Image

മൂന്നു കുഞ്ഞുങ്ങള്‍ (ചെറുകഥ: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 24 September, 2018
മൂന്നു കുഞ്ഞുങ്ങള്‍ (ചെറുകഥ: ഡോ.ഈ.എം.പൂമൊട്ടില്‍)
യുവ ദമ്പതികള്‍ ജയനും സുമയും അമേരിക്കയില്‍ കുടിയേറിയിട്ട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ കാലം. സുമയുടെ ഡ്യൂ ഡേറ്റ് അടുത്തു വരുന്നു. ജയനെ സംബന്ധിച്ചിടത്തോളം ആദ്യമായി പിതാവാകുവാന്‍ പോകുന്നതിന്റെ എക്‌സയ്റ്റ്‌മെന്റ് ഒരു വശത്ത്, ഭാര്യയുടെ പ്രസവസമയത്തു ഡെലിവറി റൂമില്‍ കയറുന്നതിന്റെയും ആദ്യമായി കുഞ്ഞിനെ കൈകളില്‍ എടുക്കുന്നതിന്റെയും ത്രില്‍ മറ്റൊരു വശത്ത്. ഒരു സ്വപ്ന ലോകത്തിലെന്നപോലെ ആവേശം നിറഞ്ഞ ദിനങ്ങള്‍ അയാള്‍ തള്ളിനീക്കികൊണ്ടിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്കു വിപരീതമായി കാര്യങ്ങള്‍ സംഭവിച്ചു. ഡ്യൂ ഡേറ്റിനു രണ്ടാഴ്ച മുമ്പായി സുമയുടെ ഡെലിവറി നടക്കുമ്പോള്‍ ഒരു ഫിലോസഫി പ്രൊഫസ്സറായ ജയന്‍ വീട്ടില്‍ നിന്നും വളരെ അകലെ തന്റെ കോളേജില്‍ ക്ലാസ്സ് എടുക്കുകയായിരുന്നു.

വിവരം അറിഞ്ഞ് ജയന്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോഴേക്കും ഭാര്യ റിക്കവറി റൂമിലും കുഞ്ഞ് നഴ്‌സറി റൂമിലും എത്തിക്കഴിഞ്ഞിരുന്നു. അയാള്‍ സുമയുടെ അടുത്തെത്തി അവള്‍ സുഖമായിരിക്കുന്നുവെന്ന് ഉറപ്പു വരുത്തിയശേഷം തന്റെ ആദ്യജാതനെ ഒരു നോക്കു കാണുവാനുള്ള ആഗ്രഹം അറിയിച്ചു. അവനെ സ്വാഗതം ചെയ്യുവാനായി Yor Are Welcome, my Son' എന്നെഴുതിയ മനോഹരമായ സ്റ്റിക്കറുകള്‍ കൈയ്യില്‍ കരുതിയിരുന്നു; ഒപ്പം ഹോസ്പിറ്റല്‍ സ്റ്റാഫിനു നല്‍കുവാന്‍ കാന്‍ഡിയും. വെള്ളക്കാരിയായ നേഴ്‌സിംഗ് സൂപ്പര്‍വൈസര്‍ നഴ്‌സറി റൂമിന്റെ വിന്‍ഡോ കര്‍ട്ടന്‍ ഒരു വശത്തേക്കു നീക്കി കുഞ്ഞിനെ കാണുവാന്‍ ജയന് അല്പം സമയം അനുവദിച്ചു. മുറിയുടെ നടുവില്‍ അടുത്തടുത്തു മൂന്നു ട്രോളികളിലായി ബഌങ്കറ്റുകളില്‍ നന്നേ പൊതിഞ്ഞ് നീലത്തൊപ്പികള്‍ ധരിച്ച് സുന്ദരന്മാരായ മൂന്നു കുഞ്ഞുങ്ങള്‍ കിടക്കുന്നു. ആ മൂവര്‍ സംഘം ശാന്തരായി ഉറങ്ങുന്നു. നമുക്കു മോനുണ്ടായ സമയത്തിനോടടുപ്പിച്ച് വേറെ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ കൂടി ഈ ഹോസ്പിറ്റലില്‍ ഉണ്ടായി; ഒന്നൊരു വൈറ്റ് ബേബി;  മറ്റത് ഒരു ബ്ലാക്ക് ബേബി; വൈറ്റ്, ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക്; നല്ല കോമ്പിനേഷന്‍, അല്ലേ!' റിക്കവറി റൂമില്‍വച്ച് സുമ തന്നോടു പറഞ്ഞ കാര്യം അയാള്‍ ഓര്‍മ്മിച്ചു. 'You can see your baby' എന്നു പറഞ്ഞുകൊണ്ട് നേഴ്‌സ് അവളുടെ കാബിനറ്റ് റൂമിലേക്കു കയറിപ്പോയി. ജയന്‍ ആകെ വിഷമത്തിലായി. കണ്ണിനു കാഴ്ചക്കുറവും ഒപ്പം കളര്‍ ബഌയിന്‍ഡ്‌നസ്സ് പ്രോബഌും ഉള്ള തനിക്ക് തന്റെ കുഞ്ഞേതെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുള്ള വിവരം ഉണ്ടോ നേഴ്‌സ് അറിയുന്നു! Can you Please Show me my Son' എന്നു നേഴ്‌സിനോടു ചോദിക്കാനും അയാള്‍ക്കു മനസ്സു വന്നില്ല. നഴ്‌സറി റൂമിലെ അരണ്ട വെളിച്ചത്തില്‍ തന്റെ കുഞ്ഞിനെ തിരിച്ചറിയുവാന്‍ കഴിഞ്ഞില്ലെങ്കിലും അയാള്‍ നിരാശനായില്ല. പകരം ആ പിഞ്ചു കുഞ്ഞുങ്ങള്‍ മൂവരെയും അയാള്‍ കണ്‍കുളിര്‍ക്കെ  നോക്കി കണ്ടു സംതൃപ്തനായി.

ചെറുപ്പത്തിലെ തന്നെ ജാതിമതവര്‍ണ്ണങ്ങള്‍ക്കതീതമായ മാനവ സൗഹാര്‍ദ്ദം ആദര്‍ശമാക്കി മാറ്റി, അതു ലക്ഷ്യമാക്കിയിട്ടുള്ള സാമൂഹിക പ്രസ്ഥാനങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആ അദ്ധ്യാപകന്‍ താന്‍ അകപ്പെട്ടുപോയ സാഹചര്യത്തെ ഒരു വെല്ലുവിളിയായി സ്വീകരിച്ചു. മൂന്നു കുഞ്ഞുങ്ങളെയും മാറി മാറി നോക്കിനില്‍ക്കവെ ഏതോ ഉത്കൃഷ്ട ചിന്തയില്‍ മുഴുകി അയാളുടെ കണ്ണുകള്‍ നിറഞ്ഞു. അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നുവെന്ന് കാബിനറ്റ് റൂമില്‍ നിന്നും മടങ്ങിവന്ന നേഴ്‌സിന്റെ മുഖഭാവം വിളിച്ചറിയിച്ചു. 'The Mother and the baby will be in the room soon' എന്ന സാന്ത്വന വാക്കുകളുമായി വാതില്‍ തുറന്ന നേഴ്‌സിന്റെ കൈയ്യിലേക്ക് ഒരു വലിയ കാന്‍ഡി പായ്ക്കറ്റ് വെച്ചു കൊടുക്കുമ്പോള്‍ അയാള്‍ പറഞ്ഞു: 'Thanks a lot for taking care of the babies.' തന്റെ കുഞ്ഞിനുവേണ്ടി മാത്രമല്ല, മറ്റു കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും നന്ദി പ്രകടിപ്പിച്ച മഹാനായ ആ ചെറുപ്പക്കാരന്റെ വാക്കുകള്‍ ഉദാത്തമായ വിശ്വസ്‌നേഹത്തിന്റെ മഹത് വചനമായിരുന്നുവെന്ന് അവള്‍ മനസ്സിലാക്കിയോ എന്തോ?

മൂന്നു കുഞ്ഞുങ്ങള്‍ (ചെറുകഥ: ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക