Image

കുട്ടിചേട്ടന്റെ കഥ, ഒരു അവതാരിക(ഡി. ബാബുപോള്‍)

ഡി. ബാബുപോള്‍ Published on 05 May, 2017
കുട്ടിചേട്ടന്റെ കഥ, ഒരു അവതാരിക(ഡി. ബാബുപോള്‍)
ഞങ്ങളുടെ കുടുംബയോഗത്തിന്റെ അധ്യക്ഷനാണ് ഈ കൃതി നിര്‍മ്മിച്ചിട്ടുള്ള ശ്രീമാന്‍ സി.എം. ഗീവര്‍ഗീസ്. എന്നെക്കാള്‍ പതിമ്മൂന്ന് വയസ് കൂടുതലാണ് പ്രായം. കുട്ടിച്ചേട്ടന്‍ എന്നാണ് എന്റെ തലമുറ അദ്ദേഹത്തെ വിളിക്കുന്നത്.

പോത്താനിക്കാടിനപ്പുറം മുള്ളരിങ്ങാട്- കാളിയാര്‍ പ്രദേശങ്ങളില്‍ കൃഷി ഇറക്കിയ ആദ്യത്തെ വ്യക്തി ആയ തോലാനികുന്നേല്‍ ആദായി കത്തനാരുടെ ദൗഹിത്രരായിരുന്നു കുട്ടിച്ചേട്ടന്റെയും എന്റെയും പിതാമഹന്മാര്‍. അവരുടെ പിതാമഹനാകട്ടെ പോത്താനിക്കാട്ടെ ജാഹിര്‍ദാര്‍മാര്‍ ആയിരുന്ന മണ്ണാറപ്രായില്‍ നിന്ന് വിവാഹം ചെയ്ത ഗീവര്‍ഗീസും. ഇവര്‍ ഇരുവരെയും ഓര്‍മ്മിക്കുന്നത് കുട്ടിച്ചേട്ടനില്‍ ഈ പൂര്‍വ്വികരുടെ ജനിതകസ്വാധീനം സൂഷ്മദൃക്കുകള്‍ക്ക് അനായാസം വായിച്ചെടുക്കാന്‍ കഴിയും എന്നതിനാലാണ്.

ആദ്യം തന്തവഴി പറയാം.ശക്രള്ളാബാവയുടെ കാലത്ത് ക്രിസ്ത്യാനി ആയ ഒരു ചീരക്കാട്ട് നാരായണന്‍നമ്പൂതിരിയില്‍ നിന്നാണഅ കഥ തുടങ്ങുന്നത്. ശക്രള്ളാബാവാ വന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. അതായത് ഞങ്ങള്‍ പുതുക്രിസ്ത്യാനികളാണ് എന്നര്‍ത്ഥം! അദ്ദേഹം ഗീവര്‍ഗീസ് എന്ന പേരാണ് സ്വീകരിച്ചത്.

തൃപ്പൂണിത്തുറയില്‍ നിന്ന് ഉദയമ്പേരൂറിനുള്ള വഴിയില്‍ ഇപ്പോഴത്തെ ആയുര്‍വ്വേദ കോളേജിനടുത്ത് നിന്ന് കിഴങ്ങാട്ട് പോകുന്ന ഇടത്തായിരുന്നു ആ മന എന്നതിനാല്‍ കരിങ്ങാശ്ര ആയിരുന്നു ഏറ്റവും ്അടുത്ത ഇടവക. എട്ടാംനൂറ്റാണ്ട് മുതല്‍ എങ്കിലും അവിടെ പള്ളി ഉണ്ടായിരുന്നുവല്ലോ. ആ പള്ളി വിശുദ്ധ ഗീവര്‍ഗീസിന്റെ പേരില്‍ പ്രതിഷ്ഠിച്ചതാണ്. ആ പേരാണ് മതം മാറിയ കാരണവര്‍ക്ക് നല്‍കിയത്.

ചീരക്കാട്ടുമന ക്ഷയിച്ചു. അവിടെ അന്യം നിന്നു. അവസാനത്തെയാള്‍ നാടുവിട്ടു. ആ ശാഖ ചങ്ങനാശ്ശേരിക്കടുത്ത് ഇപ്പോഴും ഉണ്ട്.

മതം മാറിയ ശേഷം സ്വദേശത്ത് തുടരുക എളുപ്പമായിരുന്നില്ല. ഭൂസ്വത്ത് നഷ്ടപ്പെട്ടു. കൃഷി ചെയ്യാന്‍ അറിഞ്ഞുകൂടാ. രണ്ട് തലമുറ അങ്ങനെ ആ പ്രദേശത്ത് കഴിഞ്ഞു. മൂന്നാം തലമുറ ആയപ്പോഴേയ്ക്കും അധ്വാനശീലരായ സുറിയാനി ക്രിസ്ത്യാനികളുടെ ജനിതകഘടന മേല്‍ക്കൈ നേടി. അങ്ങനെ കിഴക്കോട്ട് കാട് കയറി. മേക്കടമ്പ്- റാക്കാട് ഭാഗങ്ങളില്‍. അവിടെ നിന്ന് മറ്റൊരു ഗീവര്‍ഗീസ് വീണ്ടും കിഴക്കോട്ട് പോയി. അങ്ങനെ പോകാന്‍ ഉദ്ദേശിച്ചല്ല പോത്താനിക്കാട്ടെ മണ്ണാറപ്രായില്‍ എന്ന കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചത്. മൂന്ന് ആങ്ങളമാര്‍ ഉണ്ടായിരുന്ന ഒരു പുന്നാരപ്പെങ്ങളെ ദൂരത്തയയ്ക്കാന്‍ അവര്‍ തയ്യാറായില്ല. തങ്ങളുടെ സ്വത്ത് മൂന്നായി ഭാഗിക്കുന്നതിന് പകരം നാലായി ഭാഗിക്കാമെന്നും അളിയന്‍ പോത്താനിക്കാട്ട് താമസിക്കണമെന്നും ആയിരുന്നു അവരുടെ ആവശ്യം. ഗീവര്‍ഗീസ് അങ്ങനെ പോത്താനിക്കാട്ടുകാരനായി.

മണ്ണാറപ്രായിലെ മൂന്ന് സഹോദരങ്ങളില്‍ ഇഷ്ഠസ്ഥാനീയരായ രണ്ട് പേര്‍ ആണ് അവരുടെ ഓഹരിയില്‍ കിട്ടിയ ഭൂമിയുടെ പേരില്‍ നെടുഞ്ചാലില്‍ എന്നും പടിഞ്ഞാറ്റില്‍ എന്നും ഇന്നറിയപ്പെടുന്നത്. അവരുടെ സഹോദരിക്ക് കിട്ടിയ ഭൂമിയുടെ ഭാഗമാണ് ഉമ്മിണിക്കുന്ന്, ആ കുന്ന് ഇന്ന് പള്ളിയാണ്. ആ സ്ഥലം കൊടുത്തതും അവിടെ പള്ളി വച്ചതും ഗീവര്‍ഗീസാണ്. അദ്ദേഹത്തിന്റെ മകന്‍ യാക്കോബ് വൈദികനായി. ഉമ്മിണികുന്നിലെ ആദ്യത്തെ വികാരി. അദ്ദേഹത്തിന്റെ ഭാര്യ തോലാനികുന്നേല്‍ ആദായി കത്തനാരുടെ മകള്‍ ആയിരുന്നു. അവര്‍ കാശിശ്‌ത്തോ പട്ടം കിട്ടിയ ബസ്‌ക്യോമോ ആയിരുന്നു. യൂയാക്കിം മാര്‍ കുറീലോസ് എന്ന അന്ത്യോഖ്യാപ്രതിനിധിയാണ് അവര്‍ക്ക് കാശിശ്‌ഞ്ഞോ പദവി നല്‍കിയത്. കാശിശ്‌ഞ്ഞോയ്ക്ക് ശുശ്രൂഷിക്കുപ്പായവും ഊറാറയും ആയിരുന്നു വേഷം. ഈ മഹതി ആ കുപ്പായം ധരിച്ചാണ് വീട്ടിലും പ്രാര്‍ത്ഥിച്ചിരുന്നത് എന്ന് അവരുടെ പുത്രന്‍ പി.ഏ.പൗലോസ് കോറെപ്പിസ്‌ക്കോപ്പാ, കോറൂസോ ദശറോറോ(1904-1987) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കാശിശ്‌ത്തോ എലിശ്ബാ തോലാനികുന്നേല്‍ അച്ചന്റെ പുത്രി ആയിരുന്നു എന്ന് പറഞ്ഞല്ലോ. ആ കുടുംബം സ്ഥാപിച്ചത് എഡേസയില്‍ നിന്ന് 1747 ല്‍ കേരളത്തിലെത്തി മീനച്ചില്‍ കര്‍ത്താവിന്റെ കൊട്ടാരത്തില്‍ പരിഭാഷകനായി ജോലി ചെയ്ത് വന്ന ആദായി എന്നൊരാള്‍ ആയിരുന്നു. ഒരു ശെമ്മാശന്‍ അവിടുത്തെ സൈന്യാധിപനായിരുന്ന തോലാനികുന്നേല്‍ പണിക്കര്‍ ആ സുമുഖനില്‍ ആകൃഷ്ടനായി. മകള്‍ മാധവിയെ വിവാഹം കഴിക്കാന്‍ ആദായിയെ പ്രേരിപ്പിച്ച പണിക്കര്‍ക്ക് മതം പ്രതിബന്ധമായി. എന്നാല്‍ വിവാഹം വേണ്ടെന്നുവയ്ക്കുന്നതിന് പകരം മാധവിയുടെ മതം മാറാനാണ് പണിക്കര്‍ നിശ്ചയിച്ചത്. അങ്ങനെ മാധവി മറിയമായി. ആദായി ശെമ്മാശന്റെ ഭാര്യയായി. പ്രവാസിയായിരുന്ന ശെമ്മാശന് വീട്ടുപേരില്ല. അദ്ദേഹം ഭാര്യവീട്ടുകാരുടെ കുടുംബപ്പേര് സ്വീകരിച്ചു. തോലാനികുന്നേല്‍ ആദായി ശെമ്മാശന്‍! ഇദ്ദേഹത്തിന്റെ പ്രപൗത്രനാണ് 1811 ല്‍ ജനിച്ച തോലാനികുന്നേല്‍ ആദായി കത്തനാര്‍. ഈ കത്തനാരുടെ നാല് പെണ്‍മക്കളില്‍ രണ്ട് പേരെ ചീരകത്തൊട്ടം കുംബത്തിലേയ്ക്കാണ് വിവാഹം ചെയ്തുകൊടുത്തിരുന്നു. മൂത്ത മകള്‍ എലിശ്ബയാണ് നേരത്തെ പറഞ്ഞ കാശിശ്‌ത്തോ.

ഈശ്വരഭക്തി, സഭാസ്‌നേഹം, അധ്വാനശീലം, പുതിയ സാഹചര്യങ്ങളെ സധൈര്യം നേരിട്ട് പ്രയോജനപ്പെടുത്താനുള്ള കഴിവ് എന്നിത്യാദി ഗീവര്‍ഗീസിലും ആദായികത്തനാരിലും വിളങ്ങിയ ഗുണങ്ങള്‍ കുട്ടിച്ചേട്ടനിലും വായിച്ചെടുക്കാന്‍ കഴിയും.

വിദ്യാഭ്യാസത്തോടുള്ള സമീപനം തന്നെ എടുക്കുക. അങ്കമാലി ഭദ്രാസനത്തിലെ ആദ്യത്തെ ബിരുദാനന്തരബിരുദധാരിയും ഓക്‌സ്‌ഫോഡില്‍ നിന്ന് ബിരുദമെടുത്ത ആദ്യത്തെ സുറിയാനി ക്രിസ്ത്യാനി വൈദികനും ഈ കുടുംബത്തിലെ പ്രകാശ ഗോപുരങ്ങളായിരുന്നിട്ടും അടുത്ത തലമുറയില്‍ ആദ്യമായി സര്‍വ്വകലാശാല വിദ്യാഭ്യാസത്തിന് ഇറങ്ങിത്തിരിച്ചത് കുട്ടിച്ചേട്ടനായിരുന്നു.(മറ്റൊരാള്‍ മലയാളം ഹയര്‍ ജയിച്ചു എന്നതും ഓര്‍ക്കാതിരിക്കുന്നില്ല; അത് കുട്ടിച്ചേട്ടന്റെ നേട്ടവുമായി താരതമ്യപ്പെടുത്താവുന്നതുമല്ല.) 1916 ല്‍ ഇംഗ്ലീഷ് പഠിക്കണമെന്ന് ശഠിച്ച പി.ഏ.പൗലോസ് കോറെപ്പിസ്‌ക്കോപ്പയെ പോലെ തന്നെ ഉള്ള പുരോഗമനേശ്ചയാണ് കുട്ടിച്ചേട്ടനെയും അടയാളപ്പെടുത്തിയത്. എത്ര ക്ലേശകരമായ പാതകളില്‍ കൂടെ ആണ് കുട്ടിച്ചേട്ടന് യാത്ര ചെയ്യേണ്ടി വന്നത് എന്ന് ഈ പുസ്തകത്തിലെ ആദ്യത്തെ അധ്യായങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു.

പൗലോസ് കോറെപ്പിസ്‌ക്കോപ്പയുമായി കുട്ടിച്ചേട്ടനെ ചേര്‍ത്തുനിര്‍ത്തുന്ന മറ്റൊരു ഘടകം നേതൃത്വസിദ്ധിയാണ്. കോറെപ്പിസ്‌ക്കോപ്പയെ വടക്കന്‍ തിരുവിതാംകൂറിന്റെ നവോത്ഥാന നായകരില്‍ ഒരാളായിട്ടാണ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും മഹാപണ്ഡിതനും ആയ പി. ഗോവിന്ദപ്പിളള വിശേഷിപ്പിച്ചിട്ടുള്ളത്. മറ്റൊരാള്‍ 'പോത്താനിക്കാടിന്റെ ശില്പി' എന്നും എഴുതിയിട്ടുണ്ട്. പോലോസ് കോറെപ്പിസ്‌ക്കോപ്പ നിര്‍ത്തിയിടത്ത് നിന്ന് പോത്താനിക്കാടിന്റെ പുരോഗതിക്ക് ആശയപരമായ നേതൃത്വം നല്‍കിയത് കുട്ടിച്ചേട്ടനാണ്. റബ്ബര്‍കൃഷിക്കും എണ്ണപ്പനകൃഷിക്കും പോത്താനിക്കാട് പ്രദേശത്ത് തുടക്കം കുറിച്ചതും കര്‍ഷകരെ സംഘടിപ്പിച്ച ആധുനിക സമ്പ്രദായങ്ങള്‍ പരിചയപ്പെടുത്തിയതും സഹകരണ പ്രസ്ഥാനവും ലൈബ്രറിപ്രസ്ഥാനവും ആ നാട്ടിന്‍പുറത്ത് നട്ടുവളര്‍ത്തിയതും ഈ മഹാന്‍ തന്നെ ആണ്. മലയാളം മീഡിയം സ്‌ക്കൂളുകളാണ് പൗലോസ് കോറെപ്പിസ്‌ക്കോപ്പാ സ്ഥാപിച്ചതെങ്കില്‍ ഇദ്ദേഹം കാലികസാധ്യതകള്‍ കണ്ടെത്തി ഇംഗ്ലീഷ് മീഡിയം സ്്ക്കൂള്‍ ആരംഭിച്ചു. കോറെപ്പിസ്‌ക്കോപ്പയാണ് പോത്താനിക്കാട്ട് ഒരു സര്‍ക്കാര്‍ ആശുപത്രി കൊണ്ടുവന്നതെങ്കില്‍ കുട്ടിച്ചേട്ടനാണ് സാമ്പത്തികപരാധീനതകള്‍ക്കിടെ സ്വന്തം അനിയനെ എം.ബി.ബി.എസ്. പഠിക്കാന്‍ നിര്‍ബ്ബന്ധിച്ചത്.

ഇങ്ങനെ ഒരു പുസ്തകം എഴുതാന്‍ കുട്ടിച്ചേട്ടന്‍ തയ്യാറായത് നന്നായി. പൗലോസ് കോറെപ്പിസ്‌ക്കപ്പയെ ഞാന്‍ ഒരുപാട് നിര്‍ബന്ധിച്ചുവെങ്കിലും അദ്ദേഹം ചെയ്യാതിരുന്ന ഒരു സംഗതിയാണ് ഇത്. ഓക്‌സ്ഫഡ് പണ്ഡിതനായ സി.ഏ.ഏബ്രഹാം കോറെപ്പിസ്‌ക്കോപ്പയും ചെയ്തില്ല. കുട്ടിച്ചേട്ടന്‍ ഈ രചയ്ക്ക് തയ്യാറായതിനാല്‍ ഇരുതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തെക്കുറിച്ച് ഒരു സ്ഥൂലചിത്രം പുതിയ തലമുറയ്ക്ക് ലഭിക്കുന്നു. ഇങ്ങനെയുള്ള പ്രാദേശിക ചരിത്രവിവരങ്ങള്‍ക്ക് ദേശചരിത്രത്തിന്റെ നിര്‍മ്മിതിയിലുള്ള പങ്ക് പണ്ഡിതന്മാര്‍ തിരിച്ചറിയുന്നതാണല്ലോ.

'പുതിയ ഭൂമി, പുതിയ ആകാശം, പുതിയ പ്രകാശം' എന്ന ഈ ലഘുകൃതി സസന്തോഷം സഹൃദയസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു. പഴയ ഭൂമിയില്‍ നിന്ന് പുതിയ ആകാശം സ്വപ്‌നം കാണാനും, ആ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിലൂടെ പുതിയ ഭൂമിയെ സൃഷ്ടിച്ചെടുക്കാനും, തന്റെ ആശയങ്ങളിലൂടെയും അവയുടെ സാക്ഷാല്‍ക്കരണങ്ങളിലൂടെയും പിന്‍തലമുറകള്‍ക്ക് പുതിയ പ്രകാശം നല്‍കാനും ശ്രീമാന്‍ സി.എം. ഗ്ീവര്‍ഗീസ് അവര്‍കള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ഈ കൃതി വായിക്കുന്നവര്‍ക്ക് മനസ്സിലാകാതിരിക്കയില്ല. ആത്മാര്‍ത്ഥത മഷിയില്‍ ചാലിച്ചെഴുതിയ ഈ പുസ്തകം വ്യാപകമായി വായിക്കപ്പെടട്ടെ.
ഡി. ബാബുപോള്‍

കുട്ടിചേട്ടന്റെ കഥ, ഒരു അവതാരിക(ഡി. ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക