Image

അടിമത്തത്തിന്റെ നിഴലില്‍ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 19 March, 2012
അടിമത്തത്തിന്റെ നിഴലില്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
മണ്ണുമാന്തി തന്റെ കുഞ്ഞിനെ മൂടുമ്പോള്‍
കണ്ണുനീര്‍ അവള്‍ക്കാശ്വാസമായി മാറി
മണ്ണില്‍ മനുഷ്യനായി ജനിച്ചവര്‍ക്കാര്‍ക്കുമേ
ദണ്ണം ഇതുപോല്‍ അരുളരുതീശ്വരാ.

**********
ഇന്നെന്നപോല്‍ ഓര്‍ക്കുന്നെജമാനനവളെ
മിന്നല്‍പോലെ വന്നു ബലാല്‍സംഗം ചെയ്‌തതും
മിണ്ടുവാനാവാതെ കുനിഞ്ഞിരുന്നന്ന്‌
ഇണ്ടല്‍ അടക്കി കരഞ്ഞിരുന്നതും
മാസങ്ങള്‍ മുന്നോട്ട്‌ ഇഴഞ്ഞങ്ങു നീങ്ങിയതും
മാസം തികയാതെ കുഞ്ഞു പിറന്നതും.
പിന്നൊരുനാള്‍വന്നലറി യജമാനെന്‍,
`കൊന്നെറിയണം മണല്‍ക്കാട്ടില്‍ കുഞ്ഞിനെ
കൊന്നിട്ടു വന്നുടന്‍ വേല തുടങ്ങണം
കൊന്നുനുറുക്കിടും അല്ലെങ്കില്‍ നിന്നെയും'
വിങ്ങിയാ മാതാവിന്‍ ഹൃത്തടം വല്ലാതെ
വിങ്ങിവിതുമ്പി കരഞ്ഞമ്മയും പൈതലും.
ചുട്ടുപഴുത്ത മണല്‍ക്കാട്‌ ചുറ്റിലും
ചെറ്റും ദയയില്ലാതെ അര്‍ക്കന്‍ മുകളിലും.
പൊള്ളും വെയിലില്‍ എറിഞ്ഞവന്‍ കുഞ്ഞിനെ
ഭള്ളും പറഞ്ഞാമാതാവില്ലാത്ത നേരത്ത്‌.
വന്നവള്‍ മടങ്ങി പതിവിലും നേരത്തെ
വന്നവള്‍ കുഞ്ഞിന്‌ താരാട്ടു പാടുവാന്‍
ഞ്ഞെട്ടിപ്പോയി പൈതലിന്‍ ജീവനറ്റുടല്‍ക്കണ്ട്‌
പൊട്ടിക്കരഞ്ഞവള്‍ ചിത്തഭൃമമം പൂണ്ടപോല്‍.
ആരുണ്ടവള്‍ക്കാശ്വാസം ഏകുവാന്‍?
ആരുണ്ടവള്‍ക്കൊന്നു മിണ്ടിപറയുവാന്‍
ക്രുരതക്കിത്രയും കാഠിന്യ ദംഷ്‌ട്രമോ?
കാരുണ്യമറ്റുവോ ഈശ്വരനുപോലുമേ?

***********

മണ്ണുമാന്തി തന്റെ കുഞ്ഞിനെ മൂടുമ്പോള്‍
കണ്ണുനീര്‍അവള്‍ക്കശ്വാസമായി മാറി
മണ്ണില്‍ മനുഷ്യനായി ജനിച്ചവര്‍ക്കാര്‍ക്കുമേ
ദണ്ണം ഇതുപോല്‍ അരുളരുതീശ്വരാ

(രണ്ടായിരത്തി പത്തില്‍ മോറിട്ടേനിയാ എന്ന ആഫ്രിക്കന്‍ രാജ്യത്തെ അടിമത്തത്തില്‍ നിന്നും രക്ഷപ്പെട്ട മോള്‍ക്കീര്‍ മിന്റ്‌ യാര്‍ബായുടെ അനുഭവത്തിന്റെ കാവ്യാവിഷ്‌ക്കാരം)
അടിമത്തത്തിന്റെ നിഴലില്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക