Image

ഫൊക്കാനയുടെ നിറസാന്നിധ്യം ഫിലിപ്പോസ് ഫിലിപ്പ്

ഫ്രാന്‍സിസ് തടത്തില്‍ Published on 05 July, 2018
ഫൊക്കാനയുടെ നിറസാന്നിധ്യം ഫിലിപ്പോസ് ഫിലിപ്പ്
ന്യൂജേഴ്സി: നാവുകള്‍ക്ക് പിഴവു സംഭവിക്കാത്ത വാക്ചാതുരി, വിഷയങ്ങളെക്കുറിച്ച് സമഗ്രാവതരണം, കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതില്‍ മടികാണിക്കാതിരിക്കല്‍, എതിരാളികളെ വേദിയിരുത്തിക്കൊണ്ടുപോലും സൗമ്യമായ ഭാഷയില്‍ ഒരു ചെറുപുഞ്ചിരി പടര്‍ത്തി വിമര്‍ശിക്കുന്ന വ്യക്തി.

ഇത് ഫിലിപ്പോസ് ഫിലിപ്പ്. ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി. ഫൊക്കാനയിലായാലും ഫോമയിലായാലും ഫീലിപ്പോസിനു സുഹൃത്തുക്കള്‍ ഏറെയാണ്. കാരണം എതിരാളികളെപ്പോലും സുഹൃദ് വലയത്തിലാക്കാന്‍ ഇത്ര മിടുക്കനായ സംഘടന പ്രവര്‍ത്തകന്‍ മറ്റേതെങ്കിലും അമേരിക്കന്‍ സംഘടനകളിലുണ്ടെന്ന് തോന്നുന്നില്ല. ഫൊക്കാനയുടെ ഔദ്യോഗിക വക്താവായി പൊതുവേദികളില്‍ പ്രസംഗിക്കുക മാത്രമല്ല ഫിലിപ്പോസ് ഫിലിപ്പ് എന്ന നേതാവിന്റെ പ്രത്യേകത വാക്കുകളെക്കാളുപരി പ്രവര്‍ത്തിപഥത്തിലാണ് അദ്ദേഹം കൂടുതലും ചരിക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഫൊക്കാനയുടെ യശഃസ് വാനോളമുയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ഫിലിപ്പോസ് എന്നത് നിസംശയം

ഫിലിപ്പോസിലെ കഴിവുകള്‍ നിരവധിയാണ്. പ്രതിസന്ധികളിലെ ക്രൈസിസ് മാനേജര്‍, യുവനേതാക്കന്മാരുടെ ഉപദേശകന്‍, തര്‍ക്കങ്ങള്‍ക്കു ത്വരിതമായ പരിഹാരം നിര്‍ദ്ദേശിക്കുന്നവന്‍, എല്ലാ അസോസിയേഷനുകളുടെയുംഏതു പരിപാടികളിലും ഓടി നടന്നു പങ്കെക്കുകമാത്രമല്ല കാണുന്ന അതിഥികളെയെല്ലാം കരം കവര്‍ന്ന് ആശംസ നേരുന്നവന്‍. ചുരുങ്ങിയ സമയംകൊണ്ട് പരമാവധി വാക്കുകളാല്‍ ഹ്രസ്വമായ പ്രസംഗം കൊണ്ട് ഏവരുടെയും കൈയ്യടി വാങ്ങുന്ന നേതാവ്.മലയാളികളുടെ പ്രിയങ്കരനായ ഈ നേതാവ് ഒരിക്കല്‍ പരിചയപ്പെടുന്നവരുടെ മനസില്‍ ചിര പ്രതിഷ്ഠ നേടുമെന്നതിനാല്‍ ചിരിക്കുന്ന ആ മുഖം നിങ്ങളെത്തേടി കാണികള്‍ക്കിടയിലോ മറ്റേതെങ്കിലുമിടങ്ങളിലോ സ്ഥിരസാന്നിധ്യമായിതന്നെയുണ്ടാകും.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഫൊക്കാനയുടെ ഒട്ടുമിക്ക പരിപാടികളുടെയും മുഖ്യ സൂത്രധാരകനായിരുന്നു ഫിലിപ്പോസ്. അദ്ദേഹം വിഭാവനം ചെയ്ത പദ്ധതികള്‍ ആലോചനയില്‍ മാത്രമല്ല പ്രവര്‍ത്തി പഥത്തില്‍ എത്തിപ്പെട്ടതിനാലാണ് മലയാളികള്‍ അദ്ദേഹത്തെ ഏറെ ആദരിക്കുന്നത്. ഫൊക്കാന എന്ന സംഘടനയെ വളര്‍ച്ചയുടെ മറ്റൊരു ഏടിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഈ സംഘടനാ പ്രവര്‍ത്തകനിലെ നേതൃത്വത്തിനു കഴിഞ്ഞു. ഫിലിപ്പോസ് മുന്‍കൈയ്യെടുത്ത് നടപ്പില്‍ വരുത്തിയ എക്സിക്യൂട്ടീവ് അധികാര പരിധിയിലെ ഭരണഘടന ഭേദഗതിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.

ഫൊക്കാനയില്‍ ഒരു എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് ഒരിക്കല്‍ ജയിച്ച് കയറിയ വ്യക്തിക്ക് രണ്ടാമത് ആ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന ഭരണഘടനാ ഭേദഗതിയാണ്തെരഞ്ഞെടുപ്പ് പാനലില്‍ പുതിയ മുഖങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ യഥാര്‍ത്ഥത്തില്‍ കാരണമായത്. ഒരിക്കല്‍ ഒരു സ്ഥാനത്ത് എത്തുന്നവന്‍ മാത്രം സ്ഥിരമായി അവിടെ പ്രതിഷ്ഠിച്ചിരുന്ന അവസ്ഥ ഇതോടെ മാറി. ഉദാഹരണത്തിന് ഫൊക്കാനയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അസോ.സെക്രട്ടറി, അസോ.ട്രഷറര്‍, അസി. അസോ. സെക്രട്ടറി, അഡി. അസോ. ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ ഒരിക്കല്‍ എത്തപ്പെട്ടവര്‍ക്ക് പിന്നീട് ആ സ്ഥാനത്ത് എത്തിച്ചേരാന്‍ പുതിയ ഭരണഘടന ഭേദഗതി അനുവദിക്കുകയില്ല. ഫിലിപ്പോസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഈ ഭേദഗതി സംഘടനയില്‍ പുതുമുഖങ്ങള്‍ക്ക് നേതൃനിരയിലേക്ക് അവസരമൊരുക്കുകയാണുണ്ടായത്.

ഫൊക്കാനയുടെ സ്വപ്നപദ്ധതികളിലൊന്നായ കേരളത്തിലെ ഭവന രഹിതര്‍ക്കു ഭവനം പണിതു നല്‍കുക എന്ന പദ്ധതി ഒരു തുടര്‍ച്ചയായി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞതാണ് മറ്റൊരു നേട്ടം. കേരളത്തില്‍ ഭവനരഹിതരായ അഞ്ചുപേര്‍ക്ക് വിവിധ ജില്ലകളില്‍ വീടു നിര്‍മ്മിച്ചുകഴിഞ്ഞു. അഞ്ചു വര്‍ഷത്തിനകം കേരളത്തിലെ മുഴുവന്‍ ഭവന രഹിതര്‍ക്കും ഭവനം നിര്‍മ്മിച്ചു നല്‍കുകയെന്ന സര്‍ക്കാരിന്റെ കര്‍മ്മ പരിപാടികളില്‍ ഫൊക്കാനക്കും പങ്കു കൊള്ളാനാകും.

ഫൊക്കാനയുടെ നേതൃത്വത്തില്‍ മലയാളികളുടെ ഇമിഗ്രേഷന്‍ സംബന്ധമായ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ നേതൃത്വം വഹിക്കാനും കഴിഞ്ഞതാണ് മറ്റൊരു പ്രത്യേകത.

വിദേശ മലയാളികളുടെ നാട്ടിലുള്ള വസ്തുക്കള്‍ സംരക്ഷിക്കുന്നതിനും ക്രയവിക്രയം നടത്തുന്നതിനുമുള്ള തടസങ്ങള്‍ നീക്കികിട്ടാന്‍ ഫാമിലി പ്രൊപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട് നടപ്പില്‍ വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേലും വിദേശകാര്യ-പ്രവാസികാര്യ മന്ത്രാലയങ്ങള്‍ക്കുമേലും നടത്തിവരുന്ന ശ്രമങ്ങളും ശ്ലാഘനീയമാണ്. ഇതില്‍ ഫിലിപ്പോസിന്റെ നേതൃപാഠവം എടുത്തു പറയേണ്ടതാണ്.

ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയായിലാണെങ്കിലും ന്യൂയോര്‍ക്കിലിരുന്നു പലകുറി അവിടെ സന്ദര്‍ശിച്ചും എല്ലാ കാര്യങ്ങളിലും കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ ഫിലിപ്പോസ് നേതാവ് ഓടിനടന്നു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയം.

ജനറല്‍ സെക്രട്റ്ററി പദമൊഴിയുമ്പോള്‍അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അവരുടെ പ്രശ്നങ്ങള്‍ നെഞ്ചോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയൊരു നേതൃത്വത്തിലേക്ക് അദ്ദേഹം മടങ്ങിവരുന്നതിനായി നമുക്ക് കാതോര്‍ക്കാം.

എന്‍ജിനീയറിംഗ് ബിരുദധാരി കൊല്ലം അടൂര്‍ സ്വദേശിയാണ് ഇദ്ദേഹം. എഞ്ചിനിയരിംഗ് അസോസിയേഷന്‍ കീനിന്റെ നേതാവ്, ഓര്‍ത്തഡോക്ക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി തുടങ്ങി വ്യത്യസ്ഥ നിലകളില്‍ തിളങ്ങുന്ന വ്യക്തിയാണ് ഫിലിപ്പോസ്. 
ഫൊക്കാനയുടെ നിറസാന്നിധ്യം ഫിലിപ്പോസ് ഫിലിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക