Image

കര്‍ക്കിടകം നമുക്ക് പഞ്ഞമാസമാണ് പക്ഷെ കര്‍ക്കിടകം രാമായണമാസമായത് എന്തുകൊണ്ട് ?

അനില്‍ കെ .പെണ്ണുക്കര Published on 22 July, 2017
കര്‍ക്കിടകം നമുക്ക് പഞ്ഞമാസമാണ് പക്ഷെ കര്‍ക്കിടകം രാമായണമാസമായത് എന്തുകൊണ്ട് ?
കര്‍ക്കിടകം നമുക്ക് പഞ്ഞമാസമാണ് .മലയാളിയുടെ പഞ്ഞകര്‍ക്കിടകം .നിലയ്ക്കാത്ത മഴയുടെയും രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും ദിവസങ്ങള്‍ .ഒരു പുതിയ പിറവിയെ കുറിച്ചുള്ള പ്രതീക്ഷയാണ് കര്‍ക്കടകത്തിലെ ഏക ആശ്വാസം .കര്‍ക്കിടകം രാമായണമാസമാകാന്‍ കാരണമെന്താണ്.
രണ്ടു ശുഭ കാര്യങ്ങള്‍ തമ്മില്‍ യോജിക്കേണ്ടതില്ല.ആ ശുഭത്തെ ശുദ്ധിയാക്കുകയാണ് ശുഭത്തിന്റെ ലക്ഷ്യം.ജ്യൊതിഷമനുസരിച്ച് കര്‍ക്കടക രാശിയില്‍ സൂര്യന്‍ നീചസ്ഥാനത്താണ് .ഫലം ശാരീരിക ഷീണവും മനൊദുഖവും .ശ്രീരാമന്‍ സൂര്യവംശജനാണ് .സൂര്യവംശിയായ രാമനാമം സൂര്യപ്രീതിക്ക് കാരണമാകുന്നു.മാത്രമല്ല ,രമ എന്നീ ബീജാക്ഷരങ്ങളുടെ നിരന്തരമായ ഉച്ചാരണ ധ്വനി അസാധാരണമായ വേഗത്തില്‍ നമ്മുടെ നാഡി വ്യവസ്ഥയെയും രക്ത ചംക്രമണത്തെയും അന്തരീക്ഷത്തെയും ക്രമമായി ഉത്തേജിപ്പിക്കുകയും വിമലീകരിക്കുകയും ചെയ്യുന്നു.

വാത്മീകി മഹര്‍ഷി രാമായണമെഴുതിയ ശേഷം ലവകുശന്മാരെ കൊണ്ടാണ് (സീതാദേവിയുടെ മക്കള്‍) ആദ്യം പാടിച്ചത്. ഇത് ഒരു കര്‍ക്കടകമാസത്തിലായിരുന്നു. കര്‍ക്കടകമാസം പൊതുവെ നിഷ്ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതില്‍ നിന്നുള്ള മോചനത്തിന് പൂര്‍വ്വസ്വരൂപികളായ ആചാര്യന്മാര്‍ നല്‍കിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും.

രാമന്‍ ജനിച്ചത് കര്‍ക്കടക ലഗ്‌നത്തിലാണ്. വ്യാഴന്‍ ഉച്ചനാകുന്നത് കര്‍ക്കടകത്തിലാണ്. ദശരഥപുത്രന്മാരെ.ല്ലാം വ്യാഴന്‍ ഉച്ചനായാണ് ജനിച്ചത്. ജ്യോതിശാസ്ത്രത്തിലെ നാലാമത്തെ രാശിയാണ് കര്‍ക്കടകം. ഞണ്ടാണ് അടയാളം. ജനനസമയത്തു തന്നെ മാതൃഹത്യ ചെയ്യുന്ന സ്വഭാവമാണ് ഞണ്ടിന്റേത്. ഏറ്റവും വലിയ മഹാപാപമായ മാതൃഹത്യയ്ക്കുവരെ കര്‍ക്കടകത്തില്‍ രാമായണം വായിച്ചാല്‍ പരിഹാരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

കാലപുരുഷന്റെ മനസ്സാണ് കര്‍ക്കടകം. പുരാണങ്ങള്‍ പലതുണ്ടെങ്കിലും ഒരു വ്യക്തി മരണശയ്യയില്‍ കിടക്കുമ്പോള്‍ രാമായണപാരായണം കേള്‍പ്പിക്കുന്നു. മരിച്ച വ്യക്തിയുടെ ബോഡി കിടക്കുമ്പോഴും രാമായണ പാരായണം നടത്തുന്നു. ദശരഥപുത്രന്മാരുടെ ചന്ദ്രന്‍ നില്‍ക്കുന്നത് കര്‍ക്കടക രാശിയിലാണ്.കര്‍ക്കടകത്തിലെ രാമായണ വായനയുടെ പരിസമാപ്തിയില്‍ മൂന്നു തവണ പനിനീരിനാല്‍ രാമാഭിഷേകം ചെയ്ത് ആയിരത്തെട്ടു പൊന്നിന്‍ കലശങ്ങളാല്‍ അഭിഷേകം മനസ്സാല്‍ പൂര്‍ത്തിയാക്കി ഭക്ത്തര്‍ സായൂജ്യത്തിലെത്തുന്നു.പിന്നീട് ഉദിക്കുന്ന കാലത്തിന് ബാലസൂര്യന്റെ ചൈതന്യമാണ് .ആലസ്യവും നീച്ചത്വവും വിട്ടുമാറി ആദിത്യന്‍ ആയിരം കോടി പ്രഭ ചുരത്തുന്നു .ഒരു വര്‍ഷത്തെ മുഴുവന്‍ സദ്ഫലമാണ് രാമായണ വായനയിലൂടെ ലഭിക്കുന്നത് മനുഷ്യജീവിതത്തിലെ പാപങ്ങളും ദുരിതങ്ങളും കര്‍മ്മദൊഷങ്ങളും രാമായണ സമൃതിയിലൂടെ ഇല്ലാതാകുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക