Image

ജന മനസുകള്‍ കീഴടക്കി ജി.എസ്. പ്രദീപ് മെല്‍ബണില്‍

Published on 08 June, 2018
ജന മനസുകള്‍ കീഴടക്കി ജി.എസ്. പ്രദീപ് മെല്‍ബണില്‍

മെല്‍ബണ്‍: അറിവിന്റെ ഇന്ദ്രജാലത്തിനും പ്രസംഗകലയുടെ മാസ്മരികതയ്ക്കും മുന്പില്‍ മെല്‍ബണ്‍ മലയാളി സമൂഹം കഴിഞ്ഞ രാത്രിയില്‍ ശിരസു കുനിച്ചു. നവോദയാ വിക്ടോറിയയുടെ ഉദ്ഘാടനവേദിയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് അവതരിപ്പിച്ച അശ്വമേധം പരിപാടിയായിരുന്നു രംഗം. സദസില്‍ നിന്നും വേദിയിലേക്ക് വന്ന മുഴുവന്‍ മത്സരാര്‍ഥികളുടെയും മനസിലെ പേരുകള്‍ അനായാസം കണ്ടെത്തിയ ഗ്രാന്‍ഡ്മാസ്റ്റര്‍ അവസാനം തന്റെ മഹേന്ദ്രജാലം പുറത്തെടുത്തു. ഒരേസമയം മൂന്നു പേരോട് അശ്വമേധത്തില്‍ ഏര്‍പ്പെട്ട് തന്റെ ചിന്തയെ മൂന്നായി വിഭജിച്ച് മൂന്നു രഹസ്യ നാമങ്ങളും 10 ചോദ്യങ്ങള്‍ക്കുള്ളില്‍ അനാവരണം ചെയ്തപ്പോള്‍ സദസ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി. 

മെല്‍ബണിലെ സ്‌റ്റേജ് ഷോകളില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനപ്രീതിയും ആവേശവും സൃഷ്ടിക്കാന്‍ ജി.എസ്. പ്രദീപിന്റെ സന്ദര്‍ശനത്തിനു കഴിഞ്ഞു. കൈരളി ടിവിക്കുവേണ്ടി സന്തോഷ് പാലിയുടെ നിയന്ത്രണത്തില്‍ ചിത്രീകരണം നടത്തിയ പരിപാടിയുടെ ദൃശ്യാവിഷ്‌കരണം വരുന്ന ആഴ്ചകളില്‍ പ്രേക്ഷകര്‍ക്ക് കാണാനാകും. 

നേരത്തെ നടന്ന സാംസ്‌കാരിക സമ്മേളനം സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. വര്‍ത്തമാനകാല ഭാരതത്തിലെ സാംസ്‌കാരിക രംഗത്തെ ഫാസിസത്തിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. 

യോഗത്തില്‍ പ്രസിഡന്റ് എബി പൊയ്കാട്ടില്‍, സെക്രട്ടറി ബിനീഷ് കുമാര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ദിലീപ് രാജേന്ദ്രന്‍, ആര്‍. സജീവ്, പ്രോഗ്രാം കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ സുനു സൈമണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക