Image

നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജ് രാജി വച്ചു

Published on 09 March, 2012
നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജ് രാജി വച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജ് രാജി വച്ചു. രാജി സ്പീക്കര്‍ ജി.കാര്‍ത്തികേയന് സമര്‍പ്പിച്ചു. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗമായ ശെല്‍വരാജ് ജില്ലാ കമ്മിറ്റിയംഗം അടക്കമുള്ള പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായി അറിയിച്ചു. തന്നെയും കുടുംബത്തേയും പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നൂവെന്ന കാരണത്താലാണ് രാജിയെന്ന് ശെല്‍വരാജ് പറഞ്ഞു.

ആര്‍.ശെല്‍വരാജിന്‍െ്‌റ രാജി കേരള രാഷ്ട്രീയത്തില്‍ തന്നെ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. പൊതുവെ വി.എസ് പക്ഷക്കാരനായി അറിയപ്പെടുന്ന ശെല്‍വരാജിന്‍െ്‌റ രാജി സി.പി.എമ്മിനകത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.പാറശാലയിലെ സിറ്റിംഗ് എംഎല്‍എയായ ശെല്‍വരാജ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്.

പാറശാല മണ്ഡലത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ഔദ്യോഗിക പക്ഷത്തെ പ്രമുഖനുമായ ആനാവൂര്‍ നാഗപ്പന്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് സിപിഎമ്മിനകത്തെ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയത്. പാറശാലയില്‍ ആനാവൂര്‍ നാഗപ്പന്‍ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പരാജയം അന്വേഷിക്കാന്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വിഭാഗീയത തോല്‍വിക്ക് ഇടയായെന്ന റിപ്പോര്‍ട്ട് വന്നതോടെ ശെല്‍വരാജിനൊപ്പം നിന്ന പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് വെട്ടിനിരത്തി. ആനാവൂര്‍ നാഗപ്പന്റെ ഈ നിലപാടില്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു.

ശെല്‍വരാജും ആനാവൂര്‍ നാഗപ്പനും തമ്മിലുള്ള പോര് ജില്ലയിലെ സിപിഎമ്മിനകത്തും ചേരിതിരിവ് ഉണ്ടാക്കി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െ്‌റ പിന്തുണ ആനാവൂര്‍ നാഗപ്പനുണ്ടായിരുന്നു. ഈ വിഷയത്തിന്‍െ്‌റ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ സിപിഐയിലേക്കും മറ്റ് പാര്‍ട്ടികളിലേക്കും ചേക്കേറി. എന്നിട്ടും ശെല്‍വരാജിനെ വെറുതെ വിടാന്‍ ഔദ്യോഗിക പക്ഷം തയ്യാറായിരുന്നില്ല.

തന്നെയും കുടുംബത്തെയും വിഭാഗീയതയുടെ പേരില്‍ തകര്‍ക്കാന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന് കാണിച്ച് ശെല്‍വരാജ് പാര്‍ട്ടി നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. പരതിയെ തുടര്‍ന്ന് നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ താത്കാലികമായി പരിഹരിച്ചിരുന്നു. എന്നാല്‍ രാജിവയ്ക്കാനിടയാക്കിയ സാഹചര്യം ഇപ്പോള്‍ എങ്ങനെ ഉണ്ടായിയെന്നുള്ളത് സിപിഎം കേന്ദ്രങ്ങളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക