(പ്രിയ മാതാപിതാക്കളുടെ പാവന സ്മരണയില്‍ സമര്‍പ്പിക്കുന്നു)
ഓടിയെത്തീടുന്നു താതാ നിന് ചിന്തകള്‍
ഓര്‍മ്മയില്‍ ദീപം തെളിഞ്ഞതുപോല്
നിര്വ്വചിച്ചീടാനെനിക്കാവതില്ലല്ലോ
നിസ്തുലമാം നിന്റെ ധന്യ സ്നേഹം!
അമ്മ താരാട്ടുകള്‍ പാടുന്ന വേളയില്‍
ചെമ്മെ. നീ താളങ്ങള്‍ നല്കിയതും
അമ്പിളിയമ്മാവനെ പിടിച്ചീടുവാന്‍
എന്നെ നിന് തോളില്‍ ഉയര്‍ത്തിയതും
മുറ്റത്തു ഞാന്‍ മുദാ ഓടിക്കളിക്കവെ
വീഴാതെ നിന് കരം താങ്ങിയതും
മിന്നല്‍ പിണര്‍ കണ്ടു ഞാന്‍ ഭയന്നോടവെ
വാരിപ്പുണര്ന്നാശ്വസിപ്പിച്ചതും
വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, കളിപ്പാട്ടവും
വേണ്ടതെല്ലാം എനിക്കേകിയതും
എങ്ങും കുറവുകളൊന്നും ഭവിക്കാതെ
ഭംഗിയില്‍ കര്‍മ്മങ്ങള്‍ നീ ചെയ്തതും
എല്ലാം ഞാനോര്ക്കവെ എന്‍ പിതാവെ ഇന്നു
നല്കുന്നു നന്ദി നിനക്കായിരം;
നന്ദിയാല്‍ ഉതിരുന്ന കണ്ണീര് ഹാരവും
അര്‍ച്ചനാ പുഷ്പമായ് ഈ ഗിതവും!