Image

പ്രസിദ്ധിക്കു പിന്നാലെ പോയി; വീണത് പടുകുഴിയില്‍ (അധ്യായം 22: ഫ്രാന്‍സിസ് തടത്തില്‍)

Published on 26 July, 2017
പ്രസിദ്ധിക്കു പിന്നാലെ പോയി; വീണത് പടുകുഴിയില്‍ (അധ്യായം 22: ഫ്രാന്‍സിസ് തടത്തില്‍)
പത്രപ്രവര്‍ത്തകരില്‍ നിന്ന് പബ്ലിസിറ്റി നേടുന്നതിനുള്ള കുറുക്കുവഴികള്‍ തേടിയ രാജു നാരായാണ സ്വാമി എന്ന നിഷ്‌ക്കളങ്കനും എടുത്തു ചാട്ടക്കാരനുമായ ഐ.എ.എസുകാരന് എപ്പോഴും ചെന്നു പെടുന്നത് പടുകുഴിയില്‍ തന്നെയായിരുന്നു. ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കാതെ തീരുമാനങ്ങളെടുത്തിരുന്ന സ്വാമിക്ക് പലപ്പോഴും ലഭിച്ചതാകട്ടെ നെഗറ്റീവ് പബ്ലിസിറ്റിയും.. ഊരാക്കുടുക്കില്‍പ്പെട്ട് ഇമേജ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലാകുമ്പോഴാണ് എന്നെപ്പോലെയുള്ളവരെ ഒക്കെ ഓര്‍ക്കാറുള്ളൂ. പ്രശ്‌നങ്ങള്‍ കെട്ടടങ്ങിക്കഴിയുമ്പോള്‍ വിളിക്കും 'എങ്ങനെയാണ് ഒരു ക്ലീന്‍ ഇമേജ് ഉണ്ടാക്കുക?' ഞാന്‍ തമാശക്കു പറയും ഡല്‍ഹിയില്‍ അല്‍ഫോന്‍സ് കണ്ണന്താനം ചെയ്തതു പോലെ ഇടിച്ച് നിരപ്പാക്ക്. എന്നാല്‍ എന്റെ വാക്ക് പിന്നീട് അക്ഷരംപ്രതി അദ്ദേഹം പാലിച്ചു എന്നത് ചരിത്രസത്യം.

ചില കഥകള്‍ വിവരിക്കാം.

ആ സമയം പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന കാലഘട്ടമായിരുന്നു. ജില്ലാ വരണാധികാരി എന്ന നിലയില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ജില്ലാ ഭരണ കൂടത്തിനു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സ്വാമി എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കിക്കൊണ്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ ഇറക്കി. തന്റെ സീനിയറും മുന്‍ ജില്ലാകളക്ടറുമായ ടിക്കാറാം മിണ എം.ഡി.യായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില) ലഭിച്ചു. ഒരു കുറിമാനം. പക്ഷേ മിണ സാങ്കേതികത്വം പറഞ്ഞ് ഔദ്യോഗിക കാറ് നല്‍കാനാവില്ലെന്ന് മറുപടി അയച്ചു.

ആവശ്യത്തിലേറെ വാഹനം ലഭിച്ചിട്ടും സ്വാമി കാറ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. പോലീസും ടോവിംഗ് ട്രക്കുമായി കിലയുടെ ആസ്ഥാനത്തേക്ക് സ്വാമി പുറപ്പെട്ടപ്പോഴേക്കും മിണ ഓഫീസ് ഗേറ്റ് അടച്ച് താഴിട്ട് പൂട്ടി. താഴു പൊളിപ്പിച്ച് അകത്തുകടന്ന് കാറ് കെട്ടിവലിച്ച് കളക്ടറേറ്റിലേക്ക് കൊണ്ടുവന്നു. അദ്ദേഹം കളക്ടറുടെ ചേംബറില്‍ എത്തുംമുമ്പ് മുഖ്യമന്ത്രി, ചീഫ്‌സെക്രട്ടറി, മന്ത്രിമാര്‍ തുടങ്ങിയവരുടെ ഫോണ്‍ കോളുകള്‍വന്നു. പിടിച്ചെടുത്ത വാഹനം അതേപടി തിരിച്ചേല്‍പ്പിക്കാനായിരുന്നു ഉത്തരവ്. തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയമായതിനാല്‍ ഈ ഉത്തരവ് ബാധകമല്ലെന്നായിരുന്നു സ്വാമിയുടെ വാദം. മീണ സ്വാമിക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷനും കോടതിയിലും പരാതി നല്‍കി. സ്വാമിയെ തെരഞ്ഞെടുപ്പു കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. വണ്ടി പിടുത്തക്കാരെപ്പോലെ ഗേറ്റ് പൊളിച്ച് വണ്ടിപിടിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇത് ഒരുതരം മോഷണശ്രമം പോലെയാണെന്നും കോടതി നിരീക്ഷിച്ചു. പിറ്റേന്നു തന്നെ പിടിച്ചെടുത്ത കാര്‍ കിലയുടെ മുമ്പിലെത്തി. അങ്ങനെആദ്യത്തെ നെഗറ്റീവ് പബ്ലിസിറ്റി ഒന്നാം പേജിലെ മുഖ്യവാര്‍ത്തയായി.
ഇതൊക്കെത്തന്നെയാണെങ്കിലും ആരോടും മുഖം കറുപ്പിച്ച് സംസാരിക്കാന്‍ എപ്പോഴും പുഞ്ചിരിതൂകുന്ന മുഖത്തോടെയുള്ള ഈ ബ്രാഹ്മണനു കഴിയുമായിരുന്നില്ല. ഒരു സിവില്‍ സര്‍വന്റിന്റെ പരിമിതികള്‍ പലപ്പോഴും സ്വാമിയെ പൊതുമധ്യത്തില്‍ അവഹേളിപ്പിക്കാന്‍ പത്താം തരംപോലും പാസാകാത്ത രാഷ്ട്രീയ ഹിജഡകള്‍ നടത്തിയ സംഭവങ്ങള്‍ ഹൃദയഭേദകമാണ്.

ഒരിക്കല്‍ ഒരു പൊതു സമ്മേളനത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നാരോപിച്ച് അന്നത്തെ കൃഷി മന്ത്രിയായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പില്‍ (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) പറഞ്ഞ വാക്കുകള്‍വേദനിപ്പിക്കുന്നതായിരുന്നു. സംഘാടകരിലാരുടെയോ പക്കല്‍ നിന്നും സംഭവിച്ച തെറ്റിന് ബലിയാടാകേണ്ടി വന്നതാകട്ടെ കളക്ടര്‍. പ്രോട്ടോക്കോള്‍ പ്രകാരം സ്ഥലം എം.എല്‍.എ. അധ്യക്ഷനാകേണ്ട ചടങ്ങില്‍ കളക്ടറെയായിരുന്നു അധ്യക്ഷനാക്കിയത്. അതില്‍ പ്രതിഷേധിച്ച് എം.എല്‍.എ. വേദിയില്‍ നിന്നിറങ്ങിപ്പോയി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്! കണിയാംപറമ്പില്‍ശകാരവര്‍ഷം കൊണ്ടു പൊതിഞ്ഞു 'താനെന്തൊരു ഐ.എ.എസുകാരനാടോ. ഐ.എ.എസ്. എന്ന മൂന്നക്ഷരം തൂക്കിക്കൊണ്ടു നടന്നാല്‍ മാത്രം പോരാ ഭരിക്കാന്‍ അറിയണം. പറ്റില്ലെങ്കില്‍ ഈ പണി ഉപേക്ഷിച്ച് പഠിച്ച പണിക്കുപോ. താന്‍ ജനപ്രതിനിധിയെയാ പഠിപ്പിക്കുന്നത്. അധികാര വികേന്ദ്രീകരണം എന്തെന്ന് തനിക്കറിയുവോ.' പൊതു മധ്യത്തില്‍ തുണിയുരിഞ്ഞ അവസ്ഥപോലെയായി സ്വാമി. 'ക്ഷമിക്കണം. ഞാനറിഞ്ഞില്ല'.ഒറ്റ വാക്കില്‍ സ്വാമി മറുപടി പറഞ്ഞു.

ഗാന്ധിയുടെ സ്വപ്നമായ ത്രിതല പഞ്ചായത്തിലേക്കുള്ള അധികാര വികേന്ദ്രികരണംനടത്തിയപ്പോള്‍ രൂപീകരിച്ചതായിരുന്നു കില. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും എന്ന വിഷയത്തില്‍ ഇത്രമേല്‍ അറിവും അവഗാഹവുമുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തില്‍ സ്വാമിയെക്കാള്‍ മുകളില്‍ മറ്റൊരാള്‍ മാത്രമേഉണ്ടായിരുന്നുള്ളൂ അക്കാലത്തു.. അന്നത്തെ ധന മന്ത്രിയായിരുന്നഡോ. തോമസ് ഐസക്കായിരുന്നു ഇക്കാര്യത്തില്‍ ആഴമായ അറിവുണ്ടായിരുന്ന മറ്റൊരു വ്യക്തി.  ന്യൂജേഴ്‌സിയിലെ മോണ്ട് ക്ലെയര്‍ സര്‍വകലാശാലയില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. തോമസ് ഐസക്കിന്റെ ഗവേഷണ വിഷയമായിരുന്നു 
Decentralization of Power to the local government. അതുകൊണ്ടുതന്നെ ജാനകീയാസൂത്രണം എന്ന ആശയം അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കൊണ്ടുവന്നതിലെ സൂത്രധാരന്‍ ഇദ്ദേഹം തന്നെ ആയിരുന്നു. തോമസ് ഐസക്കിന്റെ ഈ ആശയം അഴിമതിരഹിതമായി നടപ്പിലാക്കിയിരുന്നുവെങ്കില്‍ കേരളംവികസനത്തിന്റെ നെറുകയില്‍ എത്തുമായിരുന്നുവെന്നും പിന്നെയങ്ങോട്ടുയുഡിഫിനു കാഴ്ചക്കാരായി നില്‍ക്കേണ്ടി വരുമായിരുന്നുവെന്നും അവര്‍ക്കുതന്നെ അറിയാമായിരുന്നു. ഏതായാലും തോമസ് ഐസക്കിന്റ്റെ സ്വപ്നം സഖാക്കള്‍ തന്നെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി തകര്‍ത്തു പൊളിച്ചടുക്കി. 

കൃഷ്ണന്‍ കണിയാം പറമ്പിലിനു സ്വാമി ഉചിതമായ ഒരു മറുപടിയാണ് പിന്നീട് നല്‍കിയത്. ഈ സംഭവമുണ്ടായി അഞ്ചു മാസത്തിനുള്ളില്‍ ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണം ത്രിതല പഞ്ചായത്ത് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി 10 പുസ്തകങ്ങള്‍ എഴുതി ഒറ്റയടിക്ക് ഒരേ വേദിയില്‍ വച്ച് പ്രകാശനം ചെയ്ത് റിക്കാര്‍ഡ് സൃഷ്ടിച്ചു. ഇതില്‍ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തതാകട്ടെ അന്ന് തന്നെ ആക്ഷേപിച്ച മന്ത്രി കൃഷ്ണന്‍ കണിയാം പറമ്പിലും, ഒരു പക്ഷേ അധികാര വികേന്ദ്രീകരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്തെന്ന് അദ്ദേഹം മനസിലാക്കിയത് ഈ പുസ്തകം വായിച്ചിട്ടാകാം.

സ്വാമിയെക്കുറിച്ചുള്ള മറ്റൊരു അപവാദം അദ്ദേഹം ഒരു ഫയലിലും ഒപ്പു വയ്ക്കുകയില്ലെന്നാണ്. എന്നാല്‍ പാതിരാത്രി വരെ ഓഫീസില്‍ കുത്തിയിരുന്ന് ഫയല്‍ വായിച്ച് നോട്ട് ഉണ്ടാക്കി സബ് കളക്ടര്‍മാര്‍ക്കും ഡപ്യൂട്ടി കളക്ടര്‍മാര്‍ക്കും അയച്ചു കൊടുക്കും അവരായിരിക്കും ഫയലില്‍ ഫോര്‍ ജില്ലാ കളക്ടര്‍ എന്നു പറഞ്ഞു ഒപ്പു വയ്ക്കുക. അദ്ദേഹം ഒപ്പുവച്ചു ഫയലുകളെല്ലാം തന്നെ വിവാദമാകുകയും ചെയ്യും.

ചുരുങ്ങിയകാലം കളക്ടറായിരിക്കെ നൂറുകണക്കിനു കേസുകളാണ് സ്വാമിക്കെതിരെ വന്നത്. എന്തിനെയും വാശിയോടെ കാണുന്ന സ്വാമി പ്രൈവറ്റായി എല്‍എല്‍ബി പഠിച്ച് അതും ഒന്നാം റാങ്കോടെ പാസായി. ഇപ്പോള്‍ സ്വന്തം കേസുകള്‍ സ്വന്തം വാദിക്കുന്നു. തൃശൂരിലെ പട്ടാളം മാര്‍ക്കറ്റ് (ആക്രിസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥലം) ഒഴിപ്പിക്കാന്‍ ബുള്‍ഡോസറുമായി ഒരു പുലര്‍കാലെ സ്വാമി നടത്തിയ ഓപ്പറേഷന്‍ അഭിനന്ദനമര്‍ഹിക്കുന്നതാണ്. പ്രതിഷേധത്തിനു നടുവില്‍ ഒറ്റ ദിവസം കൊണ്ട് സ്വാമി മാര്‍ക്കറ്റ് പൊളിച്ചടുക്കി. 

എന്നിട്ട് നഗരസഭ വഴി പുതിയ കെട്ടിടമുറികള്‍ നിര്‍മ്മിച്ച് അവര്‍ക്കു തന്നെ വാടകയ്ക്കു നല്‍കി. ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയില്‍ കുപ്പി കഴുത്തുപോലെ ഗതാഗത കുരുക്ക് സൃഷ്ട്ടിച്ചു കൊണ്ടിരുന്ന ഈ മാര്‍ക്കെറ്റ് പൊളിച്ചു പുനര്‍ നിര്‍മിച്ചതോടെ അവിടേക്കുള്ള വന്‍ഗതാഗത കുരുക്കാണ് ഒഴിവായത്.
ഒരിക്കല്‍ ഞാന്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോള്‍ സ്വാമിയെ സെക്രട്ടറിയേറ്റില്‍ വച്ച് കാണാനിടയായി. ഏതു ഡിപ്പാര്‍ട്ടുമെന്റിലാണെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു. 
Government Under Secretary without any Portfolio അവിശ്വസനീയം തന്നെ! ഇത്ര മിടുക്കനായ ഒരു ഐ.എ.എസ്. ഓഫീസര്‍ക്ക് യാതൊരു തസ്തികയും നല്‍കാതെ ഓഫീസും നല്‍കാതെ സെക്രട്ടറിയേറ്റില്‍ മൂന്നു മാസക്കാലം വെറുതെ ഇരുത്തി. പേര് പണിഷ്‌മെന്റ്. അക്കാലമത്രയും അദ്ദേഹത്തിനു നല്‍കിയ ശമ്പളം പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ നിന്ന്. എല്‍ഡിഫ് സര്‍ക്കാര്‍ മാറി യുഡിഫ് സര്‍ക്കാര്‍ വന്നിട്ടും സ്വാമിക്ക് നീതി ലഭിച്ചില്ല. ആന്റണി സര്‍ക്കാരിന്റ്‌റെ കാലത്തുപോലും മാന്യമായ ഒരു വകുപ്പ് ലഭിക്കാന്‍ സ്വാമിക്കായില്ല.

ആന്റണി സര്‍ക്കാര്‍ മാറി അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്വാമിയെ സെക്രെട്ടറിയേറ്റില്‍ നിന്നും വീണ്ടും മാറ്റി.. അദ്ദേഹത്തെ ഇടുക്കി ജില്ലാ കളക്ടര്‍ ആയി നിയമിച്ചു കൊണ്ടായിരുന്നു പുതിയ നിയമനം. സ്വാമിയെ വീണ്ടും തരാം താഴ്ത്തി എന്നായിരുന്നു പലരും വിചാരിച്ചത്. അച്യുതാനന്ദന്റെ സമാന ചിന്താഗതിക്കാരനായ സ്വാമിയുടെ നിയമനത്തിനു പിന്നില്‍ അച്യുതാന്ദന് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പില്‍കാലസംഭവങ്ങള്‍ സാക്ഷ്യമായി. മൂന്നാറിലെ ചരിത്രപരമായ സര്‍ക്കാര്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കല്‍ പൊളിച്ചടുക്കല്‍ ഓപ്പറേഷന്‍ മറക്കാന്‍ കഴിയാത്ത ഡല്‍ഹി ചേരി പൊളിക്കല്‍ നീക്കത്തെ വെല്ലുന്നതാണെന്നു പറയാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്‍ഡിഫ് ഭരണണകാലത്തു നടന്ന രവീന്ദ്രന്‍ വ്യാജ പട്ടയത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഏക്കര്‍ കണക്കിന് ഭൂമിയില്‍ നക്ഷത്ര റിസോര്‍ട്ടുകള്‍ പടുത്തുയര്‍ത്തിയ വന്തോക്കുകളെയാണ് ഇക്കുറി സ്വാമിയുടെ നേതൃത്വത്തില്‍ നിര്‍ഭയമായി നേരിട്ടത്. നക്ഷത്ര റിസോര്‍ട്ടുകള്‍ പൊളിച്ചു സ്വാമിയുടെ നേതൃത്വത്തില്‍ പോലീസ് അകമ്പടിയോടെ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ ഈ പൊളിച്ചടുക്കല്‍ യത്‌നം മാസങ്ങളോളംനീണ്ടു നിന്നു. മുഖ്യമന്ത്രിയുടെ ഊറ്റമായ പിന്തുണയും ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുംകൂടിയായപ്പോള്‍ സ്വാമിക്കും ഒപ്പമുള്ള ചങ്കുറ്റമുള്ള ഉദ്യോഗസ്ഥര്‍ക്കും ലക്ഷ്യത്തിലേക്കുള്ള നീക്കം അനുസ്യുയമായിരുന്നു. കോളിളക്കം സൃഷ്ടിച്ച ഈ പൊളിച്ചടുക്കല്‍ ശ്രമത്തിനു എല്‍ഡിഫില്‍നിന്നു തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ സമര്‍ദ്ദമുണ്ടായത്. ഏതായാലും സ്വാമി അച്യുതാനന്ദന്‍ കൂട്ടുകെട്ട് പല വമ്പന്മാരുടെയും കൈയേറ്റ ഭൂമി കൈയേറി പണിത നക്ഷത്ര റിസോര്‍ട്ടുകള്‍ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ പൊളിച്ചടുക്കി.

സ്വാമി ഇടുക്കി കളക്ടര്‍ ആയിരുന്ന കാലത്താണ് അന്നത്തെ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന ടി. യു. കുരുവിളയുടെ മന്ത്രിക്കസേര തെറിപ്പിച്ചത്. രാജ്യത്താദ്യമായാണ്ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഒരുമന്ത്രിയുടെ കസേര തെറിക്കുന്ന സംഭാവമുണ്ടാകുന്നത്. ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ മന്ത്രിയുടെ മകനും മരുമകനും ഒരു പ്രവാസി മലയാളിക്കു മറിച്ചു വില്‍ക്കാന്‍ മന്ത്രി ഒത്താശ ചെയ്തുകൊടുത്തു എന്ന കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് കുരുവിളക്കു മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. പ്രവാസി മലയാളിയുടെ പരാതി മൂടി വെക്കാന്‍ ശ്രമിച്ച മന്ത്രി അധികാര ദുര്‍വിനയോഗം നടത്തി എന്ന കണ്ടെത്തലും അദ്ദേഹത്തിന്റെ രാജിക്ക് കാരണമായി. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന് പി ജെ ജോസെഫിലേക്കും നീണ്ട അന്വേഷണം കേരള രക്ഷ്ട്രീയത്തെ അകെ ഇളക്കി മറിച്ചിരുന്നു.

സ്വാമി എന്ന ഐ എ എസ്‌കാരന്റെ കഴിവ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിരുന്നു. 2007 മുതല്‍ 26 തെരഞ്ഞെടുപ്പു ചുമതലകളാണ് കമ്മീഷന്‍ സ്വാമിയേ ഏല്‍പ്പിച്ചത്. അതില്‍ പ്രധാനപ്പെട്ടത്20112ലെ യു. പി തെരഞ്ഞെടുപ്പാണ്. അന്ന് കാണ്‍പൂര്‍ മേഖലയിലെ 6 ജില്ലകളിലെ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു അദ്ദേഹം.

സ്വാമിയെന്ന നീതിമാന് തന്റെ കരിയറില്‍ അല്‍പ്പമെങ്കിലും നീതി ലഭിച്ചത് ഇപ്പോഴത്തെ കൃഷിമന്ത്രി സുനില്‍ കുമാറിന്റെ കീഴിലാണ്. പിന്നീട് അവിടെയും വിവാദ പുരുഷനാകേണ്ടി വന്നു സ്വാമിക്ക്. രാഷ്ട്രീയ കോമരങ്ങള്‍ കത്തിവേഷം കെട്ടിയാടിയപ്പോള്‍ രാജ്യത്തിനു നഷ്ടമാകുന്നത് സ്വാമിയെപ്പോലുള്ള മിടുക്കരായ ഉദ്യോഗസ്ഥരെയാണ്. സ്വാമിയുടെ തന്നെ അവസ്ഥയായിരുന്നു മിണക്കുമുണ്ടായത്. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ പന്തു തട്ടിക്കളിക്കു പാത്രമാകാന്‍ വിധിക്കപ്പെട്ട യഥാര്‍ത്ഥ ബുദ്ധി ജീവികളെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് രാഷ്ട്രീയ കോമരങ്ങള്‍ക്ക് വിവേകമില്ലാതെ പോകുന്നതാണ് എല്ലാത്തിനും കാരണം. അവഗണനകളെ തുടര്‍ന്ന് കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോകാന്‍ മീണ പലതവണ ഒരുങ്ങിയതാണ്. 

സ്വാമിയാകട്ടെ ഐ.എ.എസ്. ഉപേക്ഷിച്ച് പാരീസില്‍ ചേക്കാറാന്‍ ഒരു വട്ടം തീരുമാനിച്ചുറപ്പിച്ചതായിരുന്നു. കാരണം ആ പഴയ സൂപ്പര്‍ കമ്പ്യൂട്ടറിന് പിന്നാലെ ഫ്രഞ്ച് ഗവണ്‍മെന്റ് എപ്പോഴുമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ പാരീസ് ഗവണ്‍മെന്റിന്റെകമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ തലവനായുള്ള നിയമന ഓഫറുകള്‍ വരെ സ്വാമിയെ തേടി എത്തിയിരുന്നു. അതിനു അവര്‍ ഇട്ട പ്രൈസ് ടാഗ് കേട്ടാല്‍ ഞെട്ടും! വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രതിമാസം കോടികളുടെ പ്രതിഫലമായിരുന്നു വാഗ്ദാനം. എന്നിട്ടും അതിബുദ്ധിമാനായ സ്വാമി എന്തേ വീണില്ല എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രം രാജ്യസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും. എന്തുകൊണ്ട് സ്വാമി ഐ.എ.എസ്. തെരഞ്ഞെടുത്തു എന്നു ചോദിച്ചപ്പോള്‍ ഉത്തരമിതായിരുന്നു. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും എന്നെ പഠിപ്പിക്കാന്‍ കോടികള്‍ ചെലവഴിച്ചു. പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണമാണ് എന്നെ ഞാനാക്കിയത്. അങ്ങനെയുള്ള ഒരു ജനാധിപത്യരാജ്യത്തിന്റെ ഭരണഭാഗാഭാക്കാകാനാണ് ഏത് വമ്പന്‍ വിദേശ ഓഫറുകള്‍ വന്നാലും എന്നെ പിന്തിരിപ്പിക്കുന്നത്.

വിദേശകാര്യ രംഗത്ത് അനുഭവ സമ്പത്തുള്ള ശശി തരൂരിനെ ആ വകുപ്പ് ഏല്‍പ്പിക്കാന്‍ വിവേകം കാണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ പക്ഷേ തരൂരിന്റെ സേവനം പല അടിയന്തിരഘട്ടങ്ങളിലും ഉപയോഗിക്കാന്‍ തയ്യാറായിരുന്നു. എന്തിന്, ബി.ജെ.പി. സര്‍ക്കാര്‍ വരെ തരൂരിന്റെ സേവനം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക രാജ്യങ്ങളിലൊന്നായ ഫ്രഞ്ച് സര്‍ക്കാര്‍ ഈ 'സൂപ്പര്‍ കമ്പ്യൂട്ടറില്‍' കാണിക്കുന്ന വിശ്വാസം പോലും നമ്മുടെ രാജ്യത്തിനില്ലാതെ പോയത് ലജ്ജാകരം തന്നെ.

കേരളത്തിനു വേണ്ടെങ്കില്‍ കേന്ദ്രത്തിനെങ്കിലും രാജു നാരായണ സ്വാമി എന്ന കമ്പ്യൂട്ടര്‍ വിദഗ്ദനെ ഉപയോഗപ്പെടുത്താമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ സാങ്കേതികരംഗമായ സോഫ്റ്റ് വേര്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണെന്ന സത്യം മനസിലാക്കിയാല്‍ രാജു നാരായണസ്വാമിയെപ്പോലുള്ള വിദഗ്ദരെ ഈ വകുപ്പുകളുടെ ചുമതയേല്‍പ്പിച്ചാല്‍ ഈ രംഗം കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

രാജു നാരായണസ്വാമി ഐ.എ.എസ്. ഉപേക്ഷിച്ച് രാജ്യം വിടുന്നുവെന്ന പ്രചാരം ഒരു കാലത്ത് സോഷ്യല്‍ മീഡിയാകളില്‍ വാന്‍ പ്രചാരം നേടിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രചരിക്കപ്പെട്ട ഈ വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രാജു നാരായണസ്വാമിക്ക് അര്‍ഹതപ്പെട്ട തസ്തിക നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടുത്തരവിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനു ഈ അടുത്ത കാലത്ത് ഭേദമല്ലാത്ത തസ്തികയില്‍ നിയമനം ന്‍ല്‍കിയത്. എങ്കിലും അദ്ദേഹത്തിനു അര്‍ഹമായ തസ്തിക ലഭിച്ചോ എന്ന് പുനഃവിചിന്തനം നടത്തേണ്ടത് അനിവാര്യമാണ്.
ഏതു വകുപ്പില്‍ കയറിയാലും ആ വകുപ്പിനെ കുറിച്ച് ഗഹനമായി പഠിച്ച് പുസ്തക രചന നടത്തുന്ന അദ്ദേഹം നാല്‍പതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

തൃശൂരിലെ ജോലിക്കിടയില്‍ രസകരമായ മറ്റു പല അനുഭവങ്ങളും ഭീഷണികളും ചതിവുകളും ഉണ്ടായത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു തരം നൊമ്പരവും സന്തോഷവും ഇടകലര്‍ന്ന അനുഭവമാണുളവാക്കുന്നത്. എന്റെ പത്രപ്രവര്‍ത്തന പഠനകളരിയായ തൃശിവപ്പേരൂരിലെ ഏതാനും ചില അനുഭവങ്ങള്‍ അടുത്ത അധ്യായത്തില്‍ പങ്കുവയ്ക്കാം.
പ്രസിദ്ധിക്കു പിന്നാലെ പോയി; വീണത് പടുകുഴിയില്‍ (അധ്യായം 22: ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക