Image

ചരിത്രപ്പറക്കലിനൊരുങ്ങി ലോകത്തിലെ 'മഹാവിമാനം'

എ.എസ് ശ്രീകുമാര്‍ Published on 02 June, 2017
ചരിത്രപ്പറക്കലിനൊരുങ്ങി ലോകത്തിലെ 'മഹാവിമാനം'
റൈറ്റ് സഹോദരന്‍മാര്‍ കണ്ടുപിടിച്ചത് ലോകത്തിലെ ആദ്യത്തെ വിമാനം. ആകാശക്കുതിപ്പിന് ചിറകുകള്‍ മുളപ്പിച്ച ആ അസാധ്യ കണ്ടുപിടിത്തം കഴിഞ്ഞ് 114 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറ്റൊരു വ്യോമയാന ചരിത്രം കുറിക്കപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വിമാനം കാലിഫോര്‍ണിയയിലെ മൊജാവ് മരുഭൂമിയിലെ ബൃഹത്തായ ഹാംഗറില്‍ പറക്കലിനൊരുങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം വിമാനം ഹാംഗറിന് പുറത്തേയ്ക്ക് ഉരുട്ടിയപ്പേള്‍ കണ്ടുനിന്നവര്‍ അത്ഭുത സ്തംബ്ധരായി...ഒരു വലിയ മല പതിയെ ഒഴുകി വരുന്നതുപോലെയായിരുന്നു ആ അപൂര്‍വ കാഴ്ച.

ഈ മഹാവിമാനത്തിന് ഒരുപാട് വിശേഷങ്ങളുണ്ട്. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും സിയാറ്റില്‍ സീഹോക്‌സിന്റെ ഉടമയുമായ പോള്‍ അലന്റെ ബുദ്ധിയിലുദിച്ചതാണ് ഈ ബ്രഹ്മാണ്ഡ ഐഡിയ. വിമാനത്തിന്റെ ചിറകുകള്‍ തമ്മിലുള്ള അകലം 385 അടിയാണ്. അതായത് ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെയത്ര നീളം. ഉയരം 50 അടി. ഒരു കൊന്നത്തെങ്ങോളം വരുമത്. ഇന്ധനമില്ലാതെ വിമാനത്തിന്റെ ഭാരം അഞ്ച് ലക്ഷം പൗണ്ടാണ്, (2,26,796 കിലോഗ്രാം). രണ്ടര ലക്ഷം പൗണ്ട് (1,13,398 കിലോഗ്രാം) ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മൊത്തം ഭാരം 1.3 മില്യണ്‍ പൗണ്ട് (5,89,700 കിലോഗ്രം)...പോരേ പൂരം.

വിമാനത്തിന്റെ പേര് 'സ്ട്രാറ്റോലോഞ്ച്'. ഇതിന് ആറ് 747 ജെറ്റ് എഞ്ചിനുകളുണ്ട്. പിന്നെ 28 കൂറ്റന്‍ ചക്രങ്ങളും. രണ്ട് വിമാനങ്ങള്‍ ചേര്‍ന്ന രുപത്തോടുകൂടിയതും അസാധാര വലിപ്പമുള്ളതുമായതുകൊണ്ട് നിര്‍മാണത്തിന് പ്രത്യേക അനുമതിയും മറ്റും ആവശ്യമായി വന്നു. 'സ്ട്രാറ്റോലോഞ്ച്' യാത്രാ വിമാനമല്ല. പേര് സൂചിപ്പിക്കും പോലെ ഇത് ഉപഗ്രഹ വിക്ഷേപണത്തിനുള്ള റോക്കറ്റുകള്‍ വഹിക്കാനുള്ളതാണ്. 35,000 അടി ഉയരത്തില്‍ വരെ പറക്കാം. അവിടെനിന്ന് വിമാനത്തില്‍ ഘടിപ്പിച്ചിട്ടുള്ള റോക്കറ്റ് ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കുകയും ചെയ്യാം.

ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് മുന്‍ പരിചയമുള്ള പോള്‍ അലന്‍ സ്ട്രാറ്റോലോഞ്ചിന് രൂപം നല്‍കിയത്. അലനെ സംബന്ധിച്ചിടത്തോളം ഇത് 'ലോ എര്‍ത്ത് ഓര്‍ബിറ്റ്' ആണ്. അതിനാല്‍ ഉപഗ്രഹ വിക്ഷേപണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ സ്ട്രാറ്റോലോഞ്ചിന് കഴിയുമെന്ന് അലന് ഉറപ്പുണ്ട്. 1900 കോടി രൂപയാണ് സ്ട്രാറ്റോലോഞ്ചിന്റെ നിര്‍മാണ ചെലവ്. അവശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം 2019ല്‍ സ്ട്രാറ്റോലോഞ്ചിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്താനാവുമെന്ന് അലന്റെ സ്ട്രാറ്റോലോഞ്ച് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

ചരിത്രപ്പറക്കലിനൊരുങ്ങി ലോകത്തിലെ 'മഹാവിമാനം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക