Image

അധ്യാപകര്‍ക്ക് യോഗ്യത പരീക്ഷ നിര്‍ബന്ധമാക്കി

Published on 08 March, 2012
അധ്യാപകര്‍ക്ക് യോഗ്യത പരീക്ഷ നിര്‍ബന്ധമാക്കി
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിനു യോഗ്യതാ നിര്‍ണയ പരീക്ഷ (ടിഇടി)പാസാകണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പ്രകാരം ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് പാസാകുന്നവര്‍ക്ക് മാത്രമേ അധ്യാപക തസ്ഥികയില്‍ തുടരാന്‍ കഴിയുകയുള്ളൂ. പുതിയ നിയമനങ്ങള്‍ക്കും പരീക്ഷ ബാധകമാണ്. പരീക്ഷ നടത്തിപ്പ് ചുമതല എസ്ഇആര്‍ടിയ്ക്കാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപക നിയമനത്തിനു ഈ പരീക്ഷ അടിസ്ഥാന മാനദണ്ഡമാകും.

സര്‍വീസിലുള്ള അധ്യാപകര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കിയതിനനെതിരെ ഭരണ-പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ നല്‍കിയ നിര്‍ദേശവും വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചട്ടങ്ങളും അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് സര്‍ക്കാര്‍ നിലപാട്.
വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചു ഘടനാപരവും അല്ലാത്തതുമായ മാറ്റങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അധ്യാപക യോഗ്യത പരിശോധിക്കുന്ന പരീക്ഷയും നിര്‍ബന്ധമാക്കിയത്. യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം പബ്ലിക് സര്‍വീസ് കമ്മീഷനെയും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സെക്ഷന്‍ 23- ലാണു യോഗ്യതാപരീക്ഷ വ്യവസ്ഥയുള്ളത്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനാണു കേന്ദ്രനിയമത്തില്‍ പരീക്ഷ നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്ത്് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ലിഡാ ജേക്കബ് അധ്യക്ഷയായ വിദഗ്ധ സമിതി ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള മുഴുവന്‍ അധ്യാപക നിയമനങ്ങള്‍ക്കും ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പാസാകണമെന്നതു നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചു. ഇതു സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ നിയമനത്തിനു പരീക്ഷ ബാധകമാണ്. സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം കിട്ടുന്നതിനും ഈ പരീക്ഷ പാസാകണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക