Image

വേണുഗോപാലിനെ സഹായിക്കാന്‍ മാധ്യമ സുഹ്രുത്തുക്കളുടെ അഭ്യര്‍ഥന

Published on 21 March, 2012
വേണുഗോപാലിനെ സഹായിക്കാന്‍ മാധ്യമ സുഹ്രുത്തുക്കളുടെ അഭ്യര്‍ഥന
കോഴിക്കോട്: വിധിയുടെ ചലനങ്ങള്‍ എന്നും ദൗര്‍ഭാഗ്യത്തിന്റെ ദിശയിലേക്കാവുമ്പോള്‍ ഒരു സാധാരണമനുഷ്യന് എന്തുചെയ്യാന്‍ കഴിയും...? പക്ഷേ, വേദനയുടെ നിലകിട്ടാച്ചുഴിയില്‍ പിടയുമ്പോഴും ചീരമ്പത്തൂര്‍ വേണുഗോപാല്‍ പ്രതീക്ഷ കൈവിടുന്നില്ല. എന്നെങ്കിലും വെളിച്ചത്തിന്റെ ഒരു പൊട്ട് തേടിയെത്തും....

നാല്പത്തിമൂന്നാംവയസ്സില്‍ ഒരു നവരാത്രിനാളില്‍ കുടുംബത്തോടൊപ്പം തേക്കടിയാത്ര കഴിഞ്ഞ് മടങ്ങിയ സന്തോഷരാവിലാണ് അപ്രതീക്ഷിതമായി വേണുഗോപാലിന്റെ കാഴ്ച മങ്ങിയത്. കാരണം തേടി ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ ഇരുവൃക്കകളും പൂര്‍ണമായും തകരാറിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമറിഞ്ഞു. എന്തുചെയ്യുമെന്നറിയാതെ ഉഴറുന്നതിനിടയില്‍ ഭാര്യ പരിമള സ്‌നേഹംകൊണ്ട് ചേര്‍ത്തുപിടിച്ചു. പരിമള വേണുഗോപാലിന് വൃക്ക നല്‍കി. ലക്ഷങ്ങള്‍ മുടക്കി നടത്തിയ ശസ്ത്രക്രിയ. പുറത്തിറങ്ങുമ്പോള്‍ കടം കണ്ണില്‍ ഇരുട്ടായി. കോഴിക്കോട്ടെ സ്വന്തം വീട് വിറ്റു. സ്വന്തമായി നടത്തിയിരുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം അവസാനിപ്പിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി കിട്ടിയത് കുറച്ച് ആശ്വാസമായി.

കൊച്ചിയില്‍നിന്ന് ചെന്നൈയിലേക്ക് സ്ഥലംമാറ്റം വന്നു. വായ്പയെടുത്ത് ചെന്നൈയില്‍ ഫ്ലാറ്റ് വാങ്ങി. മാസവായ്പയടവ് കഴിഞ്ഞ് കിട്ടുന്ന ചെറിയ ശമ്പളത്തില്‍ ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം ജീവിതം ലളിതവും സന്തോഷഭരിതവുമായി മുന്നോട്ടുപോകവെ രോഗം വീണ്ടും ഇരുട്ടിന്റെ ചിറക് വീശി. അസഹ്യമായ അസ്വസ്ഥതയും വേദനയും പതിവായി. വീണ്ടും പരിശോധനയ്ക്കായി ആസ്പത്രിയിലേക്ക്. പരിശോധനാറിപ്പോര്‍ട്ടുയര്‍ത്തി ഡോക്ടര്‍ നിസംഗനായി; പരിമള നല്‍കിയ വൃക്കയും പ്രവര്‍ത്തനരഹിതമായിരിക്കുന്നു. വൈകാതെ ജോലി രാജിവെക്കേണ്ടിവന്നു. കടം കൂടിയതോടെ ഫ്ലാറ്റ് വിറ്റ് നാട്ടിലേക്ക് തിരിച്ചുവന്നു. വാടകയ്ക്ക് വീടെടുത്തു. സൗണ്ട് റെക്കോര്‍ഡ് പഠനം കഴിഞ്ഞിരിക്കുകയായിരുന്നു മകന്‍. കരിയര്‍സ്വപ്നമെല്ലാം ഉപേക്ഷിച്ച് എഫ്.എം റേഡിയോവില്‍ അവന്‍ ട്രെയിനിയായി കയറി. കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗം മകന്റെ ചുമലില്‍. വേണുഗോപാലിന്റെ സ്ഥിതി കൂടുതല്‍ മോശമായി. ആഴ്ചയില്‍ നാലുദിവസം ഡയാലിസിസ്. അസ്വസ്ഥതകള്‍ വേറെയും. രോഗപീഡകളുടെ കാഠിന്യത്തില്‍ ഒരു മാര്‍ഗവും കാണാതെ പകച്ചുനില്ക്കുകയാണ് വേണുഗോപാലും കുടുംബവും.
ഒരുതവണ ഡയാലിസസ് ചെയ്യാന്‍ 1000 രൂപ വേണം. ആഴ്ചയില്‍ നാലുദിവസം ഡയാലിസസ് ചെയ്യണം ഇപ്പോള്‍. വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിന് 13 ലക്ഷത്തോളം വേണ്ടി വരും. മകന്റെ ശമ്പളം വീട്ടുവാടകയും ചെലവും കൊണ്ടുപോവുന്നു. എട്ടാംക്ലാസ്സിലുള്ള മകന്റെ പഠനം. ഒറ്റവൃക്കയുമായി ഭാര്യ. ഈ സങ്കടക്കടലില്‍ 13 ലക്ഷം വേണുഗോപാലിന് മുന്നില്‍ വിദൂരസ്വപ്നംമാത്രം. എങ്കിലും, ധൈര്യം കൈവിടാതെ കൊച്ചി കളമശ്ശേരിയിലെ വാടകവീട്ടില്‍ വേണുഗോപാലുണ്ട്. പഴയപോലെ ജീവിതത്തിന്റെ പച്ചപ്പുകളിലൂടെ ഓടിനടക്കണം എന്ന ആഗ്രഹമുണ്ട് വേണുഗോപാലിന്. പണം പ്രതിബന്ധമാവുന്നു. ദുരിതങ്ങളുടെ കൊടുങ്കാറ്റില്‍ ആടിയുലയുന്ന ജീവിതത്തിന്റെ പായക്കപ്പല്‍ എന്നെങ്കിലും കരയടുക്കുമെന്നാണ് പല മാധ്യമസ്ഥാപനങ്ങളിലും ജോലിചെയ്തിട്ടുള്ള വേണുഗോപാലിന്റെ പ്രതീക്ഷ.

അന്യന്റെ സങ്കടങ്ങള്‍ തന്‍േറതു കൂടിയാണെന്ന് തിരിച്ചറിയുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാവുന്നത്. മനസ്സുകള്‍തമ്മില്‍ ചേരുന്നത് അങ്ങനെയാണ്. വേണുഗോപാലിനെ നിങ്ങള്‍ക്ക് സഹായിക്കാം. 9895301245 എന്ന നമ്പറില്‍ അദ്ദേഹത്തോട് സംസാരിക്കാം. സ്‌നേഹവും സഹായവും അദ്ദേഹത്തിന് നല്‍കാം. വേണുഗോപാലിനെ സഹായിക്കാന്‍വേണ്ടി കോഴിക്കോട് ആസ്ഥാനമായി സമിതി രൂപവത്കരിച്ചിട്ടുണ്ട്.
കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അധ്യക്ഷനും മാതൃഭൂമി ജനറല്‍ മാനേജര്‍ കെ.പി. നാരായണന്‍ ജനറല്‍കണ്‍വീനറും എം. വിശ്വനാഥന്‍ ഖജാന്‍ജിയുമായ ഈ സമിതി എസ്.ബി.ടി. കോഴിക്കോട് മെയിന്‍ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
സഹായങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കോഴിക്കോട് മെയിന്‍ബ്രാഞ്ചിലെ 67175055805 നമ്പര്‍ അക്കൗണ്ടിലേക്ക് അയയ്ക്കാം.
വിശദീകരണം ആവശ്യമുണ്ടെങ്കില്‍ 9847021482 എന്ന നമ്പറില്‍ വിളിക്കുകയുമാവാം. കെ.സി.വേണുഗോപാല്‍ വെല്‍ഫെയര്‍ ഫണ്ട് എന്ന പേരിലാണ് അക്കൗണ്ട്. ബാങ്കിന്റെ കോഡ്: എസ്.ബി.ടി.ആര്‍. 0000188
http://www.mathrubhumi.com/story.php?id=255664
വേണുഗോപാലിനെ സഹായിക്കാന്‍ മാധ്യമ സുഹ്രുത്തുക്കളുടെ അഭ്യര്‍ഥന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക