Image

കാവിയുടുത്ത ക്രിസ്തു (കവിത: ജോസഫ് നമ്പിമഠം)

Published on 24 April, 2018
കാവിയുടുത്ത ക്രിസ്തു (കവിത: ജോസഫ് നമ്പിമഠം)
വെടിയുണ്ട വിഴുങ്ങി ഒരാദിവാസി
ത്രിശൂലം തറച്ചെസ്തപ്പാനും ഹമീദും
തലപിളര്‍ന്നൊരു നായരച്ചന്‍
വയറുപിളര്‍ന്നൊരു കാവിധാരി
ലാത്തിയടിയേറ്റോരു കലാലയവിപ്ലവകാരി
എല്ലാവരും തെക്കോട്ടു പോകുകയാണ്
ഇത്, ഗതികിട്ടാത്ത പ്രേതങ്ങളുടെ സ്വന്തം നാട്

അതിരുകള്‍ കടന്ന്
മലകള്‍ കടന്ന്
കടലുകള്‍ കടന്ന്
ധാന്യമണികള്‍ തേടി
കൂടുകൂട്ടാനിടം തേടി
മലയാളി പോകുകയാണ്
ദേശാടനക്കിളികളെപ്പോലെ

പണിമുടക്കുന്നവന്‍ ഇവിടെ സ്വദേശി
പണിചെയ്യുന്നവന്‍ പ്രവാസി
തൊഴില്‍ നല്‍കുന്നവന്‍ ബൂര്‍ഷ്വാ
തൊഴില്‍ ഒടുക്കുന്നവന്‍ വിപ്പ്‌ലവകാരി
തൊഴില്‍ തേടുന്നവനോ
അവനെന്നും ദരിദ്രവാസി

കേരളമക്കള്‍ക്കിനിയും വേണോ?
ചതിയുടെ, വന്‍ ചതിയുടെ തീരാക്കഥകള്‍?
ചതിയുടെ ചതുരംഗക്കളികള്‍?
മനസ്സിലെ ഈശ്വരന്‍ ഒന്നാണെങ്കില്‍
കാവിയുടുത്തൊരു ക്രിസ്തുവന്നാല്‍
കുരിശ്ശണിഞ്ഞൊരു കൃഷ്ണന്‍ വന്നാല്‍
ത്രിശൂലമെടുത്തൊരു നബി വന്നാല്‍
അറബിക്കടലെന്താ വറ്റിപ്പോകും?
സഹ്യാദ്രിയതുണ്ടോ മുങ്ങിപ്പോകും?
ഒരു നവകേരള സൃഷ്ടിക്കായി
പൊരുതുകയാണോയിനിയും മാര്‍ഗ്ഗം?
പണിചെയ്യുകയല്ലേയഭികാമ്യം?

ഏപ്രില്‍ 2003 ല്‍ എഴുതിയത്. അന്നും ഇന്നും കാര്യങ്ങള്‍ക്കൊന്നും ഒരു മാറ്റവുമില്ല!
Join WhatsApp News
andrew 2018-04-24 22:09:47
Yes! it is a classical beauty.
Waiting for the fanatic's comments
who always hoop around like Vultures.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക