Image

ഭൂമിബന്ധത്തിന്റെ അവസാന നാളുകള്‍ (ജോണ്‍ മാത്യു)

Published on 09 June, 2017
ഭൂമിബന്ധത്തിന്റെ അവസാന നാളുകള്‍ (ജോണ്‍ മാത്യു)
ഈ ലോകം കനിവുതോന്നി നമുക്കു തന്ന വ്യവസ്ഥിതി എന്താണ്? ആശയസംഹിതകളോട് പ്രത്യേക പ്രതിപത്തിയില്ലാതെ പറഞ്ഞാല്‍ അത് ഫ്യൂഡലിസമാണ്. അല്ലെങ്കില്‍ ജന്മിത്വം, ജന്മിയല്ലെങ്കിലും ആ മാനസികാവസ്ഥയില്‍ ജീവിക്കുന്ന സാമൂഹികാവസ്ഥ! ഒരു ഭൂമി ബന്ധം!

പതിനെട്ടാം നൂറ്റാണ്ടില്‍ ആയിരത്തിയഞ്ഞൂറ് ഏക്കര്‍ സ്വന്തമായിട്ടുണ്ടായിരുന്നവര്‍പ്പോലും കേവലം "ചില്ലറ'ക്കാരായിരുന്നുവത്രേ. തോമസ് ജഫേഴ്‌സണ്‍ കുടുംബവും ആക്കൂട്ടത്തില്‍ ആയിരുന്നെന്നു പറയപ്പെടുന്നു. റിച്ചാര്‍ഡ് കാര്‍ട്ടര്‍ എന്നൊരാള്‍ മൂന്നു ലക്ഷം ഏക്കര്‍ ഭൂമിയുടെ ഉടമയായിരുന്നു. അതിനു ചേര്‍ന്ന അടിമകളും കുടിയാന്മരും വേറെ. ഇതെല്ലാം വഴിയേ പറഞ്ഞുവെന്നു മാത്രം. നമ്മുടെ അറിവില്‍പ്പെട്ട വ്യവസ്ഥതിയിലേക്ക് മടങ്ങിവരാം.

ഭൂമിബന്ധത്തെപ്പറ്റി സംശയമുള്ളവര്‍ ബൈബിളിന്റെ ആദ്യ അദ്ധ്യായങ്ങള്‍ വായിക്കുക. അവിടെ ദൈവത്തെയും മനുഷ്യനെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു പ്രസ്താവനയുണ്ട്. വേദശാസ്ത്രവും അതിന്റെ വ്യത്യസ്ത സ്കൂളുകളും ഈ ചെറു ലേഖനത്തില്‍ വിഷയമല്ല, അതനുസരിച്ചുള്ള വ്യാഖ്യാനങ്ങളും വേണ്ട. സാധാരണ ഭാഷയില്‍ ഒരു "ഡൗണ്‍ ടു എര്‍ത്ത്' സമീപനം. എഴുതിയിരിക്കുന്നത് വളരെ ലളിതമായിത്തന്നെ! ഒരിടത്തുനിന്നും കടമെടുക്കാതെ ഒരു നിര്‍വ്വചനം എഴുതുകയാണെങ്കില്‍ ജന്മിത്വമെന്ന സാങ്കേതിക പദം: "ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടുന്നതല്ല, പകരം ഭൂമിയും അതില്‍ ജീവിക്കുന്നവരുമായുള്ള നിരന്തര ബന്ധമാണ്.' ബൈബിളില്‍ എഴുതിയിരിക്കുന്നത് മുന്‍വിധികളില്ലാതെ വായിക്കുക. "വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു.'

അതേ, പടിഞ്ഞാട്ടു ചായുന്ന സൂര്യന്റെ നേര്‍ത്ത കിരണങ്ങള്‍ ആസ്വദിച്ച്, മന്ദമാരുതന്റെ തലോടലേറ്റ്, ഉയരമുള്ള മരത്തില്‍ നിന്ന് നിലത്തു വീണുകിടക്കുന്ന ഉണങ്ങിയ ഇലകളില്‍ "കിരുകിര' ശബ്ദമുണ്ടാക്കി ദൈവം ഭൂമിയില്‍ നടന്നു. ദൈവത്തിനു മനുഷ്യനോടും ഭൂമിയോടുമുള്ള ബന്ധം ഇതില്‍ക്കൂടുതല്‍ വ്യക്തമായി എങ്ങനെയാണ് പറയുക. ഇവിടെ ദൈവം മുതലാളിയല്ല, കമ്മ്യൂണിസ്റ്റല്ല, സോഷ്യലിസ്റ്റുമല്ല, ഫണ്ടമെന്റലിസ്റ്റല്ല, ലിബറലുമല്ല. ഒന്നാംതരം ജന്മി! കുടിയാനെ വല്ലപ്പോഴും ഒന്നു പേടിപ്പിക്കുന്ന, അടുത്തറിയുന്ന, ആവശ്യമുള്ളതുമാത്രം ദാനം ചെയ്യുന്ന, അവന്റെ കഴിവിനനുസരിച്ച് പണിയെടുപ്പിക്കുന്ന, തോട്ടത്തില്‍ നിന്ന് ഒരു പഴവും ഇറുത്തു തിന്നാന്‍ സമ്മതിക്കാത്ത, കുടികിടപ്പു കുട്ടികളുടെ കൊതി കണക്കാക്കാതെ പാകമാകുമ്പോള്‍ വാഴക്കുല വെട്ടിക്കൊണ്ടുപോകുന്ന ജന്മി. തോട്ടത്തിലെ വിശിഷ്ട ഫലം ജന്മിക്കുമാത്രം! ഇനിയും അറ്റകൈക്ക് ഒരു കുടിയിറക്കും നടത്തുന്ന ജന്മി. എങ്കിലും അയാള്‍ കുടികിടപ്പുകാരെ സഹിക്കുന്നു, അതുകൊണ്ടാണ് ഈ ജന്മിത്വ ആശയത്തോട് എനിക്കുള്ള പ്രതിപത്തി.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തു പറഞ്ഞു ""ഞാനെന്റെ ആ കുപ്പായം അവസാനമായി അഴിച്ചുവെച്ചു. ഞാനിനിയും ഒരു ഭൂവുടമയല്ല, അവിടെയും ഇവിടെയും'' കേരളത്തിലും അമേരിക്കയിലും ഭൂമിയെന്ന സമ്പത്ത് ഇല്ലപോലും. ഭൂമിയില്‍, മണ്ണില്‍ കാലു കുത്തേണ്ട. മണ്ണുമായോ മരങ്ങളുമായോ ബന്ധമില്ല.

അയാള്‍ തുടര്‍ന്നു:

"നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്....'

ഞാന്‍ അവസാനമായി പാടുകയാണ്, ഇപ്പോള്‍ വരെയുണ്ടായിരുന്ന ഭൂമിയെക്കുറിച്ച്. മറുനാടന്‍ മലയാളിയുടെ ഗീതം "മാമലകള്‍ക്കപ്പുറത്തു മലയാളമെന്നൊരു നാട്' ആണെങ്കില്‍ പ്രവാസിയുടെ ഗീതമാണ് "നാളികേരത്തിന്റെ നാട്ടില്‍.....' അയാള്‍ വീണ്ടും: "അടുത്ത ലൈന്‍, അതു പാടാന്‍ കഴിയുകയില്ലെങ്കിലും...'

"അതില്‍ നാരായണക്കിളി കൂടുപോലൊരു
നാലുകാലോലപ്പുരയുണ്ട്.....' അതൊരിക്കലും ഇല്ലായിരുന്നു.

ഇനിയും കുടിയേറ്റക്കാരന്റെ ഗീതം, അതെന്നെങ്കിലും ഉണ്ടാകുമോ? ഒരു അസംബന്ധ ഗീതം, ഒരു "ജാഡ' സംസ്കാരത്തിന്റെ ഗീതം, ഇല്ല, അതു പ്രതീക്ഷിക്കേണ്ട തുടര്‍ന്നൊരു സ്വപ്നമില്ലാത്തതുകൊണ്ട്.

അറുപതുകളിലെ മറുനാടന്‍ മലയാളി ജീവിതത്തില്‍ സ്വപ്നമുണ്ടായിരന്നു, എഴുപതുകളിലെ പ്രവാസജീവിതത്തിലും. വിദേശയാത്രകളുടെ തുടക്കത്തില്‍ കരുതിയത് നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന പ്രതാപം വീണ്ടെടുക്കുകയോ അല്ലെങ്കില്‍ വീണ്ടും വാങ്ങിക്കൂട്ടാനുള്ള അവസരമെന്ന പ്രതീക്ഷ. കാലം ചെന്നപ്പോള്‍ തിരിച്ചറിഞ്ഞു ഈ കുടിയേറ്റം ഒരു കുരുക്കാണെന്ന്.

ഭൂമി മനസ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ മാത്രമല്ല, ആധുനിക സമ്പദ്‌വ്യവസ്ഥയില്‍ ധനസമ്പാദനം നടത്തുന്നവരുടെയെല്ലാം അവസാന ആഗ്രഹം ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ തോട്ടത്തില്‍ നടക്കുന്ന ജന്മിയുടെ സ്വഭാവത്തിലേക്ക് എത്തിച്ചേരണമെന്നാണ്. പക്ഷേ, എല്ലാവര്‍ക്കും ഒരേ ആഗ്രഹവും അവസരവും സമ്പത്തും വന്നു ചേര്‍ന്നപ്പോള്‍ ഒരു സ്ഥിതിസമത്വ രീതി അംഗീകരിക്കപ്പെട്ടു.

രാഷ്ട്രീയ തത്വസംഹിതകള്‍ എങ്ങനെയോ മനുഷ്യരെ തുല്യ അനുഭവക്കാരായി മാറ്റാന്‍ അവസരം തന്നുകൊണ്ടിരിക്കുന്നു, ചിലപ്പോള്‍ അങ്ങനെയെങ്കിലും. ധനം ഇന്ന് നേരില്‍ കാണപ്പെടാത്തതാണ്, അത് ബാങ്കില്‍, സ്റ്റോക്ക് മാര്‍ക്കറ്റില്‍ അല്ലെങ്കില്‍ ഏറ്റവും പുതിയ ചിന്താഗതിയായ "ബിറ്റ് കോയ്‌നില്‍' ഉണ്ടെന്നു പറയപ്പെടുന്നു, നേരില്‍ കാണാനാവാതെ! സുവര്‍ണ്ണത്തുട്ടുകള്‍ കിലുക്കി ശബ്ദമുണ്ടാക്കി അതു ആസ്വദിക്കുന്ന കാലവും കഴിഞ്ഞു. അവസാനം എന്റെ സുഹൃത്തു പറഞ്ഞു "നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി ഒപ്പിട്ടു കൊടുത്തപ്പോള്‍ കൈ വിറച്ചു, ഒരു യുഗം അവസാനിക്കുന്നതിന്റെ പ്രതീകമായി ഇടതു തള്ളവിരല്‍ അമര്‍ത്തി വിരലടയാളം പതിച്ചുകൊടുത്തു.'
Join WhatsApp News
Philip 2017-06-09 07:46:37
എത്ര ധനവാൻ ആയാലും, ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്നു . ഒന്നുകിൽ സമാധാനത്തിനു  അല്ലെങ്ങിൽ സന്തോഷത്തിനു . അവിടെയാണ് ആത്മീയ ജീവിതത്തിന്റെ പ്രാധാന്യം വർത്തിക്കുന്നത് . ഓർത്താൽ ജീവിതമൊരു ചെറിയ  കാര്യം , ആർത്തി കാണിച്ചിട്ടെന്തു കാര്യം. ചെറിയവനും വലിയവനും ഒരുപോലെ ചോദിക്കുന്നു , ഈ ജീവിതമെനിക്കെന്തിന് തന്നു എന്ന് ...?
mathew v zacharia 2017-06-09 08:28:29
Well written to reflect our sojourn.
Mathew V. Zacharia, NEW YORK 
Sudhir Panikkaveetil 2017-06-09 16:36:54
ഇ മലയാളിയുടെ 2016 ലെ ഏറ്റവും നല്ല ലേഖകനുള്ള പുരസ്കാരം കൊടുത്തത് ജോൺ മാത്യുവിനാണ്.  അംഗീകാരങ്ങളും അവാർഡുകളും കൊടുക്കുന്നവരെയും കിട്ടുന്നവരെയും ആക്ഷേപിക്കുന്നവർ ഒന്നും വായിക്കാത്തവരാണ്. പരദൂഷണ വീരനും പാദസേവകരും പറയുന്നത് കേട്ട് ബഹളം വയ്ക്കുന്നവർ.  അവരോട് ക്ഷമിക്കേണ്ട കാര്യമില്ല. ഇതേപോലെ നല്ല ലേഖനങ്ങൾ എഴുതി അവരെ വിഷമിപ്പിക്കുക. അഭിനന്ദനം ശ്രീ ജോൺ മാത്യു.
andrew 2017-06-09 17:43:26
അവാര്‍ഡുകള്‍  ലഭിക്കും  വരെ  മീന്‍ കൊട്ടയുടെ  ചുറ്റിലും ഉള്ള ഈച്ച പോലെ 
അവാര്‍ഡുകള്‍  കിട്ടി ഇല്ലെങ്കില്‍  ' ഭ ആര്‍ക്കുവേണം  ഈ അവാര്‍ഡുകള്‍'
ഇ മലയാളി , വിചാരവേദി  അവാര്‍ഡുകള്‍ നല്ല selection തന്നെ നടത്തി .അഭിനന്ദനങ്ങള്‍ .
ശ്രി. ജോണ്‍ മാത്യു  നല്ല എഴുത്തുകളുടെ ഉടമ തന്നെ .
വീണ്ടും താങ്കളുടെ  തൂലിക ചലിക്കട്ടെ 
പച്ചമലയാളി 2017-06-10 12:52:03
വാർത്ത കണ്ടു . നിങ്ങൾ റൈറ്റർ ഫോറം ഏതൊ ബുക്കിറക്കി എന്നും മറ്റും. ജോൺ മാതു, പിന്നൈ, ആ മീശയുള്ള മാത്യു ഒക്കെ ആണല്ലോ റൈറ്റർ  ഫോം സ്ഥിരം ഭാരവാഹികൾ. നിങ്ങടയ് ആ ബുക് എവിടാ കിട്ടുക? ഒത്തിരി അടിച്ചോ? ആമസോണിൽ കിട്ടുമോ? നിങ്ങളിൽ ആരാ പ്രസിഡന്റ്?  ബുക് കിട്ടുംനിടം ഇവിടൈയാണ്? അല്ലെങ്കിൽ ജോൺ  മാത്യു ടെലിഫോൺ നമ്പർ തന്നാൽ മതി. മീശയുള്ള മാത്യുവും താങ്കളെപോലെ  എഴുത്തു കാരനാണോ? അവിടെയുള്ള മറ്റൊരു മലയാളം സൊസൈറ്റിയുടെ ബുക്ക് ഇവിടെ ന്യൂയോർക്കിൽ ധാരാളമായി അയച്ചു തന്നു. അത് നന്നായിരിക്കുന്നു. നിങ്ങടയ് ബുക്കും കണ്ടാൽ നന്നായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക