Image

കണക്കുകള്‍ പറയുന്നതിങ്ങനെ! ബോംബ് പാരയാകുമോ?(മിഡ്‌റ്റേം പോള്‍ കൗണ്ട് ഡൗണ്‍-2: മാത്യു ജോയ്‌സ്)

മാത്യു ജോയ്‌സ് Published on 26 October, 2018
കണക്കുകള്‍ പറയുന്നതിങ്ങനെ! ബോംബ് പാരയാകുമോ?(മിഡ്‌റ്റേം പോള്‍ കൗണ്ട് ഡൗണ്‍-2: മാത്യു ജോയ്‌സ്)
2018 മിഡ് റ്റേം പോള്‍ തയ്യാറെടുപ്പുകളും പ്രചാരണവും ചൂടുപിടിച്ചു നടക്കുന്ന വേളയില്‍, കൈസര്‍ ഹെല്‍ത്ത് ട്രാക്കിംഗ് പോള്‍  നടത്തിയ സര്‍വേയിലെ പ്രധാന വിവരങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായ പ്രകടനമായി കണക്കാക്കിയാല്‍ രാഷ്ട്രീയചിന്തകള്‍ക്ക് അതീതമായ മറ്റു പലതിനുമാണ് പൊതുജനം മുന്‍തൂക്കം കൊടുത്തിരിക്കുന്നതെന്ന് മനസ്സിലാകും..

ഇലക്ഷന്‍ പ്രചാരണവേളയില്‍ വാഷിംഗ്ടണ്‍ ഡി സി യ്ക്ക് ചുറ്റുമുള്ള അഴിമതിയായിരിക്കും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള വിഷയം എന്നാണ്, മൂന്നിലൊന്നു സ്വതന്ത്രന്മാരും ഡെമോക്രാറ്റിക് വോട്ടറന്മാരും, നാലിലൊന്ന് റിപ്പബ്ലിക്കന്‍ വോട്ടറന്മാരും പറയുന്നത്. 
ഹെല്‍ത്ത് കെയര്‍ (27%), സാമ്പത്തികവും തൊഴിലവസ്സരങ്ങളും (25%) എന്നിവ രണ്ടാം സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

കുടിയേറ്റനിയമ പരിരക്ഷ (25%), 2016ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ കയ്യാങ്കളിയുടെ അന്വേഷണങ്ങള്‍, വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഇലക്ഷന്‍ (19%), ഗണ്‍ പോളീസി (18%) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളില്‍ വന്ന് നില്‍ക്കുന്നു. കൂട്ടത്തില്‍ നികുതി പരിഷ്‌കരണങ്ങള്‍, വരാനിരിക്കുന്ന ജഡ്ജ് ബ്രെറ്റ് കാവനോഗ് എന്ന ട്രംപിന്റെ തുറുപ്പു ചീട്ടും, (15%) എടുത്ത് വീശപ്പെടുമെന്നതില്‍ സംശയമില്ല.

18 നും 34 നുമിടയിലുള്ള (ങശഹഹലിശമഹ െ)വോട്ടറന്മാര്‍ മൊത്തത്തില്‍ 30% വരും. അവരുടെ വോട്ടിംഗ് പൊതുവേ കുറവാണ്. വിദ്യാഭ്യാസ കടം എഴുതിത്തള്ളല്‍, ലൈഗിക കുട്ടവാളികള്‍ക്കുള്ള ശിക്ഷകള്‍, വര്‍ണ്ണവിവേചനം എന്നിവ അവരുടെ ചര്‍ച്ചാവിഷയങ്ങള്‍ ആണെങ്കിലും ട്രംപിനോട് ഈ കൂട്ടര്‍ക്ക് പ്രതിപത്തി കുറവാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഫോക്‌സ് ന്യൂസ് വെളിപ്പെടുത്തിയ സ്‌കോര്‍ ബോര്‍ഡ് പ്രകാരം, പ്രസിഡണ്ട് ട്രംപിനുള്ള ശരാശരി അംഗീകാരം 39.8%, ശരാശരി എതിര്‍പ്പുകള്‍ 55.4 % എന്ന നിലയില്‍ നില്‍ക്കുന്നു. 

ഏ  ബി സി ന്യൂസ്, യൂ എസ് ഏ ടുഡേ, എന്നിവരുടെ സര്‍വേകളും ഇതിനടുത്ത് നില്‍ക്കുന്നു. എന്നാല്‍  എന്‍ ബി സി / വാള്‍ സ്ട്രീറ്റ്  ജേണല്‍ പ്രകാരം ട്രംപിനെ 44% അംഗീകരിക്കുകയും  52% എതിര്‍ക്കുകയും ചെയ്യുന്നു. പക്ഷെ ഇതൊന്നുമായിരിക്കില്ല വരാനിരിക്കുന്ന മിഡ് ടേം ഇലക്ഷനെ നിയത്രിക്കുന്നത് എന്ന് ഇരു പാര്‍ട്ടികള്‍ക്കും അറിയാം.

അമേരിക്ക ദിനംപ്രതി ദേശീയ കടത്തില്‍ മുങ്ങിക്കൊണ്ടിരിക്കയാണ്. രണ്ടു വന്‍ യുദ്ധങ്ങളില്‍ ചാടിയിറങ്ങി 14.5 ട്രില്ല്യന്‍ ഡോളര്‍ കടത്തില്‍ നില്‍ക്കുമ്പോള്‍ ഒബാമ പ്രസിഡണ്ട് ആയി, ആ കടം 20 ട്രില്ല്യന്‍ ആക്കി പടിയിറങ്ങിപ്പോയി, ഇന്ന് രണ്ടു വര്ഷം കൊണ്ട് ട്രമ്പ് അത്  22.5 ട്രില്ല്യന്‍ എന്ന നിലയിലാക്കി, വീണ്ടും കുതിച്ചുകൊണ്ടിരിക്കുന്നു. ഇതൊരിക്കലും പഴയ സ്ഥിതിയില്‍ ആക്കാനുള്ള യാതൊരു പദ്ധതിയുടെയും നേരിയ  രേഖ പോലും അങ്ങ് ദൂരെ ചക്രവാളത്തിലൊന്നും കാണുന്നുമില്ല. സാധാരണക്കാരനുള്ള ആശങ്കയൊന്നും കാപിറ്റോള്‍ ഹില്ലിലെ ചര്‍ച്ചകളില്‍ പ്രതിഫലിച്ചു കാണുന്നുമില്ല. അമേരിക്ക വന്‍ ശക്തിയാണ്, ഏതു പാര്‍ട്ടി ഭരിച്ചാലും ആ പേരിനൊന്നും കളങ്കം വരികയുമില്ല.

പക്ഷെ ഉത്തരവാദിത്വ ഭരണം അതാണ് ഇന്ന് ജനം പ്രതീക്ഷിക്കുന്നത്, രാജ്യവും നന്നാകണം, അതോടൊപ്പം അതിലെ ജനങ്ങള്‍  സുരക്ഷിതരും, സാമ്പത്തിക ഭദ്രതയില്‍ തൃപ്തരുമാകണം. അത് ഒരു  പ്രസിഡണ്ട് മാത്രം വിചാരിച്ചാല്‍ നടക്കുമോ? ഒരു മതിലുകെട്ടിയാല്‍ തീരാവുന്ന പ്രതിസന്ധിയല്ല നമ്മുടെ രാജ്യം അഭിമുഖീകരിച്ചികൊണ്ടിരിക്കുന്നത്. ഡോളര്‍ കുമിഞ്ഞു കൂടിക്കിടക്കുന്ന  അവസ്ഥയാണെങ്കില്‍ മതിലും കെട്ടാം, അതിന് ഭംഗി കൂട്ടാന്‍ സ്വര്‍ണനിറമുള്ള പെയിന്റും അടിക്കാം. 

(കക്കൂസുകള്‍ ഇല്ലാത്ത രാജ്യത്ത് 3000 കോടി മുടക്കി പട്ടേല്‍ പ്രതിമ വെയ്ക്കുന്നില്ലേ? എന്നൊരു മറുചോദ്യം മനസ്സില്‍ തോന്നിയേക്കാം! അതങ്ങവിടെ..)

പക്ഷെ അമേരിക്കയില്‍ ഇനിയും ആര്‍ഭാടം കാണിക്കുന്നതിന് മുമ്പായി ഹോമ് ലെസ്സായി അമേരിക്കന്‍ തെരുവുകളില്‍ ഒറ്റ ഒരുത്തനെ കാണരുത്. യോഗ്യതയുള്ള എല്ലാവര്‍ക്കും ജോലിയും ന്യായമായ വേതനവും ആനുകൂല്യങ്ങളും ഒരു വിവേചനവുമില്ലാതെ ലഭിക്കാനുള്ള വ്യവസ്ഥിതി ഉണ്ടാക്കിയെടുക്കണം. ദേശീയ കടങ്ങള്‍ 50% എങ്കിലും കുറച്ചു കൊണ്ടുവരണം. 

മറുവശത്ത് 'വെറും നുണയും അസത്യവും മാത്രം അടിസ്ഥാനതന്ത്രമാക്കി മുന്നോട്ടു പോകുന്ന പ്രസിഡണ്ട്' എന്ന്, മാധ്യമങ്ങളോടൊപ്പം കാള്‍ ബെന്‌സ്ടീന്‍ (സീ എന്‍ എന്‍) പ്രചുര പ്രചാരണം നടത്തുന്നു. ഇത്രയും ലൈംഗിക അപവാദങ്ങളും വ്യക്തിത്വഹത്യകളും ചാര്‍ത്തിയ മറ്റൊരു വ്യക്തി അമേരിക്കയില്‍ ഉണ്ടോ എന്ന് പലപ്പോഴും സംശയം തോന്നിച്ചെക്കാം. മൂന്നു പ്രാവശ്യം വിവാഹമോചനങ്ങളും, സ്ത്രീകളെ ഗുഹ്യഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന തെളിവുകളും നിലനില്‍ക്കുമ്പോഴും, പോണ്‍ നടി സ്‌ടോമി ദാനിയെല്‍സിനെ വന്‍ തുക നല്‍കി കൊടുത്ത് ഒതുക്കി എന്ന് മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിക്കുമ്പോഴും, ക്രിസ്തീയ വിഭാഗങ്ങളില്‍ നല്ല ഇടം കണ്ടെത്തിയ ട്രമ്പ് മിടുക്കന്‍ തന്നെ. കഴിഞ്ഞ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ 80% അമേരിക്കന്‍ ഇവാന്ജലിക്കല്‍ ക്രിസ്ത്യാനികളും ട്രംപിന് വോട്ടു ചെയ്തിരുന്നു എന്ന് എക്‌സിറ്റ് പോള്‍ പറയുന്നു.

ടെല്‍ അവ്വീവില്‍നിന്നും ജെരുസലേമിലേക്ക് അമേരിക്കന്‍ എംബസിയുടെ ആസ്ഥാനം മാറ്റിയത് നിസ്സാര സംഗതിയല്ലെന്ന് ഇരു കൂട്ടരും സമ്മതിച്ചതാണ്.
പബ്ലിക് റിലിജിയന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യം നടത്തിയ സര്‍വെയില്‍ 71% വെളുത്ത ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളും ട്രംപിന്റെ ഭരണം മെച്ചമെന്ന് അംഗീകരിച്ചിരിക്കുന്നു.

ട്രമ്പിനെ റിപബ്ലിക്കന്‍ നേത്രുത്ത്വത്തിനു തന്നെ പലപ്പോഴും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. മുസ്ലീം കുടിയേറ്റം മുതല്‍ വര്‍ണ്ണവിവേചനവും ലിംഗ അസമത്വങ്ങളും വരെയുള്ള വിഷയങ്ങള്‍ വളരെ സൂക്ഷിച്ചും ശ്രദ്ധയോടും ഇത്രയും നാള്‍ അവര്‍ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍; രാജ്യത്തിനകത്തും പുറത്തും അങ്ങനെയുള്ള വിഷയങ്ങളില്‍ വിദ്വേഷം ആളിപ്പടര്‍ത്താന്‍, പലപ്പോഴും  ട്രമ്പ് യാതൊരു മടിയും കാണിച്ചിരുന്നില്ലെന്ന് തോന്നിപ്പോകും.

കോര്‍പ്പറേറ്റു ടാക്‌സ് കട്ട്, ബാങ്കിംഗ് പരിസ്ഥിതി നിയന്ത്രണങ്ങള്‍ എന്നിവയിലും ട്രംപിന്റെ ചുവടുവെപ്പുകള്‍ പ്രശംസനീയമാണ്. പക്ഷെ ഏറ്റവും ഒടുവിലായി, പീഡനവീരന്‍ എന്ന് പറയപ്പെടുന്ന ജഡ്ജ് കാവനോഗ് നിയമനം ഒരു കുരിശായി മാറിക്കൊണ്ടിരിക്കുന്നു. എന്തൊക്കെയായാലും മിഡ് ടേം ഇലക്ഷന്‍ അടുത്തു വന്നിരിക്കുന്ന ഈ ദിവസ്സങ്ങളില്‍ റിപ്പബ്ലിക്കന്‍ താവളങ്ങള്‍ ശരിക്കും ഉന്മേഷത്തിലാണ്. നമുക്ക് കാണാം പക്ഷെ പത്രമാധ്യമങ്ങളെ 'പൊതുജനങ്ങളുടെ ശത്രുക്കള്‍' എന്ന് വിളിച്ചു കൊഞ്ഞനം കുത്തുന്ന ട്രംപിന് പാരയായിട്ടാണോ, അതോ ഒബാമാ മുതല്‍ ഹില്ലാരി വരെ സകല ഡെമോക്രാറ്റ് നേതാക്കളെയും ഭയപ്പെടുത്താനാണോ കൊല്ലാനാണോ ആരോ കുബുദ്ധികള്‍ ഈ സമയത്ത് പാഴ്‌സല്‍ ബോംബുകള്‍ ഈ സമയത്ത് തുരുതുരാ അയച്ചത് എന്നത് ദുരൂഹത പടര്‍ത്തുന്നു. ഒരു രക്തസാക്ഷിയെ ഈ സമയത്ത് കിട്ടിയാല്‍ സഹതാപതരംഗം സൃഷ്ടിക്കാന്‍ ആവുമോ ഈ നാട്ടില്‍? മറുവശം പിന്നാലെ ചിന്തിക്കാം.

കണക്കുകള്‍ പറയുന്നതിങ്ങനെ! ബോംബ് പാരയാകുമോ?(മിഡ്‌റ്റേം പോള്‍ കൗണ്ട് ഡൗണ്‍-2: മാത്യു ജോയ്‌സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക