Image

ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റ്‌: പുതിയൊരു വസന്തത്തിന്‌ തുടക്കമിട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 11 April, 2012
ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റ്‌: പുതിയൊരു വസന്തത്തിന്‌ തുടക്കമിട്ടു
മയാമി: കുടിയേറ്റക്കാര്‍ക്ക്‌ എന്നും ആതിഥ്യമരുളുന്ന ഫ്‌ളോറിഡ സംസ്ഥാനത്തെ തെക്കെ മുനമ്പിനടുത്ത്‌ വളര്‍ച്ചയുടെ പടവുകളില്‍ അരനൂറ്റാണ്ട്‌ പിന്നിട്ടപ്പോള്‍, ഫ്‌ളോറിഡ സംസ്ഥാനത്തെ നഗര ജനസംഖ്യയില്‍ പതിനൊന്നാമത്‌ സ്ഥാനത്ത്‌ എത്തിനില്‍ക്കുന്ന സിറ്റി ഓഫ്‌ പെംബ്രൂക്ക്‌ പൈന്‍സിന്റെ അമ്പത്തിരണ്ടാമത്‌ വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ നിറംപകര്‍ന്ന്‌ വര്‍ണ്ണ വിസ്‌മയമൊരുക്കാന്‍ നഗരസഭ ഇദംപ്രഥമമായി ഇന്ത്യന്‍ കമ്യൂണിറ്റിയെ ക്ഷണിച്ചു.

സൗത്ത്‌ ഫ്‌ളോറിഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നിറസാന്നിധ്യവും പങ്കാളിത്തവും കഴിവും തെളിയിച്ചുകൊണ്ട്‌ `ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റ്‌ 2012' മാര്‍ച്ച്‌ 31, ഏപ്രില്‍ 1 തീയതികളില്‍ സിറ്റി ഫെയര്‍ ഗ്രൗണ്ടില്‍ അരങ്ങേറി.

കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ സൗത്ത്‌ ഫ്‌ളോറിഡയിലെ ഇന്ത്യന്‍ കമ്യൂണിറ്റിയെ ഒന്നിപ്പിച്ച്‌ ചേര്‍ത്ത്‌ നടത്തിയ രണ്ടുദിവസത്തെ കലാ സാംസ്‌കാരിക പരിപാടികള്‍ ഇന്ത്യന്‍ അമേരിക്കന്‍ സാസ്‌കാരിക സമന്വയത്തിന്‌ പുതിയൊരു അദ്ധ്യായം എഴുതിച്ചേര്‍ത്തെന്ന്‌ ഫ്‌ളോറിഡയിലെ പത്രമാധ്യമങ്ങളായ `മയാമി ഹെറാള്‍ഡും', സണ്‍സെന്റിനലും റിപ്പോര്‍ട്ട്‌ ചെയ്‌തു.

അറുപത്തഞ്ച്‌ ഏക്കറിലധികം വരുന്ന നഗരസഭാ സ്റ്റേഡിയത്തില്‍ അരങ്ങേറിയ കാര്‍ണിവലിലും സ്റ്റേജ്‌ ഷോകളിലും പതിനായിരങ്ങള്‍ ആകര്‍ഷിക്കപ്പെട്ടു.

മാര്‍ച്ച്‌ 31-ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നുമണി മുതല്‍ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍, വിവിധ സ്റ്റേജ്‌ ഷോകള്‍, മറ്റ്‌ കലാപരിപാടികള്‍ എന്നിവ രാത്രി പത്തുമണിവരെ സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടു.

വൈകുന്നേരം അഞ്ചുമണിക്ക്‌ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ പെംബ്രൂക്ക്‌ സിറ്റി മേയര്‍ ഫ്രാങ്ക്‌ ഓര്‍ട്ടീസിന്റേയും, സ്റ്റേറ്റ്‌ പ്രതിനിധി ഫ്രാങ്ക്‌ലിന്‍ സാന്‍സിസിന്റേയും, വിവിധ സിറ്റി കമ്മീഷണര്‍മാരുടേയും, ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഭാരവാഹികളുടേയും, സൗത്ത്‌ ഫ്‌ളോറിഡയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ സംഘടനാ ഭാരവാഹികളും, ഫോമ, ഫൊക്കാന, കേരള സമാജം ഭാരവാഹികളും ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. സക്കറിയാസ്‌ തോട്ടുവേലില്‍, ഫാ. കുര്യാക്കോസ്‌ തുടങ്ങി വിവിധ സഭാ പാസ്റ്റര്‍മാരും, സാംസ്‌കാരിക-സാമൂഹിക നേതാക്കളും ഘോഷയാത്രയ്‌ക്ക്‌ നേതൃത്വം നല്‍കി. താലപ്പൊലിയുടേയും മുത്തുക്കുടകളുടേയും ഇന്ത്യന്‍-കേരള തനിമ വിളിച്ചറിയിക്കുന്ന വേഷവിധാനങ്ങളും ധരിച്ച്‌ മലയാളികളുടെ പ്രിയപ്പെട്ട ചെണ്ടമേളത്തോടുംകൂടി ഘോഷയാത്ര ആരംഭിച്ചു.

ജോസ്‌മാന്‍ കരേടന്റെ ശിക്ഷണത്തില്‍ യൂണീഫോം അണിഞ്ഞ `ഡ്രം ലവേഴ്‌സ്‌' ശിങ്കാരിമേളത്തിന്റെ പെരുക്കങ്ങള്‍ കൊട്ടിക്കയറിയപ്പോള്‍ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ നിര്‍ന്നിമേഷരായി നോക്കിനിന്ന ആഫ്രിക്കന്‍ അമേരിക്കനും, ലാറ്റിന്‍ അമേരിക്കനും, യൂറോപ്യനും താളത്തില്‍ ചുവടുവെച്ചും കൈയ്യടിച്ചും ആസ്വദിച്ചു.

തുടര്‍ന്ന്‌ കേരള സമാജം പ്രസിഡന്റ്‌ ജോയി കുറ്റിയാനിയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടികള്‍ക്ക്‌ തുടക്കമായി. പെംബ്രൂക്ക്‌ പൈന്‍സ്‌ നഗരസഭാ മേയര്‍ ഫ്രാങ്ക്‌ ഓര്‍ട്ടീസ്‌ ആയിരങ്ങളെ സാക്ഷിനിര്‍ത്തി കേരളത്തനിമയില്‍ നിലവിളക്കിന്റെ തിരി തെളിയിച്ച്‌ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തപ്പോള്‍ വേദിയില്‍ വിവിധ നഗരസഭകളുടേയും ഫ്‌ളോറിഡ സംസ്ഥാന പ്രതിനിധികളും, ഇന്ത്യന്‍ മത സാംസ്‌കാരിക കമ്യൂണിറ്റി നേതാക്കളും സാക്ഷികളായി.

പൈന്‍സ്‌ ഡൈവേഴ്‌സിറ്റി കമ്മിറ്റി ചെയര്‍മാന്‍ സേവി മാത്യു, ഐ.ആര്‍.സി.സി പ്രസിഡന്റ്‌ വിക്‌ടര്‍ സ്വരൂപ്‌, മേജര്‍ പന്ന്യൂ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേരള സമാജം സെക്രട്ടറി അസ്സീസി നടയില്‍ കൃതജ്ഞത പറഞ്ഞു. പരിപാടികളുടെ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി സാജന്‍ കുര്യന്‍, മനോജ്‌ നായര്‍, രാജി ജോമി, ജോണ്‍സണ്‍ മാത്യു, ജോസ്‌മാന്‍ കരേടന്‍, ജസ്റ്റിന്‍ വെമ്പാല, ജാസ്‌മിന്‍ കരേടന്‍, കെവിന്‍ ജോര്‍ജ്‌, ജയിസണ്‍ നടയില്‍, ബ്രയാന ചിലമ്പത്ത്‌, ഹാനാ മധുകര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

തുടര്‍ന്ന്‌ രഞ്‌ജനാ വാര്യരുടെ റിഥം സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌, രശ്‌മി സുനിലിന്റെ ടെമ്പിള്‍ ഓഫ്‌ ഡാന്‍സ്‌, വിവിധ ഇന്ത്യന്‍ അസോസിയേഷനുകളെ പ്രതിനിധീകരിച്ച്‌ വിവിധ ഡാന്‍സ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന ഡാന്‍സുകളും, പഞ്ചാബി അസോസിയേഷന്റെ ബങ്കട ഡാന്‍സ്‌, ഗുജറാത്തി സംഘം അവതരിപ്പിച്ച ഗര്‍ഫാ ഡാന്‍സുകളും വേദിയില്‍ നിറഞ്ഞാടിയതുകൊണ്ട്‌ ഇംഗ്ലീഷ്‌ പത്രങ്ങള്‍ `ബോളിവുഡ്‌ പെംബ്രൂക്ക്‌ പൈന്‍സില്‍' എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.

രാത്രി 8.30 മുതല്‍ അമേക്കിയിലെ പ്രഗത്ഭരായ ഗായകര്‍ ലൈവ്‌ ഓക്കസ്‌ട്രയുടെ അകമ്പടിയോടുകൂടി അവതരിപ്പിച്ച ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌, മലയാളം ഗാനമേള മേളയെ പൂരപ്പെരുമഴയാക്കി.

കാര്‍ണിവല്‍ ഗ്രൗണ്ടില്‍ പണിതുയര്‍ത്തിയ ബിസിനസ്‌, വെണ്ടര്‍ ബൂത്തുകളില്‍ മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ഉത്‌പന്നങ്ങളും, നോവ യൂണിവേഴ്‌സിറ്റി, നായിഡു ഡെന്റല്‍ ക്ലിനിക്ക്‌, മെറ്റ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌, വോണേജ്‌ ടെലിഫോണ്‍, റിയാ ട്രാവല്‍സ്‌, ഐ.പി.ടിവി, കേരളാ ഗാര്‍ഡന്‍സ്‌ തുടങ്ങി ബ്യൂട്ടി കഫേ വരേയുള്ള ബൂത്തുകളും, റിയല്‍ എസ്റ്റേറ്റ്‌ മുതല്‍ നിത്യജീവിതത്തില്‍ ആവശ്യമുള്ള സാധനങ്ങളുടെ ക്രയവിക്രയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു.

ഇതിനുപുറമെ വ്യത്യസ്‌തമായ രുചി പകരുന്ന ഫുഡ്‌ ഫെസ്റ്റിവലില്‍ ഏഷ്യന്‍, ഇന്ത്യന്‍, അമേരിക്കന്‍ ഫുഡ്‌ കോര്‍ട്ടുകളും കാര്‍ണിവലിനെ അനശ്വരമാക്കി. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ വിളമ്പിയ ബൂത്തുകള്‍ക്കുമുന്നില്‍ നീണ്ടനിരയായിരുന്നു.

കേരള സമാജം വനിതാ വിഭാഗം ഒരുക്കിയ ലൈറ്റ്‌ റിഫ്രഷ്‌മെന്റ്‌ വിഭാഗം വിജയകരമായിരുന്നു. കുഞ്ഞമ്മ കോശി, ട്രീസാ ജോയി, സുമന്‍ പനവേലില്‍, അലീഷ കുറ്റിയാനി, അന്നമ്മ മാത്യുക്കുട്ടി, ഷേര്‍ളി ബ്ലെസന്‍, അല്‍ഫോന്‍സാ കൗശല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഏപ്രില്‍ ഒന്നിന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ വിവിധ രാജ്യങ്ങളിലെ സുന്ദരിമാര്‍ പങ്കെടുത്ത സൗന്ദര്യ മത്സരത്തോടെ പരിപാടികള്‍ ആരംഭിച്ചു. ക്ലാസിക്കല്‍, ഫ്യൂഷന്‍, കഥക്‌, സിനിമാറ്റിക്‌ ഗ്രൂപ്പ്‌ ഡാന്‍സുകളും 30 സുന്ദരീ-സുന്ദരന്മാര്‍ അണിനിരന്ന ഫാഷന്‍ ഷോകളും, സൗത്ത്‌ അമേരിക്കന്‍ മ്യൂസിക്കല്‍ കണ്‍സേര്‍ട്ടും, കളരിപ്പയറ്റും ചേര്‍ന്ന്‌ ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റിനെ ഒരു ആഗോളതല പരിപാടിയാക്കി ഉയര്‍ത്തി.

നൂറുകണക്കിന്‌ കലാകാരന്മാരും, ഡസന്‍ കണക്കിന്‌ കമ്മിറ്റി ചെയര്‍മാന്‍മാരും അതിലധികം വോളണ്ടീയേഴ്‌സിന്റേയും അത്യധ്വാന ഫലമായി ആയിരങ്ങള്‍ക്ക്‌ അത്യപൂര്‍വ്വമായ ദൃശ്യശ്രാവ്യവിരുന്നായി മാറി ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍.

പരിപാടികള്‍ക്ക്‌ മത്തായി വെമ്പാല, ഷൈനി ആന്റണി, ചാക്കോ ഫിലിപ്പ്‌, ബോബി മാത്യു, ബാബു കല്ലിടുക്കില്‍, ജോമി സ്‌കറിയ, മാത്തുക്കുട്ടി തുമ്പമണ്‍, റോബിന്‍ ആന്റണി, ജോസ്‌ വാടാപറമ്പില്‍, ബേബി വര്‍ക്കി, പീറ്റര്‍ വര്‍ഗീസ്‌, മാത്യു മാമ്മന്‍, സി.കെ. ജോര്‍ജ്‌, സാജന്‍ കുറുപ്പുമഠം, ജോണ്‍ തോമസ്‌ (ബ്ലസന്‍), ആനി കോശി, ജോതി തോമസ്‌, ഷൈനാ ദേവസ്യ, ജിതേഷ്‌ ആര്യങ്കാലായില്‍, സജി സക്കറിയാസ്‌, മനോജ്‌ ഏബ്രഹാം, ലിജോ, ഷാര്‍ലെറ്റ്‌ വര്‍ഗീസ്‌, നോയല്‍ മാത്യു, ബിജു കുണ്ടുകുളം, ജെന്നിസ്‌ മാത്യു, ജിനു കടവില്‍, ജോസ്‌ ഔസേഫ്‌, ഉമ്മച്ചന്‍, ഔസേഫ്‌ വര്‍ക്കി, ചെറിയാന്‍ ചാക്കോ, വിന്‍സെന്റ്‌ അഗസ്റ്റിന്‍, സതീഷ്‌ കുറുപ്പ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജോയി കുറ്റിയാനി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റ്‌: പുതിയൊരു വസന്തത്തിന്‌ തുടക്കമിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക