Image

ഡോ. മേരി കണ്ണങ്കേരില്‍, ജോഫ്രിന്‍ ജോസ്, ഷിനു ജോസഫ് റിപ്പബ്ലിക്കന്‍ കമ്മിറ്റി അവാര്‍ഡ് നേടി

Published on 26 May, 2017
ഡോ. മേരി കണ്ണങ്കേരില്‍, ജോഫ്രിന്‍ ജോസ്, ഷിനു ജോസഫ് റിപ്പബ്ലിക്കന്‍ കമ്മിറ്റി അവാര്‍ഡ് നേടി
വൈറ്റ് പ്ലെയന്‍സ്, ന്യൂയോര്‍ക്ക്: ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് മന്ത് ആഘോഷത്തില്‍ മൂന്നു മലയാളികളെ ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി (എ.എ.ആര്‍.സി) അവാര്‍ഡ് നല്‍കി ആദരിച്ചു.

വെസ്റ്റ് ചെസ്റ്ററിലേയും ന്യൂയോര്‍ക്ക് സ്റ്റേറ്റിലേയും തെരഞ്ഞെടുക്കപ്പെട്ട നേതൃനിര അണിനിരന്ന പ്രൗഡഗംഭീര സദസ്സില്‍ എ.എ.ആര്‍.സി പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ഡോ. മേരി കണ്ണങ്കേരില്‍, എന്റര്‍പ്രണര്‍ ഓഫ് തി ഇയര്‍ ആയി ജോഫ്രിന്‍ ജോസ്, ഷിനു ജോസഫ് എന്നിവര്‍ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് റോബ് അസ്റ്റോറിനോയില്‍ നിന്ന് അവാര്‍ഡുകള്‍ സ്വീകരിച്ചു.

നിര്‍ണ്ണായക ഘട്ടത്തില്‍ ഏഷ്യന്‍ സമൂഹത്തിന്റെ പിന്തുണ സുപ്രധാനമാണെന്നു കൗണ്ടി എക്‌സിക്യൂട്ടീവ് അസ്റ്റോറിനോ ചൂണ്ടിക്കാട്ടി. വെസ്റ്റ് ചെസ്റ്ററില്‍ ഏഷ്യന്‍ സമൂഹത്തിന്റെ വളര്‍ച്ച പോലെ അവരുടെ സംഭാവനകളും വിലമതിക്കപ്പെടുന്നു. അവാര്‍ഡ് ജേതാക്കളുടെ സേവനങ്ങളും അദ്ദേഹം അനുസ്മരിച്ചു.

മൂന്നു പതിറ്റാണ്ട് മുമ്പ് എ.എ.ആര്‍.സി സ്ഥാപിച്ച ഡോ. പ്രസില്ല പരമേശ്വരന്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഹാരി സിംഗ് എം.സിയായിരുന്നു. പ്രമുഖ നേതാക്കള്‍ ജേതാക്കളെ ആദരിക്കുകയും അഭിനന്ദിക്കുകയും,തങ്ങള്‍ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെ അവാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്തു.

തോമസ് കോശി, വെണ്‍ പരമേശ്വരന്‍, ജോണ്‍ ഐസക്ക്, ഷോബി ഐസക്ക് തുടങ്ങി ഒട്ടേറേ മലയാളികള്‍ പങ്കെടുത്തു

അവാര്‍ഡിന് നന്ദി പറഞ്ഞ ഡോ. മേരി കണ്ണങ്കേരില്‍ സൈക്യാട്രിസ്റ്റ് എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നടത്തിയ ശ്രമങ്ങളും കരുണാ ചാരിറ്റീസിലൂടെ നടത്തുന്ന സേവനങ്ങളും അനുസ്മരിച്ചു.

ന്യൂജേഴ്‌സിയിലെ സ്‌കൂളുകളില്‍ ഓരോ ആഴ്ചയിലും കീടനാശിനി സ്‌പ്രേ ചെയ്യുന്നത് തന്റെ ശ്രമഫലമായിഉപേക്ഷിച്ചത് അവര്‍ അനുസ്മരിച്ചു. കുട്ടികള്‍ ഇരിക്കുമ്പോള്‍ പോലും അപകടകരമായ വസ്തു സ്‌പ്രേ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട താന്‍ അധികൃതരെ സമീപിച്ചു. കീടങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കീടനാശിനി സ്‌പ്രേ ചെയ്യേണ്ടതില്ലെന്നും സ്‌പ്രേയിലെ ചില ഘടകങ്ങള്‍ വലിയ ദോഷങ്ങള്‍ വരുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി. പക്ഷെ ഏറെ നാളത്തേക്ക് അധികൃതര്‍ വഴങ്ങിയില്ല. ഒടുവില്‍ ജനങ്ങളെ ഇതിനെതിരേ ബോധവത്കരിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയതോടെ അധികൃതര്‍ ഈ പരിപാടി പാടേ ഉപേക്ഷിച്ചു.

എയര്‍ ഇന്ത്യയിലും ഇതേ രീതി ഉണ്ടായിരുന്നു. ഇവിടെ വരുന്ന മന്ത്രിമാരടക്കമുള്ളവരെ താന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചു. എന്തായാലും ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം താന്‍ യാത്ര ചെയ്യുമ്പോള്‍ സ്‌പ്രേ ചെയ്യുന്നത് നിര്‍ത്തിയതായി കണ്ടു.

സൈക്യാട്രിസ്റ്റിന്റെ ജോലി മാനസീക രോഗമുള്ളവരെ ചികിത്സിക്കുക എന്നതാണെന്ന ധാരണയാണുള്ളത്. എന്നാല്‍ മനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ മാനസീക ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നു 1974ല്‍ മെഡിക്കല്‍ ബിരുദമെടുത്ത ഡോ. മേരി 1976ല്‍ കാനഡയിലെ ടൊറന്റോയില്‍ എത്തി. അവിടെ ക്ലാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്രാട്രിയില്‍ റെസിഡന്‍സി പൂര്‍ത്തിയാക്കിയ അവര്‍ ടൊറന്റോയില്‍ ലേക്ക് ലേക്ക് സൈഡ് സൈക്രാട്രിക് ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ചു.

1981ല്‍ ന്യൂജേഴ്‌സിയിലെത്തിയ അവര്‍ കോളജ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രി, ഓറഞ്ച് വി.എ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നു പോസ്റ്റ് ഗ്രാജ്വേറ്റ് പരിശീലനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ന്യൂയോര്‍ക്ക് ബത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്റര്‍ മുതല്‍ വിവിധ ഹോസ്പിറ്റലുകളില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. 1992ല്‍ പസയ്ക് സെന്റ് മേരീസ് ഹോസ്പിറ്റലിലെ സൈക്യാട്രി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനായി. മെഡിക്കല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

രണ്ടു പതിറ്റാണ്ടായി മോണ്ട് വെയിലില്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നു. മരുന്നുകള്‍ കുറച്ച് സൈക്കോ തെറാപ്പി വഴി രോഗത്തിന്റെ മൂലകാരണം ഇല്ലാതാക്കുന്ന ചികിത്സയാണ് ഇവരുടേത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി അമേരിക്കയിലെ 'ടോപ്പ് സൈക്യാട്രിസ്റ്റ്' ബഹുമതി അവരെ തേടിയെത്തി.

കരുണാ ചാരിറ്റീസിന്റെ സ്ഥാപകയായ ലേഖ ശ്രീനിവാസന്‍ മടങ്ങിയപ്പോള്‍ ഡോ. മേരി രണ്ടു വട്ടം സംഘടനയുടെ പ്രസിഡന്റായി.

ന്യൂജേഴ്‌സിയിലെ നോര്‍ത്ത് കാള്‍ഡ് വെല്ലില്‍ ഭാര്‍ത്താവ് ചാര്‍ലിക്കൊപ്പം താമസിക്കുന്ന അവര്‍ക്ക് രണ്ട് മക്കളുണ്ട്. ഡോ. ചാര്‍ലിന്‍ വോസ്, ഡോ. ക്രിസ്റ്റല്‍ ലാക്കി എന്നിവര്‍. രണ്ടു കൊച്ചുമക്കളുമുണ്ട് ലൂക്ക്, ലെന.

ഫോമ നേതാവും വിജയകരമായ ബിസിനസുകളുടെ ഉടമയുമായ ജോഫ്രിന്‍ ജോസ് തന്റെ നേട്ടങ്ങള്‍ക്ക് ഭാര്യ നിഷയേയും ഉന്നത വിദ്യാഭ്യാസം നേടാന്‍ പ്രോത്സാഹനം നല്‍കിയ മാതാപിതാക്കളേയും അനുസ്മരിച്ചു.

മൂവാറ്റുപുഴ ആയവന സ്വദേശിയായ ജോഫ്രിന്‍ പഠനകാലത്ത് മികച്ച പ്രഭാഷകനായിരുന്നു. പല സമ്മാനങ്ങളും നേടി. മാത്തമാറ്റിക്‌സില്‍ ബിരുദം നേടിയ ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാമന്‍ കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്നു മാസ്റ്റേഴ്‌സ് ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് (1998) നേടി. ഏതാനും നാള്‍ ഐ.എസ്.ആര്‍.ഒയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നു ബോംബെയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറും, മൂന്നാര്‍ ഗവണ്‍മന്റ് കോലജില്‍ അസോസിയേറ്റ് പ്രൊഫസറുമായി.

2001-ല്‍ അമേര്‍ക്കയിലെത്തി. കമ്പുട്ടര്‍ പ്രോഗ്രാമറായി തുടക്കം. വെകാതെ ബാല്യകാല സുഹ്രുത്ത് ഷിനു ജോസഫുമൊത്ത് ബിസിനസ് രംഗത്തു പ്രവേശിച്ചു. ഇപ്പോല്‍ എം.ബി.എ. വിദ്യാര്‍ഥി.
ഫോമയില്‍ ജോ. ട്രഷററായിരുന്നു. ന്യു യോര്‍ക് സ്റ്റോണി പോയിന്റില്‍ താമസിക്കുന്ന ജോഫ്രിന്‍-നിഷ ദമ്പതികള്‍ക്ക് രണ്ട് പുത്രന്മാര്‍-ഡൊണള്‍ഡ്, ജെറിന്‍.

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റും ഫോമാ പ്രവര്‍ത്തകനുമായ ഷിനു ജോസഫ് മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും മഹാരാഷ്ട്രയിലെ ശിവാജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനും നേടി. പഠന കാലത്ത് വിദ്യാര്‍ഥി നേതാവായിരുന്നു.

2002ല്‍ അമേരിക്കയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായി പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ബാല്യകാല സുഹൃത്തു ജോഫ്രിനിുമായി ചേര്‍ന്ന് ബിസിനസിലേക്ക് തിരിഞ്ഞു.

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഷിനു ജോസഫ് വൈസ് മെന്‍ ക്ലബ്, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്റര്‍ എന്നിവയിലും പ്രവര്‍ത്തിക്കുന്നു.

ഭാര്യ: ഡോണ. മക്കള്‍: ഷെല്‍ഡണ്‍, റെയ്ഹാന്‍, ആഷ്ടണ്‍. 
ഡോ. മേരി കണ്ണങ്കേരില്‍, ജോഫ്രിന്‍ ജോസ്, ഷിനു ജോസഫ് റിപ്പബ്ലിക്കന്‍ കമ്മിറ്റി അവാര്‍ഡ് നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക