Image

നിന്നോടുകൂടെ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 09 March, 2018
നിന്നോടുകൂടെ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
ഒരു നിഴല്‍പോലെ ഞാന്‍ നിന്നോടുകൂടെ
ഒരുനാളും പിരിയാതിരിക്കാം
പ്രിയ സഖി നീ എങ്ങുപോയിരുന്നാലും
നിന്നോടു കൂട്ടിനായ് ചേര്‍ന്നിരിക്കാം

പാല്‍നിലാ പുഞ്ചിരി തൂകുന്ന ചന്ദ്രനായ്
ആകാശവീഥിയില്‍ നീ ഉദിച്ചാല്‍
ഒരു വെള്ളി മേഘമായ് ചാരത്തണഞ്ഞിടാം
കരുതലായ് വന്നു നിന്നെ തഴുകാം!

ശിശിര പ്രഭാതങ്ങളില്‍ മരച്ചില്ലയില്‍
നീഹാരബിന്ദുവായ് നീ നിറഞ്ഞാല്‍
ആദിത്യഗോളമതിന്‍ കിരണങ്ങളായ്
ആത്മസഖി നിന്നെ ഞാന്‍ പൊതിയാം!

ഒരു മഴത്തുള്ളിയായ് അംബര മുറ്റത്ത്
ചെമ്മെ ചമഞ്ഞുനീ നിന്നീടുകില്‍
സപ്തവര്‍ണ്ണങ്ങളില്‍ പുഞ്ചിരിച്ചീടുന്ന
മാരിവില്‍ ശോഭയായ് മുമ്പിലെത്താം!

ഒരു മലര്‍ക്കാവതില്‍ മന്ദസ്മിതം തൂകി
സുന്ദര പുഷ്പമായ് നീ വിടര്‍ന്നാല്‍
മധുപനായ് നിന്‍ പ്രിയ തോഴനായ് വന്നുഞാന്‍
ചുംബനം നിന്‍ ഇതള്‍ ചുണ്ടിലേകാം!

ഒരു രാഗമായ് അനുരാഗമായ് ഓമലേ
ഒരു വീണയില്‍ നീ തെളിഞ്ഞു നിന്നാല്‍
ലയ താള നിര്‍വൃതിയേകും സംഗീതമായ്
പ്രിയതമേ നിന്നോട് ചേര്‍ന്നു പാടാം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക