Image

പഞ്ചേന്ദ്രിയങ്ങള്‍ (കവിത: ഡോ.ഇ.എം. പുമൊട്ടില്‍)

Published on 23 May, 2017
പഞ്ചേന്ദ്രിയങ്ങള്‍ (കവിത: ഡോ.ഇ.എം. പുമൊട്ടില്‍)
(കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്)

സുന്ദരമാണീ പ്രപഞ്ചത്തിലെ കാഴ്ചകള്‍
കാണുവാനീശ്വരന്‍ നല്കി നേത്രം;
കാണുന്നൂ സ്‌നേഹാര്‍ദ്രഭാവമാം കണ്‍കളില്‍
കാരുണ്യവാന്‍ ജഗദീശന്റെ രൂപം!

സാന്ത്വനമേകുന്ന സാരോപദേശവും
ആലാപവും കാതിനിമ്പകരം;
തിന്മകള്‍ കേള്‍ക്കാതെ നന്മയതിന്‍ വിളി
സ്വീകരിച്ചീടുന്ന കാതുകള്‍ ശ്രേഷ്ഠം.!

ജീവന്റെ ശ്വാസമരുതുവാന്‍ മര്‍ത്ത്യനില്‍
നിര്‍മ്മിച്ചു നാസാദ്വാരങ്ങള്‍ ഈശന്‍;
ഗന്ധങ്ങളെല്ലാം തിരിച്ചറിഞ്ഞീടുന്ന
അത്ഭുതം ഘ്രാണമിതിന്‍ രഹസ്യം!

സ്വാദുള്ള ഭോജനം ആസ്വദിച്ചീടുവാന്‍
നാവുതന്‍ ചാതുര്യമൊന്നുവേണം;
സത്യവും നീതിയും ധര്‍മ്മവും ചൊല്ലുന്ന
മൂര്‍ച്ചയില്‍ നാവുകളെത്രധന്യം!

സ്പര്‍ശനത്തിന്‍ പൊരുളെന്തെന്നറിയുവാന്‍
മര്‍ത്ത്യനെ ചര്‍മ്മമതില്‍ പൊതിഞ്ഞു;
സ്പര്‍ശനമില്ലാതെ സ്‌നേഹം അപൂര്‍ണ്ണമാം
സ്‌നേഹമില്ലാതെ ജീവിതം ശൂന്യം!
Join WhatsApp News
mathew v zacharia 2017-05-24 09:09:53
a well versed poem for daily meditation to our Almighty God.
Mathew V. Zacharia, New York.  
നിരീശ്വരൻ 2017-05-24 10:11:51

പഞ്ചേന്ദ്രിയത്തിന്റെ ഗുണദോഷങ്ങൾ വ്യത്യസ്തമായ രണ്ടു കവിതകളിലൂടെ( ഡോക്‌ടർ പൂമൊട്ടും വിദ്യാധരനും) വായനക്കാരുടെ മുന്നിൽ വെളിവാക്കിയിരുന്നു. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ ഉപകരണം മാത്രം. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ചേതനയാണ് കുഴപ്പക്കാരൻ എന്ന് വിദ്യാധരൻ വ്യംഗിമായി പറയുന്നു.  അപ്പോൾ നമ്മളുടെ ചിന്തകളെ ശരിയാക്കിയെങ്കിൽ മാത്രമേ പഞ്ചേന്ദ്രിയത്തെ മനുഷ്യരാശിയുടെ നന്മക്കായി ഉപയോഗിക്കാൻ പറ്റുകയുള്ളു. ചിന്തയിലാകട്ടെ നാം തേടി അലയുന്ന ദൈവത്തെയും ഓടിക്കാൻ ശ്രമിക്കുന്ന ചെകുത്താനെയും കണ്ടെത്താം. ഉപകരണങ്ങൾ ശരിക്ക് ഉപയോഗിച്ചില്ലെങ്കിൽ സ്വാമിക്ക് സംഭവിച്ചത് സംഭവിക്കും. കണ്ണ് കുത്തിപ്പൊട്ടിക്കും, മൂക്കിന്റെ പാലം അടിച്ചു തെറുപ്പിക്കും, കണക്കുറ്റിയ്ക്കടി കിട്ടും തൊലി മാന്തികീറും, നാക്ക് അറുത്തുമാറ്റും. അവസാനം അക്ഷര സ്‌പു''ഷ്ത'യില്ലാതെ സംസാരിക്കേണ്ടതായി വരും. അതുകൊണ്ടു ചിന്തകളെ നിയന്ത്രിക്കുക. ദൈവത്തിന്റെയും ചെകുത്താനെയും വെറുതെ വിടുക. 'മതം മനുഷ്യേനെ മയക്കുന്ന കറുപ്പാണ്'


വിദ്യാധരൻ 2017-05-24 03:55:55
കണ്ണുകൾ രണ്ടുണ്ടെന്നാകിലും മർത്യർ 
അന്ധരെപ്പോലെ തപ്പിടുന്നു 
അപസ്വരങ്ങൾ കേട്ടു കേട്ടെന്നുടെ 
കാതുകൾ രണ്ടും തുളഞ്ഞുപോയി 
ദുർഗന്ധം വന്നെന്റെ മൂക്കിലടിച്ചിട്ടു 
മൂക്കിന്റെ പാലം പൊളിഞ്ഞുപോയി
നാക്കിന്റെ തുമ്പിന്ന് വീഴുന്ന വാക്കിനാൽ 
നാടാകെ അഗ്നി പടർന്നിടുന്നു 
സന്യസിമാരുടെ പോക്കുകൾ കണ്ടിട്ട് 
തൊലിയെന്റെ നന്നാ ചുളിഞ്ഞിടുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക