Image

സരസ്വതിദേവി എന്റെ അമ്മ (ജ്യോതിലക്ഷ്മി സി. നമ്പ്യാര്‍)

ജ്യോതിലക്ഷ്മി സി. നമ്പ്യാര്‍ Published on 12 May, 2018
സരസ്വതിദേവി എന്റെ അമ്മ (ജ്യോതിലക്ഷ്മി സി. നമ്പ്യാര്‍)
ഏതൊരു  ജീവനും തനിയ്ക്കു ജന്മം തന്ന തന്റെ മാതാവിനെ  ഓര്‍ക്കാര്‍ ഒരു മാതൃദിനത്തിന്റെ ആവശ്യമുണ്ടെന്നു ഞാന്‍ വിശ്വസിയ്ക്കുന്നില്ല. ഓരോരുത്തരും സ്വയം അച്ഛനോ അമ്മയോ ആയി മാറുമ്പോള്‍ മാതാപിതാക്കളോടുള്ള അവരുടെ വാത്സല്യത്തിന് കൂടുതല്‍ ആഴം തോന്നുന്നു .
വേനല്‍ക്കാല അവധിയ്ക്ക് നാട്ടിലേക്കുള്ള ഈ യാത്ര എല്ലാ വര്‍ഷവും പതിവുള്ളതാണെങ്കിലും ഓരോ വര്‍ഷവും ഓരോ പ്രത്യേക സുഖം എനിയ്ക്ക് അനുഭവപ്പെടാറുണ്ട്. കേരളം എത്ര അനീതിയുടെ, നാശത്തിന്റെ ഈറ്റില്ലമായാലും മാതാപിതാക്കള്‍ക്ക രികിലെത്തുമ്പോള്‍ ഈ മണ്ണിന്റെ ഗന്ധം, ഈ കുളിര്‍കാറ്റ്, ഇളം വെയില്‍, പുലര്‍കാല മഞ്ഞു എന്നിവ  എന്നില്‍ നിന്നും അടര്‍ന്നുവീണ ബാല്യത്തിന്റെ, കൗമാരത്തിന്റെ കുഞ്ഞു ചിറകുകള്‍ തിരിച്ചു കിട്ടി പാറി പറന്നു നടക്കുന്ന ഒരു ചിത്ര ശലഭമായി മാറുന്നു എന്റെ മനസ്സ്. 

മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള ഒന്നര മണിക്കൂര്‍ വിമാന യാത്രയില്‍ നേരം പോകാതെ അസ്വസ്ഥയായ എന്റെ മകളോട് വിമാനം ഏകദേശം നെടുമ്പാശ്ശേരിയില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പായപ്പോള്‍ വിമാനത്തിന്റെ ജാലകത്തിലൂടെ വിരല്‍ ചൂണ്ടി ഞാന്‍ പറഞ്ഞു 'താഴേയ്ക്ക് നോക്കു അമ്മുമ്മ ഇതേ നമ്മളെ കാത്ത് നിന്ന് അക്ഷമയോടെ മുകളിലേയ്ക്കു നോക്കുന്നു . കാണുന്നില്ലേ ..' എന്ന് . 'പിന്നെ അമ്മയ്ക്ക് ഇവിടെ നിന്നും തയ്യൂരിലെ മുറ്റത്ത് നില്‍ക്കുന്ന അമ്മുമ്മയെ കാണുകയല്ലേ!! എന്നെ അങ്ങിനെ പറ്റിയ്ക്കാനൊന്നും പറ്റില്ല' എന്ന് പറഞ്ഞവള്‍ ചിരിച്ചു. വെറും ഒരു നേരം പോക്കിനായി അവളെ ചിരിപ്പിയ്ക്കാന്‍ ഞാന്‍ പറഞ്ഞു എങ്കിലും പിന്നീട് ഞാന്‍ ഓര്‍ത്തു ഒരു തമാശയിലൂടെ പുറത്തുവന്നത് അമ്മയെ കാണാനുള്ള ഒരു മകളുടെ, എന്റെ ജിജ്ഞാസയായിരുന്നു.

വിമാന താവളത്തില്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരുന്ന എന്റെ സഹോദരനെ, എന്റെ കുട്ടേട്ടനെ  (സുധീര്‍ നമ്പ്യാര്‍) കണ്ടപ്പോള്‍ എന്റെ മനസ്സ് പൂര്‍ണ്ണമായും മുംബൈ നഗരത്തോട് വിടപറഞ്ഞു. എന്റെ മനസ്സില്‍ നാടിനെ കുറിച്ച് ഇഴപാകിയ ഓര്‍മ്മകള്‍ ഓരോന്നായി തലപൊക്കി ഓരോ ചോദ്യങ്ങളായുയര്‍ന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും തയ്യൂരിലെത്തുവാനുള്ള സമയം  പിന്നിടുന്നത്  ഞാന്‍ അറിയുന്നതേ ഇല്ലായിരുന്നു. ഇന്നത്തെ നാടിന്റെ ഓരോ ചലനങ്ങളും കുട്ടേട്ടന്‍ എന്റെ മുന്നില്‍ നിരത്തുമ്പോള്‍, വര്ഷങ്ങള്ക്കു മുന്‍പ് ഈ കൊച്ചുകേരളത്തില്‍ നിന്നും മുബൈ നഗരത്തലേയ്ക്ക് എന്നെ പറിച്ച് നടുമ്പോള്‍ ഞാന്‍ ഇവിടെ ഉപേക്ഷിച്ചിട്ടുപോയ ഓര്‍മകളുടെ നുറുങ്ങുകളില്‍ ഒതുങ്ങി നിന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തിരയുകയായിരുന്നു ഞാന്‍.     
  
ഞാന്‍ നെഞ്ചില്‍ താലോലിച്ച് നടക്കുന്ന എന്റെ മാതാപിതാക്ക ളുള്ള കൊച്ചു ഗ്രാമത്തിന്റെ ഹൃദയത്തിലേക്കു കാര്‍ അരിച്ചുകയറി റോഡിലൂടെ വിലസി ഓടുമ്പോള്‍, രണ്ടാള്‍ ഒരുമിച്ച് നടന്നാല്‍ പരസ്പരം മുട്ടിയുരുമ്മിയിരുന്ന ഞെരുങ്ങി നിന്നിരുന്ന ഇടവഴികള്‍ എന്റെ കണ്‍ മുന്നില്‍ തെളിഞ്ഞു വന്നു. കാര്‍ വന്നു മുറ്റത്ത് നിന്നു. ഒരുപാട് രാത്രിയായാണ് ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നത്. ഞങ്ങളെ കാത്തിരുന്ന ഉറക്കച്ചടവോടെ അച്ഛനും അമ്മയും ഇറങ്ങി വന്നു. 

അച്ഛനെയും അമ്മയെയും ഞാന്‍ മാറി മാറി നോക്കി. 
അമ്മയെ കെട്ടിപിടിച്ച് എന്റെ മകളോട് പറഞ്ഞു ' അമ്മുമ്മയുടെ പേര് 'അമ്മ പറഞ്ഞുതന്നിട്ടില്ലേ?   'സരസ്വതി' ദേവി, നമ്മള്‍ മൂകാംബികയില്‍ തൊഴാന്‍ പോയപ്പോള്‍ പറഞ്ഞില്ലേ വിദ്യയുടെ ദേവതയായ സരസ്വതിയെ പറ്റി.  അമ്മുമ്മയുടെ പേര് ഓര്‍ക്കാന്‍ ആ വിദ്യാദേവിയെ ഓര്‍ത്താല്‍ മതി.   മുറ്റത്തെ ഭഗവതിയുടെ മുന്നിലിരുത്തി മുത്തശ്ശന്‍ നാക്കില്‍ സ്വര്‍ണ്ണ മോതിരംകൊണ്ട് ഹരിശ്രീ കുറിച്ചതിനുശേഷം ''അമ്മ' എന്ന ആദ്യാക്ഷരം എഴുതാന്‍ പഠിപ്പിച്ചതും, ഉച്ചരിയ്ക്കാന്‍ പഠിപ്പിച്ചതും എല്ലാം എന്റെ അമ്മയായ ഈ സാക്ഷാല്‍ സരസ്വതി ദേവി തന്നെ.  അമ്മയ്ക്ക് എഴുതുവാന്‍ അനുഗ്രഹവുമായി വരുന്ന സാക്ഷാല്‍ സരസ്വതി ദേവി, അമ്മയില്‍ എല്ലാ ഐശ്വര്യവും ചൊരിയുന്ന ലക്ഷ്മിയായി കത്തിജ്വലിച്ചു നില്‍ക്കുന്ന മാതൃത്വത്തിന്റെ വാത്സല്യത്തിന്റെ സ്‌നേഹത്തിന്റെ നിലവിളക്ക്. ഇനി മുത്തശ്ശന്റെ പേര് ഓര്‍ക്കാനാണെങ്കില്‍  വളരെ എളുപ്പം 'നാരായണന്‍' ത്രിമൂര്‍ത്തികളില്‍  ഒരാള്‍.      അച്ഛനെയും, അമ്മയെയും നമുക്ക് പേരെടുത്ത് വിളിയ്ക്കാന്‍ പറ്റില്ല എങ്കിലും ഇവരെക്കുറിച്ചുള്ള സ്മരണകള്‍ തീര്‍ച്ചയായും നമുക്ക്ശ അനുഗ്രഹം ചൊരിയും. ദൈവീകമായ നാമങ്ങള്‍ ഉള്ള അച്ഛനും അമ്മയും മോളുടെ അമ്മക്ക് എപ്പോഴും കാവല്‍മാലാഖമാര്‍.  ഇത് കേട്ട് നിന്ന കുട്ടേട്ടന്‍ എന്റെ മോളോട് പറഞ്ഞു നിന്റെ അമ്മയുടെ പേരിലും ലക്ഷ്മിയുണ്ട്. ഇതുകേട്ട ബാലികയായ എന്റെ മകള്‍ ചോദിച്ചു അപ്പോള്‍ എന്റെ 'അമ്മ ലക്ഷ്മിദേവിയാണെന്നു എനിയ്ക്കും പറയാം അല്ലെ? ഇതുകേട്ട എല്ലാവരുടെയും കൂട്ടച്ചിരിയോടെ അവിടം ഒരു സന്തോഷത്തിന്റെ ദേവാലയമായി.    സന്തോഷത്താല്‍ പൊട്ടിച്ചിരിയ്ക്കുന്ന അച്ഛനമ്മമാരുടെ കണ്ണുകളിലേക്കൊന്നു നോക്കിയപ്പോള്‍ പ്രായം എന്റെ മാതാപിതാക്കളില്‍ വരുത്തിവച്ച കുസൃതികള്‍ കുറിച്ചോര്‍ത്ത് ഒരു നിമിഷം എന്റെ കണ്ണ് നനഞ്ഞു. 

ഈ അടുത്ത കാലം വരെയും അവധിയ്ക്ക് നാട്ടില്‍ വരുമ്പോള്‍ ആ ദിവസങ്ങള്‍ക്കുവേണ്ടി അച്ഛനമ്മമാരുടെ  ഒരുക്കങ്ങള്‍ എന്റെ മനസ്സില്‍ ഓടി വന്നു. ഞങ്ങള്‍ നാട്ടില്‍ വന്നുപോയി അടുത്ത അവധിയ്ക്ക് നാട്ടില്‍ എത്തുന്നതുവരെയുള്ള ദിവസങ്ങള്‍ ഒരു അണ്ണാറക്കണ്ണന്‍ മാങ്ങയണ്ടി സൂക്ഷിയ്ക്കും പോലെ, ഉറുമ്പുകള്‍ ധാന്യങ്ങള്‍ സൂക്ഷിയ്ക്കുന്നതുപോലെ ഓരോ സാധങ്ങളും 'അമ്മ ഞങ്ങള്‍ക്കായി കാത്തുവയ്ക്കും. കണ്ണിമാങ്ങാ,  നാരങ്ങാ, നെല്ലിക്ക, അമ്പഴങ്ങ എന്നീ ഓരോ സാധനങ്ങളുടെയും അച്ചാറുകള്‍ വിവിധ തരത്തില്‍ ഉണ്ടാക്കി ഭരണികളിലാക്കി മണല്‍ക്കിഴിവച്ച്  കേടുവരാതെ കാത്തുവയ്ക്കും   തിരിച്ചുപോകുമ്പോള്‍ നാലോ അഞ്ചോ കുപ്പികളില്‍ വിവിധ തരത്തിലുള്ള അച്ചാറുകള്‍, പിന്നെ കുറെ വീട്ടില്‍ ഉണ്ടാക്കിയ സാധനങ്ങളും 'അമ്മ തന്നു വിടും. 'ഇതൊന്നും വേണ്ട അമ്മെ. ഞങ്ങള്‍ അവിടെ നിന്നും വാങ്ങിക്കൊള്ളാം' എന്ന് പറഞ്ഞാല്‍ പരിഭവംകൊണ്ടു കുത്തിവീര്‍ത്ത കവിളിലൂടെ സങ്കടത്തിന്റെ കണ്ണീര്‍ച്ചാലൊഴുകും. വീട്ടില്‍ ഉണ്ടാകുന്ന കശുവണ്ടി വറുത്ത് തല്ലിയ പരിപ്പ് ഞങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കും. ചക്കപപ്പടം, കൊള്ളിപപ്പടം, വിവിധ തരം കൊണ്ടാട്ടങ്ങള്‍  (ആവശ്യത്തിനനുസരിച്ച് എണ്ണയില്‍ വറുത്തെടുക്കാവുന്ന ഉപ്പും മുളകും കായവും ചേര്‍ത്തുണക്കിയ പച്ചക്കറികള്‍) ചക്ക വരട്ടിയത്, പഴം വരട്ടിയത് എന്നുവേണ്ട ആ വീട്ടില്‍ കൃഷിചെയ്ത ഓരോ സാധനങ്ങളും പലതരത്തില്‍ 'അമ്മ ഞങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കും. ഇത് കൂടാതെ ഞങ്ങള്‍ വന്നതിനു ശേഷം ഓരോ ദിവസം ഓരോ വിഭവങ്ങള്‍ ഒരു ദിവസം ഇല അട, ഓട്ടട, ചക്ക വറുത്തത്, കാരോലപ്പം, കായ വറുത്തത്, ചക്ക വരട്ടിയതും ശര്‍ക്കരയും തേങ്ങയും അരിപൊടിയും കുഴച്ച് ഇലയില്‍ പൊതിഞ്ഞു ആവിയില്‍ വേവിച്ചെടുക്കുന്ന കുമ്പളപ്പം ഇതൊക്കെ ഞങ്ങള്‍ നാട്ടില്‍ എത്തിയാല്‍ അമ്മയുടെ പ്രത്യേക വിഭവങ്ങളാണ്. പിന്നെ ഓരോ ദിവസവും ഞങ്ങള്‍ക്ക് ഇഷ്ടമുള്ള കറികള്‍ ഉണ്ടാക്കും, 'അമ്മ പ്രത്യേകിച്ചോന്നും ഉണ്ടാക്കേണ്ട ഞങ്ങള്‍ക്കെല്ലാം അവിടെ കിട്ടും എന്ന്  പറഞ്ഞാല്‍ ' അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയത് കിട്ടില്ലല്ലോ' എന്ന ചോദ്യത്താല്‍ തേന്‍ തുള്ളിപോലുള്ള വാത്സല്യം നിറച്ചുതരുന്ന 'അമ്മ.   ഞങ്ങള്‍ വീട്ടില്‍ എത്തിയാല്‍ എന്ത് തന്നാലും എന്തൊക്കെ പറഞ്ഞാലും കൊതിതീരാത്ത ആവേശമായിരുന്നു അമ്മയ്ക്ക്.  പിന്നെ ഓരോ ബന്ധു വീടുകളില്‍ 'അമ്മ ഞങ്ങളെ കൊണ്ടുപോകും അവരുടെ മുന്നില്‍ ഞങ്ങളുമൊത്ത് പോകുമ്പോള്‍   മക്കളെ കുറിച്ച് അഭിമാനം കൊള്ളുന്ന മാതാവിന്റെ മുഖം പ്രകാശപൂരിതമാകും. ഓരോ ദിവസവും രാത്രി പന്ത്രണ്ടു മണിവരെ അച്ഛനും അമ്മയും ഞങ്ങളും കുട്ടി സംസാരിച്ചിരിയ്ക്കും. ഞങ്ങളുടെ അവിടുത്തെ ജീവിത രീതികളെല്ലാം പറയുമ്പോള്‍ കൊച്ചു കുട്ടികളുടെ ആകാംക്ഷയോടെ കേട്ടിരിയ്ക്കുന്ന അച്ഛനും അമ്മയും.  എത്രയോ പെട്ടെന്ന് പറന്നകലുള്ള അച്ഛനമ്മമാര്‍ക്കൊപ്പമുള്ള അവധി ദിവസങ്ങള്‍. ഓരോ അവധികാലം അച്ഛനമ്മമാരോട് യാത്ര പറയുമ്പോള്‍ അറിയാതെ നനയുന്ന അമ്മയുടെ കണ്‍ തടങ്ങള്‍ നെഞ്ചിലൊരു ഭാരമായി മടക്ക യാത്രയില്‍ അകമ്പടിയാകാറുണ്ട്. ഇന്ന് ഈ ഒരുക്കങ്ങളും, ഉത്സാഹങ്ങളും അവരുടെ മനസ്സില്‍ ഞങ്ങളുടെ അവധിക്കാലത്തിനായി കാത്തിരിയ്ക്കുന്നുവെങ്കിലും പ്രായം അവരുടെ ശരീരത്തിനെ പ്രവര്‍ത്തിയ്ക്കാന്‍ അനുവദിയ്ക്കാറില്ല.   ഒരുപാട് സ്വപ്നച്ചിറകുമായി അവരുടെ അരികിലെത്തുമ്പോള്‍  അവര്‍ പകര്‍ന്നു തന്ന സ്‌നേഹത്തിനു പകരം ഒരു ദിവസം മനസ്സ് നിറയെ അവരെ പരിചരിയ്ക്കാന്‍ സാഹചര്യങ്ങള്‍ ഒരു തടസ്സമാകുന്നു എന്നത്  എന്നെപ്പോലെത്തന്നെ ഓരോ മക്കളെയും വേദനിപ്പിയ്ക്കുന്ന യാഥാര്‍ത്ഥ്യമാകും. ഇത് വെറും വേനല്‍ അവധിക്കാലത്തെ അച്ഛനമ്മമാരെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകളുടെ ശീഘ്രപലായനം മാത്രം. കുറച്ചും കൂടി പിന്തിരിഞ്ഞു  നോക്കുമ്പോള്‍, എന്റെ ബാല്യവും കൗമാരവും ഒരു പളുങ്കു തുള്ളിപോലെ കാത്ത് സൂക്ഷിച്ച അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുതുവാന്‍ തുടങ്ങിയാല്‍ ഒരുപക്ഷെ ഒരു പൂര്‍ണ്ണ പുസ്തകം തന്നെ രൂപാന്തരപ്പെട്ടേക്കാം. നല്ലവനായാലും കള്ളനായാലും ദുഷ്ടനായാലും അവന്റെ മനസ്സില്‍ ഊറി നിറയുന്ന മാതാപിതാക്കളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വളരെ മധുരമുള്ളതു തന്നെയാണ്. ഒരു കുഞ്ഞിനെ പത്തുമാസം ചുമന്നു, പാല്‍ കൊടുത്ത് വളര്‍ത്തുന്നതില്‍ മാത്രമല്ല ,  അവനില്‍ അല്ലെങ്കില്‍ അവളില്‍ സ്‌നേഹവും, വാത്സല്യവും, അറിവും, വിവേകവും, സാമാന്യബുദ്ധിയും വളര്‍ത്തി ഒരു വ്യക്തിയാക്കുന്നതില്‍ അമ്മയുടെ പങ്ക് എത്ര  വിലകൊടുത്താലും തീരാത്ത ഒരു കടപ്പാട് തന്നെയാണ്.   

അമ്മിഞ്ഞ പാല്‍പ്പോലെത്തന്നെ ആ മാതൃഹൃദയം ചുരത്തുന്ന മക്കളോടുള്ള സ്‌നേഹത്തിനത്രയും നിര്‍മ്മലമായി വേറൊന്നും ഉണ്ടാകില്ല. ഈ സ്‌നേഹം മായമില്ലാത്ത,കളങ്കപ്പെടാത്ത ഒരിയ്ക്കലും വറ്റി വരളാത്ത ഉറവയാണ്. മാതാപിതാക്കള്‍ കാണപ്പെട്ട ദൈവങ്ങളാണ്. ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ  മക്കള്‍ വലുതായി അവര്‍ ഒരു അച്ഛനോ, അമ്മയോ ആകുമ്പോള്‍ അവര്‍ മാതാപിതാക്കളെക്കുറിച്ച് കൂടുതല്‍ ആലോചിയ്ക്കുന്നു, കൂടുതല്‍ സ്‌നേഹിയ്ക്കാന്‍ തുടങ്ങുന്നു. പക്ഷെ അവരുടെ കുടുംബവും സാഹചര്യങ്ങളും അവരെ മാതാപിതാക്കള്‍ക്കൊപ്പം  കഴിയാന്‍ അനുവദിയ്ക്കുന്നില്ല എന്നത് വളരെ വേദനിപ്പിയ്ക്കുന്ന ഒരു സത്യമാണ്.   എങ്കിലും ഓരോ അമ്മയും മക്കള്‍ക്കുവേണ്ടി മനസ്സുനിറയെ അവര്‍ക്കു നന്മയും, സ്‌നേഹവും, അനുഗ്രഹവും നിറച്ച് യാതൊരു പരാതികളും കൂടാതെ മക്കള്‍ക്ക് കൂടെ അനുവദിച്ചു കിട്ടുന്ന സമയത്തിനായി കാത്തിരിയ്ക്കുന്നു. പ്രതിഫലം ഇച്ചിയ്ക്കാത്ത ഈ സ്‌നേഹം വിളമ്പിത്തരാന്‍ സ്വന്തം അമ്മയ്ക്കുമാത്രമേ കഴിയൂ. അമ്മയെ സ്‌നേഹിയ്ക്കുന്ന മക്കള്‍ക്ക് അവരോടു സ്‌നേഹം പ്രകടിപ്പിയ്ക്കാന്‍ ഒരു പ്രത്യേക ദിവസന്തത്തിന്റെ ആവശ്യമില്ല. എങ്കിലും  തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എല്ലാവര്ക്കും അമ്മയെകുറിച്ചോര്‍ക്കാന്‍ പ്രത്യേകമായൊരു ദിനം കൊണ്ടാടുമ്പോള്‍ ആ ദിനത്തില്‍ അമ്മയ്‌ക്കൊപ്പം ചെലവഴിയ്ക്കാന്‍ ഓരോ മക്കള്‍ക്കും കഴിയുന്നുവെങ്കില്‍ തീര്‍ച്ചയായും അമ്മയുടെ അനുഗ്രഹം തന്നെ. അതുകൊണ്ടുതന്നെ പതിവിലും  വ്യത്യസ്തമായി  ഈ  വേനല്‍  അവധിയില്‍ , ഈ  മാതൃദിനം, മെയ്  13 എന്റെ  അമ്മയോടൊപ്പം  ചിലവിടാന്‍  സാധിയ്ക്കുമെന്നത് എനിയ്ക്കു ലഭിച്ച ഒരു അനുഗ്രഹമായിത്തന്നെ ഞാന്‍ കാണുന്നു.  
സരസ്വതിദേവി എന്റെ അമ്മ (ജ്യോതിലക്ഷ്മി സി. നമ്പ്യാര്‍)
Join WhatsApp News
P R Girish Nair 2018-05-12 12:17:17
അമ്മയെന്ന കൊച്ചുവാക്കില്‍ ഒളിച്ചിരിക്കുന്ന വലിയ ലോകത്തെ കാട്ടിത്തരുന്ന ഒരിടം. സ്‌നേഹത്തിനായി കൊതിക്കുന്നവർക്ക് സ്‌നേഹമായും നന്മയായുമെല്ലാം നമ്മുടെ അമ്മ മാറുന്നു. സ്നേഹത്തിന്റെ സ്വാന്തനത്തിന്റെ വേറിട്ടൊരു മുഖം.  

അമ്മയെന്ന വാക്കിന്റെ അർത്ഥം 
മാധുര്യമായി പെയ്തിറങ്ങുകയാണ് 
ശ്രീമതി ജ്യോതിലാക്ഷിയുടെ ലേഖനത്തിൽ.
സ്നേഹനിധിയായ നമ്മുടെ അമ്മയ്ക്കും ശ്രീമതി ജ്യോതിലക്ഷ്മിക്കും ഈ അവസരത്തിൽ എല്ലാ ഐശ്യരൃവും നേരുന്നു.
Mathew V. Zacharia, New Yorker 2018-05-12 16:19:52
JyothiLaksmi:your writing brought reminiscence of first journey from New Delhito Ernakulum in 1965.Yes, my Ammamma taught me everything. She passed away at the age age of 101 in May 2012. Still and always in my heart until I meet her in Heaven. God bless your writing.
Mathew V.Zacharia, New Yorker

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക