Image

പുതു തലമുറയ്ക്ക് പാരമ്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുകയാണ് നായര്‍ സംഗമത്തിന്റെ ലക്ഷ്യം :രാജേഷ് നായര്‍

അനില്‍ കെ .പെണ്ണുക്കര Published on 27 July, 2017
പുതു തലമുറയ്ക്ക് പാരമ്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുകയാണ് നായര്‍ സംഗമത്തിന്റെ ലക്ഷ്യം :രാജേഷ് നായര്‍
അമേരിക്കയില്‍ വളര്‍ന്നുവരുന്ന മൂന്നാം തലമുറയിലെ കുട്ടികള്‍ക്കും,യുവ തലമുറയ്ക്കും നമ്മുടെ പാരമ്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുകയാണ് ഒന്നാം അമേരിക്കന്‍ നായര്‍ സംഗമത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് സംഗമം ചെയര്‍മാനും നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ സ്ഥാപകനും പ്രെസിഡന്റുമായ രാജേഷ് നായര്‍ ഋല മലയാളിയോട് പറഞ്ഞു . ജൂലായ് 29 ന് തിരുവനന്തപുരത്ത് റെസിഡന്‍സി ടവര്‍ ഹാളില്‍ വച്ച് നടക്കുന്ന ഒന്നാം അമേരിക്കന്‍ നായര്‍ സംഗമത്തിന്റെ ലക്ഷ്യനങ്ങളെക്കുറിച്ചു അദ്ദേഹം മനസു തുറക്കുന്നു.

ചോദ്യം:എന്‍ എസ്. എസ് സംഘടനകളുടെ കൂട്ടായ്മ ഒരു സംഗമം കേരളത്തില്‍ സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണ്.ആദ്യമായിട്ടാണല്ലോ ഒരു സാമുദായിക സംഘടന ഇങ്ങനെ ഒരു സംഗമം സംഘടിപ്പിക്കുന്നത്

ഒരു കൂട്ടായ്മ ഉണ്ടാകാന്‍ അംഗങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന ഒരു മുഖ്യ ബന്ധം അല്ലെങ്കില്‍ വിഷയം വേണം. ഉദാഹരണത്തിന് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍, റെസിഡന്റ്‌സ് അസോസിയേഷന്‍, പ്രവാസി സംഘടനകള്‍, ജാതി മത സംഘടനകള്‍ തുടങ്ങിയവയെല്ലാം തന്നെ അതിലെ അംഗങ്ങളുടെ പ്രതേക ബന്ധം നിമിത്തം ഉണ്ടാക്കുന്നവയാണ്. അത്തരം ബന്ധമില്ലാത്ത ആളുകള്‍ അത്തരം സംഘടനകളില്‍ പൊതുവെ ചേരാറോ ചേര്‍ക്കാറോ ഇല്ല. അതുപോലെ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, രക്തദാന, വായന, മൃഗസ്‌നേഹി തുടങ്ങിയ ക്ലബ്ബുകളും സംഘടനകളും ഓരോ വിഷയത്തിനായി ആ വിഷയത്തില്‍ താല്പര്യമുള്ളവരുടെ കൂട്ടായ്മയാണ്. മറ്റു പല ബന്ധങ്ങളെക്കാളും കൂടുതല്‍ ശക്തിയുള്ളതാണ് സാമുദായിക ബന്ധം എന്നാണ് പൊതുവെയുള്ള അനുഭവം. ജാതി സ്പിരിറ്റ്, നായര്‍ സ്പിരിറ്റ് എന്നൊക്കെ കേള്‍ക്കാറില്ലേ? അമേരിക്ക പോലെയുള്ള ഒരു രാജ്യത്ത് എത്തി എന്നുവെച്ചു ആ സ്പിരിറ്റിന് ശക്തി കുറയുകയല്ല മറിച്ചു കൂടുകയാണ് ചെയ്യുക. അതുമാത്രം മതി വളരെ ശക്തിയുള്ള ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കാന്‍. ഒരു ശക്തമായ കൂട്ടായ്മ വിചാരിച്ചാല്‍ ഏറ്റെടുക്കുന്ന ഏതു വിഷയത്തിലും വളരെ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാം. അപ്പോള്‍ ഏതൊക്കെ വിഷയങ്ങളില്‍ ആര്‍ക്കൊക്കെ വേണ്ടി ഒരു സാമുദായിക സംഘടന പ്രവര്‍ത്തിക്കുന്നു എന്നതാണ് മുഖ്യം. അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ സംഘടനകളുടെയും സമുദായ നേതാക്കളുടെയും കൂട്ടായ്മയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്.

ചോദ്യം:അമേരിക്ക പോലെ ഒരു രാജ്യത്തു മലയാളി കുട്ടായ്‌യമയ്യില്‍ സാമുദായിക സംഘടനകളുടെ പ്രവര്‍ത്തനം എത്രത്തോളവും ഗുണം ചെയ്യും?

അമേരിക്കയില്‍ പ്രവൃത്തിക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റികളുടെ ഒട്ടുമിക്ക പരിപാടികളും പല വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നവയാണ്. ഞങ്ങളുടെ മലയാളം ക്ലാസ്സുകളില്‍ എല്ലാ ജാതി മത വിഭാഗത്തില്‍പെട്ട കുട്ടികളും പഠിക്കാനെത്തുന്നുണ്ട്. ഓണം, വിഷു തുടങ്ങിയ ആഘോഷ പരിപാടികളിലും കുറഞ്ഞ തോതിലെങ്കിലും ഇന്ത്യന്‍ വംശജരല്ലാത്തവരും പങ്കെടുക്കാറുണ്ട്. അപകടങ്ങളും അപകടമരണങ്ങളും സംഭവിക്കുബോള്‍ പലപ്പോഴും ജാതിയോ മതമോ നോക്കാതെ അവരെ സഹായിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം പോലെയുള്ള പ്രാദേശിക കെടുതികള്‍ സംഭവിക്കുമ്പോള്‍ മറ്റുള്ള സന്നദ്ധ സംഘടനകളോടൊപ്പം ഞങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാറുണ്ട്. അമേരിക്കയിലെ നഗരസഭകളും ഇന്ത്യന്‍ കോണ്‍സുലേറ്റും മറ്റു അമേരിക്കന്‍ ഇന്ത്യന്‍ സംഘടനകളോടും ഒപ്പം ചേര്‍ന്നും ജങ്ങള്‍ക്കു പ്രയോജനകരമായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

ചോദ്യം : ഈ കേരളാ കണ്‍ വന്‍ഷനില്‍ ചാരിറ്റിക്കാണ് പ്രാധാന്യം എന്നു സൂചിപ്പിച്ചുവല്ലോ ?കേരളത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ആണ്?

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഈ കണ്‍വെന്‍ഷന്‍ ഒരു തുടക്കം മാത്രമാണ്. ഈ കണ്‍വെന്‍ഷനോടനുബന്ധിച്ചു കേരളത്തിലെയും അമേരിക്കയിലെയും ചില പ്രമുഖ നായര്‍ സമുദായ നേതാക്കളെ ഉള്‍പ്പെടുത്തി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപികരിക്കും. കേരളത്തിലെയും അമേരിക്കയിലെയും സമുദായ അംഗങ്ങള്‍ക്ക് പരസ്പരം സഹായിക്കാനും സഹകരിക്കാനും ഇതിലൂടെ അവസരമൊരുങ്ങും. പദ്ധതികളുടെ പുരോഗതി കാലാകാലങ്ങളില്‍ വിലയിരുത്തി വേണ്ട പരിഷ്കാരങ്ങള്‍ നടപ്പിലാക്കും. 2018 ആഗസ്റ്റില്‍ ഷിക്കാഗോയില്‍ വച്ച് ഈ സമിതി അതിന്റെ വാര്‍ഷിക പുരോഗതി അവലോകനം ചെയ്തു ചര്‍ച്ച ചെയ്യും.

ചോദ്യം :ഈ കണ്‍വന്‍ഷനെ ക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വിശദീകരിക്കാമോ?

വടക്കേ അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളിലായി സാംസ്കാരികമായും ,സമുദായികമായും സംഘടിക്കപ്പെട്ട നായര്‍ കുടുംബങ്ങളുടെ ഒന്നിച്ചു ചേരല്‍ ഒരു ചരിത്ര സംഭവം ആക്കാനാണ് സംഘടക സമിതിയുടെ തീരുമാനം.നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ സ്ഥാപകനും പ്രെസിഡന്റുമായ രാജേഷ് നായര്‍, ന്യൂ യോര്‍ക്ക് നായര്‍ ബെനിവാലന്റ് അസോസിയേഷന്‍ പ്രസിഡന്റ് കരുണാകന്‍ പിള്ള, മുന്‍ പ്രസിഡന്റ് അപ്പുക്കുട്ടന്‍ പിള്ള, നായര്‍ അസോസിയേഷന്‍ ഓഫ് ചിക്കാഗോ മുന്‍ പ്രെസിടെന്റും എന്‍.എസ്സ്.എസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രെസിഡന്റുമായ എം.എന്‍.സി. നായര്‍, എന്‍.എസ്സ്.എസ്സ് കാനഡ എക്‌സിക്യൂട്ടീവ് സന്തോഷ് പിള്ള, ന്യൂ ജേഴ്‌സി നായര്‍ മഹാമണ്ഡലം സ്ഥാപകനും ചെയര്‍മാനുമായ മാധവന്‍ നായര്‍ എന്നിവരടങ്ങിയതാണ് സംഗമത്തിന്റെ മുഖ്യ സംഘാടക സമിതി .സംഗമത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ആണ് നടക്കുന്നത്.

ജൂലൈ 29 നു രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന കാര്യപരിപാടികള്‍ ഉച്ച വരെ തുടരും. അതിനു ശേഷം വൈകുന്നേരം അഞ്ചുമണി വരെ അമേരിക്കയിലെയും കാനഡയിലെയും കലാകാരന്മാരും കേരളത്തിലെ കലാകാരന്മാരും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ . ഇതോടൊപ്പം തന്നെ ബിസിനസ് കോണ്‍ഫറന്‍സ്, നായര്‍ സംഘടനാ പ്രവര്‍ത്തന അവലോകനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരത്തെ സമ്മേളനത്തില്‍ അമേരിക്കയിലെയും കാനഡയിലെയും പ്രമുഖ നായര്‍ സമുദായ നേതാക്കളോടൊപ്പം കേരത്തിലെ വിശിഷ്ട വ്യക്തികളും സംസാരിക്കും. അമേരിക്കയിലെ സമുദായ അംഗങ്ങള്‍ക്ക് കേരളത്തിലെ എന്‍ എസ് എസ് കരയോഗങ്ങളുമായി സഹകരിച്ചു കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരമൊരുക്കുന്ന പദ്ധതിയുടെ രൂപീകരണവും ഉദ്ഘാടനവും ഈ സംഗമത്തില്‍ വച്ച് നടക്കും.പ്രധാനമായും കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ പഠന സഹായം,രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്കുള്ള സഹായമടക്കം നിരവധി സഹായ പദ്ധതികള്‍ക്ക് ഈ സംഗമത്തില്‍ രൂപം നല്‍കും.

ഒരു സാമുദായിക സംഘടനയുടെ നേതൃത്വ രംഗത്തു വരികയും ,അതിന്റെ പ്രവര്‍ത്തങ്ങള്‍ക്കൊപ്പം മലയാളിയുടെ സാംസ്കാരികമായ ഉന്നമനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുവാന്‍ പുതുതലമുറയെ വാര്‍ത്തെടുക്കുവാന്‍ ശ്രമിക്കുന്ന രാജേഷ് നായര്‍ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തി കൂടി ആണ് .തിരുവനതപുരം പള്ളിപ്പുറം ,ശങ്കരമംഗലത്ത് ശിവശങ്കരന്‍ നായരുടെയും ദേവകിയമ്മയുടെയും എട്ടാമത്തെ മകന്‍ .

സബ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ എസ് എസ് എല്‍ സി പാസ്സായി.തിരുവനതപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ബി ടേക് ഡിസ്റ്റിങ്ഷനോടെ പാസ്സായി. രണ്ടു വര്ഷം സി ഡോട്ട് ബാംഗ്ലൂരില്‍ ജോലി .

1993 ല്‍ അമേരിക്കയില്‍.അമേരിക്കയില്‍ എത്തിയ ശേഷം എം എസ്,എം ബി എ യും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഓണേര്‍സോടുകൂടി കരസ്ഥമാക്കി .എ ടി ആന്‍ഡ് ടിയില്‍ വൈസ് പ്രസിഡഡ് ആയി സേവനം അനുഷ്ടിച്ചു. 1997 ല്‍ സ്വന്തമായി സ്ഥാപനം സിലിക്കണ്‍ വാലി കാ ലിഫോര്‍ണിയയില്‍ ഐ ടി പിവട്ട് സിസ്റ്റംസ് തുടങ്ങി .20 വര്‍ഷം പിന്നിടുമ്പോള്‍ 250 സ്റ്റാഫ് ഒപ്പമുണ്ട് .

ഈ കമ്പനിയുടെ ഓഫ്‌ഷോര്‍ ഡെവലപ് സെന്റര്‍ തിരുവനതപുരം ടെക്‌നോപാര്‍ക്കില്‍ 2005 മുതല്‍ പ്രവര്‍ത്തിക്കുന്നു.

എന്‍ എസ് എസ് കാലിഫോര്‍ണിയ സ്ഥാപകന്‍ തുടങ്ങി നിരവധി സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തങ്ങളുമായി മുന്നോട്ടു പോകുന്ന രാജേഷ് നായരുടെ സഹധര്‍മ്മിണി സ്മിത നായര്‍ ,അമേരിക്കയില്‍ ഈബേ സീനിയര്‍ മാനേജര്‍ ആയിരുന്നു പിന്നീട് പിവട്ട് സിസ്റ്റത്തില്‍ വൈസ് പ്രസിഡന്റ് ആയി സേവനം തുടരുന്നു.

മകന്‍ ഋഷി നായര്‍ .മകള്‍ റിയ നായര്‍ വിദ്യാര്‍ത്ഥികള്‍
പുതു തലമുറയ്ക്ക് പാരമ്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുകയാണ് നായര്‍ സംഗമത്തിന്റെ ലക്ഷ്യം :രാജേഷ് നായര്‍
Join WhatsApp News
john philip 2017-07-27 08:51:05
പുതിയ തലമുറക്ക് ജാതി വിവേചനവും ഉണ്ടാകുമല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക