Image

നേഴ്‌സിംഗ് സമരത്തിന്റെ ബാക്കിപത്രം പരിശോധിക്കുമ്പോള്‍

Published on 28 February, 2012
നേഴ്‌സിംഗ് സമരത്തിന്റെ ബാക്കിപത്രം പരിശോധിക്കുമ്പോള്‍
കേരളത്തിലെ നഴ്‌സുമാര്‍ ചൂഷണത്തിനും അഴിമതിക്കും എതിരേ പ്രതികരിച്ച്‌ കാസര്‍കോഡ്‌ മുതല്‍ തിരുവനന്തപുരം വരെ സമരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അമേരിക്കയിലെ വിവിധ മലയാളികള്‍ ഇതില്‍ ഇടപെടുകയുണ്ടായി.

അതെന്തോ അപരാധമായി ചിലരെങ്കിലും കരുതുന്നുണ്ട്. കൂടുതല്‍ വനിതകള്‍ പ്രവര്‍ത്തിക്കുന്ന രംഗമാണു നേഴ്‌സിംഗ്. ചൂഷണത്തിനെതിരെ പലപ്പോഴും പ്രതികരിക്കാനവര്‍ മടിക്കുന്നു. ഇതാണു ആശുപത്രി മുതലാളിമാര്‍ക്കു രക്ഷയായത്.
ഇതിനെതിരെ വര്‍ഷങ്ങളായി പിയാനോ തുടങ്ങിയ സംഘടനകളും വ്യക്തികളും പ്രവര്‍ത്തിക്കുകയും ഇന്ത്യയിലെ നേഴ്‌സിംഗ് സംഘടനകള്‍ക്കു സഹായം എത്തിക്കുകയും ചെയ്തു വന്നതാണു. അവരുടെ നിയമ പോരാട്ടങ്ങള്‍ക്കും സാമ്പത്തിക സഹായവും എത്തിച്ചു.
ഇത് വര്‍ഷങ്ങളായി തുടരുന്നതാണു. ഇവിടത്തെ പത്രങ്ങളുടെ പഴയ താളുകളില്‍ ഇവയെ പറ്റിയുള്ള വിവരങ്ങള്‍ ഉണ്ട്. നേഴ്‌സിംഗ് രംഗത്ത് കൂടുതല്‍ അവബോധം ഉണ്ടാക്കാന്‍ ഇത് കാരണമായി. അതിനു പുറമേ പുരുഷ നേഴ്‌സുമാര്‍ കൂടുതലായി ജോലിക്കെത്തിയതോടെ അവകാശങ്ങളെപറ്റി കൂടുതല്‍ ധാരണ ഉണ്ടാവുകയും ചെയ്തു. അമേരിക്കയടക്കം വിദേശങ്ങളില്‍ നേഴ്‌സുമാര്‍ക്ക് സാധ്യത കുറഞ്ഞതോടെ നാട്ടില്‍ തന്നെ മാന്യമായ ശമ്പളം എന്ന ആവശ്യം കൂടുതല്‍ പ്രസക്തമാവുകയും ചെയ്തു. മാത്രവുമല്ല നോക്കി നില്‍ക്കുന്നവനു വരെ കൂലി കൊടുക്കുന്ന നാട്ടില്‍ (നോക്കുകൂലി) നേഴ്‌സ്മാര്‍ക്കു മാത്രം ന്യായമായ വേതനം വേണ്ട എന്നു പറയുന്നതിലെ അനീതിയും വ്യക്തമായി.
ഈ സാഹചര്യമെല്ലാം ഒത്തു വന്നപ്പോഴാണു വര്‍ഷങ്ങളായ അമര്‍ഷം സമരമായി മാറിയത്. എങ്കിലും തൊഴിലാളികള്‍ക്കു വേണ്ടി സംസാരിക്കാന്‍ അധികമാരുമില്ലായിരുന്നു. കാരണം അപ്പുറത്തു നില്‍ക്കുന്ന അമ്രുതയോ, കോലഞ്ചേരിയൊ, പുഷപഗിരിയോ ഒക്കെ മതമേധാവികളുടെയും മുന്തിയ പണക്കാരുടെയുംഉടമസ്ഥതയിള്ളതാണു. അപ്പോഴാണു എതാനും അമേരിക്കന്‍ മലയാളികള്‍ തങ്ങളാലാവുന്ന സഹായവുമായി രംഗത്തു വന്നത്.
അതു പ്രശസ്തിക്കും ഫോട്ടോ വരാന്‍ വേണ്ടിയും ആയിരുന്നൊ? നേഴ്‌സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരും അങ്ങനെ പറയില്ലെന്നു ഫിലഡല്‍ഫിയയില്‍ നേഴ്‌സായ മനോജ് ജോസ് ചൂണ്ടിക്കാട്ടുന്നു.
തൊടൂപുഴയിലെപൈങ്കുളം സേക്രട്ട് ഹാര്‍ട് ഹോസ്പിറ്റലില്‍ സമരം നടന്നപ്പോള്‍ അതു തീര്‍ക്കാന്‍ പ്രവര്‍ത്തിച്ചവരിലൊരാളാണു മനോജ്. ഇന്ത്യന്‍ നെഴ്‌സസ് അസോസിയേഷന്‍ ആണു സമരം തുടങ്ങിയത്. ആശുപതി കോമ്പൗണ്ടില്‍ സമരം ചെയ്ത തൊഴിലാളികളെ ബലമായാണു പോലീസ് നീക്കം ചെയ്തത്. ക്ഷുഭിതനായ അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് രണ്ടാം ദിവസം തന്നെ അനിശ്ചിത കാല നിരാഹാരം തുടങ്ങി. സമരത്തില്‍ മരിച്ചാലും തരക്കേടില്ല എന്ന നിലപാടിലായിരുന്നു സന്തോഷ്.
വിവരമറിഞ്ഞ മനോജ് ഉറ്റ സുഹ്രുത്തും സഹപാഠിയുമായ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിനെ വിളിച്ചു. അതേതുടര്‍ന്ന് എം.എല്‍.എ ആശുപത്രി മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു. എം.എല്‍.എയുടെ ഇടപെടലും സമ്മര്‍ധവുമായപ്പോള്‍ ആശുപത്രി അധിക്രുതര്‍ ചര്‍ച്ചക്കു തയ്യാറായി. രത്രി 1:30 നു മിനിമം കൂലി 10,300 എന്നു കരാര്‍ ഒപ്പിട്ടു.
ബാംഗലൂരില്‍ നേഴ്‌സിംഗ് പഠനം കഴിഞ്ഞു മനോജ് ഒരു വര്‍ഷം ട്രെയിനിയായി പൈങ്കുളത്ത് ജോലി ചെയ്തിരുന്നു. അന്ന് ട്രെയിനി എന്ന നിലയില്‍ 2000 രൂപ ആയ്രിരുന്നു ശമ്പളം. കരാറിനു മുന്‍പ് നേഴ്‌സ്മാര്‍ക്ക് 6000 രൂപ ആയിരുന്നു ശമ്പളം. അതില്‍ നിന്നു ഭക്ഷണത്തിനും മറ്റുമുള്ള ചാര്‍ജ് കുറക്കും.
അമേരിക്കയൊട്ടാകെയുള്ള നേഴ്‌സുമാര്‍ പിയനോയും വിന്‍സന്റ് ഇമ്മാനുവലും ഒക്കെ ചെയ്യുന്ന പ്രവര്‍ത്തങ്ങളെ അനുകൂലിച്ചു സംസാരിച്ചത് മനോജ് ചൂണ്ടിക്കാട്ടി. നാട്ടില്‍ എല്ലാവരും പിന്തുണച്ച സമരമാണിത്. ഇതില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ചെറിയൊരു പങ്ക് എങ്കിലും വഹിക്കാനായത് വലിയൊരു കാര്യം തന്നെ.

നേഴ്‌സിംഗ് സമരത്തിന്റെ ബാക്കിപത്രം പരിശോധിക്കുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക