Image

നിലപാടുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം വിജയിച്ചു. പാത്രിയര്‍ക്കീസ് ബാവയുമായുള്ള ചര്‍ച്ച തൃപ്തികരം: സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത

ഫ്രാന്‍സിസ് തടത്തില്‍ Published on 02 October, 2017
നിലപാടുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം വിജയിച്ചു. പാത്രിയര്‍ക്കീസ് ബാവയുമായുള്ള ചര്‍ച്ച തൃപ്തികരം: സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത
ന്യൂജേഴ്‌സി: സ്വത്തുക്കള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയുള്ള പോരാട്ടമല്ല മറിച്ച് നിലപാടുകള്‍ക്കു വേണ്ടിയുള്ള പോരാട്ടമായിരുന്ന മലങ്കര സഭയില്‍ നടന്നു വന്നിരുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത. 2017 ജൂലൈ മൂന്നിനു വന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയോടെ നിലപാടുകള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനു തിരശീല വീണുവെന്നും തങ്ങളുടെ നിലപാടുകള്‍ സുപ്രീം കോടതി ശരിവച്ച സാഹചര്യത്തില്‍ ഇനി യോജിപ്പിന്റെ മാര്‍ഗങ്ങളാണ് നോക്കേണ്ടതെന്നും അദ്ദേഹം ഇ-മലയാളിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. സുപ്രീം കോടതിയെ തുടര്‍ന്ന് അടിയന്തിരമായി ചേര്‍ന്ന സഭാ സുന്നഹദോസ് ലബനോനില്‍ പോയി പാത്രിയര്‍ക്കീസ് ബാവയെ സന്ദര്‍ശിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്താന്‍ നിയോഗിച്ച രണ്ടംഗ മെത്രാപ്പോലീത്താമാരുടെ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. പാത്രിയര്‍ക്കീസ് ബാവയുമായി നടത്തിയ സംഭാഷണം ഏറെ തൃപ്തികരമായിരുന്നുവെന്നും മാര്‍ നിക്കോളോവാസ് പറഞ്ഞു.

മലങ്കര സഭക്കുകീഴിലുള്ള എല്ലാ സ്വത്തുക്കളും പള്ളികളും സ്ഥാപനങ്ങളും വൈദികരും തുടങ്ങി എല്ലാ കാര്യങ്ങളും 1934 ലെ ഭരണഘടനാ പ്രകാരമാണ് ഭരിക്കപ്പെടേണ്ടതെന്ന സുപ്രീം കോടതിവിധിയോടെ സഭ ഒന്നാകുന്നതിലെ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയോടെ ഇന്ത്യയില്‍ ഇനി ഒരൊറ്റ മലങ്കര സഭയെ നിലവിലുള്ളൂ. കാരണം ഭരണഘടനാ പ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും യാക്കോബായാ സഭയുടെയും സ്വത്തുക്കള്‍ ഭരിക്കപ്പെടേണ്ടത് മലങ്കര-ഓര്‍ത്തഡോക്‌സ് സഭയാണ് തിരശീലക്കു പിന്നിലുള്ള സമാധാനപരമായ നയതന്ത്ര പ്രക്രിയകളിലൂടെ യോജിപ്പിനുള്ള ശ്രമം ഒരു ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സ്വത്തുക്കള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ അധികാരങ്ങള്‍ക്കോ വേണ്ടിയല്ല ഓര്‍ത്തഡോക്‌സ് സഭ നിയമ പോരാട്ടങ്ങള്‍ നടത്തിയത്. ഇതിന്റെയൊക്കെ അന്തിമലക്ഷ്യം രണ്ടായി വിഘടിക്കുകയുമല്ല. മറിച്ച് ചില നിലാപാടുകള്‍ക്കു വേണ്ടി നടത്തിയ പോരാട്ടം അന്തിമ വിജയത്തിലെത്തി.
സഭ ഒന്നാകണമെന്ന ആഗ്രഹത്തെ തുടര്‍ന്നുള്ള തന്റെ വ്യക്തിപരമായ പ്രയാണം ലക്ഷ്യത്തിലേക്ക് അടുത്തുവെന്നു പറയാം. 1995 ലെ കോടതി വിധിക്കു ശേഷം ഉണ്ടായ തിരിച്ചറിവാണ് തന്നെ ഈ പ്രയാണത്തിനു പ്രേരിപ്പിച്ചത്. 1934ല്‍ രൂപീകരിച്ച ഭരണഘടനപ്രകാരമാണ് മലങ്കര സഭയിലെ സ്ഥാപനങ്ങള്‍ ഭരിക്കപ്പെടേണ്ടതെന്ന സത്യം മനസിലാക്കിയതിനെ തുടര്‍ന്നാണ് 2002-ലെ അസോസിയേഷനില്‍ പങ്കെടുക്കാന്‍ 2001 ഡിസംബറില്‍ യാക്കോബായ വിഭാഗത്തില്‍ നിന്നു താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലേക്ക് മടങ്ങി എത്തിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്നത്തെ തന്റെ നിലപാട് ശരിവക്കുന്നതാണ് ഇപ്പോഴത്തെ കോടതി വിധി. അന്നത്തെ തന്നെ ലക്ഷ്യം മലങ്കരസഭ എന്ന ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ വിഘടിച്ചു നില്‍ക്കാതെ ഒന്നായി നിലകൊള്ളണമെന്നാണ്. ഇപ്പോള്‍ ആ ലക്ഷ്യത്തിലേക്കുള്ള ദൂരം വിദൂരമല്ല. അദ്ദേഹം പറഞ്ഞു.
മാര്‍ നിക്കോളോവ് മെത്രാപ്പോലീത്തായ്‌ക്കൊപ്പം യാക്കോബായ വിഭാഗത്തില്‍ നിന്ന് മൂന്ന് മെത്രാപ്പോലീത്താമാരാണ് 2001 ഡിസംബറില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലേക്ക് എത്തിയത്. അദ്ദേഹത്തോടൊപ്പം അന്ന് യാക്കോബായ വിഭാഗത്തില്‍ നിന്നെത്തിയ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായും കൂടി ലബനോനില്‍ വച്ച് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നോത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രീം കോടതി വിധിയെതുടര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ ചേര്‍ന്ന അടിയന്തിര സുന്നഹദോസില്‍ വച്ച് പാത്രിയാര്‍ക്കീസുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്താന്‍ ധാരണയായിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ പ്രാതിനിധ്യ സ്വഭാവമില്ലാതെ ഇരു മെത്രാപ്പോലീത്താമാരും സെപ്തംബര്‍ രണ്ടാം വാരത്തില്‍ ലബനോനില്‍ വച്ച് പാത്രിയാര്‍ക്കീസ് ബാവയെ കണ്ട് രണ്ട് ദിവസം എട്ടുമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. പാത്രിയാര്‍ക്കീസ് ബാവയെ സന്ദര്‍ശിച്ചതിന്റെ വെളിച്ചത്തില്‍ അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സഭ ഒന്നാകുന്നതിന്റെ ആവശ്യകതയെകുറിച്ചും അദ്ദേഹം 'ഇ-മലയാളി'യുമായി പങ്കുവയ്ക്കുന്നു.

അഭിമുഖത്തിന്റെ വിശദാംശങ്ങള്‍:

ചോ.2017-ന് സുപ്രധാനമായ വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. അതേക്കുറിച്ച് അങ്ങയുടെ വ്യക്തിപരമായ വിലയിരുത്തല്‍ എന്താണ്?
ഉ.ശരിക്കും ചരിത്രപരമായ ഒരു വിധി തന്നെയാണിത്. പല ഘട്ടത്തിലും ഭരണഘടനാപരമായ വിധി വന്നിട്ടുണ്ടെങ്കിലും പുതിയ വിധി പ്രകാരം 1934-ലെ ഭരണപ്രകരാമല്ലാതെ മലങ്കര സുറിയാനി സഭ ഭരിക്കപ്പെടാന്‍ സാധ്യമല്ല. അത്രക്കും കര്‍ശനമായ നിലപാടോടെയാണ് പുതിയ സുപ്രീം കോടതി വിധി. സുപ്രീം കോടതി ജഡ്ജിമാരുടെ വിധി വാചകത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. ഇതല്ലാതെ മറ്റൊരു മാര്‍മില്ലെന്നും സമാന്തര സംവിധാനം നടപ്പില്‍ വരുത്തുകയോ സാധ്യമല്ലെന്ന്. അതുകൊണ്ട് തന്റെ അഭിപ്രായത്തില്‍ വിധി വ്യാഖ്യാനിക്കപ്പെടുന്നതു പ്രകാരം വീതം വച്ചു പിരിയുകയോ സമാന്തരമായി മറ്റൊരു സഭ നടത്തിക്കൊണ്ടുപോവുകയോ സാധ്യമല്ല. സമാന്തര സഭ തുടങ്ങാം പക്ഷേ, മലങ്കര സഭയുടെ സ്വത്തുക്കളോ ആസ്തികളോ കൊണ്ട് പാടില്ല. ഇന്ത്യന്‍ ഭരണഘടന അനുശാനിക്കുന്ന സമ്പൂര്‍ണ്ണ മതസ്വാതന്ത്ര്യം എന്ന അവകാശമുള്‍ക്കൊണ്ടുകൊണ്ട് സ്വതന്ത്രമായി ഒരു സഭ വേണമെങ്കില്‍ അവര്‍ക്കു സ്ഥാപിക്കാം. എന്നാല്‍ മലങ്കര സഭയുടെ ഭരണഘടനാ ചട്ടക്കൂടില്‍ നിന്നുകൊണ്ട് സാധിക്കില്ല.
മലങ്കര സഭയിലെ പള്ളികളും സ്ഥാപനങ്ങളും ഭരിക്കപ്പെടേണ്ടത് 1934-ല്‍ രൂപീകരിക്കപ്പെട്ട ഭരണഘടനാനുസൃതമായിരിക്കണമെന്ന വിധിക്കൊപ്പം 2002-ല്‍ പാത്രിയര്‍ക്കീസ് കക്ഷി എന്നവകാശപ്പെടുന്ന വിഭാഗം അവരുടേതായ രീതിയില്‍ ഉണ്ടാക്കിയ സമാന്തര ഭരണഘടന പൂര്‍ണ്ണമായും റദ്ദാക്കുന്നതായും വിധി പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ഈ വിധി വ്യക്തമാക്കുന്നത് മലങ്കരസഭ ഒന്നേ ഉള്ളൂവെന്നും അത് ഭരിക്കപ്പെടേണ്ടത് 1934 ഭരണഘടനാപ്രകാരമാണെന്നും പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ നിയമപരമായി മറ്റൊരു മലങ്കരസഭയ ഇനി മുതല്‍ ഇന്ത്യയില്‍ നിലവിലില്ല. അതുകൊണ്ട് സഭ ഒന്നായിമാറേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

ചോ.എന്തുകൊണ്ടാണ് അങ്ങുള്‍പ്പെട്ട ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ടംഗ പ്രതിനിധിസംഘം സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവായെ കാണാന്‍ പോയത്.
ഉ.പരിശുദ്ധ ബാവയെ കാണാന്‍  പോകാന്‍ കാരണം അദ്ദേഹത്തിനു ഇതില്‍ ഭരണഘടനാപരമായ ചില അവകാശങ്ങള്‍ ഉണ്ട്. അത് മറ്റുള്ളവര്‍ വിവക്ഷിക്കുന്നതുപോലെയോ അദ്ദേഹം തന്നെ വിവക്ഷിക്കുന്നതുപോലെയോ അല്ല. പരിശുദ്ധ കാതോലിക്കാ ബാവയുടെയും സഭയുടെയും അനുമതിയോടെയാണ് ഞങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കഴിഞ്ഞ സുന്നഹദോസില്‍ ഇതേക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനുമുമ്പ് പാത്രിയാര്‍ക്കീസ് ബാവയുടെ ഒരു കത്തും കാതോലിക്കാ ബാവക്കു ലഭിച്ചിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് പാത്രിയാര്‍ക്കീസ് ബാവയെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍ സഭയുടെ ഔദ്യോഗിക പ്രതിനിധിയായിട്ടോ പ്രാതിനിധ്യ സത്വഭാവത്തോടു കൂടിയിട്ടോ അല്ല പാത്രിയാര്‍ക്കീസ് ബാവയെ കാണാന്‍ പോയത്. മറിച്ച് സഭയുടെയും കാതോലിക്കാ ബാവയുടെയും അറിവോടെയാണ് പോയത്.

ചോ. പാത്രിയാര്‍ക്കീസ് ബാവയെ കാണുന്നതിന്റെ ഉദ്ദേശലക്ഷ്യമെന്തായിരുന്നു?
ഉ.പലപ്പോഴും പല യുദ്ധ സാഹചര്യങ്ങളിലും ഇരുപക്ഷങ്ങളും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. അവയ്‌ക്കൊന്നും പ്രാതിനിധ്യ സ്വഭാവം ഉണ്ടാകാറില്ല. ഔദ്യോഗികവും പ്രാതിനിധ്യസ്വഭാവത്തോടും കൂടിയ ചര്‍ച്ചകള്‍ പല ചട്ടക്കൂടുകള്‍ക്കുളളില്‍ നിന്നുകൊണ്ട് പലനിയമ പരിരക്ഷകള്‍ക്കും വിധേയമായിട്ടായിരിക്കും നടക്കുക. എന്നാല്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കും നിയമ പരിധികളില്ലാത്തതിനാല്‍ സ്വാതന്ത്ര്യമേറെയാണ്. പാത്രിയാര്‍ക്കീസ് ബാവയുടെ മനസറിയുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാനപ്പെട്ട ദൗത്യം. സുപ്രീംകോടതി വിധിവരുന്നതിനു മുമ്പു തന്നെ കാതോലിക്കാബാവ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകള്‍ പല കല്‍പ്പനകള്‍ വഴി അറിയിച്ചിട്ടുണ്ട്. മലങ്കര സഭയുടെ നിയമാവലിയില്‍ നിന്നുകൊണ്ട് ഏതറ്റം വരെയും വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നതായി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ മലങ്കരസഭയുടെ മാനേജിംഗ് കമ്മിറ്റി കൂടിയ ഉടന്‍ കാതോലിക്കാ ബാവ പറഞ്ഞിരുന്നു ഇനി പാത്രിയാര്‍ക്കീസ് ബാവയുടെ മനസറിയണമെന്ന്. ഇതിന്റെ എല്ലാം പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് പാത്രിയാര്‍ക്കീസ് ബാവയുമായുള്ള വ്യക്തിപരമായ അടുപ്പവും വച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ ഉദ്യമത്തിന് തുനിഞ്ഞിറങ്ങിയത്.

ചോ.നിങ്ങളുടെ സന്ദര്‍ശനത്തിനു മുമ്പു തന്നെ പാത്രിയാര്‍ക്കീസ് ബാവ കോടതി വിധിയെക്കുറിച്ച് വിശദമായി പഠിച്ചിരുന്നോ!
ഉ.ഞങ്ങളുടെ സന്ദര്‍ശനത്തിനു മുമ്പുതന്നെ പാത്രിയാര്‍ക്കീസ് ബാവ കോടതി വിധി വിശദമായി പഠിച്ചിരുന്നു. ഞാന്‍ തന്നെ വിധി പകര്‍പ്പു ലഭിച്ച ജൂലൈ അഞ്ചിന് അതിന്റെ ഒരു കോപ്പി പാത്രിയാര്‍ക്കീസ് ബാവക്ക് ഇ-മെയില്‍ ആയി അയച്ചുനല്‍കിയിരുന്നു. ഞങ്ങള്‍ ബെയ്‌റൂട്ടിലെത്തിയപ്പോള്‍ തന്നെ വിധിപ്പകര്‍പ്പ് ഏതാണ്ട് പൂര്‍ണമായും വായിച്ചു കഴിഞ്ഞതായി പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. അതേക്കുറിച്ച് അദ്ദേഹത്തിന്റെ നേരിട്ടുള്ള ഭരണത്തിനുകീഴിലുള്ള മെത്രാപ്പോലീത്താമാരുമായി ചര്‍ച്ച ചെയ്തിരുന്നു. മറ്റു പക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള യോജിപ്പിനെ സാധിക്കൂ എന്ന വിശ്വാസം അദ്ദേഹത്തിനുണ്ട്. യോജിപ്പിനെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് Dignity fof all(എല്ലാവരെയും മാനിക്കുക) എന്നാതാണ്. അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ വെളിച്ചത്തില്‍ മലങ്കരസഭ ഒന്നാകണം എന്ന കാഴ്ചപ്പാട് തന്നെയാണ് അദ്ദേഹത്തിനുള്ളത്.

ചോ.കൂടിക്കാഴ്ചയില്‍ അദ്ദേഹം സംതൃപ്തനായിരുന്നോ?
ഉ.തീര്‍ച്ചയായും. വളരെ പോസിറ്റീവ് ആയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒറ്റക്ക് ഒരു തീരുമാനമെടുക്കുവാന്‍ കഴിയുമായിരുന്നുവെങ്കില്‍ കൂടി എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടും തുറസായ സമീപകാലത്ത് ഇക്കാര്യത്തില്‍ വേണ്ടതെന്ന് വ്യക്തമായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. ഏതാണ്ട് രണ്ട് ദിവസങ്ങളിലായി ഏട്ടുമണിക്കൂറോളം ഞങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഞങ്ങളെ കൂടാതെ മറ്റ് രണ്ടുപേര്‍കൂടി അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയുടെ ചുമതലയുള്ള മലയാളിയായ ഒരു മെത്രാപ്പോലീത്തയും അദ്ദേഹത്തിന്റെ സെക്രട്ടറിയും കൂടെ ഉണ്ടായിരുന്നു.

ചോ.അദ്ദേഹത്തിന്റെ സമീപനത്തെ എങ്ങനെ വിലയിരുത്തുന്നു.?
ഉ.ഹൃദയം തുറന്ന ഒരു സംഭാഷണമായിരുന്നു. ഒന്നാകുമ്പോഴുണ്ടാകുന്ന ഭീതികളും വരുംവരായ്കകളും പങ്കുവച്ചു. അനൗദ്യോഗികമായതുകൊണ്ടുള്ള ഒരു സ്വാതന്ത്ര്യവും ചര്‍ച്ചയ്ക്കു കൂടുതല്‍ സൗഹാര്‍ദ്ദമുളവാക്കി. ചര്‍ച്ച അനൗദ്യോഗികമായതുകൊണ്ട് പത്രമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ നല്‍കരുതെന്ന് നേരത്തെതന്നെ സൂചിപ്പിച്ചിരുന്നു. തുറന്ന മനസായിരുന്നു അദ്ദേഹത്തിന്റെ സമീപനത്തില്‍ കണ്ടത്, മലങ്കര സഭ ഒന്നിക്കണമെന്ന് അദ്ദേഹത്തിന് അഭമ്യമായ താല്‍പ്പര്യമുള്ളതായി മനസിലാക്കുവാന്‍ കഴിഞ്ഞു. അതിന് നാളെ ഒരു കല്‍പ്പന എഴുതി തയ്യാറാക്കുന്നതിലുപരി എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ആഗ്രഹമാണ് അദ്ദേഹത്തില്‍ കണ്ടത്. ഒരു ഉറച്ച നിലപാട് എടുക്കേണ്ട് സാഹചര്യം വരുമ്പോള്‍ അദ്ദേഹം എടുക്കുമെന്നു തന്നെയാണ് കരുതുന്നത്. ഇരു വിഭാഗത്തിനും തുല്യനീതി ലഭിക്കുന്ന തീരുമാനമാണ് അദ്ദേഹം ഉള്‍ക്കൊണ്ടിരിക്കുന്നതെന്നും മനസിലാക്കുന്നു.

ചോ.പ്രാതിനിധ്യ സ്വഭാവമില്ലാത്ത അനൗദ്യോഗിക ചര്‍ച്ചകളാണെന്നു പറഞ്ഞു. എന്താണ് അതില്‍ ലക്ഷ്യം വയ്ക്കുന്നത്.

ഉ.നോര്‍ത്ത് കൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായി സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ തന്നെ തിരശീലക്കു പിന്നില്‍ നിന്നുകൊണ്ട് നയതന്ത്ര നീക്കങ്ങള്‍ നടത്താറുണ്ട്. അത്തരം ചര്‍ച്ചകള്‍ നടക്കുന്നത് നല്ലതാണ്. പരസ്പര ബഹുമാനവും വളര്‍ത്തുക വഴി ബന്ധങ്ങള്‍ വളര്‍ത്തുന്നത് ഊഷ്മളകരമായിരിക്കും. അതാണ് ഇത്തരം നയതന്ത്ര ശ്രമങ്ങള്‍ നേരത്തേ തന്നെ നടത്താന്‍ ഉദ്ദേശിച്ചത്. അപ്രകിയ ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ we broke the ice(മഞ്ഞുരുക്കാന്‍ നടപടി ആരംഭിച്ചു). കാര്യങ്ങളുടെ ശീതാവസ്ഥ മാറി. നമ്മളിനി പരസ്പര ബഹുമാനത്തോടെ തുല്യനീതിക്കായി പ്രയത്‌നിക്കണം. രണ്ടു വിഭാഗങ്ങളിലും ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവരുണ്ട്. അവര്‍ രണ്ടു വിഭാഗത്തെയും ഹൈജാക്ക് ചെയ്യാതിരിക്കാന്‍ ശ്രമിക്കണം. പലപ്പോഴും സന്തുലിത ശക്തിയായി നില്‍ക്കേണ്ട അവസ്ഥവരും.

ചോ.പാത്രിയാര്‍ക്കീസ് ബാവയുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കാതോലിക്കാബാവയുമായി പങ്കുവച്ചോ?
ഉ.ലബനോനിലേക്കു പോകും മുമ്പ് കാതോലിക്കാ ബാവയുമായി വിശദമായി സംസാരിച്ചിരുന്നു. ഇതിനിടെ ഒരു ആശയവിനിമയത്തില്‍ ഒരു പാളിച്ച പറ്റി. മനഃപൂര്‍വമല്ല. ലബനോനില്‍ നിന്നു ഞാന്‍ അമേരിക്കയിലേക്കു വിമാനം കയറിയപ്പോള്‍ കാതോലിക്കാ ബാവ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് മറ്റൊരാവശ്യത്തിനു വേണ്ടി തിരിച്ചിരുന്നു. ഞങ്ങള്‍ ഒരു പക്ഷേ ഗള്‍ഫിലോ മറ്റോ പരസ്പരം പാസ് ചെയ്തു പോയിട്ടുണ്ടാകും. അദ്ദേഹം ഇവിടെ എത്തയശേഷം അദ്ദേഹവുമായി ഏതാണ്ട് 45 മിനിറ്റു നേരം ഫോണില്‍ സംസാരിച്ചു. മുക്കാല്‍ മണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍ എന്റെ ഓര്‍മ്മയില്‍ മനസില്‍ നിന്നു കിട്ടാവുന്ന കാര്യങ്ങള്‍ ഒന്നൊന്നായി ധരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഇങ്ങോട്ടുപോന്നപ്പോള്‍ അത്തനാസിയോസ് തിരുമേനി നാട്ടിലേക്കും പോയി. അദ്ദേഹവും അന്നു തന്നെ അമേരിക്കയിലേക്കു പോന്നതിനാല്‍ ബാവയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല.

ചോ.എന്തായിരുന്നു കാതോലിക്കാ ബാവയുമായി സംസാരിച്ചപ്പോള്‍ ലഭിച്ച സന്ദേശം?
ഉ. പരിശുദ്ധ കാതോലിക്കാ ബാവയ്ക്കും പരിശുദ്ധ പാത്രിയാര്‍ക്കീസിനെപ്പോലെതന്നെ യോജിപ്പിനോടു അധമ്യമായ താല്‍പ്പര്യമാണുള്ളത്. അതോടൊപ്പം യോജിപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തി തുല്യനീതിയുളവാക്കുന്ന നടപടിമൂലമുള്ള നൂലാമാലകളെക്കുറിച്ചും ആശങ്കയുണ്ട്. കാരണം ഇവര്‍ രണ്ടുപേരുടെയും തലയിലാണല്ലോ എല്ലാ ഭാരിച്ച ഉത്തരവാദിത്വങ്ങളുമുള്ളത്. ഒരു വശത്ത് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭ ഇരിക്കുമ്പോള്‍ ഇത്തരമൊരു യോജിക്കല്‍ സാധ്യതകള്‍ കടന്നുവരുമ്പോള്‍ തന്നെ ആസ്ഥാനത്തിരുന്നുകൊണ്ട് അത് പ്രായോഗികമാക്കാനുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതിലെ ആകുലതയും ഒപ്പമായിരുന്നു.
 
(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക