Image

മാനവികതക്ക് പുതിയ അര്‍ഥ തലം നല്‍കി ഫോമാ വനിതാ നേതാവ് രേഖാ നായര്‍

Published on 25 July, 2017
മാനവികതക്ക് പുതിയ അര്‍ഥ തലം നല്‍കി ഫോമാ വനിതാ നേതാവ് രേഖാ നായര്‍
ഫോമയുടെ നാഷണല്‍ കമ്മറ്റി മെമ്പറും വിമന്‍സ് ഫോറം സെക്രട്ടറിയുമായ രേഖ നായര്‍ എന്ന ബഹുമുഖ പ്രതിഭ ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല, അവയവ ദാനം ചൈതന്യവത്താക്കുന്ന ലോകത്തെ സുമനസ്സുകള്‍ക്കും കൂടി മഹത്തായ മാതൃകയും ജീവസ്സുറ്റ പ്രതീകവുമായി മാറിയിരിക്കുന്നു. നേരിട്ട് പരിചയമില്ലാതിരുന്നിട്ടും താന്‍ ജീവിക്കുന്ന കര്‍മഭൂമിയിലെ ഒരു സഹോദരിയുടെ ജീവന് തുടിപ്പേകാന്‍ രേഖ സ്വന്തം വൃക്ക നല്‍കി മാനവികതയ്ക്ക് സാഹോദര്യത്തിന്റെയും സമഭാവനയുടെയും മറ്റൊരര്‍ത്ഥം കല്‍പ്പിച്ചിരിക്കുകയാണ്. അവയവദാന വാര്‍ത്തകള്‍ വലിയ പബ്ലിസിറ്റി നേടുന്ന ഇക്കാലത്ത് തന്റെ അപൂര്‍വ ദാനത്തിന്റെ തീരുമാനവും തുടര്‍ന്നുള്ള ശസ്ത്രക്രിയയുമെല്ലാം രേഖയും കുടുംബവും രഹസ്യമാക്കി വയ്ക്കുകയാണുണ്ടായത്. എന്നാല്‍ ഓപ്പറേഷനു ശേഷം രേഖയുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ അല്പം മടിയോടുകൂടിയാണെങ്കിലും അവര്‍ നല്‍കുകയായിരുന്നു. കാരണം ഇത് വെറുമൊരു സെന്‍സേഷണല്‍ വാര്‍ത്തയല്ല, മറിച്ച് മറ്റൊരു വലിയ സന്ദേശമാണ്. 

ഇക്കഴിഞ്ഞ ജൂലൈ 11-ാം തീയതി ന്യൂജേഴ്‌സിയിലെ ലിവിങ്സ്റ്റണിലുള്ള സെന്റ് ബര്‍ണബാസ് ആശുപത്രിയില്‍ വച്ചായിരുന്നു, അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സഹജീവി സ്‌നേഹ ചരിത്രത്തില്‍ ഇടം പിടിച്ച ആ ശസ്ത്രക്രിയ നടന്നത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന രേഖ നായര്‍, ന്യൂജേഴ്‌സിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉദ്യോഗസ്ഥയായ ദീപ്തി നായര്‍ എന്ന 35കാരിക്കാണ് വൃക്ക ദാനം ചെയ്തത്. കലാപ്രതിഭകള്‍ എന്ന നിലയില്‍ പല വേദികളില്‍ വച്ച് കണ്ടിട്ടുള്ള പരിചയം മാത്രമേ ദീപ്തിയും രേഖയും തമ്മിലുള്ളൂ. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ഡാറ്റാ അനലിസ്റ്റായ രേഖയും വൃക്ക സ്വീകരിച്ച ദീപ്തിയും ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് ഊര്‍ജ്വസ്വലതയോടെ മടങ്ങി വരുമ്പോള്‍ രേഖയുടെ ഭര്‍ത്താവ്, ചങ്ങനാശേരി സ്വദേശി നിഷാന്ത് നായര്‍, രേഖയുടെ മാതാപിതാക്കള്‍ തുടങ്ങിയവരുടെ സന്മനസ്സിനു മുമ്പില്‍ നന്ദിയെഴുന്ന കൂപ്പുകൈ.

വൃക്ക ദാനം ചെയ്ത സാഹചര്യത്തെക്കുറിച്ച് രേഖാ നായര്‍ പറഞ്ഞതിങ്ങനെ...''നന്നായി പാട്ടുപാടുകയും ഡാന്‍സ് കളിക്കുകയും ഒക്കെ ചെയ്യുന്ന ദീപ്തിയെ ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. കിഡ്‌നി തകരാറിലായിരിക്കുമ്പോഴും ദീപ്തി വേദികളില്‍ നന്നായി പെര്‍ഫോം ചെയ്യുമായിരുന്നു. താനൊരു അസുഖക്കാരിയാണെന്ന രീതിയിലായിരുന്നില്ല ദീപ്തിയുടെ പ്രകടനങ്ങള്‍. പിന്നീടാണ് ഞാന്‍ രോഗവിവരം അറിയുന്നത്. ഡയാലിസിസിലൂടെയായിരുന്നു ദീപ്തിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന കാര്യമല്ലേ, വൃക്ക നല്‍കാന്‍ ഞാന്‍ മനസാ തീരുമാനിച്ചു. എന്നാല്‍ ഇതിന്റെ ഫോര്‍മാലിറ്റീസൊന്നും അറിയില്ലായിരുന്നു. അതേ സമയം വൃക്ക നല്‍കാന്‍ ഞാന്‍ തയ്യാറാണെന്നുള്ള കാര്യം ദീപ്തിയെ അറിയിച്ചു. മറുപടി അറിയിക്കണമെന്ന് പറയുകയും ചെയ്തു...' രേഖ തുടര്‍ന്നു.

'ഏതാനും മാസത്തേയ്ക്ക് വിവരമൊന്നും കിട്ടാതായപ്പോള്‍ കാര്യങ്ങളെന്തായി എന്ന് ഞാന്‍ ദീപ്തിയോട് ചോദിച്ചു. ആരും തയ്യാറായി വന്നിട്ടില്ല എന്നായിരുന്നു മറുപടി. എന്റെ സന്നദ്ധത ഞാന്‍ വീണ്ടും വെളിപ്പെടുത്തി. ദീപ്തിയും കുടുംബവും സമ്മതിച്ചു. ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി. പിന്നെ ടെസ്റ്റുകള്‍ക്കായി ആശുപത്രി അധികൃതര്‍ വിളിപ്പിച്ചു. ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ പോസിറ്റീവായ റിസല്‍റ്റാണുണ്ടായത്. കിഡ്‌നി നല്ല മാച്ചാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അങ്ങനെ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ പൊമോണയിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് പോരുകയായിരുന്നു...' 

തൊടുപുഴ സ്വദേശി രാമചന്ദ്രന്‍, കോട്ടയം സ്വദേശിനി ദേവകി എന്നിവരുടെ മകളാണ് രേഖാ നായര്‍. വൃക്ക ദാനം ചെയ്യാനുള്ള തീരുമാനം രേഖയുടേത് മാത്രമായിരുന്നു. എന്നാല്‍ ഈ തീരുമാനം കേട്ടപ്പോള്‍ മാതാപിതാക്കള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ രേഖയുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ അവര്‍ മൗനസമ്മതം നല്‍കുകയായിരുന്നു. രേഖയുടെ ഭര്‍ത്താവ് നിഷാന്ത് ഈ തീരുമാനത്തെ എതിര്‍ത്തില്ലെങ്കിലും അല്പം ഭയമുണ്ടായിരുന്നു. എന്നാല്‍ നിഷാന്തിന്റെ സഹോദരി ഡോ. നിഷ പിള്ളയുടെ അളവറ്റ പ്രോത്സാഹനവും ഓപ്പറേഷന് മുമ്പ് ആശുപത്രി അധികൃതര്‍ നല്‍കിയ ക്ലാസ്സുകളുമൊക്കെ തങ്ങളുടെയെല്ലാം ഭയം മാറ്റിയെന്ന് നിഷാന്തിനെ സാക്ഷ്യപ്പെടുത്തി രേഖാ നായര്‍ വ്യക്തമാക്കി. 

വീണ്ടും രേഖയുടെ തന്നെ വാക്കുകളിലേക്ക് 'നമ്മളെ പോലെ എല്ലാവര്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടല്ലോ. എന്റെ പ്രായമുള്ള ഒരാള്‍, അവര്‍ക്കും എന്നെ പോലെ തന്നെ ജീവിക്കുവാനുള്ള ആഗ്രഹമുണ്ടാകുമല്ലോ. ഇങ്ങനെയൊരു അസുഖം വന്നു പോയതുകൊണ്ട് ദീപ്തി എന്തു തെറ്റാണ് ചെയ്തത്. കിഡ്‌നിയും ഹാര്‍ട്ടും ലിവറുമൊക്കെ നമുക്ക് ദൈവം തരുന്നതാണ്. അവയൊന്നും കടയില്‍ പോയി കാശ് കൊടുത്ത് വാങ്ങാന്‍ പറ്റുകയില്ല. ദൈവം സൃഷ്ടിച്ച നമ്മള്‍, അവ മറ്റൊരാള്‍ക്ക് ദാനം ചെയ്യുമ്പോള്‍ അവരും ജീവിക്കുകയല്ലേ...നമ്മള്‍ അവരെ ജീവിക്കുവാന്‍ സഹായിക്കുകയല്ലേ...ഇത് വലിയൊരു തുടര്‍ച്ചയാണ്. എല്ലാവരും അതിനോട് യോജിക്കണമെന്നില്ല. ഇത്തരം കാര്യങ്ങളില്‍ ഞാന്‍ ആരോടും നോ പറയുകയില്ല. എന്റെ മാത്രം ഇഷ്ടപ്രകാരമാണ് ഞാനിത് ചെയ്തത്. അവയവ ദാനം മഹത്തായ ഒരു കര്‍മ്മമാണ്. എന്നാല്‍ ഇതിന് വ്യക്തമായ ബോധവത്ക്കരണം നമ്മുടെ സമൂഹത്തില്‍ കാലാകാലങ്ങളില്‍ ഉണ്ടാവേണ്ടതുണ്ട്...'

സ്വന്തം വൃക്ക നല്‍കി ഈ കര്‍മത്തിന്റെ മഹത്വത്തെ പറ്റി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹങ്ങളില്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളോടെ പ്രഭാഷണങ്ങള്‍ നടത്തി വരുന്ന ചിറമ്മേല്‍ അച്ചന്റെ വഴിയിലൂടെയാണ് രേഖാ നായരും സഞ്ചരിക്കുന്നത്. വൃക്ക ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എവിടെയും സംസാരിക്കാന്‍ തന്റെ എളിയ സാന്നിദ്ധ്യം ഉണ്ടാവുമെന്ന് രേഖാ നായര്‍ ഉറപ്പു നല്‍കുന്നു. അതിനായി ഫോമയുടെ വിശാലമായ പ്ലാറ്റ്‌ഫോം രേഖയ്ക്കായി തുറന്നു കിടക്കുന്നു. തനിക്ക് രണ്ടാം ജന്മം നല്‍കിയ രേഖയുടെ സഹനത്തിന് നന്ദി പറയുവാന്‍ ദീപ്തിക്ക് വാക്കുകളില്ല.  

ന്യൂയോര്‍ക്കില്‍ ജനിച്ച് വളര്‍ന്ന രേഖാനായര്‍ മൗണ്ട് വെര്‍നോന്‍ ഹൈസ്‌ക്കൂളിലാണ് പഠിച്ചത്. ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിസിനസ്സില്‍ ബിരുദവും എച്ച് ആര്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദവും സ്വന്തമാക്കി. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മലയാളികള്‍ മലയാളം സംസാരിക്കാത്ത സാഹചര്യത്തില്‍ രേഖാ നായര്‍ മാതൃഭാഷയില്‍ സംസാരിക്കുന്നത് ഏവരേയും അത്ഭുതപ്പെടുത്തും. മലയാളത്തിലെ ഈ പ്രാവീണ്യം കൊണ്ടാണ് ഏഷ്യാനെറ്റ്, പ്രവാസി ചാനല്‍, മഴവില്‍ എഫ്.എം റേഡിയോ തുടങ്ങിയ സ്ഥാപനങ്ങളില്‍ രേഖയ്ക്ക് വാര്‍ത്താ അവതാരക എന്ന നിലയില്‍ തിളങ്ങാനായത്. മികച്ച നര്‍ത്തകി കൂടിയായ രേഖ ഭരതനാട്യം, മോഹിനിയാട്ടം, കഥക്, കഥകളി തുടങ്ങിയവയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ കലാകേന്ദ്ര എന്ന പേരില്‍ ഡാന്‍സ് സ്‌ക്കൂളും രേഖ നടത്തുന്നുണ്ട്. ആറു വയസുള്ള ദേവി, മൂന്നു വയസുകാരന്‍ സൂര്യ എന്നിവരാണ് രേഖ-നിഷാന്ത് ദമ്പതികളുടെ മക്കള്‍. നൃത്തത്തിലും സംഗീതത്തിലും എന്ന പോലെ ദൃശ്യ മാധ്യമ രംഗത്തും തിളങ്ങുന്ന വനിതയാണ് രേഖയുടെ സ്‌നേഹമറിഞ്ഞ കുടുംബിനി ദീപ്തി നായര്‍. 

മാനവികതക്ക് പുതിയ അര്‍ഥ തലം നല്‍കി ഫോമാ വനിതാ നേതാവ് രേഖാ നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക