Image

കേരളത്തിലെ നഴ്‌സിംഗ്‌ സമരം: ഒരവലോകനം

Published on 11 March, 2012
കേരളത്തിലെ നഴ്‌സിംഗ്‌ സമരം: ഒരവലോകനം
തൊഴില്‍ മേഖലയിലെ അസംഘടിത സമൂഹമായ നഴ്‌സുമാര്‍ ഇന്ത്യയിലുടനീളം ചൂഷണത്തിനും പീഡനത്തിനും അടിമത്വത്തിനും ബലിയാടുകളാകുകയായിരുന്നു നാളിതുവരെ. കുറഞ്ഞ ശമ്പളവും കൂടുതല്‍ ജോലിഭാരവും ചുമലിലേറ്റി കഴുതകളെപ്പോലെ ജോലിയെടുക്കുന്ന ഇന്ത്യയിലെ നഴ്‌സുമാര്‍ ജോലിക്കിടയില്‍ ആശുപത്രി അധികൃതരുടേയും ഡോക്‌ടര്‍മാരുടേയും രോഗികളുടേയും ബന്ധുക്കളുടേയും പീഡനങ്ങള്‍ ഏറ്റുവാങ്ങി, നിരാശരായി, നിസഹായരായി നിന്നപ്പോള്‍ അവര്‍ക്ക്‌ ആശ്വാസം പകരുവാന്‍, അവരുടെ ന്യായമായ ആവശ്യങ്ങള്‍ കേള്‍ക്കുവാന്‍ രാഷ്‌ട്രീയ നേതാക്കളോ, മത മേലധികാരികളോ, സാഹിത്യനായകരോ, പത്രക്കാരോ, സാമൂഹ്യ പ്രവര്‍ത്തകരോ മുന്നോട്ടുവന്നില്ല. വിവിധ ബാങ്കുകളില്‍ നിന്ന്‌ വിദ്യാഭ്യാസ വായ്‌പയെടുത്ത്‌, കിടപ്പാടം പണയംവെച്ച്‌ കാപ്പിറ്റേഷന്‍ ഫീസ്‌ നല്‍കി നാലു വര്‍ഷം കോളജുകളില്‍ പഠിച്ച്‌ പുറത്തിറങ്ങുന്ന നഴ്‌സുമാരെ ബോണ്ടിന്റേയും സര്‍ട്ടിഫിക്കറ്റിന്റേയും ഉമ്മാക്കി കാട്ടി അധികൃതര്‍ രണ്ടുവര്‍ഷക്കാലം അടിമകളാക്കി ജോലിയെടുപ്പിച്ച്‌ കൊള്ളലാഭം കൊയ്യുമ്പോള്‍ പാവം നഴ്‌സുമാര്‍ക്ക്‌ ലഭിക്കുന്നത്‌ മാസം 1000 രൂപ മുതല്‍ 3000 രൂപ വരെ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ അവകാശ ലംഘനങ്ങള്‍ക്കെതിരേ കേരളത്തിലും മറ്റ്‌ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട പ്രതിക്ഷേധങ്ങള്‍ ഉണ്ടായപ്പോള്‍ മാനേജ്‌മെന്റുകളും ഭരണാധികാരികളും അടിച്ചമര്‍ത്തി. അതിനിടയില്‍ പീഡനത്തിനിരയാകുന്ന നഴ്‌സുമാരും നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികളും ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം ഡല്‍ഹിയിലും മുംബൈയിലുമൊക്കെ ആവര്‍ത്തിക്കുകയുണ്ടായി.

ലോകമെമ്പാടും നഴ്‌സുമാര്‍ ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോള്‍, ബഹുമാനത്തോടെ ജനങ്ങളും ഭരണാധികാരികളും കണക്കാക്കുമ്പോള്‍, ഇന്ത്യയിലും നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തിലും മാത്രം നഴ്‌സുമാര്‍ അടിമത്വത്തിന്റെ ചങ്ങലയില്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്നു. അതിനെതിരേ ശബ്‌ദമുയര്‍ത്തി അമേരിക്കയിലെ നഴ്‌സിംഗ്‌ സംഘടനകളും, മലയാളി സംഘടനാ പ്രവര്‍ത്തകരും മുന്നോട്ടിറങ്ങി. രണ്ടായിരത്തിന്റെ തുടക്കംമുതല്‍ നഴ്‌സുമാര്‍ക്കെതിരേയുള്ള നീതി നിഷേധത്തിനെതിരേ, അവകാശ ലംഘനങ്ങള്‍ക്കെതിരേ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള വിന്‍സെന്റ്‌ ഇമ്മാനുവേലിന്റെ നേതൃത്വത്തില്‍ ഒരുപറ്റം അമേരിക്കന്‍ മലയാളികള്‍ ഇന്ത്യയിലെ ഭരണാധികാരികളേയും കോടതിയേയും സമീപിച്ചു. 2003-ല്‍ പി.സി. തോമസ്‌ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനും, ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി എം.എല്‍.എയ്‌ക്കും നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അടങ്ങിയ നിവേദനം നല്‍കി. 2005-ല്‍ കേരളാ ഹൈക്കോടതിയിലും, പിന്നീട്‌ സുപ്രീം കോടതിയിലും നഴ്‌സിംഗ്‌ ബോര്‍ഡിനും പിടിച്ചുവെച്ച നഴ്‌സിംഗ്‌ സര്‍ട്ടിഫിക്കറ്റ്‌ റിലീസു ചെയ്യുന്നതടക്കമുള്ള ആവശ്യങ്ങളുമായി സമീപിച്ച്‌ അനുകൂലമായ വിധി നേടിയെടുത്തു. ഇതിനിടെയില്‍ ഫോമാ, ഫൊക്കാന, ഡാളസ്‌ നഴ്‌സിംഗ്‌ അസോസിയേഷന്‍, ഫിലാഡല്‍ഫിയയിലെ പിയാനോ, ഓര്‍മ്മ തുടങ്ങിയ ഒട്ടനവധി സാംസ്‌കാരിക സംഘടനകളും, സംഘടനാ നേതാക്കളും ഇന്ത്യയിലെത്തി നഴ്‌സുമാര്‍ അനുഭവിക്കുന്ന കഷ്‌ടതകള്‍ ഇന്ത്യയിലെ ഭരണാധികാരികളുടെ മുന്നിലെത്തിച്ചു. അതോടൊപ്പംതന്നെ ഇന്ത്യയിലെ വിവിധ നഴ്‌സിംഗ്‌ സംഘടനകള്‍ മുന്‍ കേന്ദ്രമന്ത്രി എസ്‌. കൃഷ്‌ണകുമാറിന്റെ പത്‌നി ഉഷാ കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തിലേയും കേരളത്തിലേയും ഭരണാധികാരികളുടേയും ആശുപത്രി അധികൃതരുടേയും മുന്നില്‍ നഴ്‌സുമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, ന്യായമായ വേതനം, കൃത്യമായ ജോലി സമയം, വിവേചന രഹിതമായ പെരുമാറ്റം തുടങ്ങിയ ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരുവിധ നടപടികളുമെടുത്തില്ല.

വായ്‌പ പലിശ പോലും തിരിച്ചടയ്‌ക്കാനാവാത്ത സാഹചര്യവും, ആശുപത്രി അധികൃതരുടെ അവഗണനയും, തങ്ങളുടെ അവകാശങ്ങളെപ്പറ്റിയുള്ള തിരിച്ചറിവുമുണ്ടായപ്പോള്‍ കേരളത്തിലെ പ്രമുഖ ആശുപത്രികളായ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍, ലേക്ക്‌ഷോര്‍, അമൃത, മുത്തൂറ്റ്‌, അടൂര്‍, പരുമല, പുഷ്‌പഗിരി, അങ്കമാലി, വെഞ്ഞാറമൂട്‌ തുടങ്ങിയ ആശുപത്രികളിലേക്ക്‌ സമരം വ്യാപിച്ചു. ഡോക്‌ടര്‍മാരുടെ സംഘടനയായ ഐ.എം.എയും ആശുപത്രി മാനേജ്‌മെന്റുകളും ഒത്തുചേര്‍ന്ന്‌ സമരത്തെ തകര്‍ക്കാന്‍ ശ്രമം നടത്തിയപ്പോള്‍, നഴ്‌സുമാരുടെ ആത്മവീര്യം ആളിപ്പടരുകയായിരുന്നു. വിവിധ നഴ്‌സിംഗ്‌ സംഘടനകളായ നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍, ഓള്‍ ഇന്ത്യാ പ്രൈവറ്റ്‌ നഴ്‌സസ്‌ അസോസിയേഷന്‍, യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ എന്നീ അസോസിയേഷനുകള്‍ സമരത്തിന്‌ പിന്തുണ നല്‍കിയപ്പോള്‍ അമേരിക്കന്‍ മലയാളികളേയും മലയാളി സംഘടനകളേയും പ്രതിനിധീകരിച്ച്‌ വിന്‍സെന്റ്‌ ഇമ്മാനുവേല്‍, അനിയന്‍ ജോര്‍ജ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വിവിധ മാനേജ്‌മെന്റുകളുമായും മന്ത്രിമാരുമായും ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‌കുകയും ചെയ്‌തു.

ബഹുമാനപ്പെട്ട തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ ആത്മാര്‍ത്ഥമായ ശ്രമഫലമായി ഒട്ടേറെ ആശുപത്രികളിലെ സമരങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാധിച്ചു. സാധാരണ ജനങ്ങളും, സാംസ്‌കാരിക നായകരും സമരത്തിന്‌ പിന്തുണയര്‍പ്പിച്ചതും നഴ്‌സിംഗ്‌ സമരം വിജയിച്ചതിന്‌ കാരണമായിത്തീര്‍ന്നു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയ്‌ക്ക്‌ വരികയും കുറഞ്ഞ വേതനം നടപ്പാക്കാത്ത ആശുപത്രികളെ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്‌താവനയും കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ ആശ്വാസം പകരും എന്നതില്‍ സംശയമില്ല.

വേദനയനുഭവിക്കുന്ന, യാതനയനുഭവിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നട്ടംതിരിയുന്ന കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ ആശ്വാസത്തിന്റേയും സാന്ത്വനത്തിന്റേയും കൈത്തിരിയുമായി ജന്മനാട്ടിലെത്തിയ അമേരിക്കന്‍ മലയാളികള്‍ക്കെല്ലാം അഭിനന്ദനത്തിന്റെ പൂഞ്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു.
കേരളത്തിലെ നഴ്‌സിംഗ്‌ സമരം: ഒരവലോകനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക