Image

കൃഷ്ണാ.....നീ....... (കവിത: തൊടുപുഴ കെ. ശങ്കര്‍ മുംബൈ)

തൊടുപുഴ കെ. ശങ്കര്‍ മുംബൈ Published on 21 February, 2018
കൃഷ്ണാ.....നീ....... (കവിത: തൊടുപുഴ കെ. ശങ്കര്‍ മുംബൈ)
തെറ്റുകള്‍  ചൂഴുമീ  സംസാര  ഗര്‍ത്തത്തില്‍ 
തെറ്റിവീഴാതെന്നെ  കാക്കേണമേ!

തെറ്റുമീ ജീവിത  പാതയില്‍  പാദങ്ങള്‍
തെറ്റാതെ  വയ്ക്കുവാന്‍  കാട്ടേണമേ!

വേദങ്ങള്‍  കാട്ടുന്ന  പാതയിലൂടെന്നെ 
വേദാന്തരൂപാ,  നയിക്കേണമേ!
ഉണ്മതന്‍  പൊല്‍ത്തിരി  നാളമായെന്നുമെന്‍
ഉള്ളില്‍  തെളിഞ്ഞു  നീ  നില്‍ക്കേണമേ!

ഒരുനാളുമെന്നുള്ളില്‍  കാലുഷ്യമേശാതെ  
ഗുരുവായൂരപ്പാ!  നീ നോക്കീടണേ!
ശുദ്ധ  ഹൃദയരാം  ഭക്ത  ജനങ്ങളെ 
ക്രുദ്ധരില്‍  നിന്നു  നീ  രക്ഷിക്കണേ!

ആരുമില്ലാത്തോര്‍ക്കു  സന്തതമാശ്രയം 
കാരുണ്യ  വാരിധേ,  നീയല്ലയോ!
ഗോവര്‍ദ്ധനം  വിരല്‍  തുമ്പിലുയര്‍ത്തി  നീ 
ഗോക്കളേം  ബാലരേം  കാത്തതല്ലൊ! 

കാളിന്ദിയിലന്നു   കാര്‍മുകില്‍  വര്‍ണ്ണാ,  നീ 
കാളിയ  നര്‍ത്തന  മാടിയല്ലോ!
'അമ്മ  യശോദയ്ക്കു  മൂന്നു  ലോകങ്ങളും 
ചെമ്മേ,  തിരുവായില്‍  കാട്ടിയല്ലോ!
ഭൂതം   പോല്‍  ചീര്‍ത്ത  ഭയങ്കരാകാരിയാം
പൂതനക്കങ്ങല്ലോ  മോക്ഷമേകി!
ദാമോദരാ,  നീ   യുലൂഖലത്താല്‍   രണ്ടു 
ദേവന്മാര്‍ക്കുമാശു  മോക്ഷമേകി!

ഭക്ത  സതീര്‍ഥ്യന്‍   കുചേലനു  സസ്‌നേഹം 


ഭഗമേറെയേകി   കൃപാലുവാം  നീ!
 ഭക്തനെ   തന്നോടു ചേര്‍ത്തു  പുണരുന്ന 
ഭക്ത  വത്സലന്‍  നീ   പത്മനാഭാ!

മേല്‍പ്പത്തൂര്‍,  പൂന്താനം,   ധന്യ  കുറൂരമ്മ, 
വില്വമംഗലം,  കണ്ണ  ദാസര്‍ക്കും   നീ, 
ദര്‍ശന  സൗഭാഗ്യം  നല്‍കി  സുദര്‍ശനാ
ദര്‍ശനമെപ്പോളടിയനേകും?
ഉത്തര  തന്‍  ഗര്‍ഭം  കാത്തു  സുക്ഷിച്ചു  നീ 
ഉത്തമ  ശ്ലോകനാം   വാസുദേവാ!
പാഞ്ചാലി  തന്‍  മാനം  കാത്തു  രക്ഷിയ്കുവാന്‍ 
കഞ്ചുകമേകി  നീ   ലോകനാഥാ!

എത്രയോ  ലീലകളീവിധമാടി  നീ 
എത്ര  മഹിതമവര്‍ണ്ണനീയം!
ഇദ്ധരയില്‍   പുനര്‍  ജന്മമെനിക്കുണ്ടേല്‍ 
ഉദ്ധവരായ്  ജന്മം  നല്‍കേണമേ !
                                       ............................
22.03.2017
 കണ്ണദാസര്‍ ഒരു  ഉഡുപ്പി കൃഷ്ണ ഭക്തനായിരുന്നു.  അബ്രാഹ്മണ നായിരുന്നതിനാല്‍ ക്ഷേത്രത്തിനകത്തു  പ്രവേശിക്കാന്‍ അര്‍ഹനല്ലായിരുന്നു.
അതു കൊണ്ട് അദ്ദേഹം ക്ഷേത്രത്തിന്റെ  പുറത്തിരുന്നു കൊണ്ട്, ഹൃദയം നൊന്തു കരഞ്ഞു കൊണ്ട് തനിക്കു ദര്‍ശനം നല്‍കുവാന്‍ പാടി(5 ശ്ലോകങ്ങള്‍)
കൃഷ്ണാ, നീ ബേഗനെ ബാരോ( കൃഷ്ണാ നീ  വേഗം വരൂ,)
ബേഗനെ ബാരോ,  മുഖവന്നി തോരോ! (ആ തിരുമുഖമൊന്നു കാണിക്കു!)
അവസാന വരികള്‍ പാടി കഴിഞ്ഞപ്പോള്‍ മനസ്സലിഞ്ഞ കൃഷ്ണന്‍, പുറകോട്ടു തിരിഞ്ഞു കടകോല്‍ കൊണ്ട് സുഷിരങ്ങളുണ്ടാക്കി കണ്ണ ദാസര്‍ക്ക്  ദര്‍ശനം കൊടുത്തു. പിന്നീട് ആ വിഗ്രഹം തിരിച്ചു വയ്ക്കുവാന്‍ ആര്‍ക്കും ധൈര്യം വന്നില്ലെന്ന് വിശ്വസിക്കുന്നു.  

കൃഷ്ണാ.....നീ....... (കവിത: തൊടുപുഴ കെ. ശങ്കര്‍ മുംബൈ)
Join WhatsApp News
P R Girish Nair 2018-02-22 00:01:22
ഭഗവാൻ സമ്മാനിച്ച തൂലികയിൽ നിന്ന് നിർഗമിക്കുന്നതെല്ലാം ഹൃദയരാഗം മാത്രം. കവി ശങ്കർജി ആത്മീയതയെ കേന്ദ്രികരിച്ചു ഒരു ജീവിത ക്രമം സ്വപ്നം കാണുന്നു. ശങ്കർജിയുടെ ഭാവനയും പദപ്രയോഗവും വളരെ ഗംഭീരം.
പന്തളം കേരളവർമ്മ 2018-02-22 22:02:18
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേർവരും സങ്കടം ഭസ്മമാക്കീടണം
ദുഷ്ടസംസർഗം വരാതെയായീടണം
ശിഷ്ടരായുള്ളവർ തോഴരായീടണം
നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണം
നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം
കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക