Image

എല്ലാം മൃഗമയം, ചിലപ്പോള്‍ മൃഗീയവും(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 04 June, 2017
എല്ലാം മൃഗമയം, ചിലപ്പോള്‍ മൃഗീയവും(ദല്‍ഹികത്ത് : പി.വി.തോമസ്)
പശു-കന്നുകാലി രാഷ്ട്രീയവും പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. എല്ലാം ഇപ്പോള്‍ പശു-കന്നുകാലി മയം ആയിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു വിജ്ഞാനപ്രകാരം പശുവിനെകൂടാതെ വിശുദ്ധ മൃഗങ്ങളുടെ പട്ടികയിലേക്ക് കാളയും, പോത്തും, എരുമയും, ഒട്ടകവും എല്ലാം വാഴ്ത്തപ്പെട്ട് ഉയര്‍ത്തപ്പെട്ട് ഇരിക്കുകയാണ്. സര്‍വ്വത്രമൃഗമയം.

ഗോഹത്യനിരോധനം, ഗോസംരക്ഷണ ഗുണ്ടായിസം, കാലി ചന്തകളില്‍ നാല്‍ക്കാലികളെ അറവിനായി വില്‍ക്കുന്നതിന് നിരോധനം, അങ്ങനെ എല്ലാം 'കലികം'. ഇപ്പോള്‍ ഇതാ ജുഡീഷ്യറിയും കാലിപ്രശ്‌നത്തില്‍ തല ഇട്ടിരിക്കുന്നു.

രാജസ്ഥാന്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജി ആണ് അദ്ദേഹം പെന്‍ഷന്‍ പറ്റുന്ന അന്ന് അവസാനത്തെ വിധിയിലൂടെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല, മയിലിനെ ദേശീയ പക്ഷി ആയി പ്രഖ്യാപിക്കണമെന്നും ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ്മ ശുപാര്‍ശ ചെയ്തു. ഇതിനുള്ള കാരണങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്. അവ വായിക്കുമ്പോള്‍ നാം കടന്നുപോകുന്നത് ഒരു വിധി ന്യായത്തിലൂടെ ആണോ അതോ വല്ല പുരാണ സാങ്കല്പിക കഥാകഥനത്തിലൂടെ ആണോ എന്ന് സംശയിച്ചു പോയാല്‍ അതിശയിക്കേണ്ട. വേദങ്ങളും ഭാഗവദ് പുരാണവും ആണ് അദ്ദേഹം അവലംബിച്ച നിയമ ഗ്രന്ഥങ്ങള്‍! ഈശ്വരോ രക്ഷതു!
എന്തുകൊണ്ടാണ് ജഡ്ജി ശര്‍മ്മാജി പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോഹത്യക്ക് ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിക്കണം എന്നും വിധിച്ചത്? കാരണം ഹിന്ദുക്കള്‍ക്ക്  പശുവില്‍ അഗാധമായ വിശ്വാസം ഉണ്ട്. ഒരു ഹിന്ദുവാദി രാജ്യമായ നേപ്പാള്‍ അതിന്റെ പുതിയ ഭരണഘടനയില്‍ പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഡ്യ ഒരു കാര്‍ഷിക രാജ്യം ആണ്. അതിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയും കന്നുകാലി സമ്പത്തും ആണ്. അതിനാല്‍ പശുവിനെ ഒരു ദേശീയ മൃഗമായി പ്രഖ്യാപിച്ച് അതിനുവേണ്ട നിയമ സംരക്ഷണം നല്‍കണം. പശുവിനെ കൊല്ലുന്നവരെ വധിക്കണം എന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും ജഡ്ജി പറയുന്നു.

2010-ല്‍ ജാഗോജന്റാ സൊസൈറ്റി എന്ന ഒരു ഗവണ്‍മേന്റിതര സംഘടന ഫയല്‍ ചെയ്ത ഒരു കേസില്‍ ആണ് ഈ വിധി വന്നത്. പക്ഷേ, വിധി എല്ലാ സീമകളും വ്യത്യസ്തമായ മേഖലകളിലേക്ക് പറന്നുയര്‍ന്നു എന്നു മാത്രം.

139 പേജ് വരുന്ന മഹേഷ് ചന്ദ്രശര്‍മ്മ വിധിന്യായം ഏറെയും പൗരാണിക കല്പിതം ആണ്. അതായത് ഹിന്ദുത്വതയുടെ കാതലായ വിശ്വാസപ്രമാണങ്ങളെ ആധാരമാക്കിയുള്ളവ. അദ്ദേഹത്തോട് ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യം ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇല്ല എന്നതായിരുന്നു. വിശ്വസിക്കാം. അദ്ദേഹം അടിത്തൂണ്‍ പറ്റിയതിനുശേഷം എന്തെങ്കിലും ഓഫീസു ചുമതലകള്‍ ഏറ്റെടുക്കുമ്പോള്‍ തയ്യാര്‍ ആണോ? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതായിട്ടുണ്ട്. കാത്തിരുന്ന് കാണാം.

മഹേഷ് ചന്ദ്ര ശര്‍മ്മയുടെ വിധിന്യായ പ്രകാരം പശുവിനെ ഭൂമിയിലേക്ക് കൊണ്ടുവന്നത് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആണ്. 33 കോടി ദേവന്മാരും ദേവികളും ഒരു പശുവില്‍ അവസാനിച്ചിട്ടുണ്ട്. മനസിലാക്കണം ഒരു വിധിന്യായത്തിലാണ് ഇത് എഴുതി വച്ചിരിക്കുന്നത്. തീര്‍ന്നില്ല, പശുവാണ് ഈ ലോകത്തില്‍ ഒരേ ഒരു ജന്തു ഓക്‌സിജന്‍ ശ്വസിക്കുന്നതായിട്ടും ഓക്‌സിജന്‍ ഉച്ഛസിക്കുന്നതായിട്ടും. ഗോമൂത്രം മനുഷ്യന്റെ കരളിനെയും ഹൃദയത്തെയും മനസിനെയും ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. അതുപോലെ തന്നെ മനുഷ്യ ശരീരത്തിന്റെ ആരോഗ്യപ്രതിരോധ ശക്തിയെ ഗോമൂത്രം വര്‍ദ്ധിപ്പിക്കുന്നു. പശു അതിന്റെ കൊമ്പിലൂടെ കോസ്ഹക്ക് ഊര്‍ജ്ജം സംഭരിക്കുന്നു. പശുവിന്റെ പാല്‍ അര്‍ബ്ബുദപ്രതിരോദത്തിന് സഹായിക്കുന്നു. പശുവിന്റെ ചാണകം മെഴുകിയ ഭിത്തികള്‍ റേഡിയേഷനെ പ്രതിരോധിക്കുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഇങ്ങനെ പലതും ഈ വിധിന്യായത്തില്‍ ഉടനീളം ഉണ്ട്. ഇതാണ് ഈ വിധിന്യായത്തിന്റെ കാലികപ്രസക്തിയും. രാഷ്ട്രീയതയും.

പ്രധാനമായും 11 ഗോസൂക്തങ്ങള്‍ ആണ് ജഡ്ജി ശര്‍മ്മ അദ്ദേഹത്തിന്റെ അന്തിമവിധിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. പശുവിന്റെ കരച്ചില്‍ വായുവിലെ രോഗാണുക്കളെ നശിപ്പിക്കുന്നു. ഇതും ഈ സൂക്തങ്ങളില്‍ ഒന്നാണ്.

ഇനി എന്താണ് മയിലിനെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കണം എന്ന് വിധിക്കുവാന്‍ ജഡ്ജി ശര്‍മ്മയെ പ്രകോപിപ്പിച്ചത്? ഇത് രാജസ്ഥാനിലെ കേഷുപുര ഗ്രാമത്തില്‍ 12 മയിലുകള്‍ ചത്തതു സംബന്ധിച്ചുള്ള ഒരു കേസ് ആണ്. കേസില്‍ 17 വയസുള്ള ഒരു പയ്യന്‍ കുറ്റവിചാരണ നേരിടുകയാണ്. അവര്‍ ഗോതമ്പിന്റെയും ചോളത്തില്‍ വിഷം കലര്‍ത്തിയതു കഴിച്ചതു കൊണ്ടാണ് ഈ മയിലുകള്‍ ചത്തത്. ജഡ്ജി ഈ പയ്യന്റെ ജാമ്യാപേക്ഷ നിരസിച്ചു. എ്ന്നിട്ട് മയിലിനെ ഇന്‍ഡ്യയുടെ ദേശീയ പക്ഷി ആയി പ്രഖ്യാപിക്കണമെന്ന് കല്‍പിക്കുകയും ചെയ്തു. എന്താണ് കാരണം? ഒരു ആണ്‍മയില്‍ നിത്യബ്രഹ്മചാരി ആണ്. അത് ഒരിക്കലും പെണ്‍മയിലുമായി ഇണ ചേരുകയില്ല. പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നത് ആണ്‍മയിലിന്റെ കണ്ണുനീരില്‍ നിന്നും ആണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ മയില്‍പീലി ശിരസില്‍ അണിയുന്നത് ആണ്‍മയിലിന്റെ ഈ നിത്യബ്രഹാമചര്യം കാരണം ആണ്. ഇതിനു യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല. മറിച്ച് പുരാണങ്ങളും ഭാഗവദ് പുരാണവും മാത്രം ആധാരം.

ഈ രീതിയില്‍ ആണോ ഇന്‍ഡ്യയില്‍ ജൂഡീഷ്യറി നീതിനിര്‍വ്വഹണം നടത്തുന്നത്? നടത്തേണ്ടത്? ഇതൊക്കെ ചില എക്‌സപ്ഷന്‍സ് ആയിരിക്കാം. അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കാം. ഒരു മൃഗത്തെയോ പക്ഷിയെയോ ദേശീയ പദവിയിലേക്ക് കൊണ്ടുവരേണ്ടത് ജുഡീഷറി അല്ല. അതിന് നിയമനിര്‍മ്മാണ സഭ ഉണ്ട്. അത് പാര്‍ലിമെന്റിന്റെ അധികാര പരിധിയില്‍പെടുന്നതാണ്. അത് എന്തുകൊണ്ട് ജഡ്ജി ശര്‍മ്മ മനസിലാക്കിയില്ല. എല്ലാം ഹിന്ദുത്വ മയം ആകുമ്പോള്‍ എന്തിന് ജുഡീഷറിയും മടിച്ച് നില്‍ക്കണം എന്നാണോ?

മൃഗങ്ങളെ അറവുചന്തകളില്‍ വച്ച് കൊല്ലുവാനായി വില്‍ക്കുവാന്‍ പാടില്ല എന്ന ഗവണ്‍മെന്റിന്റെ വിജ്ഞാപനത്തിലും രണ്ട് പരസ്പര വിരുദ്ധമായ വിധികള്‍ ഉണ്ടായി. ആദ്യത്തെ വിധി പ്രസ്താവിച്ചത് മദ്രാസ് ഹൈക്കോടതി ആണ്. മെയ് 23-ാം തീയതി കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഈ വിജ്ഞാപനം മെയ് 30 ന് മദ്രാസ് ഹൈക്കോടതി നാല് ആഴ്ചത്തേക്ക് റദ്ദാക്കി. കോടതിയുടെ നിഗമനം ഇത് ആയിരുന്നു, വാദം കേട്ടതിനു ശേഷം ഇന്‍ഡ്യ ഒരു മള്‍ട്ടി റിലീജ്യസ്, മള്‍ട്ടി കള്‍ച്ചറല്‍, സെക്കുലര്‍ റിപ്പബ്ലിക്ക് ആണ്. അത് അതിന്റെ എല്ലാ പൗരന്മാര്‍ക്കും സാമൂഹ്യ നീതി ഉറപ്പ് ചെയ്തിട്ടുണ്ട്. നിയമസംഹിത അനുസരിച്ച്രിച്ച് ഭക്ഷണത്തിനായിട്ടുള്ള മൃഗഹത്യ മൃഗങ്ങളോടുള്ള ക്രൂരത അല്ല. പരാതിക്കാരന്റെ അഭിപ്രായത്തില്‍ കേന്ദ്രം പൗരന്റെ ഭക്ഷ്യാവകാശത്തില്‍ കൈകടത്തുകയാണ് ചെയ്യുന്നത്. കോടതി കേന്ദ്രവിജ്ഞാപനം തല്‍ക്കാലത്തേക്ക് റദ്ദാക്കുകയും ചെയ്തു.

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം കേരള ഹൈക്കോടതി കേന്ദ്രവിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച ഒരു പരാതി തള്ളികളഞ്ഞു. ഈ വിധിപ്രകാരം കേന്ദ്രം കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചിട്ടില്ല. പകരം ഇവയെ കൊല്ലുന്നതിനായി അറവു ചന്തകളിലൂടെ വില്‍ക്കുന്നതിനെയാണ് വിലക്കിയിരിക്കുന്നത്. ഇത് തികച്ചും സാങ്കേതികമായ ഒരു വ്യാഖ്യാനം ആണ്. അത് കേന്ദ്രഗവണ്‍മെന്റിനെ സഹായിക്കുകയും ചെയ്യുന്നു. കന്നുകാലിവധം നിരോധിച്ചിട്ടില്ല. ശരിതന്നെ പക്ഷേ വധിക്കുവാന്‍ കന്നുകാലികളെ കിട്ടിയില്ലെങ്കില്‍ എന്താണ് അതിന്റെ അര്‍ത്ഥം? ചന്തകളില്‍ നിന്നും അല്ലാതെ വാങ്ങാമെന്നത് ശരിയായിരിക്കാം. ഈ വ്യവസായത്തിന്റെ വ്യാപ്തി നോക്കുമ്പോള്‍ വീടുകളില്‍ നിന്നും മറ്റും വാങ്ങി കച്ചവടം നടത്തുന്നത് കയറ്റുമതി ചെയ്യുന്നത് പ്രായോഗികം ആണോ? അല്ല. എന്റെ കന്നുകാലി സംരക്ഷണ ഗുണ്ടകള്‍. ഇതേ ന്യായവും വിശദീകരണവും തന്നെയാണ് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റിലിയും വെങ്കയ്യനായ്ഡുവും നല്‍കുന്നത്. ഇത് വിലപ്പോവുകയില്ല.

പശുവിനെയും മയിലിനെയും സംബന്ധിച്ച് രാജസ്ഥാന്‍ ഹൈക്കോടതി നല്‍കിയ വിധി ശാസ്ത്രത്തിനും യുക്തിക്കും നിയമത്തിനും ചേരാത്തതാണ്. എന്താണ് അതിന്റെ പിന്നിലുള്ള ചേതോവികാരം എന്ന് മനസിലാക്കണമെങ്കില്‍ ഈ കന്നുകാലിരാഷ്ട്രീയത്തിന്റെ പിന്നിലുള്ള അടിയൊഴുക്കുകള്‍ മനസിലാക്കണം. ബി.ജെ.പി. കന്നുകാലി രാഷ്ട്രീയത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. ഇത് വ്യക്തമായ വോട്ട് ബാങ്ക് രാഷ്ട്രീയവും ഭൂരിപക്ഷമതധ്രൂവീകരണശ്രമവും ആണ്.


എല്ലാം മൃഗമയം, ചിലപ്പോള്‍ മൃഗീയവും(ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക