Image

ലിവിംഗ്‌സ്റ്റണ്‍ ദേവാലയത്തില്‍ പെരുന്നാള്‍ വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 26 June, 2011
ലിവിംഗ്‌സ്റ്റണ്‍ ദേവാലയത്തില്‍ പെരുന്നാള്‍ വര്‍ണ്ണാഭമായി
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ലിവിംഗ്‌സ്റ്റണിലുള്ള സെന്റ്‌ ജെയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഇടവകയുടെ കാവല്‍പിതാവായ വിശുദ്ധ യാക്കോബ്‌ ശ്ശീഹായുടെ നാമത്തിലുള്ള പെരുന്നാള്‍ വിപുലമായ പരിപാടികളോടെ ജൂണ്‍ അഞ്ചാംതീയതി ഞായറാഴ്‌ച ആചരിച്ചു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മകത്വത്തില്‍ നടത്തപ്പെട്ട പെരുന്നാള്‍ ശുശ്രൂഷകളിലും ഇതര ആഘോഷപരിപാടികളിലും ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ദേവാലയങ്ങളില്‍ നിന്നുമുള്ള വിശ്വാസി സമൂഹം ഉള്‍പ്പെട്ട വന്‍ ജനാവലി പങ്കെടുത്തു.

ഞായറാഴ്‌ച രാവിലെ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവിനെ ഇടവക വികാരി റവ.ഫാ. ഗീവര്‍ഗീസ്‌ ജേക്കബ്‌ ചാലിശ്ശേരി കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചു. ലുത്തിനിയ, പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, സ്വര്‍ഗ്ഗാരോഹണ ശുശ്രൂഷകള്‍എന്നിവയ്‌ക്ക്‌ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. റവ.ഫാ. പുന്നൂസ്‌ ചാലുവേലില്‍ (ക്‌നാനായ ആര്‍ച്ച്‌ ഡയോസിസ്‌), റവ.ഡീക്കന്‍ ഡോ. ജോയല്‍ ജേക്കബ്‌ എം.ഡി, റവ. ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു, റവ. ഡീക്കന്‍ ആകാശ്‌ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന പ്രദക്ഷിണത്തില്‍ കൊടി, മുത്തുക്കുടകള്‍ എന്നിവയേന്തി വിശ്വാസികള്‍ ഭക്തിയോടെ പങ്കെടുത്തു. ഇടവകയിലെ യൂത്ത്‌ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ചെണ്ടമേളം ചടങ്ങുകളെ ആകര്‍ഷകമാക്കി. ശാസ്‌ത്രീയമായ പരിശീലനത്തിനുശേഷം അരങ്ങേറിയ ചെണ്ടമേളത്തില്‍ സിമി, എബി. എല്‍ദോ, ബിഷു, മെവിന്‍, ജിജിന്‍ എന്നീ കലാകാരന്മാര്‍ ഉജ്ജ്വല പ്രകടനം കാഴ്‌ചവെച്ചു.

വിശുദ്ധ യാക്കോബ്‌ ശ്ശീഹായുടെ സുവിശേഷ പ്രവര്‍ത്തനങ്ങളും, ജീവിത ചരിത്രവും വിശദീകരിച്ചുകൊണ്ട്‌ വിശുദ്ധന്‍ കാട്ടിത്തന്ന മാതൃക നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ ആഹ്വാനം ചെയ്‌തു. പെരുന്നാള്‍ കുര്‍ബാന മധ്യേ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇടവക കൈവരിച്ച ആത്മീയവും ഭൗതീകവുമായ നേട്ടത്തില്‍ വൈദീകശ്രേഷ്‌ഠരേയും അംഗങ്ങളേയും മെത്രാപ്പോലീത്ത അനുമോദിച്ചു. വിഭവസമൃദ്ധമായ സദ്യ, നേര്‍ച്ചവിളമ്പ്‌, ലേലം, ആശീര്‍വാദം തുടങ്ങിയവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.

യല്‍ദോ വര്‍ഗീസ്‌ (കണ്‍വീനര്‍), ബിജു കുര്യന്‍ മാത്യു (ട്രഷറര്‍), ബിഷു പോള്‍ (സെക്രട്ടറി), സിമി ജോസഫ (പ്രസുദേന്തി), ജിമ്മി വര്‍ഗീസ്‌ (പ്രസുദേന്തി), മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
ലിവിംഗ്‌സ്റ്റണ്‍ ദേവാലയത്തില്‍ പെരുന്നാള്‍ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക