Image

വിഗ്ഗ് വെച്ച മാത്തുക്കുട്ടി (ഡോ.ഈ.എം. പൂമൊട്ടില്‍)

ഡോ.ഈ.എം. പൂമൊട്ടില്‍ Published on 25 July, 2018
വിഗ്ഗ് വെച്ച മാത്തുക്കുട്ടി (ഡോ.ഈ.എം. പൂമൊട്ടില്‍)
തന്റെ നാല്‍പ്പതാമത്തെ പെണ്ണുകാണലും വിഫലമായ നിരാശയില്‍ മാത്തുക്കുട്ടി വീട്ടില്‍ വന്നയുടനെ ബൈക്കെടുത്തു നേരേ പോയത് ഉറ്റ സുഹൃത്തായ രമേശന്റെ വീട്ടിലേക്കായിരുന്നു. അവന്റെ വാടിയ മുഖം കണ്ടപ്പഴേ രമേശനു കാര്യം മനസിലായി. സാരമില്ല, ലോകത്തെവിടെയോ ഒരു കോണില്‍ നിനക്കുവേണ്ടി ഒരു സുന്ദരിപ്പെണ്ണു കാത്തിരിപ്പുണ്ടെടാ. അയാള്‍ സുഹൃത്തിനെ സിനിമാ സ്റ്റൈലില്‍ ആശ്വസിപ്പിക്കുന്നതിനോടൊപ്പം അല്പം ഗൗരവ ഭാവത്തില്‍ തുടര്‍ന്നു: എടാ, ഞാനും നീയും ഒരേ പ്രായക്കാര്‍, വയസ്സിപ്പോള്‍ മുപ്പത്തിയാറ്, രണ്ടുപേരും മൊട്ടത്തലയന്മാര്‍. എന്നിട്ടെന്തേ! എന്റെ കല്യാണം എന്നേ കഴിഞ്ഞു; രണ്ടു കുഞ്ഞുങ്ങളും ആയി. എന്നാല്‍ നീ ഇപ്പോഴും, ദേ പെണ്ണുകണ്ടു നടക്കുന്നു. നിന്റെ പ്രശ്‌നത്തില്‍ കാരണം എന്തുവാനു ഞാന്‍ പറയട്ടെ: എടാ, നിനക്കു കിളിപോലൊരു പെണ്ണിനെ ഇപ്പോഴും കിട്ടും; ഞാന്‍ പറയുന്ന ഈ മൂന്നു കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാവുമെങ്കില്‍: ഒന്ന്, നീ കെട്ടാന്‍ പോകുന്നവള്‍  വല്യ സുന്ദരിയായിരിക്കണം, നീണ്ട മുടിയുള്ളവളായിരിക്കണം എന്നൊക്കെയുള്ള നിന്റെ ഈ പിടിവാശിയുണ്ടല്ലോ; അതു നീ ഉപേക്ഷിക്കണം. രണ്ട്, നീ നല്ല ഒരു വിഗ്ഗ് വാങ്ങിച്ച്  നിന്റെ മൊട്ടത്തലയില്‍ ധരിക്കണം. നിനക്കു മുടിയില്ലയെന്ന വിവരം മേലില്‍ ഒരുത്തനും അറിയരുത്. മൂന്ന്, നീ ഇനിയും വീട്ടുകാര്‍  കൊണ്ടുവരുന്ന ആലോചനകളുടെ പുറകെ പോകാതെ സ്വന്തമായി ഒരാളെ കണ്ടുപിടിക്കാന്‍ നോക്കണം. അതായത് പ്രണയം; നീ ആ വാക്കു കേട്ടിട്ടുണ്ടല്ലോ; ഇല്ലേ! അയാള്‍ നര്‍മ്മസ്വരത്തില്‍ പറഞ്ഞു നിര്‍ത്തി.

സുഹൃത്തിന്റെ ഉപദേശം ശ്രദ്ധയോടെ കേട്ടതിനു ശേഷം മാത്തുക്കുട്ടി അവനോടു മറ്റൊരു കാര്യം തുറന്നു പറഞ്ഞു: എടാ, ഞാനീ നാട്ടിന്‍പുറത്തെ ജീവിതം മടുത്തു. രണ്ടു മൂന്നു മാസത്തേക്കു ഞാന്‍ ബാംഗ്ലൂരില്‍ ചേട്ടന്റെ അടുത്തുപോയി താമസിക്കാന്‍ തീരുമാനിച്ചു. അതു നന്നായി; നിനക്കെന്തുകൊണ്ടും ഒരു ചെയ്ഞ്ച് ഇപ്പോള്‍ അത്യാവശ്യമാണ്. രമേശന്‍ സുഹൃത്തിനെ അങ്ങേയറ്റം ഉത്സാഹിപ്പിച്ചു.

പിറ്റെ ആഴ്ച തന്നെ മാത്തുക്കുട്ടി ബാംഗ്ലൂരിലേക്കു യാത്രയായി. രണ്ടുമൂന്നു മാസത്തേക്കെന്നൊക്കെ പറഞ്ഞെങ്കിലും നീണ്ട ആറു മാസത്തെ സുഖവാസത്തിനുശേഷം ഒറിജിനല്‍ മുടിയെ വെല്ലുന്ന ഒന്നാംതരം വിഗ്ഗും വെച്ച് നല്ല അടിപൊളി വേഷത്തില്‍ അവന്‍ നാട്ടിന്‍പുറത്തു വന്നിറങ്ങി. സുഹൃത്തിന്റെ ഉപദേശം പൂര്‍ണ്ണമായി നടപ്പാക്കുവാനുള്ള തീരുമാനത്തോടെ അയാള്‍ തല ഉയര്‍ത്തി നടന്നു. ഇതിനിടെ, മാത്തുക്കുട്ടി മുടി വളരുവാനുള്ള ഏതോ വിദഗ്ധ ചികിത്സയ്ക്കു വേണ്ടി പോയിരുന്നുവെന്നും ആ ചികിത്സ ഫലപ്രദമായിയെന്നുമുള്ള ഒരു കിംവദന്തി നാട്ടിന്‍പുറത്തു പരന്നു. എടാ, നീയായിട്ടിതു തിരുത്താന്‍ പോകരുത്, മാത്തുക്കുട്ടിക്ക് ആത്മാര്‍ത്ഥ സുഹൃത്ത് കര്‍ശനമായ താക്കീതു നല്‍കി.

മാസങ്ങള്‍ അഞ്ചാറു മുമ്പോട്ടു നീങ്ങി. ഇതിനിടെ രമേശന്റെ പൂര്‍ണ്ണ പിന്തുണയോടെ പല പ്രണയാഭ്യര്‍ത്ഥനകളുമായി മാത്തുക്കുട്ടി മുന്നേറിയെങ്കിലും അവയൊന്നും വിജയം കണ്ടെത്തിയില്ല. അങ്ങനെ വീണ്ടും നിരാശയുടെ നാളുകള്‍ തള്ളിനീക്കവെ കഥയുടെ ക്ലൈമാക്‌സ് രൂപത്തില്‍  പുതിയ ഒരു വിവാഹദല്ലാള്‍ രമേശന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. സുഹൃത്തേ, നമ്മുടെ മാത്തുക്കുട്ടിക്കു പറ്റിയ ഒരു പെണ്ണ് ഈ ചുറ്റുപാടില്‍ നിന്നുതന്നെ ഒത്തുവന്നിട്ടുണ്ട്. ഒരു മുപ്പതു വയസ്സിനുമേല്‍ പ്രായം വരും. അവളും വിവാഹകാര്യത്തില്‍ വളരെ സെലക്റ്റീവായതുകൊണ്ട് ആലോചനകള്‍ നീണ്ടുപോയതാ. അവള്‍ തന്നെയാണ് ഈ ആലോചനയുമായി എന്നെ സമീപിച്ചത്. വീട്ടുകാരുടെ സപ്പോര്‍ട്ടും ഉണ്ട്. നാളെത്തന്നെ മാത്തുക്കുട്ടിയുമായി നമ്മള്‍ രണ്ടുപേരും പെണ്ണിന്റെ വീട്ടില്‍ പോകുന്നു. പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ പിന്നീടുള്ള കാര്യങ്ങള്‍ ഇരു വീട്ടുകാരും ചേര്‍ന്ന് മുന്നോട്ടു നീക്കാം. ശരി, എല്ലാം എന്നാല്‍ പറഞ്ഞപോലെ! ദല്ലാള്‍ എന്ന ദൂതന്‍ അപ്രത്യക്ഷമായി.

പിറ്റെ ദിവസം. പെണ്ണുകാണല്‍ സമയം. വിരുന്നുകാരെ സ്വീകരിക്കാന്‍ പെണ്ണിന്റെ അപ്പന്‍, ഉപ്പാപ്പന്‍, രണ്ടു സഹോദരങ്ങള്‍ എന്നിവര്‍ സിറ്റിംഗ് റൂമില്‍ ഇരിപ്പുറപ്പിച്ചിരുന്നു. തലയില്‍ ഒരു രോമം പോലും ഇല്ലാത്ത ഈ നാല്‍വര്‍ സംഘത്തെ കണ്ട് മാത്തുക്കുട്ടി അന്തംവിട്ടു. എങ്കിലും പെണ്ണിനു നല്ല മുടിയുണ്ടെന്നു കണ്ടപ്പോള്‍ ആശ്വാസമായി. പ്രാരംഭ സംഭാഷണങ്ങളും ചായസല്‍ക്കാരവും കഴിഞ്ഞ് പെണ്ണിനും ചെറുക്കനും തനിച്ചെന്തെങ്കിലും സംസാരിക്കുവാനുള്ള അവസരം വന്നു. മുഖവുരകളില്ലാതെ അവള്‍ തന്നെ സംഭാഷണത്തിനു തുടക്കമിട്ടു: ചേട്ടാ, എനിക്കൊരു കാര്യം തുറന്നു പറയുവാനുണ്ട്. വിഷമം ഒന്നും തോന്നുകയില്ലെങ്കില്‍ പറഞ്ഞോട്ടേ. ഓ തീര്‍ച്ചയായും, പറഞ്ഞാട്ടെ! മാത്തുക്കുട്ടി അനുവാദം കൊടുത്തു. ജോലിയിലുണ്ടായ സ്ഥലമാറ്റം കാരണം ഞാന്‍ ചേട്ടനെ കഴിഞ്ഞ ഒരു വര്‍ഷമായി കാണാറില്ലെങ്കിലും അതിനു മുമ്പ് ബസ്സിലും മറ്റു പല സ്ഥലങ്ങളിലും വെച്ചു കണ്ടിട്ടുണ്ട്. എന്റെ അപ്പനും കൂട്ടരും പാരമ്പര്യമായി മുടിയില്ലാത്തവരാണ്. അവരോടു ചേര്‍ന്നുപോകാന്‍ പറ്റിയ  മുടിയില്ലാത്ത ഒരാളിനെയാ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നത്. ചേട്ടനീ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ഇത്രയും മാറ്റം വന്നതു ഞാനറിഞ്ഞില്ല. അതുകൊണ്ട്, സോറി, ഇതു നടക്കില്ല. അവള്‍ വീണ്ടും സോറി പറഞ്ഞുകൊണ്ട് മെല്ലെ നടന്നകലുന്നത് അയാള്‍ സ്തബ്ധനായി നോക്കി നിന്നു!

വിഗ്ഗ് വെച്ച മാത്തുക്കുട്ടി (ഡോ.ഈ.എം. പൂമൊട്ടില്‍)
Join WhatsApp News
Amerikkan Mollaakka 2018-07-25 18:22:18
ജനാബ് ഡോക്ടർ പൂമൊട്ടിൽ സാഹിബ് ഇതൊരു
ഗൗരവ ഹാസ്യ രചന. ചേർക്കാൻ ഒത്തിരി
ഹാസ്യ സന്ദര്ഭങ്ങൾ ഉണ്ടായിട്ടും കഥയുടെ അന്ത്യത്തിലേക്ക്‌
താങ്കൾ പൊടുന്നനെ വന്നു. വിവാഹ
കമ്പോളത്തിൽ ലുക്കിന് ഉള്ള വില ഓരോരുത്തരുടെയും
മനോ നിലയനുസരിച്ച് എന്ന അഭിപ്രായത്തെ
താങ്കൾ ബലപ്പെടുത്തുന്നു.  എന്നാലും നൂറിൽ ഒരു അമ്പത്തിയഞ്ചേ  തരാൻ
നിർവാഹമുള്ളൂ. ആൻഡ്രസ്സിന്റെ, ഡോക്ടർ
ശശിധരൻ സാഹിബിന്റെ, (അങ്ങേരുടെ തിരിച്ചു വരവിൽ  ആനന്ദിക്കുക)
വിദ്യാധരന്റെ 
ഒക്കെ മാർക്കാണ് ഫൈനൽ.
മാർക്ക് 2018-07-25 19:01:52
ബാരിക്കോരി മാർക്കിട്ടിങ്ങള് മൊല്ലാക്ക
ഡോ .ശശിധരൻ 2018-07-25 21:27:58

സാഹിത്യം ആസ്വദിക്കാനുള്ളതാണ് മുല്ലാക്ക.അതിനു മാർക്കിടാൻ ആർക്കും കഴിയില്ല.മനുഷ്യന്റെ അന്തഃകരണങ്ങളിലും ,ആത്മാവിന്റെ അഗാധതയിലുമാണ് സാഹിത്യത്തിൻറെ ശ്രീകോവിൽ .അത് തള്ളിതുറക്കാൻ ഒരുമാർക്കിനും കഴിയില്ല .

പലപ്രകാരത്തിലുള്ള പലതരകാരായ അനുവാചകർ നിറഞ്ഞ ലോകത്തിൽ ഏതു സാഹിത്യസൃഷ്ടിക്കും അതിന്റേതായ അടിസ്ഥാനപരമായ സ്ഥാനവും  മൂല്യമുണ്ടെന്നതിൽ യാതൊരു തർക്കവുമില്ല.

(ഡോ .ശശിധരൻ)

Easow Mathew 2018-07-26 20:25:24
പ്രതികരണം അറിയിച്ച അമേരിക്കന്‍ മൊല്ലാക്കയ്ക്കും ഡോ. ശശിധരനും നന്ദി. അഭിനന്ദന വാക്കുകളും വിമര്‍ശനങ്ങളും ഒരുപോലെ തുറന്ന മനസ്സുള്ള ഒരു എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കുന്നു; കുറവുകള്‍ തിരുത്തി  മുന്നേറുവാന്‍ സഹായിക്കുന്നു. Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക