Image

അതിരില്ലാ മോഹങ്ങള്‍ (കവിത: ഇ.എം. പൂമൊട്ടില്‍)

Published on 26 December, 2017
അതിരില്ലാ മോഹങ്ങള്‍ (കവിത: ഇ.എം. പൂമൊട്ടില്‍)
ചക്രവാളത്തിനു സീമയതൊന്നില്ല
കാലത്തിനാദിയും അന്തവുമില്ല
എണ്ണങ്ങളെത്രയെന്നാര്‍ക്കും കണിക്കല്ല
അതിരുകളൊന്നില്ല മോഹങ്ങള്‍ക്കും!

ഒരു കൊച്ചു വീട്ടില്‍ വസിക്കാന്‍ കൊതിച്ചു
വീടുകള്‍ രണ്ടൂമൂന്നെണ്ണം ചമച്ചു;
ബാക്കിയായ് നില്ക്കുന്നിതാ എന്റെ ആശകള്‍
രാജകൊട്ടാരത്തില്‍ പാര്‍ക്കുവാന്‍ മോഹം!

സുന്ദരനെന്നൊരു പേരില്‍ വിലസുവാന്‍
സുപ്തമെന്‍ ജീവിതരീതികള്‍ നീക്കി;
കാഴ്ചയില്‍ നല്ലൊരാകാരം ഉണ്ടെങ്കിലും
"പ്രേംനസീര്‍' പോലെയാകാത്തതില്‍ ദുഖം!

സ്വത്തുകളേറെ സമ്പാദിച്ചുകൂട്ടുവാന്‍
സ്വന്തമായേറെ പ്രയത്‌നം കഴിച്ചു;
അളവറ്റ സമ്പത്ത് നേടിയെന്നാലും
"അംബാനി'ക്കൊപ്പം എത്താതില്‍ ശോകം!

ഏറെ ഞാന്‍ നന്മകള്‍ നാടിനു ചെയ്തിട്ടും
വേണ്ടപോലാദരിക്കാത്തതില്‍ തപം;
പൊന്നാട നല്‍കി അംഗീകരിച്ചെങ്കിലും
പത്മഭൂഷണ്‍ ലഭിക്കാത്തതില്‍ ഖേദം!

ഒരുകൊച്ചു നേതാവാകാന്‍ ശ്രമിച്ചു ഞാന്‍
ഒട്ടേറെ നായകസ്ഥനം വഹിച്ചു;
സംതൃപ്തനായില്ല, സന്തുഷ്ടനായില്ല
മന്ത്രിക്കസേരയായ് മാറിയെന്‍ മോഹം!

കാലം തിരിയവെ ഭാഗ്യം കനിയവെ
ഞാനൊരു മന്ത്രിയായെന്നിരുന്നാലും
മുഖ്യമന്ത്രിപദം കേന്ദ്രസ്ഥാനങ്ങളും
മുമ്പില്‍ തെളിഞ്ഞീടില്ലേ മോഹങ്ങളായ്!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക