ്ഥാനം 84ാമത്. നേപ്പാളിന്റേതാകട്ടെ 100ാമതും. നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ നാലു സ്ഥാനത്തായുള്ളത്. അമേരിക്കയുടെ സ്ഥാനം 43ാമതാണ്. സ്വേച്ഛാധിപത്യത്തിലുള്ള സിംബാവേ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട മാധ്യമസ്വാതന്ത്ര്യമാണുള്ളത്. ചൈനയുടെ സ്ഥാനം 176 ആണ്. ഉത്തരകൊറിയയാണ് ഏറ്റവും പിന്നില്‍.

ഏല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു....


മാധ്യമ സ്വാതന്ത്ര്യത്തില്‍ രക്തകറ വീഴുന്നുവോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക