Image

മനസില്‍ കണ്ടതും ഒടുവില്‍ കിട്ടിയതും (ചെറുകഥ: റീനി മമ്പലം)

റീനി മമ്പലം Published on 09 May, 2017
മനസില്‍ കണ്ടതും ഒടുവില്‍ കിട്ടിയതും (ചെറുകഥ: റീനി മമ്പലം)
പൈസ വര്‍ദ്ധിച്ചുതുടങ്ങിയപ്പോള്‍ എന്തെങ്കിലും കട തുടങ്ങിയാല്‍ എന്താണന്ന ഐഡിയാ ഭാര്യയുടെ മനസില്‍ കടന്നുകൂടിയത് ഭര്‍ത്താവിനോട് പറഞ്ഞു. അവര്‍ 7ഇലവന്‍ കട വാങ്ങി. ഒരു ഗ്യാസ് സ്‌റ്റേഷന്‍ വില്‍പ്പനക്ക് വന്നപ്പോള്‍ കട വിറ്റ് അത് വാങ്ങി. അതിനുശേഷം പൈസ കൊണ്ടുപോവുന്ന ബാഗിന്റെ വലുപ്പമേറി. ബാങ്ക് ബാലസ് വര്‍ദ്ധിക്കുന്നത് കണ്ടാസ്വദിച്ചു. ഒരുകുറവു മാത്രം. അയാള്‍ സമൂഹത്തില്‍ അറിയപ്പെടുന്ന ആളായിരുന്നില്ല. സ്ഥലത്ത് ഒരു മലയാളി അസോസിയേഷന്‍ ഉള്ളതിന്റെ പ്രസിഡന്റായാല്‍ പൊതുജനത്തിനിടയില്‍ അംഗീകാരം ലഭിക്കുമെന്ന് അയാള്‍ക്കും ഭാര്യക്കും തോന്നി. വെറേ മാര്‍ഗമില്ലെന്ന് മനസിലാക്കിയ അയാള്‍ ഇലക്ഷനുനിന്ന് പ്രസിഡന്റായി.

അതിലും ശക്തമേറിയ കമ്പിലാണ് പിടിക്കേണ്ടതെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. നാഷണല്‍ ലവലില്‍ കളിക്കുവാന്‍ അയാള്‍ക്കു താല്‍പര്യം കുറവായിരുന്നു. മിക്ക കണ്‍വെന്‍ഷനും നഷ്ടത്തില്‍ കലാശിക്കുമ്പോള്‍ അതെല്ലാം പ്രസിഡന്റ് നികത്തണം എന്നാണു കേട്ടിരിക്കുന്നത്. ' മരിക്കുമ്പോള്‍ ആവശ്യമുള്ളത് ആറടിമണ്ണുമാത്രം, ഒന്നും കൂടെ കൊണ്ടുപോകില്ലല്ലോ! 'സുഹൃത്തുക്കള്‍ അയാളെ പരിഹസിച്ച് ചിരിച്ചു. ' അയാള്‍ കുലുങ്ങിയില്ല, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയാള്‍ അധ്വാനിച്ച് ഉണ്ടാക്കിയ പൈസയല്ലെ? അതെങ്ങനെ കളഞ്ഞുകുളിക്കും? 

'ആറടിമണ്ണിനു വേണ്ടിയാണോ നിങ്ങള്‍ ഇത്രയും കഷ്ടപ്പെടുന്നത്? സമൂഹത്തില്‍ അഗീകാരം കിട്ടുന്നതില്‍ വലുതായി എന്തെങ്കിലുമുണ്ടോ?' നാഷണല്‍ അസ്സോസിയേഷന്റെ പ്രസിഡന്റാവാന്‍ ഭാര്യ നിര്‍ബന്ധിച്ചു.

മന്ത്രിമാരോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് ചെറിയ കാര്യമല്ലെന്നു സുഹൃത്തുക്കള്‍ അയാളെ മനസിലാക്കിച്ചു. അവസാനം നാഷണല്‍ ലവലില്‍ മത്സരിച്ച് ജയിച്ചു. ഫോട്ടോ എല്ലായിടത്തും വന്നപ്പോള്‍ താന്‍ പ്രസിദ്ധനായ ഒരാളാണ് എന്നുതോന്നി അഹങ്കരിച്ചു.

പ്രസിദ്ധിയും അംഗീകാരവും കൈകോര്‍ത്ത് ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍ അയാള്‍ കയ്യയച്ച് പണം ചെലവാക്കിത്തുടങ്ങി. ഭക്ഷണത്തിനോടൊപ്പം കൊളസ്‌ടോളും ബ്‌ളഡ്‌പ്രെഷറും കൂട്ടുവന്നു.

'നിങ്ങള്‍ക്ക് ഒരു വില്‍പത്രം തയ്യാറാക്കാന്‍ ഞാനൊരു വക്കീലിനെ കാണട്ടെ?' ഭാര്യ പലവട്ടം ചോദിച്ചു.

നിങ്ങള്‍ ഡോക്ടറെ കണ്ടിട്ട് എത്ര നാളായി? ഞാന്‍ ഒരു അപ്പോയ്ന്റ്‌മെന്റ് വാങ്ങട്ടേ? പോയിക്കാണുമോ?

അയാള്‍ അതിനകം തിരക്കുള്ള ഒരാളായി മാറിയതിനാല്‍ വില്‍പത്രത്തിനെക്കുറിച്ച് ആലോചിക്കുവാനോ, വക്കീലിനോട് സംസാരിക്കുവാനോ, ഡോക്ടറുടെ വിലക്കുകള്‍ കേള്‍ക്കുവാനോ സമയം കണ്ടെത്തിയില്ല. അതിനിടയില്‍ ആണ്‍കുട്ടികള്‍ വളര്‍ന്നു. അയാള്‍ക്ക് അവരുടെ കാര്യം നോക്കുവാന്‍ സമയമുണ്ടായിരുന്നില്ല. 'എല്ലാം നോക്കിനടത്തുവാന്‍ ഭാര്യയുണ്ടല്ലോ' അയാള്‍ സമാധാനിച്ചു.

തന്റെ മരണശേഷം എങ്ങനെ തന്റെ പേരു നിലനിര്‍ത്താമെന്നായിരുന്നു അയാളുടെ ചിന്തകള്‍. അതിനുവേണ്ടി എത്രപണവും ചെലെവാക്കുവാന്‍ തയ്യറായിരുന്നു. അയാള്‍ അടുത്ത അവധിക്ക് പോയപ്പോള്‍ തന്റെ മാതാപിതാക്കളുടെ ഒട്ടും ആഢംബരമില്ലാതെ ഉണ്ടാക്കിയിരിക്കുന്ന കബറുനോക്കി സെമിത്തേരിയില്‍ നിന്നു. ഒരു കുടുംബക്കല്ലറ നിര്‍മ്മിക്കുന്നതിന്റെ സാധ്യ്തതകളെക്കുറിച്ച് വികാരിയുമായി സംസാരിച്ചു. സെമിത്തേരിയിലെ മറ്റ് കബറുകളേക്കാള്‍ ഉയരവും വലുപ്പവും വേണം, ദൂരെ നിന്ന് നോക്കിയാല്‍ കാണാനാകണം. അയാള്‍ ചിന്തിച്ചു.

ഉപദേശത്തിനായി ഒരു ശില്‍പ്പിയെ സമീപിച്ചു, പിറ്റെ ആഴ്ച വിലകൂടിയ മാര്‍ബിള്‍ കല്ലുകള്‍ സെമിത്തേരിയില്‍ ഇറക്കി. മാതാപിതാക്കളുടെ കല്ലറ പൊളിച്ച് അവിടെ കുടുംബക്കല്ലറ ഉയര്‍ന്നു. നിലാവില്‍ കുളിച്ച രാത്രികളില്‍ മാര്‍ബിളിള്‍ തീര്‍ത്ത കബര്‍ തിളങ്ങി. അയാള്‍ അറകളൊന്നില്‍ സ്വന്തം പേര് കൊത്തിവച്ചപ്പോള്‍ പൂര്‍ണ്ണത തോന്നി. താന്‍ മരിക്കുമ്പോള്‍ ഉണ്ടാക്കിയ സ്വത്തുകള്‍ ഒന്നും കൊണ്ടുപോകില്ല, അവസാനമായി കിട്ടുന്നത് ആറടി മണ്ണല്ലെ? ആ സ്ഥലമെങ്കിലും മനോഹരമാക്കണം.

അവധികഴിഞ്ഞ് അയാള്‍ തിരികെപ്പോയി. കുട്ടികളില്‍ നിന്ന് ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം ഉയര്‍ന്നു. ചൂടും വിരസത നിറഞ്ഞ പകലുകളും അവര്‍ക്ക് മതിയായിരുന്നു. തിരികെയെത്തിയപ്പോള്‍ തിരക്കുകളും ജോലികളൂം അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഭൂമി പലതവണ സൂര്യനെ ചുറ്റി, രാത്രികളും പകലുകളും വന്നുപോയി. ആണ്‍കുട്ടികള്‍ പുരുഷന്മാരായി.

ഒരു ദിവസം നിനച്ചിരിക്കാതെ അയാളുടെ ഹൃദയമിടിപ്പ്‌നിന്നു . ജീവിച്ച് കൊതിതീരാത്ത അയാളെ മരണം മാടി വിളിച്ചു. അയാള്‍ക്ക് അനുസരിക്കേണ്ടി വന്നു.

'സുഖമരണം'

'അയാള്‍ ഭാഗ്യവാനാണ്, കിടന്ന് കഷ്ടപ്പെടേണ്ടി വന്നില്ലല്ലോ' പൊതുജനം പറഞ്ഞു.

ആണ്‍കുട്ടികള്‍ അയാളുടെ മരണശേഷം ശവസംസ്‌കാരം നടത്തുന്ന ചുമതല ഏറ്റെടുത്തു. ഒരുക്കങ്ങളാരംഭിച്ചു.

മൂത്തമകന്‍ ഒരു പരിസ്ഥിതി പ്രേമി, താന്‍ താമസിക്കുന്ന ഈ ഭൂമിയെ മലീനപ്പെടുത്തരുതെന്നും അമ്പലം പോലെ വിശുദ്ധമായി സൂക്ഷിക്കണം എന്നു വിശ്വസിക്കുന്നവനുമായിരുന്നു.

അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ 4ന് അമേരിക്കന്‍ പതാകകളും ചൂടുകാലത്ത് ചെടികളും ജന്മദിവസത്തില്‍ പൂക്കളും കബറിനുവെളിയില്‍ വെക്കുന്ന സംസ്‌കാരം കണ്ടുവളര്‍ന്ന മകന് കുടുംബക്കല്ലറയുടെ മഹത്വം മനസ്സിലായില്ല.

അപ്പന്റെ ശരീരം മറവുചെയ്യുന്നതിനു പകരം ഇന്‍സിനേറ്ററില്‍ വെക്കുവാന്‍ നിശ്ചയിച്ചു. കിട്ടുന്ന ചാരം വീട്ടിനുള്ളില്‍ വെച്ചാല്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കാമല്ലോ! രണ്ടാമതൊരു വിവാഹത്തിനു തയ്യാറല്ലായിരുന്ന ഭാര്യയും ആ തീരുമാനം തലയാട്ടി സമ്മതിച്ചു. 'കുടുംബക്കല്ലറയില്‍ മറവുചെയ്താല്‍ നാട്ടില്‍ പോവുമ്പോള്‍മാത്രമെ അയാളെ മറവുചെയ്ത സ്ഥലത്ത് പോകുവാന്‍ സാധിക്കൂ. ഇങ്ങനെയാവുമ്പോള്‍ എപ്പോഴും കാണാമല്ലോ!' മരിച്ചുകഴിഞ്ഞാല്‍ ശരീരം എങ്ങനെ മറവുചെയ്യണമെന്ന് അയാള്‍ പറഞ്ഞിട്ടില്ല. മരണപത്രം എഴുതിയിട്ടില്ല. അയാളുടെ സുഹൃത്വലയവും സമൂഹത്തിന്റെയും വിവിധ അസ്സോസിയേഷന്റെ തലവന്മാരും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ഫൂണറല്‍ ഹോമിലെത്തി. വേക്ക് കഴിഞ്ഞ് മൃതുദേഹം ഇന്‍സിനേറ്ററില്‍ വെച്ചു. ഒരു സ്വിച്ച് അമര്‍ത്തേണ്ടിയ കാര്യമേ ഉണ്ടായിരുന്നുള്ളു. രണ്ടര മണിക്കൂര്‍ കൊണ്ട് എല്ലാം കഴിഞ്ഞു, അയാളുടെ ശരീരം കത്തി ഒരുപിടി ചാരമായി. അധികാരികള്‍ അദ്ധേഹത്തിന്റെ ആഷസ് ഒരു പ്രത്യേക പാത്രത്തിനകത്താക്കി മകന് നല്‍കി.

മകന്‍ അഛന്റെ ആഷസ് ഇരിക്കുന്ന പാത്രം ഫയര്‍പ്ലേസിന് മുകളില്‍ വെച്ചു, 'എപ്പോഴും കാണാല്ലോ, അപ്പന്‍ വീട്ടില്‍ ഉള്ളതുപോലെ ഒരു തോന്നല്‍'

അയാളുടെ ആത്മാവ് ആഷസ് ഇരിക്കുന്ന പാത്രത്തിനുള്ളില്‍ ഞെളിപിരി കൊണ്ടു, ശ്വാസം കിട്ടാത്തതു പോലെ 'മരിക്കുമ്പോള്‍ ആറടി മണ്ണെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു, കിട്ടിയതോ ഒരു പാത്രം! 'നിവര്‍ന്നു കിടക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അയാള്‍ പരാതിപ്പെട്ടു.


മനസില്‍ കണ്ടതും ഒടുവില്‍ കിട്ടിയതും (ചെറുകഥ: റീനി മമ്പലം)
Join WhatsApp News
Beena 2017-05-11 05:51:10
ജീവിച്ചിരിക്കുമ്പോൾ ആഗ്രഹങ്ങൾക്ക് അതിരില്ലെന്നു തോന്നിപ്പോകും ! ഒടുവിൽ ഇതൊക്കെത്തന്നെ ധാരാളം ! നന്നായി എഴുതി
വിദ്യാധരൻ 2017-05-10 10:23:02

ജീവിതത്തിന്റ ക്ഷണഭംഗുരതയെക്കുറിച്ചു ചിന്തിച്ചാൽ ഒരുപക്ഷെ ജീവിതത്തെ കുറേക്കൂടി ക്രമീകരിക്കാനും കിട്ടിയിരിക്കുന്ന സമയം  സമര്‍ത്ഥമായി ഉപയോഗിക്കാനും  സാധിക്കും. പക്ഷെ എന്ത് ചെയ്യാം ജീവിതത്തിലെ വിജയങ്ങളും സന്തോഷങ്ങളും അളക്കാനുള്ള അളവ്കോലുകളിൽ ആയുസ്സിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടില്ലല്ലോ.  ആകെ രേഖപ്പെടുത്തിയിട്ടുള്ളത് പണം പ്രശസ്തി ഞാനെന്ന ഭാവം ഇതൊക്കയാണെല്ലോ? എന്തായാലും വളരെ ലളിതമായ ഭാഷയിൽ എഴുതിയിരിക്കുന്ന ഈ ചെറുകഥ വായിച്ചപ്പോൾ പണ്ടെങ്ങോ വായിച്ച വി.സി. ബാലകൃഷണപ്പണിക്കാരുടെ ഒരു കവിതശകലം ഓർത്തത് ഇവിടെ കുറിക്കുന്നു. എഴുത്തുകാരി ചുറ്റുപാടുകളിൽ നിന്ന് കോരിയെടുത്തുണ്ടാക്കിയിരിക്കുന്ന ഈ കഥ അഭിനന്ദനീയമാണ് .

"ലാവണ്യം കൊണ്ടുള്ള പുതുമ
      കവിതകൊണ്ടുള്ള സത്കീർത്തി
വിദ്യദ് ഭാവംകൊണ്ടുളള മാന്യ-സ്ഥിതി
      രണപടുതമൂലമാം വൻപ്രതാപം
ഇവ്വണ്ണം വര്ണനീയം ഗുണമഖിലം
     ഓരോവാതിലിൽ തട്ടിമുട്ടി
ജീവത്താം ആദിമൂല പൃകൃതിയിൽ
       ഒടുവിൽ ചെന്നുചേരുന്നുവല്ലോ" (വീ. സി. ബാലകൃഷ്ണപ്പണിക്കർ)



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക