Image

വസന്തകാലം (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 05 May, 2018
വസന്തകാലം (സുധീര്‍ പണിക്കവീട്ടില്‍)
ഒരു മണിക്കൂര്‍ നമ്മളെ നേരത്തെ ഉണര്‍ത്തിക്കൊണ്ട് ഇവിടെ അമേരിക്കയില്‍ വസന്തകാലം ആരംഭിക്കുന്നു. ഭൂമികന്യക തണുപ്പിന്റെ മെത്തയില്‍ നിന്നും ഉറക്കമുണരുകയായി. വേനല്‍ അകലെയല്ല എന്ന വാഗ്ദാനവുമായി അങ്ങുകിഴക്കെ ചക്രവാളത്തില്‍ അവളെ കാത്ത് നില്‍ക്കുന്ന സൂര്യദേവനു വേണ്ടി മഞ്ഞിന്റെ ഉടയാടകള്‍ അഴിച്ച് മാറ്റി ലജ്ജാനമ്രമുഖിയായി അവള്‍ മന്ദം മന്ദം അടച്ചിട്ട വാതായനങ്ങള്‍ തുറക്കുന്നു. മഞ്ഞലയില്‍ മുങ്ങികുളിച്ച പ്രസന്നവദനയായ യുവതിയെപ്പോലെ പുലരിയുടെ ഉമ്മറവാതില്‍ക്കല്‍ സൂര്യദേവന്റെ അനുഗ്രഹങ്ങള്‍ ആഗ്രഹിച്ച്‌കൊണ്ട് ഭൂമിദേവി വന്നുനില്‍ക്കുന്നു. ഏതോ വരപ്രസാദത്തിന്റെ  ഓര്‍മ്മയില്‍ മധുരാനുഭൂതികള്‍ തികട്ടി തുളുമ്പുന്ന ഹൃദയവുമായി അനുഭൂതികളുടെ ലോകം സ്വപ്‌നം കണ്ടുകൊണ്ട്. 'ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നുള്ളിപ്പ് മുന്നില്‍ കാത്ത് നിന്ന പൂവ്വമ്പന്റെ പള്ളിനായാട്ട്' എന്നു ഒരു പക്ഷെ മന്ത്രിച്ചുകൊണ്ട്. പ്രകൃതിയുടെ പൊന്നമ്പലനടയില്‍ പ്രേമപൂജക്ക് ഭൂമിദേവി ഒരുങ്ങുമ്പോള്‍ സൂര്യന്‍ പള്ളിനായാട്ടിനു ഇറങ്ങുകയാണ്.

ശൈത്യത്തിന്റെ പിടിയിലമര്‍ന്ന് പോയതിനാല്‍ സൂര്യദേവന്റെ കിരണങ്ങളെ പുല്‍കി ഉറങ്ങാന്‍ കഴിയാതെ നഷ്ടപ്പെട്ട ദിനങ്ങളുടെ ഓര്‍മ്മ. ആ വിരഹദുഃഖം തീര്‍ക്കാന്‍ ശിശിരകുളിരില്‍ വളയെല്ലാം ഊരിപോയ കൈനീട്ടികൊണ്ട് ഭൂമിദേവി സൂര്യനെ ആവേശത്തോടെ ആലിംഗനം ചെയ്യാന്‍ തയ്യാറാകുന്നു. അഭിനിവേശത്തിന്റെ ആളിപടരുന്ന അഗ്നിപ്പോലെ സൂര്യരശ്മികള്‍ അടുത്തടുത്ത് വരുന്ന ഭൂമിദേവിയെ കരവലയത്തിലൊതുക്കുവാന്‍ അപ്പോള്‍ വെമ്പല്‍കൊള്ളുന്നു.(വസന്താഗമത്തില്‍ ഭൂമിയുടെ അച്ചുതണ്ട് സൂര്യനു നേരെ കൂടുതല്‍ ചരിയുന്നു എന്നു ശാസ്ത്രം.). തൊട്ടു തൊട്ടില്ലെന്ന വിധത്തില്‍ അവര്‍ തമ്മില്‍ അടുക്കുമ്പോള്‍ അന്തരീക്ഷത്തിലെ താപനില കൂടുന്നു. ഊഷ്മളമായ ആ സംഗമത്തില്‍ കോരി തരിച്ച മണ്ണില്‍ നിന്നും ത്രുണാങ്കുരങ്ങള്‍ പൊടിക്കുകയായി. പ്രഭാതരശ്മികള്‍ സകല ചരാചരങ്ങളേയും തട്ടിയുണര്‍ത്തുന്നു. ഏതോ സംഗീതം ഓര്‍ക്കുന്ന പോലെ തെക്കന്‍കാറ്റു മൂളി മൂളി പാടികൊണ്ട് അവിടെയൊക്കെ ചുറ്റിയടിക്കുന്നു. വസന്തകാലത്തിന്റെ വരവു അറിയിച്ച് കൊണ്ട് തൊടികളില്‍ നിന്നും കിളികളുടെ സംഗീത കച്ചേരിയും ആരംഭിച്ചു കഴിഞ്ഞു ഭൂമിദേവി പുഷ്പിണിയായി കാമദേവനുത്സവമായി' എന്നു വയലാര്‍ എഴുതിയത് ഓര്‍മ്മപെടുത്തുമ്പോലെ പ്രകൃതിയുടെ ചുറ്റമ്പലത്തില്‍ ഒരുത്സവം കൊടിയേറുന്നു.

വസന്തകാലത്തിന്റെ വരവിനെപ്പറ്റി കാളിദാസന്‍ ഋതുസംഹാരത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. വിരിഞ്ഞ മാമ്പൂക്കളെ തന്റെ സായകമാക്കി, ഒരു മാല പോലെ കൂട്ടമായി മൂളി പറക്കുന്ന തേച്ചീനകളെ തന്റെ ധനുസ്സാക്കി വസന്തമെന്ന യോദ്ധാവ് പ്രേമാര്‍ദ്രമായ മനസ്സുകളെ നൊമ്പരപ്പെടുത്താന്‍ ഇതാ സമാഗതമാകുന്നു പ്രിയേ.(തര്‍ജ്ജ്മ ലേഖകന്‍)

വസന്തം ആഘോഷങ്ങളുടെ ഒരു ഇടവേളയാണ്. ഇണകളുടെ സംഗമ വേള. വസന്തകോകിലങ്ങള്‍ പാടാനെത്തുന്ന പൂവ്വാടിയില്‍ പുഷ്പങ്ങള്‍ പുഞ്ചിരി തൂകി നില്‍ക്കുന്നു. 'കൂ' എന്നു കൂവി കൊണ്ട് കുയിലുകള്‍ മരകൊമ്പിലിരുന്നു ഇണകളെ തേടുകയാണ്. എന്താണു 'കൂ' എന്ന ശബ്ദത്തിനര്‍ത്ഥം. പേര്‍ഷ്യന്‍ ഭാഷയില്‍ കൂ എന്നാല്‍ 'എവിടെ' എന്നാണ്. കുയിലുകള്‍ 'കൂ, കൂ' എന്നാണ് കൂവ്വുന്നത്. അപ്പോള്‍ ഈ പക്ഷികള്‍ ഇണയോട് നീ എവിടെ എവിടെ എന്ന് ആകാംക്ഷയോടെ, അമിതോത്സാഹത്തോടെ ചോദിക്കുകയായിരിക്കും. ആ ചോദ്യം എത്രയൊ മധുരമായി കാവ്യാത്മകമായി അവര്‍ ചോദിക്കുന്നു. അവര്‍ക്ക് ചുറ്റും വിടരുന്ന പൂമൊട്ടുകളുടെ സൗരഭ്യത്തില്‍ ഉന്മത്തരായി പൂങ്കുയിലുകള്‍ പാടി തകര്‍ക്കുന്നു. ഒരു കാല്‍ചിലമ്പൊലി കേട്ട പോലെ പക്ഷികള്‍ കലപില കൂട്ടി പറക്കുന്നത് നോക്കി കാമദേവന്‍ പുഞ്ചിരക്കയാണ്.വസന്തകാലം കാമദേവന്റെ ചങ്ങാതിയാണ്. അതാ അവിടെ കണ്ണനെ തേടുന്ന രാധ. തളിര്‍ത്ത കൊമ്പുകളില്‍ പൂന്തുവ്വലുകള്‍ വിടര്‍ത്തി കിളികള്‍ വീണ്ടും വിശ്രമിച്ചു. മഞ്ഞ പൂമ്പൊടി വീണു കിടക്കുന്ന മേദിനിയിലൂടെ ചെന്താമരപാദങ്ങളില്‍ സ്വര്‍ണ്ണ നൂപുരങ്ങളണിഞ്ഞ് രാധ ഇടം വലം നോക്കി നടക്കുന്നു.... അത് കണ്ട് മഹാകവി പി. പാടുന്നു. 

കാര്‍വണ്ടിങ്ങണഞ്ഞീല തേനുമീ സൗരഭ്യവും ഭാരമായ്, തോഴി പൂവ്വിന്നിനിയെന്തിനീ ജന്മം. കാര്‍വണ്ടെന്ന പ്രയോഗം എത്ര മനോഹരം. കാര്‍മ്മുകില്‍ വര്‍ണ്ണന്‍ പൂ പോലെ സുന്ദരിയായ രാധയുടെ സമീപം എത്തിയില്ലെങ്കില്‍ പിന്നെ രാധക്ക് എന്തു ആനന്ദം. എല്ലാ ജീവജാലങ്ങളും ഈ സമ്മോഹന വേളയില്‍ ഇണയെ തേടുന്നു. കിളികള്‍ കൂടൊരുക്കി പാട്ടും പാടി ഇണയെ കാത്തിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട കവികളായ വയലാറും. ഒ.എന്‍.വി.യും ഇതെക്കുറിച്ച് എഴുതീട്ടുണ്ട്. മാടപ്രാവേ വാ.... ഒരു കൂട് കൂട്ടാന്‍ വാ....' മാരിയില്‍ വേനലില്‍ കൂടെ വരാമോ, മാറിലിളം ചൂടേറ്റ് രാവുറങ്ങാമോ എന്നു ഒ.എന്‍.വി. പാടിയപ്പോള്‍, വയലാര്‍ പാടി ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാര കിളി ചോദിച്ചു....മഞ്ഞു പെയ്യുന്നു മാമരം കോച്ചുന്നു. നെഞ്ചകത്തങ്ങാനും ചൂടുണ്ടോ?
സസ്യവിതാനങ്ങളില്‍ അഴകുള്ള ചിറകുമായി പാറിപാറി പറക്കുന്ന ചിത്രശലഭങ്ങള്‍ വെയിലിനു ഭംഗി കൂട്ടുന്നു. ഉത്സാഹഭരിതരായ കിളികളുടെ തേനൊലിക്കുന്ന ചാരുഗാനങ്ങള്‍ അവയും കാതോര്‍ക്കുന്നുണ്ടോ. പ്രകൃതിയുടെ സുന്ദരനൃത്തമണ്ഡപത്തില്‍ പൂവിട്ടു പൂവിട്ടു തൊഴുതു നില്‍ക്കയാണ് ചെടികള്‍. കാമദേവന്റെ പൂവ്വമ്പുകളുടെ സഹായമില്ലാതെ സൂര്യനും ഭൂമിയും പ്രണയിക്കുന്നു. ആ പ്രേമനാടക രംഗങ്ങള്‍ക്ക് ചമയങ്ങള്‍ ഒരുക്കുകയാണ് പ്രകൃതി. വസന്തകാലത്തെ രാത്രികളും മനോഹരങ്ങളാണ്. അത് കണ്ടിട്ടാകാം വാര്‍തിങ്കള്‍ത്താലമെടുത്ത വസന്തരാവേതോ വെണ്‍ചാറൊന്നു പൂശിക്കയാല്‍ എന്ന് വള്ളത്തോള്‍ എഴുതിയത്. ചുറ്റിലും വിടരുന്ന പൂക്കള്‍ പാടുന്ന പൂങ്കുയിലുകള്‍. വിടരുന്ന പൂമൊട്ടുകളുടെ സുഗന്ധം കവര്‍ന്നെടുത്ത് കൈവീശി നടക്കുന്ന തെക്കന്‍ കാറ്റ്. ഒന്നിളവേല്‍ക്കാന്‍ ആരും കൊതിക്കുന്ന സുഖകരമായ പരിസരം. ഒമര്‍ ഖയ്യാം ആഹ്ലാദചിത്തനായി പാടിയത് ഒരു വസന്തകാലത്തായിരിക്കുമോ? അദ്ദേഹം ചൊല്ലി മരചുവട്ടിലെ തണലും, കയ്യില്‍ മുന്തിരി ചാറ് തുളുമ്പുന്ന ചഷകവും, വിശക്കുന്നതിനു അപ്പവും, ചാരത്ത് നീയും, നിന്റെ ചുണ്ടില്‍ ഒരു ഗീതവുമുണ്ടെങ്കില്‍ ഏത് വന്യഭൂമിയും സ്വര്‍ഗമാകുന്നു.(തര്‍ജ്ജമ ലേഖകന്‍) വിത്തും കൈക്കോട്ടും എന്നു പാടി കൊണ്ട് വിഷുപക്ഷികള്‍ അങ്ങു ദൂരെ നമ്മുടെ കേരളത്തില്‍ ചുറ്റിയടിക്കുന്നു. പൂത്തു നില്‍ക്കുന്ന കണികൊന്നകള്‍ മനുഷ്യ മനസ്സുകളില്‍ ആനന്ദം പകരുന്നു. ഇവിടെ അമേരിക്കയിലും എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂക്കുന്ന ചെടികളും മരങ്ങളും മാത്രം. ഏപ്രില്‍ മാസത്തിലെ മഴ മേയ്മാസത്തില്‍ പൂക്കളെ കൊണ്ടു വരുന്നു എന്നു ജനങ്ങള്‍ ആമോദത്തോടെ പാടി ആനന്ദിക്കുന്നു. 

സ്വപ്‌നതുല്യമായ ഈ കാലത്തെ പ്രേമിക്കാത്തവരുണ്ടോ? കാമന്റെ വില്ലടിച്ചാല്‍ പാട്ടു മുഴങ്ങുന്ന യുവ ഹൃദയങ്ങളിലും സരസ്സുകളില്‍ വെള്ളം തൊടാതെ സ്‌നേഹത്തിന്റെ താമരപൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നു. അഭിലാഷങ്ങള്‍ പൂമണം പരത്തുന്ന ഈ വസന്തകാലം ദൈവം മനുഷ്യനു പ്രത്യേകം കനിഞ്ഞ് നല്‍കിയ വരദാനമാണ്. വെറുപ്പും വിദ്വേഷവും ഒഴിവാക്കി ദ്രാക്ഷാമാധുരിപോലെയുള്ള ഈ മധുരം സകല ജീവജാലങ്ങളും ആസ്വദിക്കുമ്പോള്‍ മനുഷ്യര്‍ മാത്രം അതു മുഴുവനായി അനുഭവിക്കുന്നില്ലെന്നുള്ളത് സങ്കടകരം തന്നെ.

കിളികളുടെ പ്രേമഗീതങ്ങളില്‍, പൂക്കളുടെ മന്ദഹാസത്തില്‍, നിഴലും നിലാവും കൈകോര്‍ക്കുന്ന രാവിന്റെ നിശ്ശബ്ദയാമങ്ങളില്‍, പവനുരുക്കുന്ന പകലിന്റെ മൃദു നിശ്വാസങ്ങളില്‍ നമ്മള്‍ കേള്‍ക്കുന്നത് ഇതാണ്. 'ഹേ മനുഷ്യാ, മതത്തിന്റെ പേരില്‍, വംശമഹിമയുടെ പേരില്‍, പൊന്നിന്റേയും, പെണ്ണിന്റേയും പേരില്‍ വെറുതെ കലഹിച്ച് സ്വയം കഷ്ടപ്പെടുകയും മറ്റുള്ളവരെ കൂടി കഷ്ടത്തിലാക്കുകയും ചെയ്യാതെ പ്രകൃതിയെ കണ്ടു പഠിക്കുക.' ഋതുഭേദങ്ങള്‍ മാറി മാറി വരുമ്പോള്‍ അത് ആഘോഷമാക്കുക. വിത്തുകള്‍ക്ക് മുള പൊട്ടുന്നു. പൂമൊട്ടുകള്‍ വിരിയുന്നു. പ്രകൃതി ചമഞ്ഞൊരുങ്ങുകയാണ്. കാലം പ്രത്യാശയുടെ കിരണങ്ങള്‍ എല്ലാ മനസ്സിലും കൊടുക്കുന്നു. സ്വപ്‌നങ്ങള്‍ കാണുക, അവ സാക്ഷാത്കരിക്കാന്‍ ഉറക്കമുണരുക. വസന്തം എന്ന വിരുന്നുകാരന്‍ നിങ്ങളുടെ വാതിക്കല്‍ എത്തി നില്‍ക്കുന്നു. എതിരേല്‍ക്കുക.
ശുഭം

വസന്തകാലം (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Amerikkan Mollaakka 2018-05-05 10:09:26
വസന്തകാലം ഇഷ്ടപ്പെടാത്തവർ ഉണ്ടോ? ചുറ്റും അത്തറിന്റെ മണം,  ഹൂറിയെപോലെ പൂക്കൾ, ബെല്ലാണ്ട് ചൂടാകാതെ ഞമ്മടെ സൂര്യൻ.  രാത്രീ ആ കള്ളചന്ദിരനും.  സുധീർ സാഹിബ് ഇങ്ങളുടെ ലേഖനം ഒരു കബിത പോലെയുണ്ട്. കൃഷ്ണൻ  രാധയെ വന്നു കണ്ടോ? അതുകൂടി ഒന്ന് എയ്തു സായ്‌വേ.
Sudhir Panikkaveetil 2018-05-05 13:15:24
ആറാമത്തെ പാര വരികൾ വിട്ടുപോയത്  ഇവിടെ ചേർക്കുന്നു. 
"കാമന്റെ വില്ലടിച്ചാൻ പാട്ടു മുഴങ്ങുന്ന യുവഹൃദയങ്ങളിലും പൂക്കൾ വിരിയുന്നു. നനഞ്ഞ നേരിയ പുടവ ചുറ്റി സ്വപനങ്ങൾ കുളിച്ച് കയറുന്ന ഹൃദയ സരസ്സുകളിൽ  വെള്ളം തൊടാതെ ..
പാര 2018-05-05 15:18:23
പാര വരികൾ ചേർത്തത് നന്നായി. പതിവുപോലെ പരദൂഷണക്കാരനും ചെരിപ്പുനക്കികൾക്കും പാര ഒന്നും വച്ചില്ലല്ലോ എന്ന് വിചാരിച്ചു.
നബീസ 2018-05-05 21:04:15
റെ റബ്ബേ .. ബസന്തകാലം ഒന്നൊന്നര കബിത തന്നെ .. 
തംശല്ല്യ .പക്ഷേങ്കില് .. ങ്ങള് അമേരിക്കയിലെ മറ്റേ സംഗതി 
കൂടെ എഴുതണം ട്ടാ .. ഫെബ്രുവരി മാസത്തിൽ ആദ്യത്തെ 
പൂ വിരിയുന്ന തോടെ ങ്ങടെ മലരമ്പൻ 
എന്തു ജാല വിദ്യ ഷെയ്‌തിട്ടാണോ ന്ന് അറിയില്ല 
ന്റെ റബ്ബേ .. ഒരൊറ്റ തുമ്മൽ .. പിന്നെ മാല പടക്കം 
പോലെ ഒരു പത്തിരുപത്തഞ്ച് എണ്ണം പിന്ന ക്കും 
പിന്നാലെ ..അതുകഴിഞ്ഞാൽ 
കണ്ണു ചുമക്കുന്നു ദേഹം ചൊറിയാണ് .. 
ശാസം മുട്ട ണ് .. അപ്പൊ കാദർ ക്ക പറയും 
ഡീ നബീസ .. എടുക്കടീ ഫ്ളോനൈസ് ..
 ആ ബലിക്കണ കുന്തം .. 
എത്തി ടീ പഹയൻ .. മ്പ ടെ ബസന്തം !
മ്മള് അങ്ങനെ ആണ് ബസന്തം 
വന്നു ന്ന് അറിയണ ത് .
ന്നാലും ഈ കബിത നല്ല മൊഞ്ചുണ്ട് ട്ടോ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക