Image

മായല്ലേ വസന്തമേ (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

Published on 29 May, 2018
മായല്ലേ വസന്തമേ (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)
ഹേമന്ത സന്ധ്യകള്‍ മറയുന്നു ദൂരെ
ഹാ! വന്നു വീണ്ടും വസന്തകാലം
കാറ്റിന്റെവതാളമതേറ്റുവാങ്ങി മുദാ
ചൊല്ലുന്നു മര്‍മ്മരം, വന്നു വസന്തം!
ഫുല്ലമായീടാന്‍ കൊതിച്ചോരാമൊട്ടുകള്‍
വിടരുന്നു സാഫല്യ സംതൃപ്തിയില്‍
മന്ദസമീരനില്‍ അവ നൃത്തമാടവെ
മധു നുകര്‍ന്നീടുന്നു ശലഭം
ആലിംഗനത്താല്‍ പൊതിയുന്നു ഭൂമിയെ
ആദിത്യഗോളമതിന്‍ കിരണം
പാലൊളിചന്ദ്രിക ശോഭയില്‍ നിറയുന്നു
പാരിതില്‍ പ്രണയാര്‍ദ്ര ദിവ്യഭാവം!
സ്‌നിഗ്ദ്ധമായ് പുഞ്ചിരി തൂകി പ്രസൂനങ്ങള്‍

ചുറ്റും പകര്‍ന്നിടുന്നു സുഗന്ധം
മധുര്യ ഗീതകം പാടും പതത്രികള്‍
പകരുന്നു സ്‌നേഹ സൗഹാര്‍ദ്ദ നാദം!

സര്‍വ്വഥാ ചൈതന്യ ഭാവമായ് സര്‍വ്വരില്‍
സന്തുഷ്ടിയേകിടുന്നു വസന്തം
എങ്കിലും വൈകാതെ ദേവി നീ പോയിടും
എന്നോര്‍ക്കവെ നിറയുന്നു ശോകം

ആരാനും മാറ്റുവാനാവില്ല ഭൂമിയില്‍
കാലമാം രഥചക്ര ചലനം

എന്നിരുന്നാലുമെന്‍ മാനസം ചൊല്ലുന്നു
പോയ്മറയല്ലേ വസന്തമേ നീ!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക