Image

ഇവന്‍ പുലിയാണ് കേട്ടോ ! വെറും പുലിയല്ല ...ഒരു ഒക്‌ലഹോമ പുലി ! (രഞ്ജിത് പിള്ള, ഹൂസ്റ്റണ്‍)

Published on 30 July, 2017
ഇവന്‍ പുലിയാണ് കേട്ടോ ! വെറും പുലിയല്ല ...ഒരു ഒക്‌ലഹോമ പുലി ! (രഞ്ജിത് പിള്ള, ഹൂസ്റ്റണ്‍)
ഒരു ബിസിനസ് ട്രിപ്പിന്റെ ആലസ്യം കഴിഞ്ഞു തിരികെയുള്ള യാത്രയിലാണ് ഒകോലോഹമാ ടെക്‌സാസ് അതിര്‍ത്തിയില്‍ ഒരു പുലി താവളം ഉണ്ട് എന്ന് ഞാന്‍ അറിയുന്നത് , എന്നാല്‍ പിന്നെ പുലിയെ ,അതിന്റെ മടയില്‍ തന്നെ പോയി കാണാം എന്ന് കരുതി , വാഹനം അങ്ങോട്ടേയ്ക്ക് തിരിച്ചു ! ഒക്‌ലഹോമ സിറ്റിയില്‍ നിന്നും ഏകദേശം 70 മൈല്‍ അപ്പുറം , വൈന്‍വുഡ് എന്ന ഒരു ചെറിയ ഗ്രാമം. ഹൈവേ 77 നു അഭിമുഖമായ ആയിട്ടുള്ള ഗ്രാമത്തിനു പടിഞ്ഞാറായാണ് ചുന്ന പുഴ എന്ന് അറിയപ്പെടുന്ന വാഷിദ നദി ഒഴുകുന്നത്.

ഒരു പക്ഷെ നമ്മുടെ വള്ളുവനാടിനേ അനുസ്മരിക്കുന്ന വിധം പ്രകൃതിയാല്‍ മനോഹരം ആണ് വൈന്‍വുഡ് . ഹൈവേ 77 നില്‍ നിന്നും വാഹനം ഒരു ഇടുങ്ങിയ റോഡിലേക്ക് പോകാനുള്ള എന്റെ ജി.പി.സ്. മാഡത്തിന്റെ നിര്‍ദേശം അക്ഷരം പ്രതി അനുസരിച്ചു ഞാന്‍ മുന്നോട്ടു നീങ്ങി . കഷ്ട്ടിച്ചു 2 വാഹനങ്ങള്‍ മാത്രം പോകാന്‍ കഴിയുന്ന ഇടുങ്ങിയ റോഡ് , നാട്ടില്‍ ആണേല്‍ എനിക്കു ഇയി റോഡ് നെ സ്‌റ്റേറ്റ് ഹൈവേ എന്ന് കുഞ്ചന്‍ നമ്പ്യാരുടെ ഭാഷയില്‍ ഉപമിക്കാം ! റോഡിന്‍റെ ഇരുവശങ്ങളിലും പുല്‍മേടുകള്‍ കാണാം , അവിടെയെല്ലാം കുട്ടം കുട്ടമ്മായി കുതിരകള്‍ മേയുന്നത് കാണാം ! ഇന്ത്യയുടെ മുഗള്‍ രാജാക്കന്മാരും , പഴയ നാട്ടു രാജാക്കന്മാരും , തങ്ങളുടെ സൈനിക ശക്തി തെളിയിക്കുന്നത് എത്ര കുതിരകള്‍ ഉണ്ട് എന്ന് കാണിച്ചട്ടാണ് എന്ന് കേട്ടിട്ടുണ്ട് , ഇവിടത്തെ പുല്ലുമേയുന്ന കുതിരകളെ കൂട്ടിയിരുന്നെകില്‍ അക്ബറിനും ,ബാബറിനും , ഒക്കെ അമേരിക്കയെ പോലെ ഒരു ലോക പട്ടാളം ആകാമായിരുന്നു .

കുതിരകള്‍ മാത്രമല്ല , നല്ല നീളന്‍ കൊമ്പുകളുള്ള പശുക്കളെയും കാണാം . പുല്‍മേടുകള്‍ക്കിടയില്‍ നല്ല മനോഹരമായ തടാകങ്ങളും ഉണ്ട് . ഏകദേശം 10 മൈല്‍ ഓളം കഴിഞ്ഞപ്പോള്‍ റോഡിനു ഇരു വശത്തും കുറെയേറെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു ! ഇതിനിടയില്‍ ഒരു ടെക്‌സാസ് ചട്ടമ്പി എന്നെ ഒന്നു വിരട്ടാന്‍ ശ്രമിച്ചു , കാര്യം നിസ്സാരം ആണ് , എന്റെ അഭിമുഖമായി വന്ന അദ്ദേഹത്തിന്റെ വാഹനത്തിനു പോകാന്‍ നിര്‍ത്തി കൊടുത്തില്ല എന്നതാണ് പുള്ളിയുടെ കണ്ണുരുട്ടലിന്റെ കാരണം . ഒരു ചോരപ്പുഴ ഒഴുക്കണ്ട എന്ന് വിചാരിച്ചു , ഞാന്‍ എന്റെ ഭാഷ ബോധ്യത്തെ തളച്ചിട്ടു ! നമ്മളിലും ഒരു കണ്ണൂര്‍ ഉണ്ട് എന്ന് ഇവന്മാര്‍ക്ക് അറിഞ്ഞുകൂടല്ലോ?! ഞാനും ഒരു വശത്തു കാര്‍ പാര്‍ക്ക് ചെയ്തു മുന്നോട്ടു നടന്നു , ഒരു ചെറിയ ഭയം മനസ്സില്‍ ഉണ്ട് , കാരണം ഒരു പുലി മടയിലേക്കുള്ള കവാടമാണ് ! തികച്ചും ഒരു യഥാര്‍ത്ഥ വനത്തിലേക്ക് പ്രവേശിക്കുന്ന തരത്തിലുള്ള കവാടം , നേരെ ടിക്കറ്റ് കൗണ്ടറിലേക്കു പോയി , അത് കുടംബന്ധരീക്ഷം പോലെ തോന്നി , കാരണം 2 പിള്ളേരാണ് ടിക്കറ്റ് തരുന്നത് , അച്ഛനും , അമ്മയും ആണ് അതിനോടൊപ്പം ഉള്ള ഷോപ്പിംഗ് സെന്റര്‍ ലെ കാര്യങ്ങള്‍ കൈകാര്യം ചെയുന്നത് ! ടിക്കറ്റ് നോടൊപ്പം , വ്യക്തികളുടെ പേരും , വിവരങ്ങളും അവിടെ കുറിച്ചു വയ്ക്കാന്‍ പറഞ്ഞത് ഒരു ചെറിയ ആശങ്ക ഉളവാക്കി, അകത്തു പോകുന്നവരൊക്കെ തിരികെ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കൂടി ആണ് എന്നു പറഞ്ഞപ്പോള്‍ ആശങ്ക വര്‍ധിച്ചു! പിന്നെ പുലിമുരുഗന്‍ ഒക്കെ കണ്ടതല്ലേ , 90 കെജി ഉള്ള നമ്മുടെ ലാലേട്ടനൊക്കെ കട്ടക്കു ഓടിയത് ആണ് ആത്മവിശ്വാസം തിരികെ വരാന്‍ കാരണമായത്! ലാലേട്ടാ , ടെക്‌സാസ് ഇല്‍ നിന്ന് ഒരു പ്രണാമം ഇരിക്കട്ടെ !


ചുറ്റും കാടോടു കൂടി ഇടുങ്ങിയ മുറികളിലാണ് കാടിന്റെ ഉപമുഖ്യമന്ത്രി കളും , രാജാക്കന്മാരും വിഹരിക്കുന്നത് . ലോകത്തിലെ തന്നെ ഏറ്റവും വലിയ പുലികളുടെ പുനരധിവാസ കേന്ദ്രം ആണ് , Garold Wayne Interactive Zoological Park എന്നാണ് ഇവരുടെ അവകാശം ! ഞാന്‍ ആദ്യം തന്നെ തിരഞ്ഞത് , നമ്മുടെ നാട്ടുകാര്‍ ആരേലും ഉണ്ടോ എന്നാണ് ! കണ്ടു നല്ല കൃതഗാത്രനായ ഒരു സുന്ദര ബംഗാള്‍ കടുവ !

അവന്‍ എന്ന തന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് തോന്നി , " പോലീസ്കാര്‍ക്ക്എന്താ ഇയി വീട്ടില്‍ കാര്യം " എന്ന ഒരു മട്ടിലേ നോട്ടം .

പക്ഷെ , എന്റെ തെറ്റിദ്ധാരണയ്ക്കു വിരാമം ആയതു ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആണ് ! നല്ല കറുത്ത പുള്ളികളോടെ വെളുത്ത രോമത്തില്‍ , ഒരു കിക്ക് ബോക്‌സിരെ പോലെ പുറകില്‍ നില്‍ക്കുന്നു ഒരു സുന്ദരി സൈബീരിയന്‍ കടുവ ! അവളെ കണ്ടാല്‍ ബംഗാള്‍ കടുവയല്ല , സാക്ഷാല്‍ മല്ലു കടുവ പോലും ഒരു 30 സെക്കന്‍ഡ് നു താഴെ നോക്കി പോകും ...30 നു മുകളിലായാല്‍ അകത്താവും എന്നതുകൊണ്ട് 29 ഇല്‍ നിര്‍ത്തും .പിന്നെ സുമാട്രന്‍ ,കാസ്പിയന്‍ ,മലയന്‍ എന്നു വേണ്ട ബാലീ ടൈഗര്‍ വരെയുണ്ട് ഇവിടെ . ഏകദേശം 120 ഓളം പുലികള്‍ , പലതരത്തില്‍ ...സത്യത്തില്‍ പുലിമട എന്നു പറഞ്ഞാല്‍ ഇത് തന്നെയാണ് ...ഒകോലോഹോമ Garold Wayne Interactive Zoological പാര്‍ക്ക് ......പിന്നെ ഇവിടെ ഒരു പുലിമുരുഗന്‍ ഉണ്ട് Mr Joe , പുള്ളിക്കാരന്‍ ഫുള്‍ടൈം പുലിയോടൊപ്പം ആണ് , പള്ളിസ്‌നാനം മുതല്‍ പള്ളി ഉറക്കം വരെയുള്ള എല്ലാ കാര്യങ്ങളിലും ഇദ്ദേഹം ശ്രദ്ധാലുവാണ് ! ചുരുക്കം പറഞ്ഞാല്‍ ഒരു മോദി , അമിത്ഷാ , അല്ലേല്‍ അതിനേക്കാള്‍ സോണിയ മന്‍മോഹന്‍ രീതിയിലുള്ള ഒരു ഇടപെടല്‍ ആണ് എന്ന് കരുതാം . ഏകദേശം 2 മണിക്കൂര്‍കൊണ്ട് 16 ഏക്കര്‍ ചുറ്റളവിലുള്ള പുലി സാമ്രാജ്യം കണ്ടു പതിയ ടെക്‌സാസ് എന്ന എന്റെ പുലിമടയിലേക്കു തിരിച്ചു ! .......

https://www.wynnewoodzoo.org

ഇവന്‍ പുലിയാണ് കേട്ടോ ! വെറും പുലിയല്ല ...ഒരു ഒക്‌ലഹോമ പുലി ! (രഞ്ജിത് പിള്ള, ഹൂസ്റ്റണ്‍)ഇവന്‍ പുലിയാണ് കേട്ടോ ! വെറും പുലിയല്ല ...ഒരു ഒക്‌ലഹോമ പുലി ! (രഞ്ജിത് പിള്ള, ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക