Image

നിയമം: മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ? (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 29 May, 2017
നിയമം: മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ? (മീട്ടു റഹ്മത്ത് കലാം)
ഗോവധനിരോധനം എന്ന് കേട്ടപ്പോള്‍ തന്നെ കയറെടുത്ത കേരളം പോലൊരു സംസ്ഥാനത്ത് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് രാജ്യവ്യാപകമായി നിര്‍ത്തലാക്കിയ ഉത്തരവ് വന്‍ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കാള, പോത്ത്, പശു, ഒട്ടകം എന്നിവ നിരോധന പരിധിയില്‍ വരുമെങ്കിലും മലയാളിയുടെ വികാരത്തെ ഇളക്കിമറിച്ചത് 'ബീഫ്' എന്ന പദത്തിനുമേലുള്ള വിലക്കാണ്. ഒരിക്കല്‍ രുചിയറിഞ്ഞ് ഭക്ഷണശീലത്തിന്റെ ഭാഗമായ ഒന്നിനെ പറിച്ചെറിയാന്‍ കഴിയാത്തതുകൊണ്ട് മാത്രമല്ല അത്. ജനാധിപത്യ ബോധം അല്പം  കൂടുതല്‍ ഉള്ള കേരളീയര്‍ക്ക് താന്‍ എന്ത് കഴിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ പ്രതിഷേധിക്കാനായി അറിയാതെ രക്തം തിളയ്ക്കും. അവിടെ മതവികാരത്തെ വ്രണപ്പെടുത്തലോ ഒന്നും പറഞ്ഞ് തമ്മില്‍ തല്ലാന്‍ സ്‌കോപ്പ് തീരെയില്ല. കാരണം, ഈ കാര്യത്തില്‍ ഞങ്ങള്‍ക്ക് മതവും രാഷ്ട്രീയവുമില്ല.

മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയാനുള്ള 1960 ലെ നിയമത്തിന്റെ 38-ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഭേദഗതി വരുത്തിയതെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. അന്‍പത്തിയേഴ് വര്‍ഷക്കാലത്ത് പല സര്‍ക്കാരുകള്‍ മാറിവന്നിട്ടും പരിസ്ഥിതിയെ 'രക്ഷിക്കാന്‍' ഇങ്ങനൊരു ചട്ടം കൊണ്ടു വരാതിരുന്നതെന്തുകൊണ്ടാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. മത്സ്യങ്ങള്‍ക്കും കോഴികള്‍ക്കും ആടുകള്‍ക്കും പന്നികള്‍ക്കും ഒന്നും സാധിക്കാത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് കഴിവുള്ളവരായിരിക്കും. പട്ടികയില്‍ ഇടം നേടിയ കന്നുകാലികള്‍ തെരുവുനായ്ക്കള്‍ മനുഷ്യരെയും പരിസ്ഥിതിയെയും ഒരുപോലെ ഉപദ്രവിക്കുമ്പോഴും മനേകാഗാന്ധിയെ പോലുള്ള മൃഗസ്‌നേഹികള്‍ അവരെ കൊല്ലാന്‍ അനുവദിക്കാത്തതും വന്ധീകരണം നടത്തി പ്രത്യേകം പാര്‍പ്പിടം നല്‍കി സംരക്ഷിക്കണം എന്നും ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രായാധിക്യം ബാധിച്ച കന്നുകാലികളും  കൂടി ആ കൂട്ടത്തില്‍ ജീവിച്ചുകൊള്ളുമെന്ന ദീര്‍ഘവീക്ഷണമാകാം കേന്ദ്രത്തിനുള്ളത്.

കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കന്നുകാലികളെ വില്‍ക്കാന്‍ അനുമതി ഉള്ളത് സ്വാഗതാര്‍ഹമാണ്. ചന്തയില്‍ കൊണ്ടുവരുന്ന കാലികള്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുമെന്ന ഉറപ്പ് ഉത്തരവില്‍ കാണുന്നുണ്ടെങ്കിലും പൊരിവെയിലത്ത് പണിയെടുപ്പിക്കുന്നതിനു പകരം ശീതീകരിച്ച മുറികള്‍ നല്‍കുമെന്ന ധാരണ നല്‍കിയിട്ടില്ല. 'മാടിനെപ്പോലെ പണിയെടുപ്പിക്കും' എന്നൊരു പ്രയോഗം തന്നെ നിലനില്‍ക്കുമ്പോള്‍ രാജ്യത്തിന്റെ കാലി സമ്പത്ത് സംരക്ഷിക്കാന്‍ വേണ്ടിയുള്ള നീക്കമായോ അവയോടുള്ള സഹാനുഭൂതികൊണ്ടോ ആണെന്ന് ഇതിനെ കരുതാന്‍ വയ്യ. അല്ലെങ്കില്‍ തന്നെ വംശനാശം നേരിടുന്ന ജീവികളല്ല അവയെന്ന് ഓര്‍ക്കണം.

നിലവിലെ നിരോധനം കശാപ്പുശാലകളെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളെ മാത്രമല്ല ബാധിക്കുന്നത്. കയറ്റുമതി മേഖലയിലും തുകല്‍ വ്യവസായത്തിലും ഹോട്ടലുകളിലും ടൂറിസം മേഖലയിലും ഒക്കെ പ്രവര്‍ത്തിക്കുന്ന ലക്ഷോപലക്ഷം ആളുകളെ ഈ തീരുമാനം പ്രതിസന്ധിയില്‍ താഴ്ത്തും.

രോഗബാധിതരായ കന്നുകാലികളെ കശാപ്പ് ചെയ്യുകയും അത് ഭക്ഷിക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്ത് രോഗങ്ങളും രോഗികളും പെരുകുന്നതിന് പ്രധാന കാരണമാണെന്നും അതിനെ തുടച്ചുനീക്കാന്‍ ഈ ചട്ടഭേദഗതിയിലൂടെ സാധിക്കുമെന്നും ചിലര്‍ വാദിക്കുന്നുണ്ട്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് പ്രധാന കാരണം പുകവലിയും ശീതളപാനീയങ്ങള്‍ക്ക് വിഷം തളിച്ച പച്ചക്കറികളുമാണെന്ന് കണ്ടെത്തിയിട്ടും അതിന് നേരെ വിലക്കുകള്‍ ഉണ്ടാകാത്തത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പുകയില ഉല്‍പ്പന്നങ്ങളില്‍ തന്നെ അത് അപകടകാരിയാണെന്നും ഉണ്ടാകുന്ന രോഗത്തിന്റെ പേടിപ്പെടുത്തുന്ന മുഖങ്ങളും കൊടുത്തിട്ടുണ്ട്. ജൈവ പച്ചക്കറി എന്നൊരു പേരിട്ട് വിപണി നടക്കുമ്പോള്‍ അതിനെക്കാള്‍ വിലക്കുറവില്‍ സാധാരണക്കാര്‍ മറ്റു പച്ചക്കറി വാങ്ങുന്നത് അതില്‍ വിഷമുണ്ടെന്ന അറിവോടെ തന്നെയാണ്. ഹോട്ടലുകളിലും  ബേക്കറികളിലും നിന്ന് ശുചിത്വം ഉറപ്പാക്കാത്തതും പഴകിയതും നിലവാരം കുറഞ്ഞതുമായ ഭക്ഷണം പിടിക്കുമ്പോഴും അവയുടെ ലൈസെന്‍സ് റദ്ദാക്കപ്പെടുന്നില്ല. മനുഷ്യന്റെ ആരോഗ്യവും പരിസ്ഥിതിയുടെ സംരക്ഷണവും ആണ് യഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ ഒന്ന്. നേരം ഇരുട്ടി വെളുക്കുമ്പോള്‍ നിരോധിക്കേണ്ടത് ഇത്തരം കാര്യങ്ങളാണ് വോട്ട് എന്ന പേരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനും സത്യപ്രതിജ്ഞയില്‍ ഉരുവിട്ട വാചകത്തിനോടുള്ള കൂറായും അങ്ങനെ ഒരു മാറ്റം ഭരണാധികാരികള്‍ കൊണ്ടുവന്നിരുന്നെങ്കില്‍ പ്രതിഷേധത്തിന്റെ ഇപ്പോള്‍  ഉയരുന്ന സ്വരത്തെക്കാള്‍ ശക്തമായി ഭരണത്തെ വാഴ്ത്തിപ്പാടുമായിരുന്നു. മനുഷ്യനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണത്തിനായി നമുക്ക് കാത്തിരിക്കാം.

Join WhatsApp News
Tom Abraham 2017-05-29 06:15:14
Beginning of Modi s end as PM , is what India Witnessing. Secular democracy will prevail. Even, judiciary might intervene. Economic crisis is ahead. Cry, my Beloved Country.
manushya sthree 2017-05-29 06:47:30
കലാം പറഞ്ഞത് ശരിയാണ്.  മാടിനു വേണ്ടി തിടുക്കപ്പെട്ടു നിയമം പക്ഷെ മനുഷ്യന് വേണ്ടി ഇല്ല. സഹോദരി ഒന്ന് കൂടെ ആലോചിച്ചു നോക്കൂ. മാടിനെക്കാളും വിലയില്ലാത്ത വസ്തുവാണ് മനുഷ്യ സ്ത്രീ ഇന്ത്യയിൽ.  കെട്ടിയവൻ മൂന്നു പ്രാവശ്യം ഏതാണ്ട് ഉരുവിട്ടാൽ ഭാര്യ തെരുവിൽ.  അത് നിർത്തലാക്കാൻ ഒരു നിയമം കൊണ്ടുവരുന്നുണ്ടല്ലോ?  കലാം സഹോദരി ആ കാര്യത്തെപ്പറ്റി അഭിപ്രായം എഴുതി കണ്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക