Image

ആരായിരിക്കും റയിസിന ഹില്ലില്‍ അന്തേവാസിയാകുന്ന ഇന്‍ഡ്യയുടെ അടുത്ത പ്രഥമ പൗരന്‍? (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 30 May, 2017
 ആരായിരിക്കും റയിസിന ഹില്ലില്‍ അന്തേവാസിയാകുന്ന ഇന്‍ഡ്യയുടെ അടുത്ത പ്രഥമ പൗരന്‍? (ഡല്‍ഹികത്ത് : പി.വി.തോമസ്)
ജൂലൈ 25-ാം തീയതി റയിസിന ഹില്ലിലെ രാഷ്ട്രപതി ഭവനില്‍ ഒരു പുതിയ അന്തേവാസി ഇന്‍ഡ്യയുടെ അടുത്ത പ്രഥമ പൗരനായി പ്രവേശിക്കും. രാഷ്ട്പതി പ്രണബ് മുഖര്‍ജിയുടെ അഞ്ച് വര്‍ഷ കാലാവധി അതോടെ അവസാനിക്കുകകയാണ്. അദ്ദേഹത്തിന് രണ്ടാമത് ഒരു ടേമിന് യാതൊരു സാദ്ധ്യതയും ഇല്ല. കാരണം ബി.ജെ.പി.ക്ക് അതിന്റേതായ വഴികളും ഉദ്ദേശവും താല്പര്യവും അതിന് അനുസരിച്ചുള്ള സംഘപരിവാര്‍ സ്ഥാനാര്‍ത്ഥിയും ഉണ്ട്. ഇതൊക്കെ കാലേകൂട്ടി മനസിലാക്കികൊണ്ട് തന്നെ മുഖര്‍ജി ആറ് മാസം മുമ്പെ അര്‍ബ്ബന്‍ ഡവലപ്‌മെന്റ് മന്ത്രാലയത്തോട് തനിക്ക് കാലാവധി തീരുമ്പോള്‍ താമസിക്കുവാനുള്ള ഒരു വസതി നോക്കിവയ്ക്കുവാന്‍ പറഞ്ഞിരുന്നു. അതനുസരിച്ച് മന്ത്രാലയം ലുട്ടന്റെ ദല്‍ഹിയില്‍ ഭംഗിയായ ഒരു ബംഗ്ലാവ് കണ്ട് വയ്ക്കുകയും ചെയ്തു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖര്‍ജിയ്ക്ക് ഒരു രണ്ടാം ഊഴം നല്‍കണം എന്ന് നിര്‍ദ്ദേശിക്കുകയുണ്ടായെങ്കിലും അതിന് വലിയ പിന്തുണയൊന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും  ലഭിച്ചില്ല. മുഖര്‍ജി തന്നെ പറയുകയുണ്ടായി യാതൊരുവിധ എതിരാളിയും ഇല്ലാത്ത ഒരു രാഷ്ട്രീയസ്ഥാനാര്‍ത്ഥി ആണെങ്കില്‍ മാത്രമെ അദ്ദേഹം രണ്ടാമത് ഒരു മത്സരത്തിന് തയ്യാറാവുകയുള്ളൂ എന്ന്. ബി.ജെ.പി.ക്കും മുഖര്‍ജിയില്‍ വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. ഏതായാലും ആ അദ്ധ്യായം അവസാനിച്ചു. അദ്ദേഹം അത് മെയ് 25-ാം തീയതി രാഷ്ട്രപതി ഭവനില്‍ നടന്ന ഒരു ചടങ്ങില്‍ ഒരിക്കല്‍ കൂടെ വ്യക്തമാക്കുകയും ചെയ്തു. എനിക്ക് കൃത്യമായിട്ടും രണ്ട് മാസം കൂടെ മാത്രമെ ഉള്ളൂ വിരമിക്കുവാന്‍. ജൂലൈ 25 ന് ഒരു പുതിയ രാഷ്ട്രപതി അധികാരം ഏറ്റെടുക്കും. ഞാന്‍ എന്റെ കൂടെ ജോലി ചെയ്ത ഉദ്യോഗസ്ഥന്മാരെ അവരുടെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയയ്ക്കുകയാണ്. മലയാളിയായ വേണു രാജാമണി എന്ന ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ വിടവാങ്ങല്‍ ചായസല്‍ക്കാരത്തില്‍ സംസാരിക്കുകയായിരുന്നു മുഖര്‍ജി. വേണുരാജാമണി മുഖര്‍ജിയുടെ പ്രസ് സെക്രട്ടറി ആയിരുന്നു. അപ്പോള്‍ ആ അദ്ധ്യായം കഴിഞ്ഞു.

ഇനിയുള്ള ചോദ്യം ആരായിരിക്കും റയസിന മലയിലെ പ്രൗഢ ഗംഭീരമായ ആ രാഷ്ട്രപതി ഭവനില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് (2022 വരെ) താവളം അടിക്കുക എന്നതാണ്.

 ബി.ജെ.പി.ക്ക് അതിന്റേതായ സ്ഥാനാര്‍ത്ഥി ഉണ്ട്. പ്രതിപക്ഷം ഒരു പൊതുസ്ഥാനാര്‍ത്ഥിയെ കണ്ടെത്തണം എന്നും അങ്ങനെ മത്സരം ഒഴിവാക്കണം എന്നും നിര്‍ദ്ദേശിച്ചെങ്കിലും ബി.ജെ.പി. അതിന് തയ്യാര്‍ അല്ല. അതുകൊണ്ട് മത്സരം അനിവാര്യം ആണ്. ബി.ജെ.പി.ക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ട്. പക്ഷേ, തനതായ ഭൂരിപക്ഷം ഒട്ട് ഇല്ല താനും. ബി.ജെ.പി.ക്ക് ഉള്ളിലും പ്രതിപക്ഷത്തിനിടയിലും ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനുള്ള ഒരു വെല്ലുവിളിയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജയിക്കുക എന്നതല്ല ഇത്. മറിച്ച് 2019 ലെ ലോക സഭ തെരഞ്ഞെടുപ്പിന് മുമ്പ് എത്രമാത്രം ഒരു പ്രതിപക്ഷ മഹാസഖ്യത്തിന് പ്രതിപക്ഷത്തിന് സാധിക്കും എന്നതാണഅ ഈ തെരഞ്ഞെടുപ്പിന്റെ ഉരകല്ല്. കാരണം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് പ്രതിപക്ഷത്തിന് അപ്രാപ്യം ആണ് ഇപ്പോഴത്തെ സാഹചര്യത്തില്‍.

ലോകസഭയിലെയും രാജ്യസഭയിലെയും സംസ്ഥാന നിയമ സഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് സമതിയില്‍ 10, 98, 882 സമ്മതിദായകര്‍ ആണ് ഉള്ളത്. ഇതില്‍ ബി.ജെ.പി.ക്ക്(എന്‍.ഡി.എ.) ഇപ്പോള്‍ 18,000 വോട്ടുകളുടെ കുറവെ ഉള്ളൂ. ഇത് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗം, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എന്നിവയോടെ പിന്തുണയോടെ മറികടക്കാവുന്നതേയുള്ളൂ.

എന്‍.ഡി.എ.ക്ക് 5, 96, 838 വോട്ടുകള്‍ നേടി അണ്ണാ ഡി.എം.കെ.യുടെ സഹായത്തോടെ വിജയിക്കുവാന്‍ വിഷമം ഇല്ല. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം ജയിക്കുവാന്‍ ശിവസേനയുടെയും, അണ്ണ ഡി.എം.കെ.യുടെയും ബിജു ജനതദളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെയും പിന്തുണ ആവശ്യം ആണ്. അപ്പോള്‍ 5, 49, 814 വോട്ടുകള്‍ ലഭിക്കും. പക്ഷേ, പല സഖ്യകക്ഷികളും പ്രതീക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയില്ല.

അപ്പോള്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ വിജയം ഏറെക്കുറെ ഉറപ്പാണ്. ആരായിരിക്കും ഈ സ്ഥാനാര്‍ത്ഥി എന്നതാണ് ഇപ്പോഴത്തെ വലിയ ചോദ്യം. പല പേരുകളും കേള്‍ക്കുന്നുണ്ട്. നടന്‍ അമിതാബച്ചന്റെ പേര് വളരെ നേരത്തെ കേട്ടിരുന്നു. അദ്ദേഹം ഗുജറാത്തിന്റെ ടൂറിസം അംബാസിഡറും മോഡിയുടെ ഉറ്റ സുഹൃത്തും ആണ്. പക്ഷേ, ഇപ്പോള്‍ സഹ്യന്റെ പേര് രാഷ്ട്പതി സ്ഥാനത്തേക്ക് പരാമര്‍ശിക്കപ്പെടുന്നില്ല. അദ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും പേരുകളുടെയും ഇടക്കാലത്ത് കേട്ടിരുന്നു. പക്ഷേ, ഇരുവരും ഇപ്പോള്‍ ബാബറി മസ്ജിദ് ഭേദനകേസില്‍ ഗൂഢാലോചനകേസില്‍ വിചാരണ നേരിടുകയാണ്. അദ്വാനിയെ മോഡി ലോകസഭ സ്പീക്കര്‍ സ്ഥാനത്തേക്ക് പോലും പരിഗണിക്കുകയുണ്ടായില്ല. അപ്പോള്‍ ഈ രണ്ട് പേരും വെട്ടപ്പെട്ടതായി പരിഗണിക്കാം. ബാബരി മസ്ജിദ് കേസില്‍ പ്രതി ആയിരിക്കവെ ആണ് അദ്വാനി വാജ്‌പോയ് ഗവണ്‍മെന്റില്‍ ഉപപ്രധാനമന്ത്രി ആയതെന്നും ഉള്ള വസ്തുത മറക്കേണ്ട. രാഷ്ട്രീയ സ്വയം സേവക് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് കേട്ടെങ്കിലും അദ്ദേഹം സ്വയം ഒഴിഞ്ഞുമാറി. ഇനി ഒരു മനം മാറ്റം ഉണ്ടാകുമോ എന്ന് അറിയില്ല. യോഗി ആദിത്യനാഥിനെപ്പോലെ ഒരു വിസ്മയ സ്ഥാനാര്‍ത്ഥി ആയി ഭാഗവത് വന്ന് കൂടെന്നില്ല. ലോകസഭ അദ്ധ്യക്ഷന്‍ സുമിത്ര മഹാജന്റെയും, വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന്റെയും പേരുകള്‍ ശക്തമായി പൊന്തി വന്നിട്ടുണ്ട്. സാദ്ധ്യത ഇല്ലായ്കയില്ല. ഝാര്‍ഖണ്ഡ് ഗവര്‍ണ്ണര്‍ ദ്രൗപതി മുര്‍മു ആദ്യട്രൈബല്‍ രാഷ്ട്രപതി ആവുകയില്ല. ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ രാംനായിക്കിന്റെ പേരും പരാമര്‍ശിക്കപ്പെടുന്നുണ്ട്. യോഗി ആദിത്യനാഥ് പോലുള്ള ഒരു വിസ്മകഥാപാത്രം ആര്‍.എസ്.എസ്- സംഘപരിവാര്‍ പാളയത്തില്‍ നിന്നും വരാവുന്നതാണ്.

പ്രതിപക്ഷസ്ഥാനത്ത് നിന്നും കേള്‍ക്കുന്ന പേരുകളില്‍ ചിലതാണ് ശരദ്പവാര്‍, ഗോപാല്‍ ഗാന്ധി, മീരാകുമാര്‍ തുടങ്ങിയവ. ശരദ് പവാര്‍ പലകുറി ഒഴിവു പറഞ്ഞു. ഗോപാല്‍ ഗാന്ധി തോല്‍ക്കുവാനുള്ള ഒരു തെരഞ്ഞെടുപ്പില്‍ ഇരയാകുമോ? മീരാ കുമാറും ഇതുപോലെ തന്നെ മുന്നോട്ട് വരുമോ? പ്രതിപക്ഷം ഈ തെരഞ്ഞെടുപ്പ് രണ്ട് സിദ്ധാന്തങ്ങള്‍ തമ്മിലുള്ള പോരാട്ടം ആക്കി മാറ്റുവാന്‍ ആണ് ശ്രമിക്കുന്നത്. അതായത് മതനിരപേക്ഷതയും സഹിഷ്ണുതയും ഒരു വശത്തും മതഫാസിസവും അസഹിഷ്ണുതയും മറുവശത്തും. തോറ്റാലും ഒരു സന്ദേശം നല്‍കുവാന്‍ ആണ് കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന്റെ പദ്ധതി. 17 പാര്‍ട്ടികള്‍ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്നെങ്കിലും ഒരു തീരുമാനവും ഉണ്ടായില്ല. രാഷ്ട്രപതി സ്ഥാനാര്‍്തഥിയുടെ കാര്യത്തിലും മഹാസഖ്യത്തിന്റെ കാര്യത്തിലും. പക്ഷേ, സമാജ് വാദി  പാര്‍ട്ടിയെയും ബഹുജന്‍ സമാജ് പാര്‍ട്ടിയെയും സി.പി.എം.നെയും ത്രിണമൂല്‍ കോണ്‍ഗ്രസിനെയും ഒരു വേദിയില്‍ കൊണ്ടുവരുവാന്‍ സാധിച്ചു എന്നത് സോണിയ ഗാന്ധിയുടെ ഒരു വിജയം ആയിരുന്നു. പക്ഷേ, ഇനി എന്ത് എന്ന ചോദ്യം നിലനില്‍ക്കുന്നു. നിതീഷ് കുമാര്‍ സോണിയയുടെ ലഞ്ച് മീറ്റിംങ്ങില്‍ പങ്കെടുക്കാതെ ശരദ് യാദവിനെ അയച്ചതും പിറ്റെ ദിവസം മോഡിയുമായി മൗറീഷ്യന്‍ പ്രധാനമന്ത്രിക്ക് ഒപ്പം ലഞ്ച് കഴിച്ചതും രാഷ്ട്രീയ വിവാദം ആയിട്ടുണ്ട്. നിതീഷ് മറു കണ്ടം ചാടുമോ?
രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊപ്പം തന്നെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഉണ്ട് ജൂലൈയില്‍. ആരായിരിക്കും അടുത്ത ഉപരാഷ്ട്രപതി? അതും ബി.ജെ.പി.- എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ആക്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് സാധാരണ ഗതിയില്‍ ഒരു ശാന്തമായ പ്രക്രിയ ആണ് 1969 ലേത് ഒഴിച്ചാല്‍. രാഷ്ട്രപതി ഭരണഘടന പ്രകാരം ഒരു ഫിഗര്‍ഹെഡ് മാത്രം ആണെങ്കിലും പ്രതിസന്ധിഘട്ടങ്ങളില്‍ ഒരു നിര്‍ണ്ണായക ശക്തി ആണ്. 1952-ല്‍ ആദ്യത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. രാജേന്ദ്രപ്രസാദ് ആണ് വിജയിച്ചത്. പരാജയപ്പെടുത്തിയത് കെ.റ്റി.ഷായെ. 1957-ല്‍ രാജേന്ദ്രപ്രസാദ് തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പരാജയപ്പെടുത്തയത് ചൗധരി ഹരിറാമിനെ. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വ്യക്തി രാഷ്ട്രപതിയായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടത്. 1962-ല്‍ ഡോ.സര്‍വ്വെ പള്ളി രാധാകൃഷ്ണന്‍ രാഷ്ട്രപതി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം ആദ്യത്തെ തെക്കെ ഇന്‍ഡ്യന്‍ രാഷ്ട്രപതി ആയി. മാത്രവുമല്ല രാഷ്ട്രപതി ആകുന്ന ആദ്യത്തെ ഉപരാഷ്ട്രപതി എന്ന പേരും അദ്ദേഹത്തിനു ലഭിച്ചു. 1967- ല്‍ സക്കീര്‍ ഹുസൈന്‍ രാഷ്ട്രപതി ആകുമ്പോള്‍ അദ്ദേഹം സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ മരിക്കുന്ന രാഷ്ട്രപതി എന്ന പേരിനും ഏറ്റവും ചുരുങ്ങിയ കാലം രാഷ്ട്രപതി ആയി ഇരുന്ന വ്യക്തി എന്ന പേരിനും അര്‍ഹനായി. 1969-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആയിരുന്നു ഏറ്റവും വാശിയേറിയത്. കോണ്‍ഗ്രസിന്റെ ഔദ്യോഗികസ്ഥാനാര്‍ത്ഥിയായ നീലം സജ്ജീവ് റെഡിയെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആയ വി.വി. ഗിരി പരാജയപ്പെടുത്തി. ഈ തെരഞ്ഞെടുപ്പില്‍ ആണ് ഇന്ദിര പാര്‍ട്ടി എം.പി. മാരോടും എം.എല്‍.എ.മാരോടും സ്വന്തം മനഃസാക്ഷി അനുസരിച്ച് വോട്ട് ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചത്. ഇന്ദിരയും കോണ്‍ഗ്രസിലെ സിന്റിക്കേറ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു അത്. ഇന്ദിര വിജയിച്ചു.

1974- ല്‍ ഫക്രു്ദ്ദീന്‍ അഹമ്മദ് ഇന്‍ഡ്യയുടെ ആറാമത്തെ രാഷ്ട്രപതി ആകുമ്പോള്‍ അദ്ദേഹത്തെ അടിയന്തിരാവസ്ഥ എന്ന ദുര്യോഗം കാത്തിരിക്കുന്നുണ്ടായിരുന്നു. 1975 ല്‍ ഇന്ദിരയുടെ അടിയന്തിരാവസ്ഥയില്‍ കണ്ണടച്ച് ഒപ്പിട്ട രാഷ്ട്രപതി ആയിരുന്നു അദ്ദേഹം. 1977 ല്‍ സജ്ജീവ് റെഡി രാഷ്ട്രപതി ആയി. ജനത പാര്‍ട്ടിയുടെ ഭരണത്തോടെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ വരവിനെ അത് കുറിച്ചു. അടിയന്തിരാവസ്ഥയുടെ അവസാനം കുറിച്ച ആ തെരഞ്ഞെടുപ്പില്‍ റെഡ്ഢിക്ക് എതിരെയുള്ള എല്ലാ നാമനിര്‍ദ്ദേശപത്രികകളും തള്ളപ്പെടുകയായിരുന്നു. 1982-ല്‍ സെയില്‍ സിംങ്ങ് രാഷ്ട്രപതിയായി. അത് ഇന്ദിരയുടെ തിരിച്ചുവരവിന്റെ കാലം ആയിരുന്നു. സെയില്‍ സിംങ്ങ്, പക്ഷേ, രാജീവ് ഗാന്ധിയുമായി രസത്തില്‍ ആയിരുന്നില്ല അവസാനകാലത്തില്‍. 1987 ല്‍ വി.ആര്‍.കൃഷ്ണ അയ്യരെ തോല്‍പിച്ചുകൊണ്ടാണ് ആര്‍. വെങ്കിട്ടരാമന്‍ രാഷ്ട്രപതി ആയത്.
1992 ല്‍ ശങ്കര്‍ ദയാള്‍ ശര്‍മ്മയും, 1997-ല്‍ കെ.ആര്‍.നാരായണനും രാഷ്ട്രപതിമാരായി. നാരായണന്‍ തോല്‍പിച്ചത് റ്റി.എന്‍.ശേഷനെ ആയിരുന്നു(956,290-50631 വോട്ടുകള്‍). ആദ്യത്തെ ദളിത് രാഷ്ട്രപതി എന്ന ബഹുമതിയും നാരായണന്‍ സ്വന്തമാക്കി. നാരായണന്റെ ഭരണകാലത്താണ് ബി.ജെ.പി. ആദ്യമായി അധികാരത്തില്‍ വന്നത്. ക്യാപ്റ്റന്‍ ലക്ഷ്മി സേഹ് ഹളിനെ തോല്‍പിച്ചുകൊണ്ടാണ് 2002-ല്‍ ഇന്‍ഡ്യയുടെ മിസൈല്‍ മാന്‍ ആയ അബ്ദുള്‍ കലാം ആസാദ് ഇന്‍ഡ്യയുടെ പന്ത്രണ്ടാമത്തെ രാഷ്ട്രപതി ആയത്. 2007 ല്‍ പ്രതിഭ പാട്ടീല്‍ ഇന്‍ഡ്യയുടെ ആദ്യത്തെ വനിത രാഷ്ട്രപതി ആയി. 2012 ല്‍ പി.എ.സങ്ങ്മയെ പരാജയപ്പെടുത്തി മുഖര്‍ജി രാഷ്ട്രപതിയായി. അദ്ദേഹം രാഷ്ട്രപതി ഭവന്റെ വാതിലുകള്‍ ജനങ്ങള്‍ക്കായി തുറന്നിട്ടുകൊണ്ട് ജനശ്രദ്ധ ആകര്‍ഷിച്ചു. അദ്ദേഹവും വിട പറയുകയാണ്.

പുതിയ രാഷ്ട്രപതി-ഉപരാഷ്ട്രപതി ആരു തന്നെ ആയാലും ഇന്‍ഡ്യയുടെ ഭരണഘടനയെ സംരക്ഷിക്കുന്ന വ്യക്തി ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഒരു ജനാധിപത്യത്തില്‍ ഇത് വളരെ പ്രധാനപ്പെട്ടത് ആണ്. രാ്ജ്യം ഏകാധിപത്യത്തിലേക്കും ഛിദ്രവാസനകളിലേക്കും അസഹിഷ്ണുതയിലേക്കും വഴുതി വീഴാതിരിക്കുവാനുള്ള ഭരണഘടനാപരമായ ഒരു തട ആയിട്ട് ഈ പ്രഥമ പൗരന്‍ പ്രവര്‍ത്തിക്കട്ടെ. റയിസിന ഹില്ലിന്റെ പവിത്രത അദ്ദേഹം കാത്ത് സൂക്ഷിക്കട്ടെ.


 ആരായിരിക്കും റയിസിന ഹില്ലില്‍ അന്തേവാസിയാകുന്ന ഇന്‍ഡ്യയുടെ അടുത്ത പ്രഥമ പൗരന്‍? (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക