Image

നാരായണ പണിക്കര്‍ക്ക് ഒഐസിസിയുടെ പ്രണാമം

Published on 01 March, 2012
നാരായണ പണിക്കര്‍ക്ക് ഒഐസിസിയുടെ പ്രണാമം
മെല്‍ബണ്‍: എന്‍എസ്എസ് പ്രസിഡന്റ് പി.കെ നാരായണ പണിക്കരുടെ ദേഹവിയോഗം ജനാധ്യപത്യ കേരളത്തിന് കനത്ത നഷ്ടമാണെന്ന് ഒഐസിസി ഓസ്‌ട്രേലിയ അഭിപ്രായപ്പെട്ടു. ശക്തമായ നേതൃപാടവം കൊണ്ട് ജനാധിപത്യ ചേരികളെ ഒന്നിപ്പിച്ചു നിര്‍ത്താനും വിദ്യാഭ്യാസ മേഖലയില്‍ എന്‍എസ്എസ്സിന് മുന്നേറ്റം നടത്തുവാനും കഴിഞ്ഞത് നാരായണ പണിക്കരുടെ പ്രയത്‌നം കൊണ്ടാണെന്ന് ഒഐസിസി അഭിപ്രായപ്പെട്ടു. 

രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാരായണ പണിക്കരുടെ ലളിത ജീവിതം മാതൃകയാണെന്നും അദ്ദേഹമെന്നും സമുദായ സൗഹാര്‍ദ്ദത്തിനു വേണ്ടി നിലകൊണ്ട വ്യക്തിയാണെന്നും ഒഐസിസി പ്രസിഡന്റ് ജോസ് എം. ജോര്‍ജ് പറഞ്ഞു. ലാളിത്യം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ജനമനസുകളില്‍ ഇടം നേടിയ വ്യക്തിയായിരുന്നു നാരായണ പണിക്കരെന്ന് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് അഭിപ്രായപ്പെട്ടു. 

മന്നത്തിനു ശേഷം പക്വമായ തീരുമാനങ്ങള്‍കൊണ്ട് മാനവീകതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്ന് ഓസ്‌ട്രേലിയന്‍ മലയാളി ചീഫ് എഡിറ്റര്‍ ലിനു സി. ടോം പറഞ്ഞു. ബ്രിസ്‌ബെയ്ന്‍ ഗാര്‍ഷോം പത്രം ചീഫ് എഡിറ്റര്‍ ബിജു തോമസ്, സിഡ്‌നി മലയാളി പത്രം ചീഫ് എഡിറ്റര്‍ തോമസ് കുരുവിള എന്നിവരും അനുസ്മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക