Image

ചാവേര്‍ക്കാഴ്ചകള്‍ : ആട് അങ്ങാടിയറിയുമ്പോള്‍ - ജയന്‍ കെ. സി.

ജയന്‍ കെ. സി. Published on 09 March, 2012
ചാവേര്‍ക്കാഴ്ചകള്‍ : ആട് അങ്ങാടിയറിയുമ്പോള്‍ - ജയന്‍ കെ. സി.
നട്ടുച്ച തിളക്കും
നിരത്തില്‍
ചുവപ്പ്
ചിതറിക്കിടന്നു

പകുതിയറ്റകൈകളുമായ്
കൈവണ്ടികള്‍
ആകാശത്തിലേക്ക്
തുറിച്ചുകിടന്നു
ചിതറിയ കാബേജ് തുണ്ടുകള്‍
പീലികരിഞ്ഞ
കണ്‍പോളകള്‍ പോലെ
മലര്‍ന്നുകിടന്നു
ചതഞ്ഞുതൂറിയ
തക്കാളിക്കുടര്‍മാലകള്‍
ചാര്‍ത്തിയൊരറ്റക്കണ്ണട-
യുടഞ്ഞുകിടന്നു
വാററ്റ ചെരുപ്പുകള്‍
പല്ലുകള്‍
എല്ലിന്തരിപ്പുകള്‍
കാളക്കുറവുകള്‍
കത്തികള്‍
കശാപ്പുമണങ്ങള്‍
മാടിക്കെട്ടിയ
തൊലിക്കെട്ടുകള്‍
തകര്‍ന്ന മുക്കാലിയില്‍
തുടലറ്റതുലാസ്സിന്തട്ടുകള്‍
തുറകണ്ണുരുട്ടും
ആട്ടിന്‍ തലകള്‍
ഉരുകിയ ടാറിലങ്ങനെ
ചില്ലുകാഴ്ച്ചകള്‍
തറഞ്ഞുകിടന്നു
ചോരവാലുന്ന
ചാലുകളിലാകാശം
പിഞ്ഞിക്കിടന്നു

നിശ്ശബ്ദത വീണുപൊള്ളിയ
നടപ്പാതയില്‍
ചുവപ്പ് രേഖവീഴ്ത്തിക്കൊണ്ട്
ഒരു കുട്ടി
അരയില്‍നിന്നൂര്‍ന്ന പോയനിക്കര്‍
ഇടംങ്കൈകൊണ്ടുതാങ്ങി
വലങ്കൈകൊണ്ട്
പട്ടയുരുട്ടിനീങ്ങുന്നു.
ചാവേര്‍ക്കാഴ്ചകള്‍ : ആട് അങ്ങാടിയറിയുമ്പോള്‍ - ജയന്‍ കെ. സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക