Image

മദ്യപരുടെ ചെലവില്‍ റെയില്‍വെയുടെ സുരക്ഷ

ജി.കെ. Published on 28 February, 2012
മദ്യപരുടെ ചെലവില്‍ റെയില്‍വെയുടെ സുരക്ഷ
ട്രെയിന്‍യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ ഓടുന്ന ട്രെയിനിനുകളിലും റെയില്‍വെ പ്ലാറ്റ്‌ഫോമുകളിലും പ്രവേശിക്കുന്ന മദ്യപന്മാരെ കൈയോടെ പിടികൂടി ശിക്ഷിക്കാന്‍ റെയില്‍വെ തീരുമാനിച്ചിരിക്കുകയാണ്‌. ഇതിന്റെ ഭാഗമായി ഉത്തരവിറങ്ങിയ ദിവസം മുതല്‍ പ്ലാറ്റ്‌ ഫോമുകളില്‍ നിന്നും ട്രെയിനുകളില്‍ നിന്നും ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും അതെല്ലാം വാര്‍ത്തയാവുകയും ചെയ്‌തു. ഏതാനും ദിവസത്തേക്ക്‌ വാര്‍ത്താപ്രാധാന്യം ലഭിക്കും എന്നതിലുപരി റെയില്‍വെയുടെ പുതിയ തീരുമാനം കൊണ്‌ട്‌ യാത്രക്കാരുടെ സുരക്ഷ ഉറപ്പാകുമോ എന്നതാണ്‌ ഇവടെ മുഖ്യവിഷയം.

സൗമ്യമാരും ജയഗീതമാരുമെല്ലാം ആവര്‍ത്തിക്കപ്പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ അത്മാര്‍ഥവും ഫലപ്രദവുമായൊരു നയം സ്വീകരിക്കാന്‍ റെയില്‍വെ ഇനിയും തയാറല്ലെന്നതിന്റെ സൂചന തന്നെയാണ്‌ പുതിയ നടപടിയുമെന്ന്‌ പറയേണ്‌ടിവരും. ഒരുതരം ഇരുട്ടു കൊണ്‌ട്‌ ഓട്ട അടയ്‌ക്കുന്ന പരിപാടി. വേണ്‌ടത്ര ആലോചനയും തയ്യാറെടുപ്പും നടത്തിയശേഷമാണോ തീര്‍ത്തും അസാധാരണവും ഒറ്റനോട്ടത്തില്‍ത്തന്നെ അപ്രായോഗികവുമായ ഈ നടപടിക്ക്‌ റെയില്‍വെ മുതിരുന്നത്‌ എന്ന കാര്യത്തിലും സംശയമുണ്‌ട്‌.

ട്രെയിനുകളില്‍വച്ച്‌ മദ്യം ഉപയോഗിക്കുന്നത്‌ ഇപ്പോള്‍ത്തന്നെ വിലക്കിയിട്ടുള്ളതാണ്‌. എന്നിരുന്നാലും റെയില്‍വേ ജീവനക്കാര്‍കൂടി ഉള്‍പ്പെട്ട മദ്യോത്സവം പല വണ്‌ടികളിലും പതിവാണ്‌. പരിശോധിക്കാന്‍ ചുമതലയുള്ളവര്‍തന്നെ പലപ്പോഴും നിയമലംഘകരുടെ രൂപത്തിലാവും കാണപ്പെടുക. ട്രെയിന്‍യാത്രയിലെ പതിവുദുരിതങ്ങളുടെ കൂട്ടത്തില്‍ ഇതൊക്കെ കണ്‌ടില്ലെന്ന്‌ നടിച്ച്‌ സാധാരണ യാത്രക്കാര്‍ പാടേ വിധി എന്ന മട്ടില്‍ കഴിയുകയാണ്‌.

കേരളത്തില്‍ ഓടുന്ന ട്രെയിനുകളില്‍ മാത്രമാണ്‌ മദ്യപവേട്ട നടത്താന്‍ റെയില്‍വേ സംരക്ഷണസേന ഒരുക്കം കൂട്ടുന്നത്‌. ഇതിന്റെ പേരില്‍ ഏതാനും കുടിയന്‍മാരെ പിഴിയാമെന്നല്ലാതെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാകുമോ എന്നു ചോദിച്ചാല്‍ റെയില്‍വെയ്‌ക്കും ഉത്തരമില്ല. ട്രെയിനില്‍വച്ചു മാത്രമല്ല, മദ്യപിച്ചശേഷം റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ പ്രവേശിച്ചാല്‍പോലും പിടികൂടി വൈദ്യപരിശോധന നടത്തി ശിക്ഷിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. ആയിരംരൂപ പിഴയോ ആറുമാസംവരെ തടവോ രണ്‌ടും കൂടിയോ ശിക്ഷ ലഭിക്കാം. മദ്യം നിയമപരമായി നിരോധിക്കാത്ത, മദ്യപിച്ച്‌ യാത്ര ചെയ്യുന്നത്‌ നിരോധിക്കാത്ത, പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്‌ ഇത്ര മദ്യം കൈവശം വെയ്‌ക്കാമെന്ന്‌ സര്‍ക്കാര്‍ തന്നെ ഉറപ്പു നല്‍കുന്ന ഒരു നാട്ടില്‍ റെയില്‍വെയുടെ ഇത്തരം ഇണ്‌ടാസുകള്‍ക്കെല്ലാം എത്രമാത്രം നിയമപരിരക്ഷ ലഭിക്കുമെന്നത്‌ കണ്‌ടുതന്നെ അറിയേണ്‌ട കാര്യമാണ്‌.

വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍വെച്ച്‌ സൗമ്യയെ ആക്രമിച്ച ഗോവിന്ദച്ചാമിയും അടുത്തിടെ പിറവത്ത്‌ വനിതാ കമ്പാര്‍ട്‌മെന്റില്‍ സ്‌ത്രീകള്‍ക്കു നേരെ ആക്രമണം നടത്തിയ ഉത്തരേന്ത്യക്കാരനും ആലുവയില്‍ സ്‌ത്രീകളുടെ കമ്പാര്‍ട്‌മെന്റിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിക്കുകയും യാത്രക്കാരിയെ വലിച്ചു പുറത്തിടാന്‍ ശ്രമിക്കുകയും ചെയ്‌തയാളുമൊന്നും മദ്യലഹരിയിലാണ്‌ ഇത്‌ ചെയ്‌തതെന്നതിന്‌ റെയില്‍വെയുടെ പക്കല്‍ തെളിവുകൊളുന്നുമില്ല. അടുത്തിടെ ജയഗീതയെന്ന ഉദ്യോഗസ്ഥയോട്‌ അപമര്യാദയയായി പെരുമാറിയതാകട്ടെ റെയില്‍വെയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെയുമായിരുന്നു.

യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കാനായി ആവശ്യമായ റെയില്‍ സംരക്ഷണസേനയുടെ സേവനം ഈ സംഭവങ്ങളിലൊന്നും യാത്രക്കാര്‍ക്ക്‌ ലഭ്യമായിരുന്നില്ല. അപ്പോള്‍ പിന്നെ മദ്യപരാണ്‌ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നമട്ടില്‍ ഇത്തരമൊരു തുഗ്ലക്ക്‌ പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ സാംഗത്യം എന്താണെന്‌ വിശദീകരിക്കാന്‍ റെയില്‍യെയ്‌ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടിില്ല. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന കേരളാ പോലീസിന്റെ അതേസമീപനം തന്നെയാണ്‌ ഇക്കാര്യത്തില്‍ റെയില്‍വെയും സ്വീകരിക്കുന്നതെന്ന്‌ ചുരുക്കം.

സംസ്‌ഥാനത്ത്‌ ഓടുന്ന ട്രെയിനുകളില്‍ മദ്യപന്മാരുടെ ശല്യം വല്ലാതെ വര്‍ധിച്ചതും സമീപകാലത്ത്‌ ഇത്തരക്കാര്‍ കൂടുതല്‍ ആക്രമണകാരികളായി മാറുന്നതും കണക്കിലെടുത്താണ്‌ മദ്യപന്മാരെ പിടികൂടി ശിക്ഷിക്കാന്‍ കര്‍ക്കശ നടപടിക്ക്‌ മുതിരുന്നതെന്നതാണ്‌ റെയില്‍വെ പറയുന്നത്‌. സഹയാത്രികര്‍ക്ക്‌ ശല്യമുണ്‌ടാക്കുന്ന മദ്യപന്മാരെ പിടികൂടി നിയമാനുസരണം ശിക്ഷിക്കേണ്‌ടതുതന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്‌ടഭിപ്രായമുണ്‌ടാകില്ല. എന്നാല്‍ മദ്യപിക്കുന്ന മുഴുവന്‍പേരെയും ശല്യക്കാരായി കാണുമെന്ന റെയില്‍വെയുടെ നിലപാടാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌.

ലക്ഷക്കണക്കിനുപേരാണ്‌ സംസ്‌ഥാനത്ത്‌ ദിവസേന ട്രെയിനില്‍ യാത്ര ചെയ്യുന്നത്‌. ഇവരില്‍ നല്ലൊരുശതമാനം പേര്‍ മദ്യം അകത്താക്കിയശേഷം ട്രെയിനില്‍ കയറുന്നവരുമാണെന്നതൊരു വസ്‌തുതയാണ്‌. ഇത്രയധികം പേരെ പിടികൂടാനും ബ്രത്ത്‌ അനലൈസര്‍ വഴി പരിശോധിച്ച്‌ കോടതിയില്‍ ഹാജരാക്കി ശിക്ഷിക്കാനുമുള്ള എന്ത്‌ സംവിധാനമാണ്‌ റെയില്‍വേയുടെ പക്കലുള്ളത്‌. പ്രധാന സ്‌റ്റേഷനുകളില്‍ മെറ്റല്‍ ഡിറ്റക്‌ടര്‍ സ്‌ഥാപിച്ചിട്ടുള്ളതുപോലെ ഇനി മദ്യപന്മാരെ കണെ്‌ടത്താന്‍ ബ്രെത്ത്‌ അനലൈസറും സ്ഥാപിക്കുമായിരിക്കും. രാജ്യത്ത്‌ മറ്റൊരിടത്തും ഇല്ലാത്ത ഒരു പരിഷ്‌കാരം കേരളത്തിലെ ട്രെയിനുകളിലും റെയില്‍വേസ്‌റ്റേഷനുകളിലും ഏര്‍പ്പെടുത്തുന്നതിനുമുമ്പ്‌ അതിന്റെ നിയമവശങ്ങള്‍കൂടി റെയില്‍വെ ഉറപ്പാക്കേണ്‌ടതുണ്‌ടായിരുന്നു.

ട്രെയിനുകളില്‍ എന്തുവിലകൊടുത്തും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്‌ടതുതന്നെയാണ്‌. അതിന്‌ എല്ലാ ട്രെയിനുകളിലും സുരക്ഷാഭടന്മാരുടെ സാന്നിദ്ധ്യം ഉണെ്‌ടന്ന്‌ ഉറപ്പുവരുത്തുകല്ലെ ആദ്യം വേണ്‌ടത്‌. മദ്യപന്മാരായ അക്രമികള്‍ എല്ലാ ട്രെയിനുകളും താവളമാക്കാറുണ്‌ട്‌. ഇവരെ കണെ്‌ടത്തി പിടികൂടി ജയിലിലടയ്‌ക്കുന്നത്‌ നല്ലതുതന്നെ. എന്നാല്‍ അതിന്റെ മറവില്‍ മദ്യനിരോധന നിയമം പ്രാബല്യത്തിലുള്ളപ്പോഴെന്നപോലുള്ള അധികാരം എടുത്തു പ്രയോഗിക്കാനൊരുങ്ങുന്നതിനെ വിവരമില്ലായ്‌മ എന്നല്ലാതെ മറ്റെന്തുപറഞ്ഞാണ്‌ വിശേഷിപ്പിക്കുക. ഇത്തരത്തില്‍ പിടികൂടപ്പെടുന്ന സാധാരണ യാത്രക്കാര്‍ കോടതിയില്‍ പോയാലുണ്‌ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ച്‌ റെയില്‍വേ അധികാരികള്‍ ഓര്‍ക്കേണ്‌ടതാണ്‌.

ട്രെയിനുകളില്‍ യാത്രക്കാരുടെ സുരക്ഷാബാദ്ധ്യത റെയില്‍വേയുടെ ഉത്തരവാദിത്വമല്ലെന്ന്‌ റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ വിവാദ പ്രസ്‌താവന വന്നിട്ട്‌ അധികദിവസമായില്ല. അതിനു പിന്നാലെയാണ്‌ തിരുവനന്തപുരം റെയില്‍വേസംരക്ഷണ സേനാ കമ്മിഷണറുടെ പുതിയ പരിഷ്‌കാരം. എന്തായാലും റെയില്‍വെയുടെ ഇത്തരം നടപടികള്‍ കാണുമ്പോള്‍ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയില്‍ ബാബുരാജിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ്‌ ഓര്‍മവരുന്നത്‌. കുടിന്‍മാര്‍ക്ക്‌ ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലല്ലോ എന്ന്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക