Image

അമ്മയും കുഞ്ഞും അമ്പിളിയും (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 19 October, 2018
അമ്മയും കുഞ്ഞും അമ്പിളിയും (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
പാര്‍വ്വണ ചന്ദ്രന്‍ അന്നംബര മുറ്റത്തു
പാലൊളി വീശി തെളിഞ്ഞു നിന്നു;
അമ്മ സുധാംശുവെ കാട്ടിക്കൊടുക്കവെ
വിസ്മയത്തില്‍ കുഞ്ഞു പുഞ്ചിരിച്ചു!

അമ്മയും കുഞ്ഞും നിശ്ശബ്ദമാ രാവതില്‍
അംബരശോഭ നുകര്‍ന്നീടവെ
പെട്ടെന്നു കാര്‍മേഘപാളികള്‍ക്കുള്ളിലായ്
കഷ്ടം, മൃഗാങ്കന്‍ മറഞ്ഞുപോയോ?

അയ്യോ, എന്‍ അമ്പിളിക്കുട്ടന്‍ ഇരുട്ടിലായ്,
സങ്കടത്തില്‍ കുഞ്ഞു കേണീടുമ്പോള്‍
പൈതലിനേകുന്നു മാതാവു സാന്ത്വനം:
വൈകാതെ തിങ്കള്‍ മടങ്ങിയെത്തും!

ഏറെ നേരം കഴിഞ്ഞില്ല, സുധാകരന്‍
ഏറിയ ശോഭയില്‍വന്നുദിച്ചു;
അര്‍ഭകന്‍ തന്‍ മുഖം വീണ്ടും പ്രസന്നമായ്,
അന്തര്‍ഭാവം തുറന്നേവം ഓതി:

മിത്രമേ നിന്‍ മുഖം ഒന്നു കണ്ടീടുവാന്‍
എത്രയോ നേരം ഞാന്‍ കാത്തിരിപ്പൂ;
ഇഷ്ടന്‍ എന്‍ അമ്പിളികുഞ്ഞേ സൂക്ഷിക്കണേ
ദുഷ്ടരാം ഈ മേഘവൃന്ദങ്ങളെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക