Image

നേര്‍ച്ച (കഥ: രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 12 May, 2018
നേര്‍ച്ച (കഥ: രാജു മൈലപ്രാ)
തനിക്കു ചുറ്റും എന്താണു സംഭവിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും 'അമ്മിണി'യ്‌ക്കൊരു പിടിയും കിട്ടിയില്ല. എല്ലായിടത്തും ഒരു ആഘോഷത്തിന്റെ അടയാളങ്ങള്‍
സൂര്യകിരണങ്ങളേറ്റു വെട്ടിത്തളങ്ങുന്ന മുത്തുകുടകള്‍-
മര്‍മ്മര ശബ്ദത്തോടെ ഇളം കാറ്റിലുലയുന്ന
തോരണങ്ങള്‍.
ഒരു വശത്ത് ബാന്‍ഡുമേളം
പള്ളി മണികളുടെ നിലയ്ക്കാത്ത സാന്ദ്രനാദം-
ഇടയ്ക്കിടെ മുഴക്കത്തോടെ 
പൊട്ടുന്ന കതിനാവെടികള്‍-
വെടിയൊച്ച കേള്‍ക്കുമ്പോള്‍ അമ്മിണി
അറിയാതെ ഞെട്ടിപ്പോകും.
ജനമെല്ലാം ഒരു ഉത്സാഹത്തിമിര്‍പ്പിലാണ്.

താന്‍ മാത്രം ഇവിടെ ഈ മരച്ചുവട്ടില്‍ ബന്ധിതനായി. ഇന്നലെ വരെ കുട്ടികളോടൊത്തു തുള്ളിച്ചാടി നടന്നതാണ്. മണികെട്ടിത്തൂക്കിയ ഒരു ചരടല്ലാതെ, തന്റെ കഴുത്തില്‍ ഇന്നുവരെ ഒരു കയറു വീണിട്ടില്ല. ബാബുമോനും സൂസിമോള്‍ക്കും തന്നോട് എന്തൊരു സ്‌നേഹമായിരുന്നു. മത്സരിച്ചാണ് അവര്‍ പച്ചിലകള്‍ തീറ്റിച്ചത്.

ഇന്നു രാവിലെ, പതിവില്ലാതെ തന്നെ നല്ലതു പോലെ കുളിപ്പിച്ചു-ആദ്യമായി കഴുത്തില്‍ ഒരു കയറിന്റെ ബന്ധം വീണു. വീട്ടുകാരോടൊപ്പം പള്ളിയിലേക്ക്-ഇതുവരെ വീടിന്റെ അതിര്‍ത്തി വിട്ട് പുറത്തു പോയിട്ടില്ല.

'പപ്പാ, എന്തിനാ അമ്മിണിയെ പള്ളിയില്‍ കൊണ്ടു പോകുന്നത്?'-ബാബുമോന്റെ സംശയം. അതു മോനെ! ഇന്നു നമ്മുടെ പള്ളിപ്പെരുന്നാളാണ്. കഴിഞ്ഞ ആഴ്ച അച്ചന്‍ പറഞ്ഞതു കേട്ടില്ലേ-എല്ലാവരും നേര്‍ച്ച കാഴ്ചകളുമായി വരണമെന്ന്- അമ്മിണിയെ നമ്മള്‍ ദൈവത്തിനു നേര്‍ച്ചയര്‍പ്പിക്കുവാനായി കൊണ്ടു പോവുകയാണ്.' അമ്മിണിയുടെ അകമൊന്നു കാളി.

'ദൈവത്തിനു നേര്‍ച്ചകൊടുത്താല്‍, പ്പിന്നെ ദൈവം അമ്മിണിയെ നമ്മള്‍ക്കുതിരെ തരുമോ?' സൂസിമോളുടെ നനവാര്‍ന്ന ശബ്ദം-
'ദൈവം നമ്മള്‍ക്ക് ധാരാളം അനുഗ്രഹങ്ങള്‍ തരുന്നില്ലേ- അതിനുള്ള നന്ദിയായിട്ടാണ് ഇതിനെ നമ്മള്‍ ദൈവത്തിനു സമര്‍പ്പിക്കുന്നത്-'
സൂസിമോളുടെ മമ്മിയാണു മറുപടി പറഞ്ഞത്-
അമ്മിണിയുടെ നെഞ്ചിലേക്ക് ഒരു നേരിയ ഭീതി ഇഴഞ്ഞു കയറുവാന്‍ തുടങ്ങി.
ബാബുമോനും, സൂസിമോളും ഇടയ്ക്കിടെ നനഞ്ഞ കണ്ണുകളോടെ, തന്നെ ദയനീയമായി നോക്കുന്നുണ്ട്.

സംഭവിക്കാന്‍ പാടില്ലാത്തത് എന്തോ സംഭവിക്കുവാന്‍ പോകുന്നു. അമ്മിണിയുടെ തൊണ്ട വരണ്ടു-കാലുകള്‍ തളരുന്നതു പോലെ!

പള്ളിമുറ്റത്തു ചെന്നപ്പോള്‍, ബാബുമോന്റെ പപ്പ തന്റെ കയര്‍ ഒരു അപരിചിതന്റെ കൈയില്‍ കൊടുത്തു.

'പെരുന്നാളിനുള്ള നേര്‍ച്ചയാണ്-'
'നല്ല കാര്യം-ഇന്ന് മറ്റു ആടുകളൊന്നും വന്നിട്ടില്ല.-നല്ലൊരു തുക കിട്ടും-' പരുക്കനായ ആ മനുഷ്യന്റെ കണ്ണുകള്‍ മൂര്‍ച്ചയുള്ള കത്തികള്‍ പോലെ തിളങ്ങി. അയാള്‍, തന്നെ ഈ മരത്തില്‍ കെട്ടിയിട്ടിട്ട് എങ്ങോട്ടോ പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ കുറേയാളുകള്‍ തന്റെയടുക്കല്‍ വന്നു. തൊട്ടും, തോണ്ടിയും നോക്കി.

'കണ്ടിട്ട് വല്ല്യ പ്രായമൊന്നും തോന്നിക്കുന്നില്ല-കൂടിയാല്‍ ഒരു മൂന്നു വയസ്'
'ഒരു പത്തു കിലോ തൂക്കം കാണും.-'
'തോലും, വെയ്‌സ്റ്റുമെല്ലാം പോയി ക്കഴിയുമ്പോള്‍, ഏഴുകിലോയില്‍ കൂടുകയില്ല.'
അവന്‍ തന്നെപ്പറ്റിയാണു പറയുന്നതെന്ന് അമ്മിണിക്കു മനസ്സിലായി. അവര്‍ തന്റെ മാംസത്തിനു വിലയിടുകയാണ്. ഭീതിയുടെ കൂര്‍ത്തമുനകള്‍ ഹൃദയത്തിലേക്കു തുളച്ചു കയറുകയാണ്. 'ഏയ് അങ്ങനെയൊന്നും സംഭവിക്കില്ല. പള്ളി കഴിയുമ്പോള്‍ വീട്ടുകാര്‍ തന്നെ കൂട്ടിക്കൊണ്ടു പോകും-ബാബുമോനും, സൂസിമോള്‍ക്കും താനില്ലാതെ ജീവിക്കുവാന്‍ പറ്റുകയില്ല. താനില്ലെങ്കില്‍ അവരുടെ കൂടെ തുള്ളിച്ചാടി നടന്നു കളിക്കുവാന്‍ മറ്റാരും ഇല്ലല്ലോ! ബാബുമോന്റെ പപ്പ തീര്‍ച്ചയായും തന്നെ തിര്വെ കൊണ്ടുപോകും-' അമ്മിണി ഒരു നേരിയ പ്രതീക്ഷയുടെ പിടിവള്ളിയില്‍ തൂങ്ങി.
ആരാധന കഴിഞ്ഞു. ആളുകള്‍ ദേവാലയത്തിനു പുറത്തേക്കിറങ്ങുകയാണ്.
ആ പരുക്കന്‍ മനുഷ്യന്‍ മരത്തില്‍ നിന്നും തന്റെ കെട്ടഴിച്ചിട്ട്, ഒരു ദയയുമില്ലാതെ പള്ളിമുറ്റ വലിച്ചിഴച്ചു കൊണ്ടുപോയി. അപ്പോഴേക്കും കുറേയേറെ ആള്‍ക്കാര്‍ തന്റെ ചുറ്റും കൂടി. അമ്മിണിയുടെ ഹൃദയമിടിപ്പു കൂടി- ഭയം അതിന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച് തലച്ചോറിനെ മഥിക്കുകയാണ്. ഭീതിയോടെ അവള്‍ ചുറ്റും നോക്കി. ഇല്ല തന്റെ വീട്ടുകാര്‍ ആരും അവിടെയെങ്ങുമില്ല.

'മ്മ്‌ഹേ....' തളര്‍ന്ന ശബ്ദത്തില്‍ അമ്മിണി നിസ്സഹായതയോടെ കരഞ്ഞു. തന്റെ ഈ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ബാബുമോനും, സൂസിമോളും ഓടി വരും. തന്നെയീ ക്രൂരന്മാരുടെ കൈയില്‍ നിന്നും രക്ഷിക്കും.'
ആശയുടെ അവസാന നിമിഷങ്ങളും കടന്നുപോകുന്നു.
'ഇതാ, ലേലം ആരംഭിക്കുന്നു.' ആ പരുക്കന്റെ പരുക്കന്‍ ശബ്ദം.
'നല്ല ഒന്നാന്തരം ഒരാട്- പത്തു കിലോയില്‍ ഒട്ടും കുറയുകയില്ല. ഇതു കണ്ട പാണ്ടുകളുടെ കലക്കവെള്ളം കുടിച്ചു വളര്‍ന്ന ആടല്ലേ-പ്ലാവിലയും, കുറുന്തോട്ടിയും മാത്രം തിന്നു വളര്‍ന്ന ഔഷധഗുണമുള്ള ആട്'
'ആയിരം-' പുരുഷാരത്തിന്റെ ഇടയില്‍ നിന്നൊരു ശബ്ദം-
'രണ്ടായിരം-' അതിലുമുയര്‍ന്ന മറ്റൊരു ശബ്ദം.
'ആട്ടിന്‍ സൂഷു വളരെ നല്ലതാ-'
'കറിവെയ്ക്കുന്നതിനേക്കാള്‍ നല്ലത്,
ചാപ്‌സാക്കി കഴിക്കുന്നതാ-പൊറോട്ടയ്ക്കു പറ്റിയതാ-'
'ഫ്രൈ ചെയ്താലും നല്ല ടേസ്റ്റാ-' ആളുകളുടെ ഇത്സാഹം വര്‍ദ്ധിക്കുകയാണ്.
'അയ്യായിരം-'
അമ്മിണി മുകളിലേക്കു നോക്കി- അവിടെ ക്രൂശിത രൂപം- രക്ഷകന്റെ തലയില്‍ മുള്‍ക്കിരീടം-കൂരിരുമ്പാണി തുളച്ചു കയറിയ കൈകാലുകളില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നു.
ക്രൂശിതനായ ക്രിസ്തുവിനുള്ള നേര്‍ച്ചയാണോ താന്‍?
'ആറായിരം-' ചുവന്ന വട്ടക്കണ്ണുള്ള ഒരു തടിയാനാണാ വിളിച്ചത്-എന്നിട്ടയാള്‍ തീപാറുന്ന കണ്ണുകളോടെ ചുറ്റുമൊന്നു നോക്കി. 
'ആറായിരം-ലേലം ഉറപ്പിക്കുവാന്‍ പോകുന്നു-
ആറായിരം, ആറായിരം-
ആറായിരം ഒരു തരം
ആറായിരം രണ്ടു തരം.
ഇതാ ലേലം സ്ഥിരപ്പെടുത്തുന്നു- ആറായിരം മൂന്നുതരം!
പരുക്കന്‍ തന്റെ കയര്‍ ഉണ്ടക്കണ്ണനു കൈമാറി.
ഈ മനുഷ്യനാണോ ദൈവം?
ഇയാള്‍ക്കുള്ള നേര്‍ച്ചയാണോ താന്‍?
ഇയാള്‍ക്കു കാഴ്ച അര്‍പ്പിക്കാനാണോ ഇത്രയും നാള്‍ വീട്ടുകാര്‍ തന്നെ സ്‌നേഹത്തില്‍ പൊതിഞ്ഞു വളര്‍ത്തിയത്?
കണ്ണീര്‍ നിറഞ്ഞ് കാഴ്ച മങ്ങിയ കണ്ണുകള്‍ കൊണ്ട് അമ്മിണി ഒരിക്കല്‍ക്കൂടി ചുറ്റും നോക്കി-
ഇല്ല- അവിടെയാരുമില്ല-
ബാബുമോനില്ല-
സൂസിമോളില്ല-
അവരുടെ പപ്പയും മമ്മിയുമില്ല.
രക്ഷകന്റെ രൂപം മാത്രം രക്തം വാര്‍ന്നു കൊണ്ട് അവിടെ നില്‍ക്കുന്നു.

നേര്‍ച്ച (കഥ: രാജു മൈലപ്രാ)
Join WhatsApp News
SchCast 2018-05-12 13:22:56
i don't see any Joke here, you are making fun of Christians. Church belongs to Jesus, Church needs money. Stop making fun of Christians. Raju ? what are you?
Mathew V. Zacharia, New Yorker 2018-05-12 16:08:30
well written to ponder our heart. My Jesus was sold for 30 pieces of silver for the whole world. Keep writing
Mathew V. Zacharia, New Yorker.
സരസമ്മ 2018-05-12 16:31:57
കുതിരവട്ടത്തെ  ഗേറ്റ് തുറന്നു കിടക്കുന്നു എന്ന് തോന്നുന്നല്ലോ രാജു!
കുറെ വര്‍ഗീയ / മത ബ്രാന്തര്‍ സ്കൂള്‍ ബോര്‍ഡില്‍ നിന്നും ചാടി കമന്റ്റ് എഴുത്ത് തുടങ്ങി 
ആനയെ പേടിപ്പിക്കാന്‍ കുരക്കുന്ന ......
ജൂദാസ് . 2018-05-12 16:47:33
ഞാൻ മുപ്പത് വെള്ളിക്കാശിനാണ് യേശുവിനെ ഒറ്റുകൊടുത്തതെങ്കിൽ നീയൊക്ക അതിന്റ ആയിരം ഇരട്ടിക്കാണ് യേശുവിനെ വിറ്റുകൊണ്ടിരിക്കുന്നത് . കപട ഭക്തരെ പരീശരെ നിങ്ങൾക്ക് മുൻപേ സ്വർഗ്ഗത്തിൽ എത്തും ചുങ്കക്കാരും പാപികളും 

George 2018-05-12 21:34:49
രാജു, നല്ലൊരു കഥ, പക്ഷെ തീവ്ര മത വാദികളായ SchCast പോലുള്ള അച്ചായൻമ്മാർക്ക്/ഉപദേശ്ശിമാർക്കു ചൊറിയും. കഥയെ കഥയായി കാണാൻ ഇവന്മാർക്ക് ബുദ്ധിമുട്ട് ആണ്. Keep writing. All the Best
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക