Image

വെളിച്ചം കാത്തിരിയ്ക്കുന്ന സത്യങ്ങള്‍ (എഴുതാപ്പുറങ്ങള്‍-22: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 04 May, 2018
വെളിച്ചം കാത്തിരിയ്ക്കുന്ന സത്യങ്ങള്‍ (എഴുതാപ്പുറങ്ങള്‍-22: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ദുഷ്ടശക്തികളെ നിഗ്രഹിയ്ക്കാനും, തിന്മകളെ ഉന്‍മൂലനം ചെയ്യുവാനും ദേവി സംഹാരരൂപിണിയായി അവതരിച്ചു എന്നൊക്കെ ഹിന്ദു പുരാണങ്ങളില്‍ വായിച്ചിട്ടുണ്ട് എന്നാല്‍ കേരളീയരെ ഇവിടെ ഇന്ന് സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കും, വ്യാമോഹങ്ങള്‍ക്കും സ്വന്തം സുഖങ്ങള്‍ക്കുമായി പല ദേവിമാര്‍ സംഹാരരൂപിണികളായി ദിനം പ്രതി മാറികൊണ്ടിരിയ്ക്കുന്നു. അതും ദുഷ്ടശക്തികളെ നിഗ്രഹിച്ചുകൊണ്ടല്ല സ്വന്തം രക്തത്തില്‍ പിറന്ന പിഞ്ചു കുഞ്ഞുങ്ങളെയും, ദൈവതുല്യരായ മാതാപിതാക്കളെയും നിഗ്രഹിച്ചുകൊണ്ട്. എത്രമാത്രം അധപതിച്ചുപോയി ഇവിടുത്തെ മനുഷ്യര്‍! ഈ താണ്ഡവമാടുന്നവര്‍ ദേവതകളല്ല, മകളും, സഹോദരിയും, സഹധര്‍മ്മിണിയും, അമ്മയുമായ ഭാരതീയ സ്ത്രീകള്‍.

ഈ അടുത്ത കാലത്ത് കേരളത്തെ പ്രത്യേകിച്ചും സ്ത്രീകളെ ഞെട്ടിപ്പിച്ച മാധ്യമങ്ങളില്‍ വന്ന രണ്ടു സംഭവങ്ങളെ കുറിച്ച് ചിന്തിയ്ക്കുകയായിരുന്നു എന്നിലെ സ്ത്രീ. ഒന്നാമതായി പുത്തുര്‍ പവിത്രേശ്വരം പഞ്ചായത്തില്‍ ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ നവജാത ശിശുവിന്റെ ജഡം കണ്ടുകിട്ടി. അമ്പിളി മഹേഷ് ദമ്പതിമാരുടെ സ്വന്തം രക്തത്തില്‍ പിറന്ന ചോരകുഞ്ഞിനാണ് കണ്ണുതുറന്നു ലോകമെന്തെന്നു കാണും മുമ്പേ അമ്മിഞ്ഞ പാലിന്റെ രുചി എന്തെന്നറിയും മുമ്പേ ഇത്തരമൊരു വിധി ഏറ്റുവാങ്ങേണ്ടിവന്നത്. പ്രസവിച്ച കുഞ്ഞിനെ സ്വന്തം അമ്മതന്നെ പൊക്കിള്‍ കൊടി മുറിച്ച് കഴുത്തുഞെരുക്കി കൊന്നു വീടിനു പിന്നില്‍ കുഴിച്ച് മൂടിയത്. അതും പിതാവിന്റെ പൂര്‍ണ്ണ ഒത്താശയോടെ . അധികം ആഴത്തില്‍ കുഴിച്ച് മുടാതിരുന്നതിനാല്‍ തെരുവ് നായ്ക്കള്‍ മാന്തിയെടുത്ത് അടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ കൊണ്ടുപോയി ഇട്ടതിനാലാണ് മൂടിവച്ച ഈ കടും ക്രൂരത മനുഷ്യന്‍ അറിയാന്‍ ഇടവന്നത്. നാലരവയസ്സുള്ള ഒരു കുഞ്ഞുള്ള ഇവര്‍ക്ക് ഇനിയൊരു കുഞ്ഞു വേണ്ട എന്നതായിരുന്നു തീരുമാനം. ഈ ഗര്‍ഭം തുടരാതിരിയ്ക്കാന്‍ അവര്‍ വൈദ്യശാസ്ത്രത്തിന്റെ സഹായം തേടാനായി പോയി പക്ഷെ മനുഷ്യത്വമുള്ള ആ ഡോക്ര്‍ ആ തീരുമാനത്തില്‍ നിന്നും ഇവരെ പിന്തിരിപ്പിച്ചു. തുടര്‍ച്ചയായ രക്തസ്രാവം ഉണ്ടായിരുന്നതിനാല്‍ കുഞ്ഞിനെന്തെങ്കിലും അംഗവൈകല്യമുണ്ടാകുമായിരുന്നോ എന്ന ഭയമാണ് ഇവരെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന ന്യായം ഇവര്‍ നിരത്തുന്നു എന്നായിരുന്നു മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്.

അതുപോലെത്തന്നെ കേരളത്തെ ഞെട്ടിപ്പിച്ച, മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ വേറൊരു സംഭവമാണ് പിണറായിയില്‍ സൗമ്യ എന്ന യുവതി അവിഹിത ബന്ധങ്ങളെ ചോദ്യം ചെയ്യാതിരിയ്ക്കാന്‍ സ്വന്തം മാതാപിതാക്കളെയും 9 വയസ്സായ തന്റെ അരുമ കുഞ്ഞിനെയും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി കൊന്നു എന്നുള്ളത്.
ഈ രണ്ടു സാഹചര്യങ്ങളിലും സ്ത്രീ തന്നെ സ്ത്രീ സമൂഹത്തിനു അപമാനമായിരിയ്ക്കുന്നു, ഇവരെ ജനം വെറുക്കുന്നു, സ്ത്രീകള്‍ ശപിയ്ക്കുന്നു സമൂഹം വെറുപ്പോടെ നോക്കുന്നു നിയമം ഇവരെ കയ്യിലെടുക്കുന്നു. എങ്കിലും ഈ ക്രൂരതയ്ക്ക് ഇവരെ പ്രേരിപ്പിച്ച ശക്തി എന്തായിരിയ്ക്കും? ആരുടെയെങ്കിലും പിന്തുണയില്ലാതെ ഏതെങ്കിലും ഒരു സ്ത്രീയ്ക്ക് സ്വയം ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയുമോ? പത്തുമാസം തന്റെ ഉദരത്തില്‍ പരിചരിച്ച് പ്രസവിച്ച തന്റെ രക്തത്തില്‍ പിറന്ന പിഞ്ചു കുഞ്ഞിനോട് അമ്പിളിയ്ക്കു ഇത്രയും ക്രൂരമാകാന്‍ കഴിയുമോ? രണ്ടാമതൊരു കുഞ്ഞു വേണ്ട എന്നതായിരുന്നു ഇതിനുപിന്നിലെ ഉദ്ദേശമെങ്കില്‍ വൈദ്യശാസ്ത്രം ഇന്ന് എത്രയോ നമ്മെക്കാളും മുന്നിലാണ്. ഇത്തരം ഒരു സാഹചര്യത്തിന് വഴിയൊരുക്കാതെ ജീവിതം ആസ്വദിയ്ക്കാമായിരുന്നല്ലോ? അല്ലെങ്കില്‍ ഇതിനു പിന്നിലെ ചുരുളഴിയാത്ത സത്യം എന്താണ്? ഇവര്‍ നിരത്തുന്ന കാരണങ്ങള്‍ മാത്രമാണ് ഇതിനു പിന്നില്‍ എങ്കില്‍ ഒരു അമ്മയ്ക്ക് ഒരു മാതൃ ഹൃദയത്തിനു ഇത്രയും കാഠിന്യമാകാന്‍ കഴിയുമോ?

തന്റെ കഴുത്തില്‍ താലികെട്ടിയ പുരുഷനില്‍ തന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന ഭര്‍ത്താവിനെ കാണാന്‍ കഴിയുന്നുവെങ്കില്‍ സൗമ്യ എന്ന യുവതിയെ മറ്റു സുഖങ്ങള്‍ തേടി പോകാന്‍ മനസ്സ അനുവദിയ്ക്കുമോ ? അവള്‍ക്ക് സ്വന്തം മാതാപിതാക്കളുടെയും, സ്വന്തം കുഞ്ഞിന്റെയും രക്തം ഊറ്റി കുടിയ്ക്കുന്ന സ്ത്രീയെന്ന യക്ഷിയാകാന്‍ കഴിയുമോ? ആ ദാമ്പത്യത്തില്‍ അവള്‍ സംതൃപ്തയാണോ? ഇനി ഈ ദാമ്പത്യത്തില്‍ അസംതൃപ്തയാണെങ്കില്‍ അതിനെ തട്ടി മാറ്റി മുന്നോട്ട് പോകുവാന്‍ അവളില്‍ പ്രകൃതി നിക്ഷേപിച്ചിരിയ്ക്കുന്ന സ്ത്രീ ഭാവം അവളില്‍ കടിഞ്ഞാണിടുന്നുണ്ടോ? തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെയും, ലോകമെന്തെന്നറിയാന്‍ മനസ്സുവളരാത്ത ഈ പിഞ്ചു കുഞ്ഞിനേയും നിഗ്രഹിയ്ക്കുക എന്നതായിരുന്നുവോ ഇതിനുള്ള പ്രശ്‌നപരിഹാരം? പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയ്ക്ക് ഇവിടെ വ്യക്തിസ്വാതന്ത്രമുണ്ടല്ലോ, അവളെ സഹായിയ്ക്കാന്‍ ഇവിടെ നിയമമുണ്ടല്ലോ? കാമദാഹത്തിനുവേണ്ടി ഏതു അമ്മയ്ക്കാണ് സ്വന്തം കുഞ്ഞിനെ നിഗ്രഹിയ്ക്കാന്‍ കഴിയുന്നത്? ഇത്രയും ക്രൂരത കാണിയ്ക്കുന്ന സ്ത്രീയുടെ പൊയ്മുഖത്തിനു പിന്നില്‍ ഏതോ ഒരു ശക്തി തീര്‍ച്ചയായും കണ്ടേയ്ക്കാം.

സ്ത്രീകള്‍ ഇത്രയും സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തി പിടിച്ചിട്ടും സമൂഹത്തില്‍ പുരുഷനോടൊപ്പം തന്നെ നിന്നിട്ടും ഇവര്‍ക്കെവിടെയാണ് തെറ്റുപറ്റുന്നത്? സ്ത്രീസ്വാതന്ത്രത്തിന്റെ താഴപ്പിഴകളോ? എല്ലാ തലത്തിലും പുരുഷനോടൊപ്പം നില്‍ക്കുന്ന വിദ്യാഭ്യാസവും സ്വാതന്ത്രവും ലഭിച്ച സ്ത്രീയുടെ അമിത ആതവിശ്വാസമോ? അതൊന്നുമല്ല സ്ത്രീ സമത്വവും വിദ്യാഭ്യാസവും ലഭിച്ചിട്ടും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ജീവിയ്ക്കാന്‍ സ്ത്രീ എന്തിനെയോ ഭയക്കുന്നു. പുരുഷ മേധാവിത്വത്തെയാണോ, ഭാരതീയ നാരീസങ്കല്പത്തെയാണോ അതോ സമൂഹത്തെയോ, അതോ ബന്ധങ്ങളെയും ബന്ധനകളെയോ? ഈ ഭയം അവളെ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് നയിച്ചുകൊണ്ടേയിരിയ്ക്കുന്നു. ഇവിടെ സ്വീകരിയ്ക്കപ്പെടുന്നത് സാമാന്യ ബുദ്ധിയല്ല.. വരും വരായ്മകളെ കുറിച്ച് ചിന്തിയ്ക്കാതെ ഇവിടെ വിവേകബുദ്ധിയുള്ള മനുഷ്യന്‍, ആ ബുദ്ധി ഉപയോഗിയ്ക്കാതെ മൃഗങ്ങളെക്കാളും അരോചകമായി സ്വാര്‍ത്ഥതയ്ക്കു കുറുകെ കുറുക്കു വഴികള്‍ സ്വീകരിയ്ക്കുന്നു.

വിദ്യാഭ്യാസമെന്നത് സാമാന്യ ബുദ്ധിയോ, വീണ്ടുവിചാരമോ, അറിവോ ഒന്നും കലരാത്ത വെറും അക്ഷരങ്ങളാല്‍ ലിഖിതപ്പെട്ട സര്‍ട്ടിഫിക്കറ്റെന്ന കടലാസായിട്ടാണ് ഇവിടെ മാറുന്നത്. ഇവ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ ഉതകുന്നതല്ല. തസ്തികകളിലേക്ക് ചവിട്ടിക്കയറാനുള്ള കടലാസു കഷണങ്ങള്‍ മാത്രമാണ് വിദ്യാഭ്യാസം.

ഭ്രുണഹത്യയും, ശിശുഹത്യയും കൊള്ളയും കൊലയും ജാതിവൈരാഗ്യവും മൂര്‍ഛിച്ചിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ സമ്പുര്‍ണ്ണ സാക്ഷരതാ എന്നത് വെറും സര്‍ട്ടിഫിക്കറ്റുകളില്‍ ഒതുക്കിനിര്‍ത്താതെ അറിവും പ്രായോഗിക ബുദ്ധിയും അടിസ്ഥാനമാക്കിയുള്ള ഒരു വിദ്യാഭ്യാസരീതിയാണ് ഇന്ന് കേരളത്തിനാവശ്യം, ആരും ഒരു ശക്തിയ്ക്കും അടിമപ്പെടാതെ തന്നിലെ വ്യക്തിത്വം തിരിച്ച്ചറിയാന്‍ കഴിവുള്ള മനുഷ്യനായി മാറണം. ഇതിലൂടെ ഓരോ വ്യക്തിയ്ക്കും അവരുടെ വ്യക്തിസ്വാതന്ത്രങ്ങള്‍ മറ്റുള്ളവരെ ഭയക്കാതെ ഉപയോഗപ്പെടുത്താനും, അതെ സമയം സമൂഹത്തിനു ഹാനികരമല്ലാത്ത രീതിയില്‍ സമാധാനപരമായ ഒരു സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാനും, അടിച്ചെല്പിയ്ക്കപ്പെട്ട മാമുലികള്‍ക്കകത്തു ഞെരുങ്ങി തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് വഴുതിപ്പോകാതെ ജീവിതം നയിയ്ക്കാനും കഴിയണം. ഇതിലൂടെ വരും തലമുറയുടെ അമ്പിളിമാരെ ശരിയായ തീരുമാനമെടുക്കാനും, സൗമ്യമാരെ മറ്റുള്ളവരെ ഉപദ്രവിയ്ക്കാതെ അവരുടേതായ തീരുമാനങ്ങളില്‍ അടിയുറച്ച് തുടരാനും, കുറുക്കുവഴികളിലൂടെ സഞ്ചരിയ്ക്കാതെ വിശാലമായി ചിന്തിയ്ക്കാനും സഹായിയ്ക്കും.

മനുഷ്യന്‍ ക്രൂരനല്ല, സാഹചര്യങ്ങളും, വെളിച്ചം കാണാത്ത സത്യങ്ങളുമാണ് മനുഷ്യനെ ഇത്രയും ക്രൂരമാക്കുന്നതെന്ന ചിന്തകളിലൂടെ കാലത്തെ പഴിചാരാതെ നമുക്കും സമാധാനിയ്ക്കാം.
Join WhatsApp News
P R Girish Nair 2018-05-05 02:19:11
വഴിവിട്ട ബന്ധം തുടരാൻ വേണ്ടി സ്വന്തം കുടംബത്തെ ഉൻമൂലനം ചെയുകയെന്നതായിരുന്നു കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച ദാരുണ കോലയുടെ ഉദ്ദേശ്യം. സ്വന്തം കുട്ടികളെയും പോറ്റിവളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തി എന്നുള്ളത് കേരള സമൂഹത്തിനു അംഗീകരിക്കാൻ സാധിക്കാത്ത യാഥാർഥ്യം ആണ്.

ശ്രീമതി ജ്യോതിലക്ഷ്മി എടുത്തുപറഞ്ഞ പോലെ നമ്മൾ ആരും ക്രൂരരല്ല. ചിലപ്പോൾ സാഹചര്യവും സന്ദർഭവും ആണ് അവരെ ക്രൂരന്മാരാക്കുന്നത്.  വായനക്കാരെ ബോധവത്കരിക്കാൻ ഉതകുന്ന നല്ലൊരു ലേഖനം. അഭിനന്ദനം.
Amerikkan Mollaakka 2018-05-05 10:12:47
ബെളിച്ചം കാത്തിരിക്കയെയുള്ളു.  കുറ്റം ചെയ്യുന്ന പഹയന്മാർ ആ ബെളിച്ചം കെടുത്തും. നിങ്ങളുടെ തൂലിക കൊണ്ട് നല്ല അടി കൊടുത്തു നോക്ക്.  പെണ്ണുങ്ങൾ കുറ്റം ചെയ്യാൻ കാരണം പുരുഷന്മാരാണ് നമ്പ്യാർ സാഹിബേ.
sunu 2018-05-05 14:59:08
പുരുഷ മേധാവിത്തം ഇല്ലാത്ത വീടുകളിൽ ജനിക്കയും വളരുകയും ചെയ്തു താന്തോന്നിയായ പെണ്ണുങ്ങൾക്ക് ഇതല്ല ഇതിനു  അപ്പുറവും വരും. കേരളത്തിൽ ഒരെണ്ണവും രക്ഷപെടാൻ പോകുന്നില്ല സോദരി. ഭർത്താവിനെ കെഴങ്ങൻ ആക്കുന്നതാണു മലയാളിയുടെ  സ്ത്രീപുരുഷ സമത്വം. സമർത്ഥന്മാരുടെ കൈകളിലെ പാവകളാണ് എല്ലാ അവളുമാരും ഇന്ന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക