Image

വൈസ് പ്രസിഡന്റ്: പട്ടികയില്‍ ജിന്‍ഡാലും ഹേലിയും; കൗമാര ഗര്‍ഭധാരണം കൂടുതല്‍ മിസിസിപ്പിയില്‍

Published on 11 April, 2012
വൈസ് പ്രസിഡന്റ്: പട്ടികയില്‍ ജിന്‍ഡാലും ഹേലിയും; കൗമാര ഗര്‍ഭധാരണം കൂടുതല്‍ മിസിസിപ്പിയില്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാവാന്‍ ഇന്ത്യന്‍ വംശജനായ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാലിനെയും സൗത്ത് കാരലിന ഗവര്‍ണര്‍ നിക്കി ഹേലിയെയും പരിഗണിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്തകള്‍ ഹേലി കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. എന്നാല്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിറ്റ് റോംനി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവുകയാണെങ്കില്‍ ഇവരിലാരെങ്കിലും ഒരാളായിരിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തന്നെ ജിന്‍ഡാലിനാണ് ഏറ്റവും കൂടതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. എന്നാല്‍ ഹേലിയെപോലെ ജിന്‍ഡാലും വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്.

റിക് സാന്റോറത്തിന്റെ അപ്രതീക്ഷിത പിന്‍മാറ്റ്‌തോടെ 
പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും വിജയിച്ച മിറ്റ് റോംനി തന്നെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവുമെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമുഖ ചാനലായ സിബിഎസ് ന്യൂസാണ് ജിന്‍ഡാലിനെയും ഹേലിയേയും ഉള്‍പ്പെടുത്തി 10 പേരുടെ സാധ്യതാ പട്ടിക പുറത്തുവിട്ടത്. ചാനല്‍ അഭിമുഖത്തിനിടെ, മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ കൂടിയായ ജോണ്‍ മക് കെയ്ന്‍ , ജിന്‍ഡാലിനാണ് സാധ്യത കൂടുതലെന്നും അഭിപ്രായപ്പെട്ടു. മാര്‍ക്കോ റൂബിയോ, ക്രിസ് ക്രിസ്റ്റി എന്നിവരും ഈ സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളവരാണെന്നും മക്കെയ്ന്‍ പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉയര്‍ന്നുവരുന്ന താരമായാണ് ബോബി ജിന്‍ഡാലിനെ കരുതുന്നത്. ഇന്ത്യന്‍ കുടിയേറ്റ വംശജരുടെ മകനായ അദ്ദേഹം രാഷ്ട്രീയ അഴിമതിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയാണ് ലൂസിയാന ഗവര്‍ണറായി വിജയിച്ചത്. അധികാരത്തില്‍ എത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കാനെടുത്ത നടപടികള്‍ അദ്ദേഹത്തെ രണ്ടാംവട്ടവും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറും ആ സ്ഥാനത്തെത്തുന്ന പ്രഥമ ഇന്തോ അമേരിക്കന്‍ വംശജയുമാണ് നിക്കി ഹേലി. മുന്‍ അലാസ്‌ക ഗവര്‍ണര്‍ സാറാ പെയ്‌ലിന്റെ അനുമോദനത്തിലൂടെയാണ് നിക്കി ഹാലി ദേശീയ ശ്രദ്ധയിലേക്കുയര്‍ന്നത്.

കൗമാര ഗര്‍ഭധാരണം 
ഏറ്റവും കൂടുതല്‍ മിസിസിപ്പിയില്‍

ന്യൂയോര്‍ക്ക്: യുഎസില്‍ കൗമാരക്കാര്‍ക്കിടയിലെ ഗര്‍ഭധാരണ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം മിസിസിപ്പിയാണെന്ന് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പഠന റിപ്പോര്‍ട്ട്. ന്യൂഹാംപ്‌ഷെയറാണ് കൗമാരഗര്‍ഭധാരണം ഏറ്റവും കുറവുള്ള സംസ്ഥാനം. യുഎസില്‍ കൗമാരക്കാരിലെ ഗര്‍ഭധാരണ നിരക്ക് പൊതുവെ കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2010ലെ കണക്കനുസരിച്ച് മിസിസിപ്പിയില്‍ 15-19 വയസ് പ്രായമുള്ള ആയിരം കൗമാരക്കാര്‍ക്കിടയില്‍ 55 പേരാണ് ഗര്‍ഭിണികളാകുന്നത്്.
യുഎസ് ദേശീയ ശരാശരിയേക്കാള്‍ 60 ശതമാനം കൂടുതലാണിത്. ന്യൂംഹാംപ്‌ഷെയറില്‍ ഇതേപ്രായക്കാരായാ ആയിരത്തോളം പേരില്‍ 15.7 പേര്‍ മാത്രമെ ഗര്‍ഭിണികളാകുന്നുള്ളു. ദേശീയ ശരാശരിയുടെ പകുതി മാത്രമാണിത്. തെക്കന്‍ സംസ്ഥാനങ്ങളിലും, തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലുമാണ് കൗമാരഗര്‍ഭധാരണം ഏറ്റവും കൂടുതലായി കാണുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ്. 2009-2010 കാലയളവിനെ അപേക്ഷിച്ച് 2010-2011 കാലയളവില്‍ കൗമാരക്കാര്‍ക്കിടയിലെ ഗര്‍ഭധാരണ നിരക്കില്‍ ഒമ്പതു ശതമാനം കുറവുണ്ടായിട്ടുണ്‌ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2010-2011 കാലയളവില്‍ 1000 പേരില്‍ 34.3 പേര്‍ മാത്രമെ കൗമാരപ്രായത്തില്‍ ഗര്‍ഭിണികളാകുന്നുള്ളൂ. കൗമാരഗര്‍ഭധാരണത്തിനെതിരായ സന്ദേശങ്ങളും ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പ്രചാരവുമാണ് കൗമാരഗര്‍ഭധാരണനിരക്കില്‍ ഇടവുണ്ടാകാന്‍ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കാസ്‌ട്രോയോട് ആദരവ്; 
യാമി മാര്‍ലിന്‍സ് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

മിയാമി: മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയെ ഇഷ്ടമാണെന്ന് പറഞ്ഞ 
യാമി മാര്‍ലിന്‍സ് ബേസ്‌ബോള്‍ ടീമിന്റെ മാനേജര്‍ ഓസി ഗ്വില്ലന് അഞ്ചു മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍. ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വെനസ്വേലക്കാരനായ ഗ്വില്ലന്‍ തന്റെ കാസ്‌ട്രോ പ്രണയം തുറന്നു പറഞ്ഞത്. ഇത് ക്യൂബയില്‍ നിന്ന് പലായനം ചെയ്ത് യാമിയില്‍ സ്ഥിരതാമസമാക്കിയ വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പിന് കാരണമായിരുന്നു. ദീര്‍ഘകാലം അധികരത്തിലിരുന്ന നേതാവെന്നനിലയില്‍ കാസ്‌ട്രോയെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നായിരുന്നു ഗ്വില്ലന്റെ പ്രസ്താവന. പ്രസ്താവനയില്‍ ഗ്വില്ലന്‍ പിന്നീട് മാപ്പു പറഞ്ഞെങ്കിലും യാമിയിലെ ക്യൂന്‍ വംശജന്‍ ഗ്വില്ലനെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തുവരികയായിരുന്നു.

യുഎസിലെ ഇന്ത്യന്‍ എംബസിയ്ക്കു വ്യാജ ബോംബ് ഭീഷണി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ എംബസിയ്ക്കു വ്യാജബോംബ് ഭീഷണി. ബോംബ് ഭീഷമിയെത്തുടര്‍ന്ന് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിച്ചതായി യുഎസ് വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. എംബസിയ്ക്കു ബോംബ് ഭീഷണിയുണ്ടായതായി യുഎസ് വിദേശകാര്യവകുപ്പ് വക്താവ് വിക്‌ടോറിയ നൂലന്‍ഡും വ്യക്തമാക്കി.

ഭീഷണിയുടെ അടിസ്ഥാനത്തില്‍ എംബസി ഒഴിപ്പിച്ച ശേഷം ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. എന്നാല്‍ സ്‌ഫോടക വസ്തുക്കളൊന്നും കണ്‌ടെത്താന്‍ കഴിഞ്ഞില്ലെന്ന് നൂലന്‍ഡ് പറഞ്ഞു. ബോംബ് ഭീഷണിയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബോംബ് ഭീഷണിയുമായി അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുമ്പോള്‍ എംബസിയില്‍ 140ഓളം പേരാണ് ഉണ്ടായിരുന്നതെന്നും ഉടന്‍ തന്നെ ഇവരെയെല്ലാം ഒഴിപ്പിച്ചതായും നുലന്‍ഡ് വിശദീകരിച്ചു.

യുഎസ് ജാക്‌പോട്ടിന് മേരിലാന്‍ഡില്‍ നിന്ന് ഒരു അവകാശി കൂടി

മേരിലാന്‍ഡ്: യുഎസ് ജാക്‌പോട്ടിന് മേരിലാന്‍ഡില്‍ നിന്ന് ഒരു അവകാശി കൂടിയായി. മേരിലാന്‍ഡിലെ പബ്ലിക് സ്‌കൂള്‍ ജീവനക്കാരായ മൂന്നുപേരാണ് 656 മില്യണ്‍ ഡോളറിന്റെ ലോട്ടറി തുകയില്‍ മൂന്നിലൊരു ഭാഗത്തിന് അവകാശികളായതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ആകെ സമ്മാനത്തുകയിലെ 158 മില്യണ്‍ ഡോളര്‍ ഇവര്‍ പങ്കുവെയ്ക്കും. രണ്ടു സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്നാണ് സമ്മാനമിടച്ച് ടിക്കറ്റ് എടുത്തത്. ബാള്‍ട്ടിമോറിലെ പ്രാന്തപ്രദേശത്തുനിന്നായിരുന്നു ഇവര്‍ ടിക്കറ്റ് വാങ്ങിയത്. ഒരു സ്‌പെഷല്‍ എഡുക്കേഷന്‍ ടീച്ചര്‍, ഒരു എലിമെന്ററി ടീച്ചര്‍, ഒരു അഡ്മിന്‌സട്രേറ്റര്‍ എന്നിവരാണ് ലോട്ടറയടിച്ച ഭാഗ്യവാന്‍മാര്‍. ഇവര്‍ പേരു വെളിപ്പെടുത്തിയിട്ടില്ല. മേരിലാന്‍ഡില്‍ നിന്നുതന്നെയുള്ള ഹെയ്ത്തി വംശജ മിര്‍ലാന്‍ഡെ വില്‍സണും താനെടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന അവകാശവാദമുന്നയിച്ച് നേരത്തെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇവരുടെ അവകാശവാദത്തിനെതിരെ സഹപ്രവര്‍ത്തകരും രംഗത്തെത്തിയത് വിവാദമായിരുന്നു. 2, 4, 23, 38, 46 മെഗാബോള്‍ 23 എന്ന നമ്പറിനാണ് ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോട്ടറി അടിച്ചത്.
വൈസ് പ്രസിഡന്റ്: പട്ടികയില്‍ ജിന്‍ഡാലും ഹേലിയും; കൗമാര ഗര്‍ഭധാരണം കൂടുതല്‍ മിസിസിപ്പിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക