Image

സ്‌നേഹതീരം (ലഘുനാടകം: ജയന്‍ വര്‍ഗീസ്)

Published on 31 March, 2018
സ്‌നേഹതീരം (ലഘുനാടകം: ജയന്‍ വര്‍ഗീസ്)
കഥാപാത്രങ്ങള്‍:
അനുജന്‍.
അനുജന്റെ പരിചാരകന്‍.
ജേഷ്ഠന്‍.
ജേഷ്ഠന്റെ ഭാര്യ.
ജേഷ്ഠന്റെ പരിചാരകന്‍.
രംഗ പാലകര്‍ (നാലില്‍ കുറയാത്ത അംഗങ്ങള്‍ )

വേഷം: പുരാതന യഹൂദ വേഷങ്ങള്‍.

വേദി: രംഗ പടങ്ങള്‍ ആവശ്യമില്ല. നീലയോ, വെള്ളയോ ആയിട്ടുള്ള പ്ലെയിന്‍ പശ്ചാത്തലം മതിയാകും.

അവതരിപ്പിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചിലത്.
ഏതെങ്കിലും ഒരു ചര്‍മ്മ വാദ്യത്തിന്റെ അകന്പടിയോടെ, താളാത്മകമായ ചുവടു വായ്പുകളോടെ വേണം രംഗപാലകര്‍ തങ്ങളുടെ തിരശീലയുമായി രംഗത്ത് കുറുകെ പോകേണ്ടത്. ഈ തിരശീലക്കു പിന്നില്‍ ചേര്‍ന്നാണ് കഥാപാത്രങ്ങള്‍ വരുന്നതും,പോകുന്നതും. ഓരോ തവണയും രംഗപാലകര്‍ വന്നുപോകുന്‌പോള്‍ രംഗത്ത് വരേണ്ടവര്‍ വരികയും, പോകേണ്ടവര്‍ പോകുകയും ചെയ്യുന്നു. ഈ വരവും, പോക്കും പ്രേക്ഷകന്‍ കാണാതിരിക്കുന്നതിനാണ് രംഗപാലകര്‍ തിരശീല പിടിക്കുന്നത്. നാടകം അവസാനിക്കുന്‌പോള്‍ മാത്രമേ മുന്‍ കര്‍ട്ടന്‍ വീഴേണ്ടതുള്ളൂ. ഓരോ രംഗത്തും മുന്‍ കര്‍ട്ടന്‍ വീണുയരുന്ന പഴയ രീതിയില്‍ നിന്നുള്ള ഒരു മാറ്റമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഈ രീതി സംവിധായകന് സ്വീകരിക്കുകയോ, നിരാകരിക്കുകയോ ആവാം.

നാടക അവതരണത്തിന് അനുവാദം ആവശ്യമില്ല. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ നാടക കൃത്തിനെ ബന്ധപ്പെടാവുന്നതാണ്.

അവതരണ ഗാനം നാടകാവതരണത്തിന്റെ തീവ്രത ഉയര്‍ത്തും എന്നത് അനുഭവമാണ്. ഈ ലഘു നാടകത്തിന് ഉപയോഗിക്കാവുന്ന ഒന്ന് ഇവിടെ ചേര്‍ക്കുന്നു.സ്വീകരിക്കുകയോ, നിരാകരിക്കുകയോ എന്നത് സംവിധായകന്റെ ചോയിസ്.
പ്രപഞ്ച സ്വരൂപം ബ്രഹ്മ :
ഭാവ ഭാവാതീതം ബ്രഹ്മ :
സ്വാനു ഭാവാതീതം ,
ഏകമേവ ദ്വിതീയം ബ്രഹ്മ :

രംഗം: ഒന്ന്.

( കാര്‍ട്ടനുയരുന്‌പോള്‍ രംഗം ശൂന്യമാണ്. രംഗപാലക്കാരുടെ ചര്‍മ്മ വാദ്യ സംഗീതം ഉയരുന്നു. ആ സംഗീത താളത്തില്‍ ഇഴുകിച്ചേരുന്ന നൃത്തചുവടുകളോടെ രംഗപാലകര്‍ ഇടതു വശത്തു നിന്ന് വലതു വശത്തേക്ക് പോകുന്നു.)

( ഒരു പീഠത്തില്‍ ജേഷ്ഠന്‍ ഇരിക്കുന്നു. ഭവ്യതയോടെ അനുജന്‍ അടുത്തു നിക്കുന്നു. പുരാതന യഹൂദ വേഷങ്ങള്‍.)

അനുജന്‍: ജേഷ്ഠന്‍ വിളിപ്പിച്ചത് എന്തിനാണെന്ന് പറഞ്ഞില്ലാ ?

ജേഷ്ഠന്‍: നമ്മുടെ പിതാക്കന്മാരുടെ ഗോതന്പു പാടങ്ങള്‍ വിളഞ്ഞിരിക്കുന്നു. ഇനിയും കൊയ്ത്ത് താമസിപ്പിക്കുന്നത് ബുദ്ധിയല്ല. കൊയ്ത്തിന് വേണ്ടി നിന്റെ അനുവാദം വാങ്ങിക്കുന്നതിനാണ് ഞാന്‍ നിന്നെ വിളിപ്പിച്ചത്.

അനുജന്‍: ഹും. അനുവാദമോ? ഈ നിലങ്ങളില്‍ കൊയ്ത്ത് ആരംഭിക്കുന്നതിന് ജേഷ്ഠന് എന്റെ അനുവാദം ആവശ്യമില്ല.

ജേഷ്ഠന്‍: ഉണ്ട്. പിതാവിന്റെ മരണ ശേഷം ഈ വയലുകള്‍ക്ക് നമ്മള്‍ തുല്യ അവകാശികളാണ്.ആ നിലക്ക് നിന്റെ അനുവാദം എനിക്കാവശ്യമുണ്ട്.

അനുജന്‍: എന്റെ ജേഷ്ഠന്റെ ഏതു തീരുമാനവും എനിക്ക് നൂറു വട്ടം സമ്മതമാണ്.

ജേഷ്ഠന്‍: എങ്കില്‍ നാളെത്തന്നെ കൊയ്ത്ത് ആരംഭിക്കുകയാണ്.

അനുജന്‍: ജേഷ്ഠന്റെ ഇഷ്ടം.

( രംഗപാലകര്‍ വലതു വശത്തു നിന്ന് ഇടതു വശത്തേക്ക് പോകുന്നു.)

രംഗം രണ്ട്.

( അനുജന്റെ കളപ്പുര. രംഗത്ത് അനുജനും, പരിചാരികനും. അനുജന്‍ അസ്വസ്ഥനായി നടക്കുന്നു. പരിചാരകന്‍ അനുധാവനം ചെയ്യുന്നു.)

പരിചാരകന്‍ : യജമാനനെ, അങ്ങ് വളരെ അസ്വസ്ഥനായിരുന്നു?

അനുജന്‍: ശരിയാണ്.

പരിചാരകന്‍ : കൊയ്ത്തു കഴിഞ്ഞതിന് ശേഷമുള്ള ഈ മാറ്റം ഞാന്‍ കാണുകയാണ്?

അനുജന്‍: കൊയ്ത്ത് .....കൊയ്ത്താണ് പ്രശ്‌നമുണ്ടാക്കിയത്. പരിചാരകാ, നീ കാണുന്നില്ലേ നമ്മുടെ കളപ്പുരക്കല്‍ നിറഞ്ഞിരിക്കുന്ന ഈ കറ്റകള്‍ ? എന്റെ ജേഷ്ഠന്‍ നേര്‍പാതി എനിക്ക് വീതിച്ചു തന്നിരിക്കുന്നു!

പരിചാരകന്‍: അതങ്ങേയ്ക്ക് അവകാശപ്പെട്ടത് തന്നെയല്ലേ?

അനുജന്‍: അത് ശരിയാണ്. പക്ഷെ, എന്റെ ജേഷ്ഠന്‍ പ്രാരാബ്ധക്കാരനാണ്. അദ്ദേഹത്തിന് ഭാര്യയും, കുട്ടികളുമുണ്ട്. കറ്റകളുടെ നേര്‍പകുതി കൊണ്ട് മാത്രം ആ കുടുംബം പുലരുകയില്ലാ.

പരിചാരകന്‍: പക്ഷെ...?

അനുജന്‍: ഒന്നും പറയണ്ട. ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞു.

പരിചാരകന്‍: എന്താണത്?

അനുജന്‍: നമ്മുടെ കറ്റകളില്‍ നിന്ന് നൂറ് ചുമടുകള്‍ ഇന്ന് രാത്രി ജേഷ്ഠന്റെ കളപ്പുരയില്‍ എത്തിക്കണം. ആരുമറിയരുത്. പരമ രഹസ്യമായിരിക്കണം. അറിഞ്ഞാല്‍ അദ്ദേഹം കോപിക്കും.

പരിചാരകന്‍: ശരി യജമാനനെ!

അനുജന്‍: എല്ലാം നിന്നെ ഏല്‍പ്പിക്കുന്നു.ഇന്ന് രാത്രി തന്നെ കറ്റകള്‍ അവിടെ എത്തിയിരിക്കണം!

( രംഗപാലകര്‍ ഇടതു വശത്തു നിന്ന് വലതു വശത്തേക്ക് പോകുന്നു.)

രംഗം മൂന്ന്.

( ജേഷ്ഠന്റെ കളപ്പുര. ജേഷ്ഠനും, ഭാര്യയും രംഗത്തുണ്ട്. ജേഷ്ഠന്റെ ഭാവങ്ങളില്‍ അസ്വസ്ഥത ദൃശ്യമാണ്.)

ജേഷ്ഠന്റെ ഭാര്യ: കുറെ ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്നു. കൊയ്ത്തു കഴിഞ്ഞതിന് ശേഷം അങ്ങ് വളരെ അസ്വസ്ഥനാണ്?

ജേഷ്ഠന്‍: ശരിയാണ്. കൊയ്ത്ത്. കൊയ്ത്താണ് പ്രശ്‌നമുണ്ടാക്കിയത്.

ജേഷ്ഠ. ഭാര്യ: എന്താണ് അങ്ങ് ഉദ്ദേശിക്കുന്നത്?

ജേഷ്ഠന്‍: നീ കാണുന്നില്ലേ, കറ്റകള്‍ നിറഞ്ഞിരിക്കുന്ന നമ്മുടെ കളപ്പുര? നേര്‍ പകുതിയും ഞാന്‍ വീതിച്ചെടുത്തില്ലേ?

ജേഷ്ഠ. ഭാര്യ: അത് അങ്ങേയ്ക്ക് അവകാശപ്പെട്ടതല്ല?

ജേഷ്ഠന്‍: ആണ്. പക്ഷെ, പകുതി മാത്രം കൊണ്ട് എന്റെ അനുജന്റെ ചെലവുകള്‍ നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

ജേഷ്ഠ. ഭാര്യ: അവനവിടെ ഒറ്റയ്ക്കാണല്ലോ അല്ലേ?

ജേഷ്ഠന്‍: അതാണ് പ്രശ്‌നം. എനിക്കിവിടെ ഭക്ഷണം വച്ച് വിളന്പാന്‍ നീയുണ്ട്; സാധനങ്ങള്‍ വില്‍ക്കുവാനും, വാങ്ങുവാനും എന്നെ സഹായിക്കാന്‍ നീയുണ്ട്. എന്നാല്‍ അവനോ? ഇതിനെല്ലാം അവന്‍ വേലക്കാരെ ആശ്രയിക്കുകയും, അതിനു പണം കൊടുക്കുകയും വേണം?

ജേഷ്ഠ. ഭാര്യ: അങ്ങ് പറയുന്നത് ശരിയാണ്. നമുക്കെങ്ങിനെ അവനെ സഹായിക്കാന്‍ കഴിയും?

ജേഷ്ഠന്‍: നീയും കൂടി സഹകരിക്കുമെങ്കില്‍ ഞാനൊരു വഴി കണ്ടു വച്ചിട്ടുണ്ട്.

ജേഷ്ഠ. ഭാര്യ: അങ്ങയുടെ തീരുമാനങ്ങള്‍ എന്റെയും കൂടിയാണ്. എന്താണെങ്കിലും എന്നോട് പറയുക?

ജേഷ്ഠന്‍: നമ്മുടെ കറ്റകളില്‍ നിന്ന് നൂറു ചുമട് ഇന്ന് രാത്രി തന്നെ അവന്റെ കളപ്പുരയിലെത്തിക്കണം. അതീവ രഹസ്യമായിരിക്കണം. അതിന്റെ ചുമതല ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു.

ജേഷ്ഠ. ഭാര്യ: അങ്ങയുടെ തീരുമാനം എത്ര ഉന്നതമായിരിക്കുന്നു? ഇപ്പോള്‍ത്തന്നെ ഞാന്‍ വേലക്കാരെ വിളിച് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു കൊള്ളാം.

ജേഷ്ഠന്‍: നീയെത്ര നല്ലവള്‍? യരുശലേമിലെ ദരിദ്ര ചേരികളില്‍ നിന്ന് നിന്നെ ഞാന്‍ വിവാഹം ചെയ്തത് നിന്നിലെ ഈ ഗുണങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടായിരുന്നു!

ജേഷ്ഠ. ഭാര്യ: ഞാന്‍ ഭാഗ്യവതിയാണ് !

( രംഗ പാലകര്‍ വലതു വശത്തു നിന്ന് ഇടതു വശത്തേക്ക് പോകുന്നു.)

രംഗം നാല്.

( അനുജന്റെ കളപ്പുര. അനുജനും, പരിചാരകനും.)

അനുജന്‍ : ( ദേഷ്യപ്പെട്ട് ) ഒന്നുമെനിക്ക് കേള്‍ക്കണ്ട. എന്റെ ആജ്ഞകള്‍ എന്റെ പരിചാരകന്‍ ധിക്കരിക്കുന്നു എന്ന് വന്നാല്‍?

പരിചാരകന്‍ : യജമാനനെ, അങ്ങയുടെ ആജ്ഞകള്‍ ഞാന്‍ ധിക്കരിച്ചിട്ടില്ലാ.

അനുജന്‍ : ഇല്ലേ? എങ്കിലാ കളപ്പുരയിലേക്കു നോക്കൂ. ഒരു കറ്റയെങ്കിലും അവിടെ കുറഞ്ഞിട്ടുണ്ടോ? കഴിഞ്ഞ മൂന്നു ദിവസങ്ങളായി നീയെന്നെ ധിക്കരിച്ചു കൊണ്ടിരിക്കുകയാണ്.

പരിചാരകന്‍ : യജമാനന്‍ പൊറുക്കണം. അങ്ങയെ ഞാന്‍ അനുസ്സരിക്കാതിരുന്നിട്ടില്ലാ. കഴിഞ്ഞ മൂന്നു രാത്രികളിലും നൂറു ചുമട് കറ്റകള്‍ വീതം ഞാന്‍ അങ്ങയുടെ ജേഷ്ഠന്റെ കളപ്പുരയില്‍ എത്തിച്ചിരുന്നു. പക്ഷെ, നേരം വെളുക്കുന്‌പോള്‍ ഇവിടുത്തെ കറ്റകളില്‍ കുറവ് കാണുന്നില്ല?

അനുജന്‍ : ഹും. ഞാനിത് വിശ്വസിക്കണമെന്ന് ...അല്ലെ?

പരിചാരകന്‍: അങ്ങിതു വിശ്വസിക്കണം. അങ്ങയുടെ പിതാവിന്റെ കാലം മുതല്‍ ഞാനീ കളത്തിലെ പരിചാരകനാണ്. നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ നാമത്തില്‍ ഞാന്‍ പറയുന്നു....ഇത് സത്യമാണ്.

അനുജന്‍: മതി. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ഇതിലെന്തോ മാറിമായമുണ്ട്. ഇന്ന് രാത്രി ചുമട്ടുകാരുടെ കൂടെ പോകുന്നത് ഞാന്‍ തന്നെയാണ്. എനിക്ക് സത്യമറിഞ്ഞേ തീരൂ....

( രംഗ പാലകര്‍ ഇടതു വശത്തു നിന്ന് വലതു വശത്തേക്ക് പോകുന്നു.)

രംഗം അഞ്ച്.

( ജേഷ്ഠന്റെ കളപ്പുര. ജേഷ്ഠന്റെ ഭാര്യയും, പരിചാരകനും.)

ജേഷ്ഠ. ഭാര്യ : വേണ്ട. ഇനിയുമെന്നെ മഠയിയാക്കാന്‍ നോക്കണ്ട.

പരിചാരകന്‍ : കൊച്ചമ്മ എന്നെ വിശ്വസിക്കണം.

ജേഷ്ഠ. ഭാര്യ: എങ്ങിനെ വിശ്വസിക്കും? നീയാ കളപ്പുര കാണുന്നില്ലേ? ഒരു കറ്റയെങ്കിലും അതില്‍ കുറഞ്ഞിട്ടുണ്ടോ?

പരിചാരകന്‍: ക്ഷമിക്കണം കൊച്ചമ്മേ, കഴിഞ്ഞ മൂന്നു രാത്രികളിലും നൂറ് ചുമട് കറ്റകള്‍ വീതം അവിടുത്തെ അനുജന്റെ കളപ്പുരയില്‍ ഞാന്‍ വയ്പിച്ചതാണ്. പക്ഷെ, നേരം വെളുക്കുന്‌പോള്‍ കറ്റകള്‍ പഴയ പടിയുണ്ട്. ?

ജേഷ്ഠ. ഭാര്യ: അതെങ്ങനെ സാധിക്കുമെന്ന് പറയുക? അതാണെനിക്കറിയേണ്ടത്.

പരിചാരകന്‍: അതാണെനിക്കും മനസ്സിലാവാത്തത്? ഇതിലെന്തോ മാറിമായമുണ്ട്?

ജേഷ്ഠ. ഭാര്യ: ഇനിയെനിക്ക് സഹിക്കാന്‍ സാധ്യമല്ല. എന്റെ ഭര്‍ത്താവ് പോലും എന്നെ സംശയിക്കുന്നു. ഞാന്‍ കറ്റകള്‍ കൊടുത്തയക്കാത്തതാണെന്ന് അദ്ദേഹം കരുതുന്നു.

പരിചാരകന്‍: കൊച്ചമ്മ എന്നെ അവിശ്വസിക്കരുത്. തലമുറകളായി എന്റെ കുടുംബക്കാര്‍ ഇവിടുത്തെ പരിചാരകരാണ്.

ജേഷ്ഠ. ഭാര്യ: എനിക്കറിയാം. പക്ഷെ, ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് എനിക്കറിയണം.

പരിചാരകന്‍: എനിക്കറിഞ്ഞു കൂടാ കൊച്ചമ്മേ, എനിക്കറിഞ്ഞു കൂടാ...? ( തലയില്‍ കൈ വച്ച് തറയിലിരിക്കുന്നു.)

( ജേഷ്ഠന്‍ വരുന്നു. പരിചാരകന്‍ പിടഞ്ഞെണീറ്റ് ജേഷ്ഠനോടായി: )

പരിചാരകന്‍: യജമാനന്‍ കോപിക്കരുത്. അടിയന്‍ കറ്റകള്‍ എത്തിച്ചതാണ്.

ജേഷ്ഠന്‍: മതി. എല്ലാം ഞാന്‍ കേട്ടു. ഇതിലെന്തോ കുഴപ്പമുണ്ട്. ഇന്ന് രാത്രി കറ്റകള്‍ കൊണ്ട് പോകുന്നവരുടെ കൂടെ പോകുന്നത് ഞാനാണ്. എനിക്ക് സത്യം കണ്ടുപിടിച്ചേ തീരൂ.

( രംഗപാലകര്‍ വലതു വശത്തു നിന്ന് ഇടതു വശത്തേക്ക് പോകുന്നു.)

രംഗം. ആറ്.

( രാത്രി. നേരിയ വെളിച്ചം മാത്രം. ഇടതു വശത്തു നിന്ന് അനുജന്‍ പതുങ്ങി രംഗത്തു വരുന്നു. )

അനുജന്‍: ( പിന്നോട്ട് തിരിഞ് ) ആരും മുന്നോട്ടു വരരുത്. ചുമട്ടുകാര്‍ നില്‍ക്കുന്നിടത്ത് നില്‍ക്കുക. ഇരുട്ടില്‍ ആരോ വരുന്നതുപോലെ തോന്നുന്നുണ്ട്. ( ഇരുട്ടിലേക്ക് തുറിച്ചു നോക്കി നില്‍ക്കുന്നു.)

( വലതു വശത്തു നിന്ന് ജേഷ്ഠന്‍ പതുങ്ങി വരുന്നു.)

ജേഷ്ഠന്‍: ( പിന്നിലേക്ക് തിരിഞ് ) ആരും ഇപ്പോള്‍ വരണ്ട. ചുമട്ടുകാര്‍ അനങ്ങരുത്. ശബ്ദമുണ്ടാക്കരുത്. ഇരുട്ടില്‍ എന്തോ അനങ്ങുന്നതുപോലെ തോന്നുന്നുണ്ട്. ( ഇരുട്ടിലേക്ക് തുറിച്ചു നോക്കി നില്‍ക്കുന്നു.)

അനുജന്‍: ആരാണവിടെ ശബ്ദിക്കുന്നത്?

ജേഷ്ഠന്‍: ആരാണ് അവിടെ ശബ്ദിക്കുന്നത്?

അനുജന്‍: നല്ല പരിചിത ശബ്ദം!?

ജേഷ്ഠന്‍: കേട്ട് പഴകിയ സ്വരം!?

അനുജന്‍: നിങ്ങളാരാണ്?

ജേഷ്ഠന്‍: നിങ്ങള്‍ ആരാണ് ? ശോ! കുറ്റാക്കൂരിരുട്ട്.

അനുജന്‍: ശോ! ഒന്നും കണ്ടു കൂടാ. ഇരുട്ടിനെ കീറി മുറിക്കുന്ന ഒരൂ മിന്നല്‍പ്പിണര്‍...അതെങ്കിലും ....അതെങ്കിലും....?

( പെട്ടെന്ന് മിന്നി മിന്നി മറയുന്ന മിന്നല്പിണരുകള്‍. ഇടതടവില്ലാതെ ഇടിമുഴക്കങ്ങള്‍. രംഗത്തെ വെളിച്ചം കുറേക്കൂടി മെച്ചപ്പെടുന്നു.)

അനുജന്‍: ഇപ്പോള്‍ വെളിച്ചമുണ്ട്.....നിങ്ങളെ എനിക്ക് കാണാം....ങേ ...?....നിങ്ങള്‍?...നിങ്ങള്‍ എന്റെ ജേഷ്ഠന്‍??....ജേഷ്ഠാ .....,?

ജേഷ്ഠന്‍: അനുജാ,.....മകനേ,.....നീയോ?......നീയെന്തിനിവിടെ?.......ആരാണ് നിന്റെ പിന്നിലുള്ളവര്‍.....?

അനുജന്‍: എന്റെ ജേഷ്ഠന്‍ എന്നോട് പൊറുക്കണം. ജേഷ്ഠന്റെ ഇല്ലായ്മകള്‍ ഓര്‍ത്ത് നൂറു ചുമട് കറ്റകള്‍ അങ്ങയുടെ കളത്തില്‍ വയ്ക്കാന്‍ വരികയായിരുന്നു ഞാന്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഞാനിതു ചെയ്യുന്നു. പക്ഷെ, എന്റെ കളത്തിലെ കറ്റകള്‍ കുറയുന്നില്ലാ ....!?

ജേഷ്ഠന്‍: എന്റെ അനുജന്‍ എന്നോടാണ് പൊറുക്കേണ്ടത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി നൂറു ചുമട് കറ്റകള്‍ വീതം ഞാനും നിന്റെ കളത്തില്‍ വയ്പ്പിച്ചിരുന്നു. എന്റെ കളത്തിലും കറ്റകള്‍ കുറയാഞ്ഞതിന്റെ കാരണം ഞാന്‍ ഇപ്പോളാണ് അറിയുന്നത്....!?

അനുജന്‍: എന്റെ ജേഷ്ഠന്‍ എനിക്ക് മാപ്പ് തരണം....?

ജേഷ്ഠന്‍: മാപ്പു തരുവാന്‍ ഞാനാരുമല്ല. നമുക്ക് ദൈവത്തോട് കൂട്ടായി മാപ്പിരക്കാം....?

രണ്ടുപേരും: ( നിലത്ത് മുട്ട് കുത്തി ) ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ,....ഞങ്ങള്‍ക്ക് മാപ്പു തരേണമേ ....!

( മിന്നല്പിണരുകള്‍ തിളങ്ങി നില്‍ക്കുന്നു. പശ്ചാത്തലത്തില്‍ ഇടി മുഴക്കങ്ങളുടെ ഹുങ്കാരവങ്ങള്‍.....മറ്റൊരിടി മുഴക്കം പോലെ അശരീരി.)

അശരീരി: "വിശുദ്ധമായ സ്‌നേഹം കൊണ്ട് നിങ്ങള്‍ നില്‍ക്കുന്ന മണ്ണ് പവിത്രമാകുന്നു! പവിത്രമായ ഈ മണ്ണിലായിരിക്കും ദാവീദിന്റെ പുത്രനായ സോളമന്‍ എന്റെ ആലയം പണികഴിപ്പിക്കുക!...നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാകുന്നു!! "

( രണ്ടുപേരും നിലത്തു കുന്പിടുന്നു. പ്രകാശം അവരില്‍ മാത്രമായി കേന്ദ്രീകരിക്കുന്നു )

കര്‍ട്ടന്‍.

* ഒരു പശ്ചിമേഷ്യന്‍ നാടോടിക്കഥയെ അവലംബിച്ചിട്ടാണ് വിഷയം സ്വീകരിച്ചിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക