Image

ഭ്രൂണം മുതല്‍ (കവിത ജോസഫ് നമ്പിമഠം)

Published on 18 April, 2018
ഭ്രൂണം മുതല്‍ (കവിത ജോസഫ് നമ്പിമഠം)
"വാക്കുകളിലും അവയുടെ ക്രമീകരണത്തിലും മാത്രമല്ല, ബിംബങ്ങളുടെ മൗലികതയിലും ജോസഫ് നന്പിമഠം ശ്രദ്ധേയനാണ്. രൂക്ഷമായ അസഹ്യത തന്നെ പല കവിതകളിലും അനുഭവപ്പെടുന്നു. ഭ്രൂണം മുതല്‍ അനുഭവിക്കുന്ന വ്യഥകള്‍ അശ്ലീലമെന്നു മുദ്രകുത്താവുന്ന ബിംബങ്ങള്‍ കൊണ്ട്, വാങ്മയങ്ങള്‍ കൊണ്ട്, യാതൊരു മറയും മയവുമില്ലാതെ, ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ തൊലിയുരിച്ചു കാണിക്കുന്നു. അമേരിക്കന്‍ ജീവിതത്തിന്റെയും, മാധ്യമ സംസ്കാരത്തിന്റെയും അതിപ്രസരമായിട്ടുമാത്രമേ ചിലരതിനെ കാണുകയുള്ളു. ഒരു പക്ഷേ പ്രത്യക്ഷ ചിത്രീകരണങ്ങള്‍ക്കു പിന്നില്‍ പരോക്ഷമായ ഒരു ചെറുത്തുനില്‍പ്പും പ്രതിരോധവും കൂടി വായനക്കാര്‍ കാണേണ്ടതല്ലേ? പൊതുവെയുള്ള ജഡതക്കും ജളതക്കും ഈ കവിതകള്‍ മിക്കവയും പ്രതിബിംബങ്ങളാകുന്നതിനു കാരണവും അതാകാം"

1998 ല്‍ മള്‍ബറി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച എന്റെ ആദ്യകവിതാ സമാഹാരമായ "നിസ്വനായ പക്ഷി"യുടെ അവതാരികയില്‍ ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍ ഈ കവിതയെപ്പറ്റി കുറിച്ചത്.


ഭയമെന്നാല്‍
ഭ്രൂണത്തിലായിരുന്നപ്പോള്‍
നാടന്‍ വൈദ്യന്‍ ഏതുനിമിഷവും
അമ്മക്ക് കൊടുത്തേക്കാവുന്ന
ഗര്‍ഭം കലക്കി ആയിരുന്നു

പിറവിക്കു ശേഷം
രക്ഷകനേ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍
കുരുതിക്കഴിക്കാനുള്ള ശിശുക്കളെ തേടിനടക്കുന്ന
ഹേറോദേസിന്റെ പട്ടാളക്കാരായിരുന്നു

ബാലനായി പിച്ചവെക്കാന്‍ തുടങ്ങിയപ്പോള്‍
കണ്ണില്‍ തീപ്പന്തം കുത്തിയോ
കണ്ണ് ചുഴന്നെടുത്തോ
തെരുവില്‍ തെണ്ടാനായി
തട്ടിക്കൊണ്ടുപോകുന്ന
പിള്ളേരെ പിടുത്തക്കാരനായിരുന്നു

സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍
സ്‌നേഹപൂര്‍വം ശരീരമാസകാലം തലോടുന്ന
സ്വവര്‍ഗ ഭോഗിയായ അധ്യാപകനായിരുന്നു

യുവാവായപ്പോള്‍
അധികാരിവര്‍ഗ്ഗത്തിന്റെ നപുംസകത്വത്തെയും
ബ്യുറോക്രസിയുടെ വന്ധ്യതയെയും
തുണിയുരിച്ചു കാട്ടിയതിനു
വൃഷണങ്ങളുടക്കപ്പെട്ട
അടിയന്തിരാവസ്ഥയായിരുന്നു

മധ്യവയസ്ക്കനായപ്പോള്‍
കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച
വിശ്വാസപ്രമാണങ്ങളോടും എതിര്‍പ്പുകളോടും
രമ്യപ്പെടലിനു തയാറായിക്കൊണ്ട്
പിന്നോട്ടു പിന്നോട്ടു തെളിയുന്ന
കഷണ്ടിത്തലയായിരുന്നു

വാര്‍ധക്യത്തില്‍
ഒരു പുരുഷായുസ്സു മുഴുവന്‍ വളയ്ക്കാതിരുന്ന
നട്ടെല്ലിനെ ബാധിച്ച കൂനായിരുന്നു

പട്ടടയിലായപ്പോള്‍
മൂന്നാംലോകത്തിന്റെ പുനര്‍ജ്ജനീ തീരത്തു
വീണ്ടും ജനിക്കുമോ എന്ന ശങ്കയായിരുന്നു

ഇങ്ങനെ
ഭ്രൂണം മുതല്‍ പട്ടട വരെ പിന്തുടരുന്ന
ഭയത്തില്‍ നിന്നും
എങ്ങിനെയാണ് മോചനം നേടുക?

പിറക്കാതെ,
നിത്യവും ശുക്ലാവസ്ഥയില്‍ സമാധിയിരിക്കുക
അവിടെ
സ്കലനമുണ്ടാകുന്ന സ്വപ്നങ്ങള്‍ കാണാതിരിക്കുക

ഭയത്തില്‍ നിന്നു നിര്‍ഭയതയിലേക്കും
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും നയിക്കണമേ
എന്ന് പ്രാര്‍ഥിച്ചത് ഏതു കവിയാണ്?
സത്യം പറയണമെന്ന് പഠിപ്പിച്ചത്
ഏതു ഗുരുവാണ്?

സത്യം പറഞ്ഞിട്ടുള്ളപ്പോഴൊക്കെയും
അമ്മയുടെ തല്ലുകൊണ്ടിട്ടുണ്ട്
സത്യം പറയാതിരുന്നപ്പോഴൊക്കെയും
അച്ഛന്‍ പൂച്ചയിറച്ചി തിന്നിട്ടുണ്ട്

കവികളെയും ഗുരുക്കന്മാരെയും
തല്‍ക്കാലം മറന്നുകളയാം
പകരം
നമ്മുടെ ഭാവിസ്വപ്നത്തിന്റെ നീരുറവകളില്‍
രാഷ്ട്രീയസദാചാരത്തിന്റെ നഞ്ചുകലക്കി
പ്രതീക്ഷയുടെ പരല്‍മീനുകളെ
അകാലത്തിലേ കാലപുരിക്കയക്കാം

മോഹങ്ങളുടെ പട്ടുനൂല്‍പ്പുഴുക്കളെ
നിരാശയുടെ പൂഴിമണ്ണില്‍
ഇഴഞ്ഞുകളിക്കാന്‍ അനുവദിക്കാം
അവയ്ക്കു ചിറകുമുളക്കാനുള്ള
സ്വപ്നങ്ങളില്‍ മുഴുകാതിരിക്കാം

ഇന്ത്യയിലെ എയ്ഡ്‌സ് വൈറസ്സുകളെയും
എത്യോപ്യയിലെ പട്ടിണി കോലങ്ങളെയും
കുഷ്ടം പിടിച്ച മക്കളുടെ ചിത്രം കാണിച്ച്
ലോകബാങ്കില്‍ നിന്ന് കടം വാങ്ങി
സ്വിസ് ബാങ്കിലെ അക്കൗണ്ട് വളര്‍ത്തുന്ന
രാഷ്ട്രീയ നപുംസകങ്ങളെയും
സ്വപ്നം കണ്ടുറങ്ങാം

അങ്ങിനെ,
മഹത്തായ ഒരു മൂന്നാം ലോകത്തിന്റെ
പിറവിക്കുവേണ്ടി
ക്ഷമാപൂര്‍വം കാത്തിരിപ്പു തുടരാം
Join WhatsApp News
Vayanakaaran 2018-04-18 12:29:50
ഡോക്ടർ ശശിധരൻ സാർ കവിതകളെ വ്യാഖ്യാനിച്ച് വായനക്കാരെ പ്രബുദ്ധരാ ക്കാൻ  വരിക.. ഈ കവിത ശ്രീ\അയ്യപ്പപ്പണിക്കർ അംഗീകരിച്ചതാണെന്ന മുൻ കൂർ ജാമ്യം കവി എടുത്തിട്ടുണ്ട്. അതുകൊണ്ട്
താങ്കൾ മിണ്ടാതിരിക്കണമെന്ന സൂചനയുണ്ട്. 
BENNY KURIAN 2018-04-18 15:11:28
മനോഹരം...............
James Mathew, Chicago 2018-04-18 20:28:20
കൃഷ്ണൻ നായരും അതേപോലെ നാട്ടിലെ പ്രശസ്തരായ സാഹിത്യകാരന്മാരും നൽകിയ  ബുള്ളെറ്റ് പ്രൂഫ് ഇല്ലാതെ അമേരിക്കൻ മലയാളികൾക്ക് അവരുടെ കൃതികൾ സഹൃദയ സമക്ഷം അവതരിപ്പിക്കാൻ ഭയം. കഷ്ടം തന്നെ.

വിഭ്രമൻ 2018-04-18 20:56:22
പിന്നേം പിന്നേം തല്ലുകൊള്ളിക്കാൻ ഇറങ്ങി ഇറങ്ങി വരുന്നുണ്ട് 
വിദ്യാധരൻ 2018-04-19 00:11:19
ഭയത്തെക്കുറിച്ച് അയ്യപ്പപ്പണിക്കർ എഴുതിയപ്പോൾ അതിന് വ്യക്തതയുണ്ട്. അതുകൊണ്ടു ഞാൻ കർമ്മനിരതനായി ഭയത്തെയും മൃത്യുവിനേയും അകറ്റുന്നു .

"മൃത്യുവോ ജന്മമോ മുന്നിൽ 
എന്നു നാം ഭയക്കൊലാ 
കർമ്മമത്രേ ക്രിയമാർഗ്ഗം 
ക്രിയ ധർമം വൃതം ജയം 
ഭയം തന്നെ മൃത്യു മാർഗ്ഗം 
ഭയം തന്നെ പരാജയം 
ഭയമാത്മനിഷേധം താൻ 
ഭയം പാപം പരിഭ്രമം 
നിഷ്ക്ർമകാമമാത്മാവിൽ 
നിത്യം നരകഹേതുകം 
കർമമില്ലാത്ത കാമം താൻ 
രാഗം ദ്വേഷം മദം ഭയം "  (തൃഷ്ണ -അയ്യപ്പപ്പണിക്കർ )

എന്നാൽ ഈ കവിത എന്നെ ഭയപ്പെടുത്തുന്നു

വായനക്കാരൻ 2018-04-19 11:10:06
ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് കൊടുത്തിട്ട് അവന്മാര് പോയി . ഇപ്പോൾ വായനക്കാരുടെ ഗതികേട്. അതിട്ട് അങ്ങ് പടച്ചുവിടുകല്ലേ.  എത്ര പ്രാവശ്യം വെടിവച്ചു നോക്കി. ഫലം തഥൈവ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക