Image

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കസ്റ്റംസ് പീഢനകഥ വീണ്ടും

ശ്രീകുമാര്‍ പുരുഷോത്തമന്‍ Published on 10 March, 2012
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കസ്റ്റംസ് പീഢനകഥ വീണ്ടും
യാത്രക്കാരില്‍ നിന്നും പടി വാങ്ങാനാകാതെ നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഗതികേടിലായിരിക്കുന്നു. സി.ബി.ഐയുടെ നിരീക്ഷണ കണ്ണുകള്‍ തങ്ങള്‍ക്കും ചുറ്റും പാറിപ്പറക്കുന്നുണ്ടെന്ന് അവര്‍ക്ക് നല്ലപോലെ അിയാം. സി.ഐ.എസ്.എഫിന്റെ ക്യാമറകള്‍ കടമെടുത്തു സി.ബി.ഐ നടത്തിയ തിരച്ചിലില്‍ കുടുങ്ങിയ നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. സസ്‌പെന്‍ഷന്‍ , കൂട്ടത്തോടെയുള്ള സ്ഥലം മാറ്റം തുടങ്ങിയ ശിക്ഷാനടപടികള്‍ക്ക് അവര്‍ വിധേയരായിക്കഴിഞ്ഞു. അതിനാല്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നയം അവര്‍ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജനുവരി അവസാനം ന്യൂയോര്‍ക്കില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരു വീട്ടമ്മയുടെ അനുഭവം ഇതിനു സാക്ഷ്യം.
ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ചെക്കിംഗ് സമയത്ത് കയ്യില്‍ കിടന്ന നാലു വളകള്‍ സ്‌കാനിങ്ങിനായി ഊരി എടുക്കാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം ഇനിയും ഇതുപോലെ ചെയ്യേണ്ടി വന്നെങ്കിലോ എന്ന് കരുതി അവര്‍ ആ വളകള്‍ ബാഗില്‍ തന്നെ സൂക്ഷിച്ചു.
35 വര്‍ഷം മുമ്പ് അവര്‍ വിവാഹ സമയത്ത് ധരിച്ച ആ പഴയ സ്വര്‍ണവളകള്‍. നെടുമ്പാശ്ശേരി കസ്റ്റംസ് വീരന്മാര്‍ നിയമപുസ്തകത്തിന്റെ താളുകള്‍ അരിച്ചു പെറുക്കി കാത്തിരിക്കുന്നുണ്ടെന്ന വിവരം അവര്‍ക്ക് അ
ിവുണ്ടായിരുന്നില്ല. നെടുമ്പാശ്ശേരിയില്‍ ഇറങ്ങി ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ അതില്‍ അളവില്‍ കവിഞ്ഞ സ്വര്‍ണശേഖരമുള്ളതായി അവര്‍ കണ്ടെത്തി. 8 ഗ്രാം വരുന്ന 4 വളകള്‍ നിയമത്തിന്റെ എല്ലാ പരിധികളെയും ലഘിക്കുന്നതാണെന്ന് അവര്‍ ചട്ടങ്ങള്‍ ഉദ്ധരിച്ചു പ്രഖ്യാപിച്ചു.
ഒരു സ്ത്രീക്ക് പരമാവധി ഒരു പവനും ഒരു പുരുഷന് അര പവനും സ്വര്‍ണം മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്ന് ഇന്ത്യന്‍ നിയമം അനുശാസിക്കുന്നു. അതില്‍ കൂടുതല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കയ്യിലുണ്ടെങ്കില്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് പാസ്‌പോര്‍ട്ടില്‍ എഴുതി മേടിക്കണം എന്നാണത്രെ നിയമം.ആയതിനാല്‍ അധികമുള്ള 25 ഗ്രാം സ്വര്‍ണ്ണത്തിന് 80 ഡോളറോളം ഡ്യൂട്ടി അടക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
കൈവശം അത്രയും തുക ഇല്ലാത്തതുകൊണ്ട് പുറത്ത് കാത്ത് നില്‍ക്കുന്ന ബന്ധുക്കളുടെ കയ്യില്‍ നിന്നും രൂപ വാങ്ങി എത്താമെന്ന് പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. അത് അമേരിക്കന്‍ ഡോളറില്‍ തന്നെ അടക്കണം എന്ന് ശഠിച്ചു. അവസാനം ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ച് പരിചയപ്പെട്ട് കൂടെ യാത്ര ചെയ്ത ഒരു യാത്രക്കാരിയോട് നൂറു ഡോളര്‍ കടം വാങ്ങി ഡ്യൂട്ടി അടക്കേണ്ടി വന്നു അവര്‍ക്ക് തന്റെ വളകള്‍ സ്വന്തമാക്കാന്‍.
നിയമം നടപ്പാക്കുന്നതിന് ആരും എതിരല്ല. വലിയ തിമിംഗലങ്ങളെ ഗൗനിക്കാതെ ഇതുപോലെയുള്ള നിസാര പ്രശ്‌നങ്ങളില്‍ നിയമത്തിനെ നൂലാമാലകള്‍ പരതുമ്പോഴാണ് ജനം ചോദ്യം ചെയ്യുന്നത്. കേരളത്തിലെ എയര്‍പോര്‍ട്ടില്‍ ഡോളറില്‍ ഡ്യൂട്ടി അടക്കണം എന്ന് ആവശ്യപ്പെട്ടത് കസ്റ്റംസ് ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി അല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല.
ന്യൂജേഴ്‌സിയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഫെബ്രുവരിയില്‍ യാത്ര ചെയ്ത ഒരു അമ്മയ്ക്കും കുഞ്ഞിനും ഇതേ അനുഭവം ഉണ്ടായതിനാല്‍ അവര്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് പരാതി നല്‍കിയിരിക്കുന്നു. നിയമത്തിന്റെ പഴുതിലൂടെ ഉള്ള ഈ പിടിച്ചുപറി അധികാരികള്‍ മനസ് വച്ചാല്‍ ഒഴിവാക്കാം. ഇത് ഒരു മുന്നറിയിപ്പ് കൂടിയാണ്.
വിദേശത്ത് പോയിട്ട് തിരിച്ചു യാത്ര ചെയ്യുമ്പോള്‍ സ്വന്തം മാലയും വളയും മോതിരവുമെല്ലാം ബാഗില്‍ സൂക്ഷിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക:- അതിനു ഇറക്കുമതി ചുങ്കം ചുമത്തുവാന്‍ നെടുമ്പാശ്ശേരിയിലെ നിയമപാലകര്‍ കഴുകന്റെ കണ്ണുമായി കാത്തിരിപ്പുണ്ടെന്ന്…ജാഗ്രതൈ..

റിപ്പോര്‍ട്ട് : ശ്രീകുമാര്‍ പുരുഷോത്തമന്‍

see also
50 ഗ്രാം സ്വര്‍ണം: നെടുമ്പാശേരിയില്‍ അമ്മക്കും മകള്‍ക്കും അവഹേളനം; പിഴ

ഇന്ത്യന്‍ ബാഗേജ്‌ നിയമങ്ങള്‍ പരിഷ്‌കരിക്കണം
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കസ്റ്റംസ് പീഢനകഥ വീണ്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക