Image

പ്രൊഫ. റാണി ജോര്‍ജ് ആല്‍ബനി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഡീന്‍

Published on 02 June, 2017
പ്രൊഫ. റാണി ജോര്‍ജ് ആല്‍ബനി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഡീന്‍
ആല്‍ബനി: ആല്‍ബനി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് ഹുമാനിറ്റീസ് ഡീന്‍ ആയി പ്രൊഫ. റാണി ജോര്‍ജിനെ നിയമിച്ചു. പ്രൊഫ. റാണിയോടൊപ്പം കെറി ജോണ്‍സണ്‍, റോണ്ട പോര്‍ട്ടര്‍, സെയിദ് റോസ്റ്റ എന്നിവരും ഡീന്‍മാരായി നിയമിതരായതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. 

''യൂണിവേഴ്‌സിറ്റിയുടെ ലീഡര്‍ഷിപ്പ് ടീമിലേയ്ക്ക് ഈ നാലുപേരെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ദേശീയ തലത്തില്‍ ഞങ്ങള്‍ കുറ്റമറ്റ തെരച്ചിലാണ് നടത്തിയത്. അന്തിമ പട്ടികയിലിടം നേടിയ ഇവര്‍ അസാധാരണമായ പ്രൊഫഷണലിസവും അര്‍പ്പണബോധവുമാണ് പ്രകടമാക്കിയത്. സര്‍വകലാശാലയുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് ഇവരുടെ സേവനം മുതല്‍ക്കൂട്ടാവുമെന്ന് എനിക്കുറപ്പുണ്ട്...'' യൂണിവേഴ്‌സിറ്റി പ്രോവോസ്റ്റും അക്കാദമി അഫയേഴ്‌സിന്റെ വൈസ് പ്രസിഡന്റുമായ താവു ഖാദി പറഞ്ഞു.

പ്രൊഫ. റാണി ജോര്‍ജ്, കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് ഹുമാനിറ്റീസിന്റെ ഇടക്കാല ഡീന്‍, ക്രിമിനല്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ റിസര്‍ച്ച് മേധാവി, സ്റ്റാറ്റിസ്റ്റിക്‌സ് പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ആല്‍ബനി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാജുവേറ്റ് സ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍, ഫോബ് പുട്‌നി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ സ്റ്റാറ്റിസ്റ്റീഷ്യന്‍, ഹെല്‍ത്ത് പ്ലാനര്‍, മധുരയിലെ ലേഡി ഡോക് കോളേജിലെ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മെഷര്‍മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ്, എവല്യൂഷന്‍ എന്നിവയില്‍ ഡോക്ടറേറ്റ് നേടിയ പ്രൊഫസര്‍ റാണി ജോര്‍ജ് ഡെലവെയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അപ്ലൈഡ് ഹ്യൂമന്‍ ഡെവലെപ്പ്‌മെന്റ് എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്. നിരവധി അക്കാദമിക് പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ഇവര്‍ ഒട്ടേറെ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

എച്ച്.ഐ.വി-എയ്ഡ്‌സ്, കോളേജ് വിദ്യര്‍ത്ഥികള്‍ക്കിടയിലെ ബിഹേവിയറല്‍ ഹെല്‍ത്ത്, സ്‌കൂള്‍ വയലന്‍സ് തുടങ്ങിയവ പ്രൊഫസര്‍ റാണി ജോര്‍ജിന്റെ ഇഷ്ട ഗവേഷണ വിഷയങ്ങളാണ്. എയ്ഡ്‌സ് ബോധവല്‍ക്കരണം ഒരു നിയോഗമായി ഈ അധ്യാപിക കാണുന്നു. ഇതിനായി നിരവധി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂലായ് ഒന്നിന് പ്രൊഫസര്‍ റാണി ജോര്‍ജ് ചുമതലയേല്‍ക്കും.

പ്രൊഫ. റാണി ജോര്‍ജ് ആല്‍ബനി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഡീന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക