Image

ഞാന്‍ കണ്ട പൂന്തുറ കടപ്പുറം (സി ജി പണിക്കര്‍, കുണ്ടറ)

സി ജി പണിക്കര്‍ Published on 28 July, 2017
ഞാന്‍ കണ്ട പൂന്തുറ കടപ്പുറം (സി ജി പണിക്കര്‍, കുണ്ടറ)
അങ്ങകലെ ആര്‍ത്തിരമ്പുന്ന തിരകള്‍ മനസ്സിന്റെ അഗാധ തലങ്ങളില്‍ മൊട്ടിട്ടു വളരുന്ന വേദനകള്‍ പോലെ തീരത്തിലാഞ്ഞടിച്ച് ശക്തി നഷ്ടപ്പെട്ട് ഒടുവില്‍ വലിഞ്ഞിഴഞ്ഞുതിരിച്ചു പോകുമ്പോള്‍...... മനസ്സില്‍ ഓര്‍മ്മകളുടെ ലോകത്തേക്ക് വലിച്ചെറിയപ്പെടുന്ന സത്യങ്ങള്‍. ചിലപ്പോള്‍ തീരത്തെ പുണരുന്ന തിരകള്‍ മനസ്സിന്റെ ഓര്‍മ്മകളില്‍ എങ്ങും വസന്തം വിരിയിക്കും. തീരത്തോടടുത്ത് ഉയര്‍ന്നു വരുന്ന തിരകളില്‍ കുടുങ്ങി കരയില്‍ വലിച്ചെറിയപ്പെടുന്ന മല്‍സ്യങ്ങള്‍, ഓര്‍മ്മകളുടെ ലോകത്ത് ജീവനോടെ  വലിച്ചെറിയപ്പെടുന്ന സത്യങ്ങള്‍ പോലെ സമൂഹം.
     
കടലിന്റെ ചൂടുള്ള നിശ്വാസം ചിലര്‍ക്ക് ഇളംങ്കാറ്റ് ഇരു കവിളിലൂടെ ഒലിച്ചിറങ്ങുന്ന ബാഷ്പകണങ്ങളില്‍ തട്ടി കടന്നു വന്നാല്‍ ചിലര്‍ക്കത് കുളിര്‍കാറ്റ്. അവളുടെ വേദനയില്‍ സന്തോഷം കണ്ടെത്തുന്ന മനുഷ്യര്‍, സായൂജ്യം തേടുന്ന സമൂഹം.
     
തിളച്ചു മറിയുന്ന ആന്തരാത്മാവില്‍ ഒരു പൂമഴ, അപ്പോള്‍ തന്റെ നിശ്വാസത്തെ കൊടും തണുപ്പെന്ന് സമൂഹം വിധിയെഴുതുന്നു. തന്റെ മാനസച്ചെപ്പിലെ മണിമുത്തുകള്‍ക്ക് മനുഷ്യന്‍ വല വീശുന്നു... ഒടുവില്‍ വില പേശുന്നു. സന്തോഷാധിക്യത്താല്‍ കരയിലേക്ക് കയറി ചെന്നാല്‍ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ സാഫല്യമടയാതെ ആത്മാവ് നഷ്ടപ്പെട്ടപ്പോള്‍ തീരത്ത് സംസ്‌ക്കരിച്ച തന്റെ ചിപ്പികള്‍ പോലും ചികഞ്ഞെടുത്ത് അവയിലും കല കണ്ടെത്തുന്ന മനുഷ്യര്‍.
     
ഒരു നിമിഷം ആ സമുദ്രാന്തര്‍ഭാഗത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ... അവള്‍ കരയുകയാണ്, ശാന്തമായി.. ചിലപ്പോള്‍ ഉറക്കെ അലറി വിളിക്കുന്നു... തീരത്തെ കെട്ടിപുണര്‍ന്ന് കരഞ്ഞകലുന്നു, മനസ്സ് ഓര്‍മ്മകളെ എന്നപോലെ. ആശ്ലേഷത്തില്‍ പുളകിതനായി തരിച്ചു നില്‍ക്കുന്ന തീരത്തിന് ഒരു യുവ കാമുകന്റെ കരുത്തുറ്റ മേനി ഭംഗി, വാരിപ്പുണരുംതോറും ഏറുന്ന മാദക ഭംഗി.. പക്ഷേ അവനും കരയുകയാണ്, നിശബ്ദമായി കരയുകയാണ് പളുങ്കുമണികള്‍ പോലെ കണ്ണീര്‍ കണങ്ങള്‍ അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്നില്ലേ..? അതേ... അരുതാത്ത ഒരു പ്രേമബന്ധം. അതില്‍ പുഷ്പിക്കാതെ ഒരു വല്ലരി അതല്ലേ.... ഈ തിരയും തീരവും.

ഞാന്‍ കണ്ട പൂന്തുറ കടപ്പുറം (സി ജി പണിക്കര്‍, കുണ്ടറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക